Slider

പൈങ്കിളി - കഥോദയം. 2

0
Image may contain: 1 person, smiling, closeup and indoor
പൈങ്കിളി ( ചെറുകഥ )
=================
അയാളുടെ റൂം നിറയെ കടലാസുകൾ കൊണ്ട് നിറഞ്ഞു. സ്വയം എഴുതിയ കഥകൾ വായിച്ചു നോക്കി തൃപ്തിയാകാതെ ആ കടലാസുകൾ നിലത്തേക്ക് ചുരുട്ടിയെറിഞ്ഞു കൊണ്ടിരിന്നു . അയാളുടെ കഥകൾക്ക് എല്ലാ വായനക്കാരിലും സ്വാധീനവും അംഗീകാരവുമുണ്ടാക്കാൻ കഴിയുന്നില്ലന്ന് ആദ്യമായി പറഞ്ഞത് നീലിമയായിരുന്നു. അയാളുടെ കഥകളുടെ ആദ്യ വിമർശക ഭാര്യതന്നെയായിരുന്നു. ഭാര്യയെ അയാൾ സ്നേഹത്തോടെ അയാൾ പൈങ്കിളിഎന്നാണ് വിളിച്ചിരുന്നത്. അയാളുടെ രചനകളെ നീലിമയെന്ന ഭാര്യ വിശേഷിപ്പിച്ചതും " പൈങ്കിളി " എന്നാണ്.
"ഈ രചനകൾ കൊണ്ട് നിങ്ങൾക്ക് നിരവധി ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞത് ഞാൻ നിഷേധിക്കുന്നില്ല, പക്ഷെ ഒരു എഴുത്തുകാരൻ എന്ന് നിലയിൽ മഹിയേട്ടന് ഒരു അംഗീകാരം ഇതുവരെ കിട്ടിയിട്ടുണ്ടോ " ഭാര്യ എപ്പോഴും ചോദിക്കുന്നത് ഇങ്ങനെയാണ്.
അയാൾ വെറുതെ ചിരിക്കുക മാത്രം ചെയ്യും.
" നല്ല എഴുത്തുകാർക്കെല്ലാം നല്ല പേരുണ്ട്, അതു പോട്ടെ നിങ്ങക്ക് സ്വന്തം പേരിലെങ്കിലും ഒന്നെഴുതിക്കൂടെ " ഭാര്യയുടെ അടുത്ത വിമർശനം.
അവൾ പറഞ്ഞത് ശരിയാണ്, "കെ പി ഹിമ "എന്ന തൂലികാ നാമത്തിലാണ് ആയാൾ അറിയപ്പെടുന്നത്. മഹി എന്ന തന്റെ പേര് ഹിമ എന്ന് രൂപന്തരം വരുത്തിയതാണ്. മലയാളത്തിലെ പ്രമുഖ വാരികകൾ വായിക്കുന്ന വായനക്കാർക്കിടയിൽ കെ പി ഹിമക്ക് വലിയ സ്വാധീനമാണുള്ളത്. അനേകർ ആരാധകരായിട്ടുണ്ട്.
" മഹിയേട്ടനെ ആർക്കറിയാം, ആരെങ്കിലും തിരിച്ചറിയുന്നുണ്ടോ, അംഗീകാരങ്ങൾ കിട്ടുന്നുണ്ടോ, സംസ്കാരികനായകനെന്ന് ആരെങ്കിലും വിളിക്കാറുണ്ടോ, എന്തിന് ഒരു അവാർഡോ പുരസ്‌കാരമോ പോലും കിട്ടീട്ടില്ല. "ഹിമ"യാണ് പോലും, നിങ്ങക്ക് സ്വന്തം പേര് ഉപയോഗിച്ചാലെന്താണ്. "
ഭാര്യയുടെ ചോദ്യം ന്യായമാണ്.
" എന്നാലും സ്ത്രീ നാമത്തിൽ എഴുതിയതിനാൽ സ്ത്രീകളും പുരുഷൻമാരുമായ വായനക്കാർക്കിടയിൽ ഒരു പോലെ സ്വീകാര്യത എനിക്ക് കിട്ടിയിട്ടുണ്ട്. " ഭാര്യയോട് അയാൾ പറഞ്ഞു.
" അത് കെ പി ഹിമക്ക് കിട്ടിയ അംഗീകാരം, മഹിയേട്ടന് എന്തെങ്കിലും അംഗീകാരം ഇത് വരെ കിട്ടിയിട്ടുണ്ടോ...? " ഭാര്യയുടെ മറുചോദ്യം.
'എന്ന് ചോദിച്ചാൽ... " അയാൾക്ക് ഉത്തരം മുട്ടി.
"ഇല്ല അത്ര തന്നെ !!! " ഭാര്യ അയാളെ വെറുതെ വിടുന്ന മട്ടില്ല. ഇത് അവളുടെ സ്നേഹംകൊണ്ടാണന്ന് ആയാൾക്കറിയാം. അതുകൊണ്ടാണ് അയാൾ ഒരു ഉറച്ച തീരുമാനമെടുത്തു. പൈങ്കിളിയിൽ നിന്ന് ഗൗരവമുള്ള സാഹിത്യരചനയിലേക്ക് കടക്കുക. പക്ഷെ ജനപ്രിയവാരികകളിൽ പ്രസിദ്ധീകരിക്കുന്ന തന്റെ ജനപ്രിയരചനകൾ കെ പി ഹിമ എന്ന പേരിൽ തുടരും, കാരണം അത് അയാളുടെ ഒരു വരുമാനമാർഗ്ഗമാണ്. ഒപ്പം ഗൗരവമുള്ള സാഹിത്യ രചനയിലേക്കും കടക്കുക. ആ തീരുമാനത്തിൽ അയാളുടെ ഭാര്യക്ക് സന്തോഷമായി.
അങ്ങനെ "കരുണാലയം മഹി " പുതിയ മേഖലയിലേക്ക് തൂലിക ചലിപ്പിച്ചു തുടങ്ങി. പ്രശ്നം അവിടെ തുടങ്ങുകയായിരുന്നു. ചെറുകഥ, കവിത, കഥ, ഒക്കെ എഴുതാൻ ശ്രമങ്ങൾ നടത്തി, എഴുതുവാൻ കഴിയുന്നില്ല. വർഷങ്ങളായി ആയാൾ ശീലിച്ച എഴുത്തിന്റെ നിലവിലെ ശൈലി അയാളുടെ ഉള്ളിൽക്കിടന്നു ശ്വാസം മുട്ടി.
ഭാര്യ അയാളുടെ എഴുത്തുമുറി കണ്ടു അമ്പരന്നു.
മുറിയിലാകെ എഴുത്തുമേശക്ക് ചറ്റും ചുരുണ്ടുകിടക്കുന്ന കടലാസു കൂട്ടങ്ങൾക്കുള്ളിൽ വളർച്ച മുറ്റാതെ ഗർഭചിദ്രം സംഭവിച്ച നിരവധി രചനകളുണ്ടായിയിരുന്നു. പ്രണയവും വിരഹവും പ്രതികാരവും ദാരിദ്ര്യവും സ്പർശദ്ധയും രതിയുമെല്ലാം, അവിഹിതബന്ധവും, വൈരവും, വെറുപ്പും, ഹത്യയും ആത്മഹത്യയും എല്ലാം ചിതറിക്കിടക്കുന്ന ആ കടലാസുകളിൽ അപൂർണ്ണരേഖകളായിക്കിടന്നു . അയാളുടെ മനസിലും മഷി നിറച്ചു എഴുതാവുന്ന സുവർണ്ണ നിറമുള്ള പേനയുടെ ഉള്ളിലും സൃഷ്ടിക്ക് ഹേതുവാകാൻ തയ്യാറായി നിരവധി കഥാബീജങ്ങൾ ചലിച്ചുകൊണ്ടേയിരുന്നു.പക്ഷെ അത് മുഴുവൻ പൈങ്കിളിയെന്ന് വിളിപ്പേരുള്ള രചനകൾക്ക് മാത്രം പറ്റുന്നവയായിരുന്നു.
അതിനുമപ്പുറം ഒരെഴുത്ത് അയാൾക്ക് അസാധ്യമായിതോന്നി. ഒരു പുതിയ പുസ്തകത്തിന്റെ എഴുത്തിനുവേണ്ടിയുള്ള ചിന്തകൾക്കും ഉദ്ദീപനങ്ങൾക്കും ആയാൾ കാതോർത്തു, രാത്രികളിൽ ഉറങ്ങാതെ കാത്തിരുന്നു, ധാരാളം യാത്രകൾ പോയി, ധാരാളം പുസ്തകങ്ങൾ വായിച്ചു. പല സംഭവങ്ങളെയും പല വ്യക്തികളെയും ഒക്കെ പഠിച്ചു നോക്കി. അവസാനം ഒരു തരം ശൂന്യത മാത്രം തോന്നി .
തന്റെയുള്ളിൽ കെപി ഹിമ മാത്രമാണ് ഉള്ളത് എന്ന് അയാൾക്ക്‌ തോന്നി. "കരുണാലയം മഹി"യായി എഴുതിത്തുടങ്ങാൻ അയാൾക്ക് ഒരിക്കലും കഴിയില്ല എന്ന് തോന്നി.
ആയാൾ പേനയും കടലാസുമുപേക്ഷിച്ചത് പോലെയായി.
"മാഹിയേട്ടൻ ഇപ്പോൾ ഒന്നുമെഴുതുന്നില്ലേ... " ഭാര്യയുടെ ചോദ്യം.
"എനിക്ക് നീ പറഞ്ഞത് പോലെ ഒന്നും എഴുതാൻ കഴിയുന്നില്ല. " അയാൾ നിരാശയോടെ പറഞ്ഞു. അയാൾക്ക് ഒരൽപ്പം കണ്ണീർ പൊടിഞ്ഞോ എന്ന് സംശയം.
"ഇങ്ങനെ നിരാശപ്പെട്ടാലോ, എഴുതുവാനുള്ള പ്രതിഭയുള്ളിലുണ്ട്, അതെനിക്ക് നന്നായിട്ടറിയാം, ഒരു നല്ല കൃതി മഹിയേട്ടന് എഴുതാൻ കഴിയും, മറ്റുള്ളവരുടെ ജീവിതങ്ങൾ ധാരാളം എഴുതിയിട്ടില്ലേ. നമുക്ക് നമ്മുടെ ജീവിതത്തെ എഴുത്തിന്റെ വിഷയമാക്കിക്കൂടെ...? "
അവൾ മഹിയെന്ന തന്റെ ഭർത്താവിനെ, എഴുത്തുകാരനെ ആശ്വസിപ്പിച്ചു, ആത്‌മവിശ്വാസം നൽകി.
അയാൾ അവളുടെ ആത്‌മവിശ്വാസം സ്പുരിക്കുന്ന മുഖത്തേക്കും ഒറ്റക്കാലിലേക്കും നോക്കി, പിന്നെ താൻ അനാഥനായിരുന്ന ഭൂതകാലത്തിലേക്കും.
ആലംബമില്ലാതിരുന്ന ഈ രണ്ടു ജന്മങ്ങളെ, അവ പരസ്പരം കൂട്ടായി വന്നത്, ഒക്കെ അയാളുടെ ഓർമ്മയിൽ തെളിഞ്ഞു. ഓരോ ചിത്രങ്ങൾ, നിറങ്ങൾ, നിഴലുകൾ സമയം, കാലം, ഇരവ്, പകൽ, അക്ഷരങ്ങൾ, വാക്കുകൾ, വരികൾ ഒക്കെയായി.
അയാളുടെ ഹൃദയം ഒരു പുതിയ താളത്തിൽ, ശബ്ദത്തിൽ സ്പന്ദിച്ചു തുടങ്ങി. എഴുത്തുമുറിയിൽ അയാൾ അയാൾ കടലാസ്സിൽ തൂലിക ചലിപ്പിച്ചു തുടങ്ങി. ധ്യാനം, തപസ്സ് എന്നിവ പോലെയെഴുത്ത് തുടർന്നു. സമയത്തിന്റെയും കാലത്തിന്റെയും ഒപ്പം അവളുടെയും പിന്തുണയോടെ അയാൾ ആ കൃതി ക്രമേണ പൂർണ്ണമാക്കി.
ഒരു സുപ്രഭാതത്തിൽ ആയാൾ പൂർത്തിയാക്കിയ കൃതി തന്റെ ഭാര്യക്ക് വായിക്കാൻ നൽകി. അവൾ അത് വായിച്ചു. ഒന്നല്ല പല തവണ. മറുപടിയായി അവൾ അയാളെ ആലിംഗനം ചെയ്തു. സന്തോഷം കൊണ്ട് കണ്ണീർ കുടഞ്ഞു. " നല്ലെഴുത്ത്, ഇത് നമ്മുടെ ജീവിതമാണ് ഈ കൃതി ", ഗദ്ഗദത്തോടെ അവൾ ഹൃദയം കൊണ്ട് പറഞ്ഞു.
"അതെ നീലിമ ഇത് നമ്മുടെ ജീവിതമാണ്". അയാൾക്ക് ചങ്കുറപ്പോടെ പറയാൻ കഴിയുമായിരുന്നു.
" അപ്പോൾ മഹിയേട്ടാ, ഒരു കാര്യം... ഇനി ഒരു കാര്യം കൂടുതൽ ശ്രദ്ധിക്കണം "
അവൾ ഒരു ചിരിയോടെ പറഞ്ഞു.
എന്ത്.... ?
" കെ പി ഹിമയും, കരുണാലയം മഹിയും തമ്മിൽ വെറുതെ നിസാരകാര്യങ്ങൾ പറഞ്ഞു തല്ലുണ്ടാക്കരുത്... കേട്ടോ" " അവളുടെ തമാശയിൽ അയാൾ പൊട്ടിച്ചരിച്ചു. എന്നിട്ട് അയാൾ അവളോട് പറഞ്ഞു
" പൈങ്കിളീ.... നീ പോയി എനിക്കൊരു ചായയെടുക്ക്...നല്ല ഒരു ചൂട് ചായ.
Copyright protected.

പ്രമോദ്കൃഷ്ണൻ
വള്ളിക്കോട് കോട്ടയം
പത്തനംതിട്ട
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo