Slider

മതിലുകൾ

0
മതിലുകൾ
……………..
എന്റെ കൈകൾ
അഴുക്കും പൊടിയും പറ്റി മുഷിഞ്ഞിരുന്നു.
കിതപ്പകറ്റി ഓടുന്ന സൂര്യൻ
ഒന്ന് വിയർക്കാൻ പോലും മറന്നു.
നീയപ്പോൾ നമുക്കിടയിൽ
മതിലുകൾ പണിയുന്ന തിരക്കിലായിരുന്നു.
എത്ര സൂക്ഷമതയോടെയാണ്
ഒരോ ഇഷ്ടികയും നീ അടുക്കി വയ്ക്കുന്നത്.
പ്രകാശത്തിനു കടന്നു പോവാൻ പോലും
അവിടെ ഒരു ദ്വാരം ബാക്കിയാവരുതെന്ന്
നിനക്ക് നിർബന്ധമായിരുന്നിരിക്കണം!
എന്റെ കൈകളിൽ
പൊടിയും അഴുക്കും പറ്റിയിരുന്നു.
കാരണം ഞാനപ്പോൾ എന്നിൽ നിന്ന്
നിന്നിലേയ്ക്കുള്ള വാതിലുകൾ പണിയുകയായിരുന്നു.
എത്ര സാവധാനത്തിലുള്ള,
എന്നാൽ പ്രയാസകരമായ ജോലിയാണത്.
ഒരു പക്ഷേ അവസാനമില്ലാത്തതും !
മതിലുകൾക്കുള്ളിൽ നീ തടവിലിടുന്ന
നിന്റെ മനസും;
അതിനു പുറത്ത് നീ സ്വതന്ത്രമാക്കിയ
എന്റെ പ്രണയവും;
ഏതാണ് കൂടുതൽ ഉച്ചത്തിൽ കരയുന്നത്?
ഒരു പക്ഷേ ഇത് രണ്ടുമാവില്ല;
വാക്കുകളുടെ ദാഹജലം കിട്ടാതെ
തൊണ്ട പൊട്ടി മരിച്ച
നമ്മുടെ മൗനത്തിന്റെ പ്രേതങ്ങളാവും!
അസ്തമയമാകുന്നു;
ഞാൻ തളർന്നിരിക്കുന്നു;
ഓരോ വാതിൽ കടന്ന് വരുമ്പോഴും
മുന്നിൽ ആകാശം മുട്ടുന്ന പുതിയ മതിലുകൾ !
"ഈ മതിലുകൾക്കു പുറകിൽ
എന്നെ ഉപേക്ഷിക്കുക.
ഇത് അവസാനമാണ്;
എല്ലാത്തിന്റേയും !”
നിന്റെ ശബ്ദം എനിക്കു കേൾക്കാൻ കഴിയുന്നു.
ഞാൻ നടക്കുകയാണ്.
ദിക്കുകൾ മനസ്സിലാവുന്നില്ല.
ഒരു വടക്കുനോക്കിയന്ത്രം വേണം.
സൂര്യൻ അസ്തമിക്കുന്ന ദിക്കിലേയ്ക്കാണ്
എന്റെ യാത്ര.
പടിഞ്ഞാറ് അസ്തമിക്കുന്നവൻ
എന്തുകൊണ്ട് കിഴക്ക് ഉദിക്കുന്നതെന്ന് എനിക്ക് ചോദിക്കണം.
സൂര്യൻ എന്തുകൊണ്ടാണ്
ലോകത്തിന് തെറ്റായ സന്ദേശം നൽകുന്നത്?
അവസാനിക്കുന്നിടത്ത് നിന്ന് തന്നെയല്ലേ,
പുതിയ തുടക്കം ഉണ്ടാവേണ്ടത്!
അത് എനിക്ക് അവനോട് പറയണം.
ഇരുട്ടുവീഴാൻ തുടങ്ങുന്ന ഈ പടിഞ്ഞാറ് ദിക്കിൽ
നിർന്നിമേഷയായി ഞാൻ നിൽക്കുന്നു.
നാളത്തെ സൂര്യൻ പടിഞ്ഞാറ് ഉദിക്കണം.
അഥവാ നാളെയും കിഴക്കിലാണ്
വെള്ള കീറുന്നതെങ്കിൽ
നിനക്കു വേണ്ടി പ്രപഞ്ചത്തിന്റെ
ശരികളെ ഞാൻ വെല്ലുവിളിക്കുന്നു.
അവസാനിക്കുന്നിടത്ത് നിന്ന് തന്നെയാണ്
പുതിയത് തുടങ്ങുന്നത് ;
കാരണം,
നിന്റെ പ്രണയം അവസാനിച്ചിടത്ത് നിന്ന്
ഇന്ന് എന്റെ പ്രണയം തുടങ്ങിയിരിക്കുന്നു!

Resmi Anuraj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo