Slider

സുഹൃത്തേ നിനക്കായി.......കഥ ( A Story by Shaju Vijayan )

0
സുഹൃത്തേ നിനക്കായി.......കഥ ( A Story by Shaju Vijayan )
****************************************************************
വളരെ ദിവസങ്ങൾക്ക് ശേഷമായിരുന്നു ആ ഫോൺ വിളി. എനിക്ക് പരിചയമില്ലാത്ത നമ്പർ. ഇരുചക്ര വാഹനങ്ങളും, കാറുകളും വർഷത്തിൽ ഒന്നോ രണ്ടോ തവണ മാറുന്നത് നീ ഒരു ശീലം ആക്കിമാറ്റിയതിനാൽ മൊബൈൽ ഫോൺ വന്നതോടെ എല്ലാ ആറുമാസം കൂടുമ്പോഴും സിമ്മും, നമ്പറും മാറുന്നതും നിനക്കൊരു ഹരം ആയിരുന്നു. സംസാരിച്ച ശേഷം ഫോൺ വെച്ച ഞാൻ ഒരു ഉച്ചയുറക്കത്തിന് കിടന്നെങ്കിലും നമ്മൾ പരിചയപ്പെട്ട ആദ്യദിവസം തൊട്ട് എന്റെ സ്‌മൃതി പഥങ്ങളിലൂടെ കടന്നുപോയി.
അന്ന് എനിക്കു തോന്നുന്നു, ഞാനും നീയും ഒൻപതാം ക്ലാസ്സിൽ ആയിരുന്നു എന്ന്. നിന്നെ ഞാൻ കണ്ടിട്ടുണ്ടായിരുന്നു. ഒരു പക്ഷെ സ്കൂളിൽ വെച്ചല്ലായിരുന്നു. വെളിയിൽ എവിടെ വെച്ചൊക്കെയോ നീ എന്നെപ്പോലെയുള്ള കുട്ടികൾക്ക് അപ്രാപ്യം ആയിരുന്ന ബി എസ്സ് എ സൈക്കിളിൽ ആ സമയത്തെങ്ങോ നടന്നിരുന്ന ന്യൂ ഡൽഹി ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം ആയിരുന്ന അപ്പു എന്ന ആനക്കുട്ടിയേ ഓർമ്മിപ്പിച്ചു കൊണ്ട്‌ കടന്നു പോകാറുണ്ടായിരുന്നു. ഒരിക്കൽ ഞാനും അമ്മയും, അമ്മയുടെ സഹപ്രവർത്തകയായ ഒരു അധ്യാപികയും ബസ് കാത്തുനിൽക്കുമ്പോൾ നീ അതിലെ സൈക്കിൾ ചവിട്ടി പോയി. നീ തിരിഞ്ഞ് തിരിഞ്ഞ് അവിടെ നിന്ന എന്റെ അമ്മയയുടെ കൂടെയുള്ള ടീച്ചരോട് പല്ലുകാട്ടി ചിരിച്ചുകൊണ്ട് പോയി. നിന്റെ തടിയും ചുരുണ്ട മുടികളും ചിരിയും ഒക്കെ വശ്യമായിരുന്നിരിക്കാം, പക്ഷെ ഒരു കാരണവുമില്ലാതെ എനിക്ക് നിന്നോട് വെറുപ്പാണ് തോന്നിയത്.
' ഈ കുട്ടി ഏതെന്ന' അമ്മയുടെ ചോദ്യത്തിന് ആ ടീച്ചർ ഇങ്ങനെ മറുപടി പറഞ്ഞു,
"ഇതാണ് അരുൺ. അടൂർ ഗവണ്മെന്റ് യു പി എസ്‌സിൽ ഞാൻ ഇവനെ പഠിപ്പിച്ചിട്ടുണ്ട്. ടീച്ചർ അറിയുമായിരിക്കും പെരിങ്ങനാട് സ്കൂളിലെ സൗദാമിനി ടീച്ചറുടെ മകനാണ്. ഇവന്റെ അച്ഛൻ റെവന്യൂ വകുപ്പിൽ ഡെപ്യൂട്ടി തഹസിൽദാർ ആയ കുഞ്ഞുപിള്ള സാറാണ്. ഒറ്റ മകൻ, അവന്റെ ഏതാഗ്രഹവും സാധിച്ചു കൊടുക്കും, അത്‌ കഴിക്കാനായാലും, മറ്റെന്തെങ്കിലും സാധനം വേണമെന്ന് പറഞ്ഞാലും. പക്ഷെ നല്ല സ്നേഹവും, വിനയവും ഉള്ള കുട്ടിയാണ്. പഠിക്കാനും മിടുക്കനാണ്."
അമ്മ. "സൗദാമിനി ടീച്ചറെ കണ്ടിട്ടുണ്ട്, ചില മീറ്റിംഗുകളിലും ട്രെയിനിങ്ങുകളിൽ വെച്ചും. കണ്ടാൽ ചിരിക്കും എന്നല്ലാതെ അങ്ങനെ പരിചയം ഇല്ല."
അടുത്തക ദിവസം, സ്കൂൾ ടോപ്പറായും, സ്കൂളിലെ പ്രസംഗ മത്സരം, കവിത എഴുത്ത്, കഥയെഴുത്ത് തുടങ്ങിയവയിൽ ഒന്നാം സ്ഥാനക്കാരനായും ഉള്ള എന്റെ സ്ഥാനങ്ങളുടെ തലയെടുപ്പും, അഹന്തയും, ഗമയും ഒക്കെയായി തേങ്ങ അല്ലെങ്കിലും ഓരോ വെള്ളയ്ക്കാ കക്ഷത്തിൽ തിരുകി വെച്ചമാതിരി കൈ രണ്ടു വശങ്ങളിലോട്ടും പൊന്തിച്ച്, പല തുണ്ടുകളിലായി നിന്ന സ്കൂളിന്റെ ഒരു തുണ്ടിൽ നിന്നു താഴേ തട്ടിലേക്ക് ഞാൻ പടികൾ ഇറങ്ങി വരികയായിരുന്നു. അപ്പോൾ അതാ ആ ഏഷ്യാഡപ്പു സൈക്കിളിൽ. നിന്നെ നോക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചെങ്കിലും നീ സൈക്കിൾ തിരിച്ചുകൊണ്ടുവന്ന്‌ വെളുക്കെ ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു
"ഷാജു വാസന്തി ടീച്ചറിന്റെ മോനാ, അല്ലേ?"
നിനക്ക്‌ എന്നെ മത്രമല്ല എന്റെ എല്ലാ വിവരവും അറിയാം എന്നത്‌ എന്നെ ആദ്‌ഭുതപ്പെടുത്തി. എന്നിലെ അഹന്ത നിന്റെ തുറന്ന സ്വഭാവത്തിനും വിനയത്തിനും മുൻപിൽ ജാള്യതയോടെ പത്തി മടക്കി. പിന്നീട് ഞാൻ നിന്നെ സ്കൂളിൽ കണ്ടതായി ഓർമ്മയില്ല. നിന്നെക്കുറിച്ച് ഞാനും മറന്നു.
പിന്നെ നിന്നേ ഞാൻ കാണുന്നത് പത്താം ക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രിക്ക്‌ ചേരുന്നതിനു മുൻപ്, അതായത് എസ് എസ് എൽ സി പരീക്ഷയുടെ ഫലം വരുന്നതിനു മുൻപ് പന്തളത്തുള്ള ഒരു ട്യൂഷൻ സെന്ററിൽ വെച്ചാണ്‌. ആ ദിവസം നീ ക്ലാസ് തുടങ്ങി ഏതാണ്ട് പതിനഞ്ചു മിനിറ്റ് വൈകി ക്ലാസ്സിലേക്ക് വരുമ്പോൾ ക്ലാസ്സിൽ ആകെ ഒരു ഇളക്കം. പെൺകുട്ടികൾ ഉൾപ്പെടെ 'അരുൺ, അരുൺ' എന്ന്‌ പറഞ്ഞുകൊണ്ട് നിന്നെ തിരിഞ്ഞു നോക്കുമ്പോൾ നിന്നെക്കാളും ഏതാണ്ട് രണ്ടാഴ്ച മുൻപ് അവിടെ ചേർന്ന എന്നെക്കാട്ടിലും കൂടുതൽ നിന്നെ കുട്ടികൾ അറിയും എന്നതുകണ്ട് എനിക്ക് അസൂയ തോന്നി.
നിന്നോട് അസൂയ തോന്നിയതിനാൽ ആവാം പഠിപ്പിച്ചു കൊണ്ടിരുന്ന ചെറുപ്പക്കാരനായ ജീവശാസ്ത്ര അധ്യാപകൻ ഇങ്ങനെ ചോദിച്ചത്.
" അരുൺ പറയൂ. സസ്യങ്ങളും ജന്തുക്കളും തമ്മിൽ , ഉദാഹരണത്തിന് ഒരു ചെമ്പരത്തിയും, ഒരു പട്ടിയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെയാണ്?"
നിന്റെ മറുപടി വളരെപ്പെട്ടെന്നായിരുന്നു "പട്ടി കുരക്കും സാർ, ചെമ്പരത്തി കുരക്കുകയില്ല."
ഇളിഭ്യനായ ആ അധ്യാപകൻ പിന്നെ ജീവിതത്തിൽ ആ ചോദ്യം ആരോടും ചോദിച്ചുകാണില്ല. ചിരികൊണ്ട് ക്ലാസ് മുഴുവൻ ഇളകിമറിഞ്ഞു. ഇടവേളയ്ക്ക് ക്ലാസ് വിട്ട് കുട്ടികൾ പുറത്തുവന്നു. നീ എല്ലാവരുടെയും മദ്ധ്യബിന്ദു പോലെ നിലകൊണ്ടു. ഞാൻ മാത്രം മാറി നിന്നു. നീ എന്റെ അടുത്തേയ്ക്ക് വന്നു. എസ് എസ് എൽ സിയ്ക്ക് റാങ്ക് കിട്ടുമോ എന്ന്‌ എന്നോട് ചോദിച്ചുകൊണ്ട് നീ എന്റെ പഠിത്തത്തിൽ ഉള്ള കഴിവ് എല്ലാവരോടുമായി പങ്കുവെച്ച് അവരെ പരിചയപ്പെടുത്തി. പത്താം ക്ലാസ്സിലെ റിസൾട്ട് വന്നപ്പോൾ എന്റെ ഉയർന്ന മാർക്കിനെ കുറിച്ച് എന്നെക്കാൾ കൂടുതൽ ആഹ്ലാദിച്ചത് നീ ആയിരുന്നു.
കോളേജിൽ പ്രീ ഡിഗ്രിയ്‌ക്ക്‌ ചേർന്നപ്പോൾ നമ്മൾ വേറെ വേറെ ഗ്രൂപ്പുകൾ ആയിരുന്നു. എന്നാലും കിട്ടുന്ന ഇടവേളകളിൽ നാം ഒരുമിച്ചു നടന്നു. ഒരുപക്ഷേ ഞാൻ തന്നെ അറിയാതെ നീയും ഞാനും ഏറ്റവും നല്ല സുഹൃത്തുക്കൾ ആകുകയായിരുന്നു. പല കാര്യങ്ങളിലും എന്റെയും നിന്റെയും ചിന്തകൾക്ക്‌, ഭൂരിഭാഗം അൾക്കാരിൽ നിന്നും ഉള്ള വ്യത്യസ്ഥത ആയിരിക്കാം ഒരുപക്ഷേ നമ്മളെ അടുപ്പിച്ചത്.
നമ്മുക്ക്‌ സയാമീസ് ഇരട്ടകളെന്നും, നിഴലുകൾ എന്നും ബാക്കി കുട്ടികൾ പേരിട്ടു. കുട്ടികൾ ഏതെങ്കിലും കാര്യത്തിന്, അവരുടെ വീട്ടിലേക്കോ, ക്രിസ്‌മസ്‌ ആഘോഷത്തിനോ, അവരുടെ നാട്ടിലെ ഉത്സവങ്ങൾക്കോ നമ്മളിൽ ഒരാളെ മാത്രം വിളിച്ചാൽ നമ്മൾ പോകുകയില്ലായിരുന്നു. അതിനാൽ വിളിക്കുന്നവർ അത് നിയുമായി അടുത്ത ആളായാലും, ഞാനുമായി അടുത്ത ആളായാലും രണ്ടുപേരേയും വിളിക്കുക പതിവാക്കി.
ട്യൂഷൻ സെന്ററിലെ പഠിത്തം നിർത്തി നമ്മൾ പൊതുവായ വിഷയങ്ങൾക്ക് കോളേജിലെ ചില അദ്ധ്യാപകരുടെ വീട്ടിൽ ട്യൂഷന് പോകാൻ തുടങ്ങി. ഗണിതശാസ്ത്രത്തിലേയും, ഊർജ്ജതന്ത്രത്തിലെയും ചോദ്യങ്ങൾ ഞാൻ എടുക്കുന്നതിലും പകുതി സമയം കൊണ്ട് ഉത്തരം കണ്ടുപിടിച്ച്, നീ തമാശ പറഞ്ഞ് ബാക്കിയുള്ളവരെ ചിരിപ്പിക്കുമ്പോൾ പലപ്പോഴും ഞാൻ അസൂയപ്പെട്ടിട്ടുണ്ട്. പക്ഷെ പരീക്ഷ വരുമ്പോൾ ഞാൻ മുഴുവൻ മാർക്കും വാങ്ങുമ്പോൾ നീ കഷ്ടിച്ചുജയിക്കുന്നതിന്റെ കാരണം എനിക്കിന്നും അറിയില്ല. പക്ഷെ എന്റെ വിജയങ്ങൾ ആഘോഷിക്കാൻ നീ എപ്പോഴും മുൻകൈ എടുത്തു.
അങ്ങനെ പ്രത്യേകിച്ച് രാഷ്ട്രീയം ഒന്നും ഇല്ലായിരുന്നു ഞാൻ എന്റെ വീട്ടിലെ വലതുപക്ഷ ചിന്താഗതിയേ തുടർന്നപ്പോൾ, നിന്റെ ഇടതുപക്ഷ ചിന്താഗതികൾ എന്നെ, ഇടത്തുപക്ഷത്തേക്ക് നയിച്ചു. പിന്നെ നമ്മൾ ഒന്നിച്ച് പാർട്ടി യോഗങ്ങൾ, ജാഥകൾ, മുദ്രാവാക്യം വിളി, മതാധിഷ്ഠിത പാർട്ടികളുമായി അടിയും കല്ലേറും, പോസ്റ്റർ ഒട്ടിക്കൽ,പാർട്ടി ഓഫീസിൽ കിടന്നുറങ്ങുക തുടങ്ങിയ കാര്യങ്ങൾ ചെയ്തു തുടങ്ങി. ചില ചെറിയ സീറ്റുകളിൽ ജയിച്ച എന്നെ പാർട്ടിയുടെ തൊഴിലാളി യൂണിയൻ പ്രവർത്തകർ തുറന്ന ജീപ്പിൽ മാലയിട്ട് പട്ടണ പ്രദക്ഷിണം നടത്തി. ആ ജാഥകൾ നീ നയിച്ചു. ഒടുവിൽ പ്രീഡിഗ്രി ഞാൻ ഉയർന്ന മാർക്കോടെ വിജയിച്ചപ്പോൾ നീ കഷ്ടിച്ച് ജയിച്ചു. അപ്പോഴും എന്റെ വിജയം ആഘോഷിക്കാൻ നീ മറന്നില്ല.
അതിനു ശേഷം നമ്മൾ രണ്ടു കോളേജുകളിൽ ആയെങ്കിലും ട്യൂഷൻ വേളകളിൽ ഒന്നിച്ചു. ശനിയാഴ്ചകളും ഞായറാഴ്ചകളും ഒന്നുകിൽ നിന്റെ വീട്ടിലോ, അല്ലെങ്കിൽ എന്റെ വീട്ടിലോ നമ്മൾ ഒത്തുകൂടി. രണ്ടു വീടുകളിലും നമ്മൾ രണ്ടുപേരേയും ആ വീട്ടിലെ തന്നെ ആൾക്കാരയി എല്ലാവരും കണ്ടു.
എന്റെ പ്രകൃതി സ്നേഹം അറിയാവുന്ന നീ പല സ്ഥലങ്ങളിലുമുള്ള മല മുകളും, കാടും, നദീതീരവും ഒക്കെ കണ്ടുപിടിച്ചു. പല സന്ധ്യകളും നാം അവിടൊക്കെ സൂര്യാസ്തമയം കാണാൻ ചിലവഴിച്ചു. എന്റെ ഇഷ്ടങ്ങളും നിന്റെ ഇഷ്ടങ്ങളും ഏതാണ്ട് ഒരുപാലെ ആയിരുന്നു.
ബിരുദം ഞാൻ റാങ്കോടുകൂടി വിജയിച്ചപ്പോൾ നീ പരാജയപ്പെട്ടു. നിന്റെ പരാജയ കാരണം എനിക്കിന്നും മനസ്സിലാകാത്ത ഏതോ ജലഭ്രാന്തായി നിലനിൽക്കുന്നു. നിന്റെ അച്ഛൻ ഒരു ദിവസം നീ അറിയാതെ എന്നെ കണ്ടു. നിന്നെ ഒന്ന് ഉപദേശിക്കണം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. നിന്നെ ഞാൻ എന്ത് ഉപദേശിക്കാൻ.
ഞാൻ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ചേർന്നു. ബിരുദത്തിന്‌ നീ വീണ്ടും എഴുതിയെങ്കിലും വിജയിച്ചില്ല. അങ്ങനെയിരിക്കെ ഞാൻ നിന്റെ വീട്ടിൽ എത്തി. നിന്റെ അച്ഛനാണ് കതകുതുറന്നത്. അകത്ത്, പൂജാ മുറിയിൽ നിന്നും മണിയടി ശബ്ദം വന്നു. ഞാൻ നിന്നെ തിരക്കിയപ്പോൾ നീ പൂജ ചെയ്യുകയാണെന്ന് നിന്റെ അമ്മ പറഞ്ഞു. ഞാൻ ആകെ ആശ്ചര്യത്തോടെ ഇരുന്നു. എന്നെ ഇടതുപക്ഷ ചിന്താഗതിയിലേക്കും യുക്തിവാദത്തിലേയ്ക്കും ഒക്കെ നയിച്ച നീ പൂജ ചെയ്യുകയോ? ദിവസം മുഴുവനും പൂജാമുറിയിൽ നീ കഴിയുന്നുവെന്നും, ഇടക്ക് മാത്രമേ പുറത്തുവരികയുള്ളൂ എന്നും നിന്റെ അച്ഛൻ പറഞ്ഞു. കൂടെ, നിന്നെ ഒന്ന് പറഞ്ഞു മനസ്സിലാക്കുവാനും എന്നോട് അദ്ദേഹം പറഞ്ഞു.
കുറച്ചു സമയം കഴിഞ്ഞ് കൈയ്യിൽ ഒരു ചെറിയ കിണ്ടിയും അതിൽ ഇട്ട തുളസിഇലകൾ കൊണ്ട് വെള്ളം കുടഞ്ഞും നീ വെളിയിലേക്ക് വന്നു. ഞാൻ ഉറക്കെ പൊട്ടിച്ചിരിച്ചു. നീ ആ കിണ്ടിയുമായി വെളിയിലേക്ക് പോയപ്പോൾ നിന്റെ അച്ഛൻ എന്നോടായി,
"ഷാജൂ, ഇവന്റെ ഈ കിണ്ടിയും മണിയും ഒക്കെ എടുത്തെറിയാൻ എനിക്കു തോന്നും. ഈ പ്രായത്തിൽ സന്യാസത്തിനു പോകാനാണോ ഇവനെ വളർത്തിയത്?"
നീ അകത്തേയ്ക്ക് വന്ന്‌ എന്നെ വിളിച്ചുകൊണ്ട് നിന്റെ മുറിയിലേയ്ക്ക് പോയി. ഞാൻ ചിരിച്ചു ചിരിച്ച് തറയിൽ കുത്തിയിരുന്ന് ചിരിച്ചു. നീ
" എന്താടാ കോപ്പേ" എന്നു ചോദിച്ചുകൊണ്ട് എന്റെ പുറത്തിട്ടു രണ്ടു തൊഴി തന്നു. ഞാൻ താഴെകിടന്ന് ഉരുണ്ടുകൊണ്ടു ചിരിച്ചു.
ഞാൻ " എടാ കള്ളസ്വാമീ....."
അരുൺ " നീ വിചാരിച്ചോ ഞാൻ സ്വാമി ആയെന്ന്. അല്ലെങ്കിൽ അച്ഛൻ പരീക്ഷയിൽ തോറ്റ കാര്യം വാതോരാതെ പറഞ്ഞുകൊണ്ടിരിക്കും. അതിന്‌ ഞാൻ എടുത്ത പുതിയ അടവാണ്."
പിന്നീട് നിന്നെ ഞാൻ കാണുന്നത് കൊച്ചി ഐലൻഡിലെ മലബാർ ഹോട്ടലിൽ വെച്ചാണ്.അന്ന്‌ ഒരു ശനിയാഴ്ച ആയിരുന്നു. ഞാൻ ഹോസ്റ്റലിൽ കിടന്നുറങ്ങുമ്പോൾ ആരോ മുട്ടി വിളിച്ച് എനിക്ക് ഒരു ഫോൺ ഉണ്ടെന്നു പറഞ്ഞു. ഫോണിൽ മറ്റേ തലയ്ക്കൽ നീ ആയിരുന്നു. നീ അപ്പോൾ തേവരയിൽ ഉണ്ടെന്നും, ഏതോ മറൈൻ റേഡിയോ കോഴ്‌സിന് ചേർന്നെന്നും പറഞ്ഞപ്പോൾ തന്നെ എനിക്ക് തോന്നി നീ അതും പൂർത്തിയാക്കുക ഇല്ലെന്ന്‌.
ഉടൻ തന്നെ ഒരുങ്ങി മലബാർ ഹോട്ടലിൽ വരുവാനും ഒരു ഇരയെ കിട്ടിയെന്നും പറഞ്ഞപ്പോൾ തന്നെ എനിക്ക് മനസ്സിലായി ഏതോ ശുദ്ധാത്മാവ് നിന്റെ വലയിൽ വീണെന്ന്‌. ഞാൻ മലബാർ ഹോട്ടലിൽ എത്തുമ്പോൾ ഒരു പയ്യനേയും കൂട്ടി നീ ഹോട്ടലിന്റെ ലോഞ്ചിൽ ഇരിപ്പുണ്ടായിരുന്നു.
നീ എന്നെ വിളിച്ച് ഹോട്ടലിന്റെ ഗാർഡനിലേക്കു പോയി. നീ പറഞ്ഞു തുടങ്ങി. "ഒരു
പണച്ചാക്കച്ചായന്റെ ഒരേ ഒരു മകനാണ്. അപ്പന്റെ പൈസയും അടിച്ചുകൊണ്ടു ഒളിച്ചോടി വന്നതാണ്. ജോലി വേണം എന്ന് പറഞ്ഞ് ഞാൻ താമസിക്കുന്ന ലോഡ്ജിൽ വന്നു. കൊച്ചിയിലെ ഒരു പ്രമുഖ സെക്യൂരിറ്റി ഏജൻസിയുടെ ഉടമ ഒരു പെൻഷനായ ബ്രിഗേഡിയറിന്റെ മകൻ, എന്റെ അടുത്ത കൂട്ടുകാരൻ ആണെന്നും, ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ ജോലി വാങ്ങി കൊടുക്കാമെന്നും ഞാൻ ഏറ്റു,"
ഞാൻ "അപ്പോൾ ഞാൻ ആ ബ്രിഗേഡിയരുടെ മോനാ , അല്ലെ? എന്റെ പേര് എന്താ? "
അരുൺ " അതേ, നിന്റെ പേര് പ്രിൻസ്. രാജകുമാരാ............"
ഞാൻ "ഇവന് ജോലി കിട്ടാതാകുമ്പോൾ പിന്നെ എന്തു ചെയ്യും?"
അരുൺ "അവന്റെ അപ്പന്റെ ഫോൺ നമ്പരുണ്ട്.അതിൽ വിളിച്ചു പറയും. അയാൾ വന്ന് അവനേക്കൂട്ടി പോകും."
ആ പയ്യന്റെ ചിലവിൽ ബിയറും ഡിന്നറും കഴിച്ചു പിരിഞ്ഞു. ഇങ്ങനത്തെ നാടകങ്ങൾ നിനക്ക് ഒരു ഹരമായിരുന്നു. പല നാടകങ്ങളിലും നീ എന്നെക്കൊണ്ട്‌ അഭിനയിപ്പിച്ചു. നിനക്കൊപ്പം അഭിനയിക്കാൻ എനിക്കും ഇഷ്ടമായിരുന്നു.
ഞാൻ ജോലി കിട്ടി ഉത്തരേന്ത്യയിൽ വന്നു. നീ കേരളത്തിൽ തന്നെ പല ജോലികളിലായി പല വേഷങ്ങൾ കെട്ടി, കമ്പ്യൂട്ടർ അദ്ധ്യാപകനായി, സെയിൽസ് മാനായി, ഇൻഷുറൻസ് ഏജന്റായി അങ്ങനെ പലതും.
ഏറ്റവും ഒടുവിൽ നമ്മൾ കാണുന്നത് ഞാൻ കുടുംബവുമായി നാട്ടിൽ വന്നപ്പോൾ ആയിരുന്നു. അന്ന്‌ നമ്മളുടെ ഭാര്യമാരും എന്റെ കുട്ടികളും നിന്റെ മകനും ഒത്തുചേർന്നു. അന്ന് നമ്മൾ എത്ര ചിരിച്ചു ? അല്ലെങ്കിൽ ഭാര്യമാരെ എത്ര ചിരിപ്പിച്ചു ? നമ്മൾ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ പറഞ്ഞ്!!!!
അന്നും നിന്റെ സ്വഭാവത്തിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലായിരുന്നു.
നീ ചോദിച്ചു "നിന്റെ കയ്യിൽ ടൈ ഇരിപ്പുണ്ടോ?"
ഞാൻ "ഉണ്ട്."
അന്ന്‌ നീ ഒരു പ്രമുഖ പ്രൈവറ്റ്‌ ബാങ്കിന്റെ ഭവന വായ്പ്പയുടെ, ഇടനിലക്കാരനായി ജോലി നോക്കുകയായിരുന്നു. ഏതോ വലിയ ബിസിനസ്സ് പിടിക്കുവാൻ നീ എന്നേക്കൊണ്ട് ബാങ്കിന്റെ ദക്ഷിണേന്ത്യൻ മേധാവിയായ മലയാളം അറിയാത്ത നിന്റെ സുഹൃത്തായ തെലുങ്കനായി എന്നെക്കൊണ്ട് അഭിനയിപ്പിച്ചു.
അപ്പോൾ എനിക്കോർമ്മവന്നത് ശ്രീ പദ്മരാജന്റെ തൂവാനത്തുമ്പികൾ ആയിരുന്നു. അതിലെ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം യഥാർത്ഥത്തിൽ ശ്രീ പദ്മരാജന്റെ ഒരു അടുത്ത, വിചിത്ര സ്വഭാവങ്ങൾ ഉള്ള സുഹൃത്തായിരുന്നു എന്ന് ഏതോ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് ഓർത്തു. എന്നെങ്കിലും ഒരു കഥ എഴുതുമ്പോൾ നീ എനിക്ക് അതുപോലുള്ള ഒരു വിചിത്ര കഥാപാത്രത്തെ തരുമെന്ന് ഞാൻ മനസ്സിൽ കണക്കുകൂട്ടി.
എന്റെ ചിന്തകൾ കാടുകയറി. എഴുനേറ്റ് മൊബൈൽ ഫോൺ കയ്യിലെടുത്തു. വിളി വന്ന നമ്പറിൽ, അതായത് റോബിന്റ നമ്പരിലേക്ക് ഞാൻ വിളിച്ചു.
റോബിൻ "നീ എന്തു തീരുമാനിച്ചു? അപകടം സംഭവിച്ചത് ഹരിപ്പാടിന്‌ അടുത്തുള്ള ദേശീയപാതയിൽ വെച്ചായിരുന്നതിനാൽ ശരീരം ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ ആണ്. പോസ്റ്റുമോർട്ടം കഴിഞ്ഞ് നാളയേ ബോഡി കിട്ടുകയുള്ളു. നീ വരുന്നത്‌ എപ്പോൾ എന്നറിയിച്ചാൽ അതിനനുസരിച്ച് ശവസംസ്‌കാരം നടത്താം."
ഞാൻ " ഇല്ല ഞാൻ വരുന്നില്ല. അവൻ മരിച്ചിട്ടില്ല. ഒരൂപക്ഷെ അവന്റെ ബോഡി കണ്ടാൽ അവൻ മരിച്ചുവെന്ന് എനിക്ക്‌ വിശ്വസിക്കേണ്ടി വരും."
A Story by........ഷാജു വിജയൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo