Slider

'നല്ലെഴുത്തി’ൽ മഴ പെയ്തപ്പോൾ ........!!

0
'നല്ലെഴുത്തി’ൽ മഴ പെയ്തപ്പോൾ ........!!
മഴയായാലും വെയിലായാലും കുട്ടപ്പൻ പണ്ടേ കുട എടുക്കാറില്ല. രണ്ടാഴ്ച മുൻപ് നല്ല മഴ പെയ്തൊരു ദിവസം പതിവ് പോലെ പീടിക തിണ്ണയിലൂടെ ചാടി ചാടി പോയി കുട്ടപ്പൻ എത്തിപ്പെട്ടത് ‘നല്ലെഴുത്ത്’ കോളേജിന് മുൻപിലാണ്. ഉള്ളിൽ വലിയ ബഹളവും തിരക്കുമൊക്കെ കണ്ടപ്പോൾ ഒന്ന് പാളി നോക്കി. ങേ..ഇവിടെ മഴ പല വര്‍ണങ്ങളിലാണല്ലോ പെയ്യുന്നത് !...കണ്ണ് തുടച്ചു ഒന്നുകൂടി നോക്കി...പച്ച, പിങ്ക്, ചുവപ്പ്, നീല... പല നിറങ്ങളില്‍ പെയ്യുന്ന മഴ ഗേറ്റിലുള്ള ഒരു പയ്യനോട് ചോദിച്ചു :
"ഇവിടെ എന്തുവാ നടക്കുന്നെ?"
"ഇത് പ്രണയ മഴ....പ്രണയ എഴുത്തുകളുടെ മത്സര മഴ നടക്കുകയാ "
കുട്ടപ്പന് പ്രണയം മനസ്സിലായി...പക്ഷെ പ്രണയ മഴ ? അതെന്ത് മഴയാ ? ഏതായാലും ഒന്ന് കേറി നോക്കാം.
സാരി ഉടുത്ത ഒരു പെൺ കൊച്ചിനോട് കാര്യം തുറന്നു പറഞ്ഞു:
"ഞാൻ മഴ കൊള്ളാറുണ്ട്...ഈ നിറമുള്ള പ്രണയ മഴ എന്ന് പറയുന്നത് ഇത് വരെ കൊണ്ടിട്ടില്ല. പനി പിടിക്കുമോ ? "
"ചേട്ടാ..ഞാനും ഇതുവരെ കൊണ്ടിട്ടില്ല ...ഒന്ന് നനയാൻ വന്നതാണ്..ഇത് കൊണ്ടാൽ ആദ്യം തല തരിപ്പണത്രെ ഉണ്ടാവുക...പിന്നെ മൂക്കൊലിപ്പ്...കണ്ണ് കലങ്ങുക, ഉറക്കമില്ലായ്മ, പകൽ സ്വപ്നം കാണുക എന്നീ ലക്ഷണങ്ങൾ വരും...രോഗാവസ്ഥ കൂടുന്നതിനനുസരിച്ചു ലക്ഷണങ്ങളുടെ ഭീകരതയും കൂടും എന്നാ കേട്ടത്".
ശ്ശൊ ..ഈ പെങ്കൊച്ചിനു ഇതൊക്കെ അറിയാമല്ലോ താൻ എന്ത് മണ്ടൻ..അകത്തേക്ക് കടന്നപ്പോൾ ഗ്രൗണ്ടിന്റെ ഒരു ഭാഗം മുഴുവൻ ചളി വെള്ളമാണ്
അവിടെ മുകളിൽ ചുവപ്പും കറുപ്പും മഴ പെയ്യുന്നു...വെള്ളത്തിൽ വീണു കിടക്കുന്ന കുറെ ചേച്ചിമാരും ചേട്ടന്മാരും എഴുന്നേൽക്കാൻ പാട് പെടുകയാണ്...ചിലരുടെ മുണ്ട് അഴിഞ്ഞിട്ടുണ്ട്, സാരി കുരുങ്ങി കിടക്കുന്നു...എന്നിട്ടും നിർത്താതെ പാടുകയാണ്...കാണുവാൻ നല്ല രസമുണ്ട്.
വലതു വശത്തു നിന്നും മാംസം കരിഞ്ഞതിന്റെ ഒരു രൂക്ഷ ഗന്ധം വന്നു. അവിടെ മുകളിൽ കടും നീല നിറത്തിലുള്ള മഴയാണ് പെയ്യുന്നത്...ജുബ്ബയിട്ട, ഗൌരവക്കാരായ കുറച്ചു ആൾക്കാർ മാത്രമേ ഉള്ളൂ അവിടെ...കുട്ടപ്പൻ മൂക്ക് പൊത്തി....അത് വേണ്ട.
പെട്ടെന്നാണ് കുട്ടപ്പൻ ആ കാഴ്ച കണ്ടത്...അല്പം അകലെ ഒരു തടാകം പോലെ തെളിഞ്ഞ വെള്ളം കെട്ടി നിൽക്കുന്ന ഒരിടം...മുകളിൽ ഇളം പിങ്കും പച്ചയും ചുവപ്പും കലർന്ന മനോഹരമായ മഴ പെയ്യുന്നു. കരയിൽ ഇളം ചെടികൾ തലയാട്ടി മഴ ആസ്വദിക്കുന്നു...കിളികൾ വട്ടമിട്ടു പറക്കുന്നു ...കുറച്ചാൾക്കൂട്ടം ഉണ്ടവിടെ..ഭംഗിയുള്ള വേഷമിട്ടു വെള്ളത്തിൽ അധികം ഇറങ്ങാതെ പതിഞ്ഞ ശബ്ദത്തിൽ പാടുന്നവർ...
കുട്ടപ്പൻ അങ്ങോട്ടേക്ക് പോകാനായി വേഗം നടന്നു...അയ്യോ ! പെട്ടെന്ന് കാൽ വഴുതി ചളി വെള്ളത്തിൽ വീണു...മുകളിൽ മഴ കനക്കുകയാണ്. അതിനിടയിൽ ഗേറ്റു കടന്നു വരുന്ന പുതിയ ആൾക്കാർ പലരും അറിയാതെ ഈ വെള്ളത്തിൽ തന്നെ വീഴുകയാണ് ...ചുരിദാർ ഇട്ടവർ, ജീൻസ് ഇട്ടവർ, മുണ്ടുടുത്തവർ, സാരി ഉടുത്തവർ, ജൂബ ധാരികൾ...ചിലവരുടെ തോളറ്റം വരെ വെള്ളം, ചിലരുടെ അര വരെ...ചിലർ എഴുന്നേൽക്കാൻ പറ്റുമെങ്കിലും മഴ ആസ്വദിച്ചു കൊണ്ട് അവിടെത്തന്നെ നീന്തി തുടിക്കുകയാണ്. അപ്പോഴാണ് തൂമ്പയും മറ്റുമായി ചെളി വെള്ളത്തെ ചാലു കീറി തുറന്നുവിടാൻ ചില സന്നദ്ധ പ്രവർത്തകർ എത്തിയത്. ചാൽ കീറുമ്പോൾ ചില ചേട്ടന്മാരും ചേച്ചിമാരും പ്രതിഷേധവുമായി എത്തി തൊണ്ടപൊട്ടുമാറുച്ചത്തിൽ പ്രണയ വിലാപ വിമോചന ഗാനം പാടാൻ തുടങ്ങി. അവരിൽ ഒരു ചേച്ചി തൂമ്പ പിടിച്ചു വാങ്ങാൻ ഒരു ശ്രമം നടത്തിയപ്പോൾ ചേട്ടനും അവരും കൂടി കെട്ടി മറിഞ്ഞു ചളി വെള്ളത്തിൽ വീണു.
ഇനിയീ വെള്ളത്തിൽ കിടന്നാൽ മലേറിയ വരുമെന്ന് കുട്ടപ്പന് തോന്നി..ചെളിക്കു പുറമെ ആളുകളുടെ തേങ്ങിക്കരച്ചിലിന്റെ , ദീർഘ നിശ്വാസാശ്വാസങ്ങളുടെ, മാറത്തടിച്ചു നിലവിളിക്കുന്നതിന്റെ എല്ലാം മാലിന്യം അടിഞ്ഞുകൂടാൻ തുടങ്ങി.
തപ്പിത്തടഞ്ഞു എഴുന്നേൽക്കാൻ നോക്കി...അയ്യോ ?! മുണ്ട് കീറിയിരിക്കുകയാണല്ലോ...കരയിലൂടെ ഓടിപ്പോകുന്ന പെൺകൊച്ചിനോട് ചുരിദാറിൻറെ ഷാൾ തരുമോന്ന് ചോദിച്ചു നോക്കി...അവൾ കേൾക്കാതെ ഭാവത്തിൽ ഗേറ്റിനു പുറത്തേക്ക് ഓടുകയാണ്.
മഴ ശക്തമായി തുടരുകയാണ്...ഇടി മിന്നലിന്റെ ലക്ഷണങ്ങൾ കൂടി കണ്ടപ്പോൾ വിദ്യാർത്ഥികളുടെ ആരോഗ്യ കാര്യത്തിൽ എന്നും ശ്രദ്ധയുള്ള പ്രിൻസിപ്പലിന്റെ അറിയിപ്പ് ഉണ്ടായി :
"എല്ലാവരും വീട്ടിൽ പോകുക...മഴ കാരണം നാളെ കോളേജിന് അവധിയായിരിക്കും.. വസ്ത്രം കീറിപ്പോയവർക്ക് സ്റ്റാഫ് റൂമിൽ നിന്ന് ഒറ്റ മുണ്ടും കോട്ടൺ സാരിയും തല്ക്കാലം എടുക്കാം. മറ്റന്നാൾ വരുമ്പോൾ അലക്കി തിരിച്ചു കൊണ്ട് വരണം”
വിദ്യാര്‍ഥി അല്ലാത്ത കുട്ടപ്പൻ മെല്ലെ എഴുന്നേറ്റു. ഇനി മുണ്ടിന്റെ കാര്യം നോക്കേണ്ട ..അടിയിലുള്ള വള്ളി ട്രൗസർ തന്നെ ഇന്നത്തെ കാലത്ത് ഒരു അധിക വസ്ത്രമാണ്. .വേച്ചു വേച്ചു പുറത്തേക്കിറങ്ങി. വീട്ടിൽ പറയേണ്ട കളവ് മനസ്സിൽ ഊഹിച്ചു നടന്നു..
കുട്ടപ്പന് പിറ്റേന്ന് ഇരിക്കപ്പൊറുതിയില്ലാതായി ...തലയിൽ വീണ ചുവപ്പും കറുപ്പുമുള്ള പ്രണയ മഴ കാരണം ആ പെങ്കൊച്ച് പറഞ്ഞ തലപ്പെരുപ്പം വന്നിട്ടുണ്ട്...നേരെ നല്ലെഴുത്ത് കോളേജിലേക്ക് വെച്ചു പിടിച്ചു. അവധി പ്രഖ്യാപിച്ചത് കാരണം അവിടെ നല്ല വെയിലാണ്...ഗേറ്റിലൂടെ പാളി നോക്കിയപ്പോൾ കണ്ട കാഴ്ച കണ്ടു കുട്ടപ്പന് ചിരി അടക്കാനായില്ല.
മനോഹരമായ തടാകക്കരയിൽ ഒഴികെ എല്ലായിടത്തും വെള്ളം വറ്റിയിരിക്കുന്നു. അവിടവിടെ കുറെ ചെരിപ്പുകൾ, ചുരിദാർ ഷാളുകൾ, ജൂബയുടെ കുടുക്കുകൾ, കീറിയ മുണ്ടിന്റെയും സാരിയുടെയും കഷണങ്ങൾ, വളകൾ, റിബൺ....എല്ലാം ചിതറി കിടക്കുന്നു...
കുട്ടപ്പന് പ്രണയ മഴ കൊണ്ടതിന്റെ അസ്വസ്ഥതകൾ കൂടി വരാന്‍ തുടങ്ങി....
അടുത്ത മഴക്കായി കോളെജിലേക്ക് പോകാന്‍ കാത്തുനില്‍ക്കുകയാണ് കുട്ടപ്പന്‍. മുണ്ട് മാറ്റി ജീന്‍സ് തന്നെ ഇടണം. കൂടെ ഒരു ജോഡി ഡ്രസ്സ്‌ വേറെയും കരുതണം . എന്നിട്ട് ആ വര്‍ണ്ണ മഴ മുഴുവന്‍ കൊള്ളണം , വെള്ളത്തില്‍ നീന്തി, മുങ്ങിക്കുളിക്കണം അങ്ങിനെ പനി പിടിച്ച് , മൂടിപ്പുതച്ച് , മൂക്കൊലിപ്പിച്ച് , ആധി കേറി , സ്വപ്നം കണ്ട് കുറച്ചു നാൾ ഇതൊന്നു ആസ്വദിക്കണം..അല്ല . പിന്നെ ?!
(ഹാരിസ് )
നടുക്കഷ്ണം : കുട്ടപ്പനും മറ്റു കഥാപാത്രങ്ങളുമൊക്കെ വെറും സാങ്കല്പികം മാത്രം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo