Slider

പലിശക്ക് കൊടുക്കുന്നവർ

0
പലിശക്ക് കൊടുക്കുന്നവർ :- എന്നരികിൽ വന്നു പോയവർ ഒരായിരം പേരുണ്ട്. ആയിരമല്ല! അതുക്കും മേലെ! അവർ വെറും വഴിപോക്കരല്ല! അന്നം തേടി വന്നവർ. തലചായ്ക്കാനൊരിടം തേടി വന്നവർ! അവരെയെല്ലാം ഞാൻ ചൂഷണം ചെയ്തു. എന്നിട്ട് തൊഴിൽ നൽകി, തലചായ്ക്കാനിടം നൽകി എന്ന് ഭാവിച്ചു. അവരിലെ യുവതികളെ ഞാൻ കാമിച്ചു. എന്നിട്ട് വിശുദ്ധനാണെന്ന് ഭാവിച്ചു. വൃദ്ധരുടെ തിണർത്ത ഞരമ്പുകളുള്ള ദുർബല കരങ്ങൾ എനിക്കായി തൊഴിലെടുത്തു. അവസാനം തൊഴിലെടുക്കാനാവാതെ കുഴഞ്ഞ് വീണപ്പോൾ അവരുടെ മക്കളുടെ കൈയ്യിലേൽപിച്ച് ഞാൻ കൈ കഴുകി. ശവദാഹം കഴിഞ്ഞ് മക്കൾ ആ തൊഴിലുകൾ ഏറ്റെടുത്തു. ഞാൻ ചൂഷണം തുടർന്നു. എന്നിട്ട് തൊഴിൽ നൽകി, തലചായ്ക്കാനിടം നൽകി എന്ന് ഭാവിച്ചു. അവരുടെ കുഞ്ഞുങ്ങൾ വാവിട്ട് കരഞ്ഞപ്പോൾ അവർ കൈനീട്ടി. ഞാൻ നൽകി. എന്നിട്ട് കണക്കു പുസ്തകത്തിൽ എഴുതി വച്ചു. അത് തിരികെ പിടിക്കാനായി അവരുടെ അന്നം വിളമ്പുന്ന പാത്രം ഞാൻ അപഹരിച്ചു. പകരം ചെറു ചിരട്ടകൾ നൽകി. കടം തീരും വരെ ചിരട്ടയിലെ ഒരുപിടി ചോറുണ്ടാൽ മതി എന്ന് നിഷ്കർഷിച്ചു. അവരുടെ മക്കൾ ഇനിയും കരയും. അവർ കൈ നീട്ടും. ഞാൻ നൽകും. എന്നിട്ട് ഞാൻ ഉദാരനാണെന്ന് ഏവരെയും അറിയിക്കും. എന്നിട്ട് അവരുടെ പിന്നാമ്പുറത്തെ അടുക്കളയിൽ ചെന്ന് ആ ചെറുചിരട്ടകൾ കൂടി ഞാൻ അപഹരിക്കും. എന്നിട്ട് അവരുടെ ആത്മാഭിമാനത്തിന് നേരെ എന്റെ കണക്കു പുസ്തകം തുറന്നു പ്രദർശിപ്പിക്കും. അവർ എന്നോട് കടപ്പെട്ടവർ എന്നറിയുമ്പോൾ അവർ തലകുനിക്കും. കുനിഞ്ഞ അവരുടെ ശിരസ്സുകൾക്ക് താഴെ ഒരു കഴുത്തുണ്ട്. ആ കഴുത്തിൽ അധ്വാനം കൊണ്ടും പട്ടിണി കൊണ്ടും തിണിർത്ത ഒരു ഞരമ്പുണ്ട്. ആ ഞരമ്പ് പൊട്ടിച്ച് എനിക്കാ രക്തം കൂടി പാനം ചെയ്യണം. കാരണം ഞാനവർക്ക് കടം കൊടുത്തവനാണ്...!

Kadarsha
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo