Slider

സിൽക്കി ചതിച്ചാശാനെ! ( ഒരുമുട്ടായിക്കഥ)

0
സിൽക്കി ചതിച്ചാശാനെ! ( ഒരുമുട്ടായിക്കഥ)
"രാമേട്ടോ, രാവിലെ എങ്ങോട്ടാ?"
"ഒന്നൊരുങ്ങീട്ടുണ്ടല്ലാ?"
"എങ്ങോട്ടുല്ല ദാസപ്പാ, "
"ഇന്ന് കാലൊറച്ചിട്ടുണ്ടല്ലാ. ഇന്ന് ഒന്നും കമഴ്ത്തീല്ലെ., "
"ഓ.. ഞാൻ കുടി നിർത്തിയെടാ ഉവ്വേ, "
"ഓ പിന്നെ, കുടി നിർത്തീന്നാ ,ഷാപ്പ് പൂട്ടണ വർത്താനം പറയല്ലേ ആശാനെ,
ഇതെത്ര കേട്ടതാ. ഓരോ തുള്ളി കള്ളിലും രാമേട്ടൻ്റെ പേര്ണ്ടാവും."
" ഹ..ഹ നന്നാവാൻ സമ്മതിക്കില്ലേ.. നീയ്യ്.. "
"ഉമ്മാ എന്നിച്ചത് വേണം. വാങ്ങി താ ഉമ്മാ ഇല്ലെ മോള് ബരൂല, സ്കൂളിലും പോകൂല "
"ലൈല ഇങ്ങട്ട് നടക്ക് പുള്ളെ സ്കൂൾ ബസ് വരാനായ്ക്ക്ണു "
"മോള് ബരൂല.. മുട്ടായ് ബാങ്ങി തരാതെ ബസിൽ കേറൂല "
"എന്താടാ ദാസപ്പാ ഗോപാലേട്ടൻ്റെ കടേന്ന് കരച്ചില്. അതാ ലാസറിൻ്റെ കൊച്ചല്ലേ.?"
"ആ അതാ കൊച്ചിൻ്റെ സ്ഥിരം കലാപരിപാടിയാ.. രാവിലെ ഗോപാലേട്ടൻ്റെ പീടിയേലെ മുട്ടായി നോക്കി കരഞ്ഞിട്ടേ സ്കൂളിൽ പോകൂ. ങ്ള് ഷാപ്പിലോട്ട് പോര് ഇന്നെൻ്റെ വക ഒരഞ്ഞൂറ് കള്ളിരിക്കട്ടെ, അങ്ങന ആശാനെ കുടി നിർത്താനീ ദാസപ്പൻ സമ്മയ്ക്കൂല "
ഞാൻ നിർത്തിയെടാ സത്യം .,നീ പോയ് കമ്ഴ്ത്ത്. നീ നിക്ക് ഞാനൊന്ന് നോക്കീട്ട് വരാ.. പാവം കുഞ്ഞ്, കുട്ടികളെ കരയിക്കാൻ പാടില്ല. കുട്ടികൾ ദൈവാ ദൈവം.
അതിൻ്റെ ആഗ്രഹം ഒരു മുട്ടായി അല്ലേ?ഞാൻ വാങ്ങിക്കൊടുക്കും. ശുഭാരംഭം ആവട്ടെ ഇത്. അല്ലേ കാഞ്ഞ് മോളീലോട്ടെത്തുമ്പോ ദൈവം ചോദിക്കും നീയെന്ത് മനുഷ്യനാടാന്ന് "
"രാമേട്ടാ വേണ്ട.. ഞാൻ പറയട്ടെ "
"നീ പോടാ ഉവ്വേ.. നീയൊക്കെ മനുഷ്യനാണോടാ,കള്ളുകുടിയാ.. "
എന്നാ അങ്ങോട്ട് ചെല്ല്.,
"മോളൂ മോക്കെന്താ വേണ്ടെ"
കരച്ചിൽ നിർത്തി ലൈല രാമേട്ടനെ നോക്കി.. ലൈലാടെ ഉമ്മേം.
"രാമേട്ടാ വേണ്ട, "
"നീ മുണ്ടാത്ക്ക് പാത്തൂ അൻ്റെ കുട്ടി ഒരു മുട്ടായി അല്ലേ ചോയ്ച്ചുള്ളു"
"എനിച്ചാ മുട്ടായി വേണം"
"അതോ? വാങ്ങിത്തരാട്ടാ.. "
"ഗോപാലേട്ടാ. ആ കാണണ മുട്ടായി ഒന്നെട്ത്തേ.. അല്ലേ വേണ്ട രണ്ടെടുത്തോ "
"രാമോ ? അത് വേണോ.. "
"ങള് എട്ക്ക് ഗോപാലേട്ടാ, കായ് ഞാൻ തരും."
"ഇയ്യ് കള്ളിൻ്റെ പുറത്ത് പറയല്ലല്ലോ?"
"ഞാനൊരു തുള്ളി കുടിച്ചില്ലാട്ടാ. ഞാൻ നിർത്തി ,ങള് മുട്ടായി എട് "
രണ്ട് മുട്ടായി എട്ത്ത് രാമേട്ടൻ കുട്ടീടെ കയ്യിൽ കൊടുത്തു.
"ഇനി ചിരിച്ചേ "
ലൈല സന്തോഷത്തോടെ തുള്ളിച്ചാടി ഒരു ചിരിയും പാസാക്കി "
"ഗോപാലേട്ടാ ഇതാ പത്ത് ഇവിടെ വച്ചിട്ട്ണ്ട് "
"പത്താ? നൂറ്റി അമ്പത് ആയി. "
"നൂറ്റമ്പതാ! തമാശിക്കാ രാവിലെ ഒരു പൂജ്യം കൂടിപ്പോയിട്ട്ണ്ടാ "
"ഒന്നിന് എഴുപത്തിയഞ്ച്, രണ്ടിന് നൂറ്റമ്പത്. എനിക്ക് കണക്ക് തെറ്റീട്ടൊന്നുല്ല., നീ കളിക്കാതെ കാശ് വെക്ക് "
"രാമേട്ടോ നൂറ്റമ്പത് കൊട്ത്തിങ്ങട് പോര് .,
ഞാനപ്പഴേ പറഞ്ഞതല്ലേ വേണ്ടാ വേണ്ടാന്ന്, വാങ്ങിക്കൊട്ത്തത് അഞ്ചിൻ്റെ മഞ്ചല്ല അതേ എഴുപത്തിയഞ്ചിൻ്റെ സിൽക്കിയാ സിൽക്കി.. " കാഡ്ബറീസ് സിൽക്ക് "
"ചതിച്ചല്ലോ ദാസപ്പാ .. നീ ഒന്നൂടെ വിളിച്ചിരുന്നേ ഞാൻ ഉണരുമായിരുന്നു"
ഞാൻ ഒരായിരം തവണ വിളിച്ച തല്ലേ ആശാനേ?
പകച്ച് പണ്ടാറടങ്ങി രാമേട്ടൻ അങ്ങനെ നിന്നു.. കീശയിൽ നിന്ന് നൂറിൻ്റെ നോട്ട് രാമേട്ടനെ നോക്കി ഇളിച്ച് കാട്ടി.
"ദാസപ്പോ എനിക്കൊരു കുപ്പി കള്ള് വാങ്ങിത്താടാ.."
"ആശാൻ കുടി നിർത്തീന്ന് പറഞ്ഞിട്ട്, "
"കുടിച്ചിട്ട് വേണം ആ കൊച്ചിൻ്റെ തള്ള യോട് നാല് വർത്താനം പറയാൻ ,ഇങ്ങനാണോ കൊച്ച്ങ്ങളെ വളർത്തുന്നെ"
പണി കിട്ടിയ രാമേട്ടൻ ഉള്ള നൂറ് പീടികയിൽ കൊട്ത്ത് ബാക്കി അൻപത് കടം പറഞ്ഞ് ഷാപ്പിലോട്ട് വച്ച് പിടിച്ചു.
ജിഷ രതീഷ്
10/ 10/17
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo