Slider

പോരാട്ടങ്ങൾക്കപ്പുറം സ്വാതന്ത്ര്യദിന പതിപ്പ്

0
പോരാട്ടങ്ങൾക്കപ്പുറം
സ്വാതന്ത്ര്യദിന പതിപ്പ്
'' എത്ര വിരസമാണ് സ്വാതന്ത്ര്യം, അല്ലേ, മാളു?''
കേശവന്റെ ആ ചോദ്യം മാളുവിന് മനസ്സിലാക്കാൻ പ്രയാസമുണ്ടായിരുന്നില്ല.ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വിരസതയുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയായിരുന്നു അവളും.
'' സ്കൂളിൽ പോകാൻ തുടങ്ങിയ നാൾ തൊട്ടു തുടങ്ങിയതാണ് സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം.'' പാതി കുടിച്ച ചായയുടെ മുകളിൽ കെട്ടിയ ചുവന്ന പാട നോക്കി അയാൾ ഒരു നിമിഷം അറച്ചിരുന്നു. ചായ കോപ്പയുടെ വക്കിൽ പതിഞ്ഞ തന്റെ ചുണ്ടിന്റെ ചുവന്ന പാട് അയാളെ ആസ്വസ്ഥനാക്കി.
'' എന്തൊക്കെ കോലാഹലങ്ങളായിരുന്നു, അല്ലേ? പല നിറത്തിലുള്ള കൊടികൾ, പല ഭാഷകളിൽ നിന്നും സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നും കടമെടുത്ത മുദ്രാവാക്യങ്ങൾ, ദെെവനിഷേധം, കുടുമ്മ മുറിക്കൽ, മിശ്ര ഭോജനം, പശുവിറച്ചി തീറ്റ, മദ്യപാനം, വേശ്യാഗമനം, നിന്നെ കൂട്ടിയുള്ള ഒളിച്ചോട്ടം, പീഡിതരുടെ മോചനത്തിനു വേണ്ടി ആയുധം ധരിച്ച് കാട്ടിൽ അലച്ചിൽ,പൊലീസ് മർദനം, കോടതി,ഹിമാലയത്തിന്റെ കൊടുമുടികളിലും ഗംഗാനദിയുടെ ആഴങ്ങളിലും മായാമോഹമുക്തി തേടിയ തീർത്ഥയാത്രകൾ,കാവി, രുദ്രാക്ഷം, രാമമന്ദിരം,ഓഷോ.
ഇന്നിതാ എല്ലാം പൂർത്തിയായി.നമ്മളെ സ്വതന്ത്രരാവാൻ വിട്ടുകൊണ്ട് നമ്മുടെ ദത്തു പുത്രൻ അവന്റെ പാട്ടിനു പോയി. അണികളെന്നു നമ്മൾ ധരിച്ചവരൊക്കെ ചേരിയും കൂറും മാറി മാർഗ്ഗം കൂടി പോയി. ആരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് നമ്മൾ പൊരുതിയിരുന്നത്'!''
അയാളുടെ കണ്ണു നനയുന്നതും തൊണ്ടയിറുന്നതും മാളു ശ്രദ്ധിച്ചു.
'' വരൂ, നമുക്ക് പതിവുപോലെ പുറത്ത് വരാന്തയിലിരുന്ന് ഒട്ടുമാവിൻ കൊമ്പത്ത് കൂടു കൂട്ടിയ കിളികളെ നോക്കി തമാശകൾ പറയാം.'' അവൾ പറഞ്ഞു.
'' വേണ്ട, ഇന്നെനിക്ക് സ്വാതന്ത്ര്യതിന്റെ ഇന്നോളം ആരും സ്വപ്നം കാണാത്ത അവസ്ഥ ആസ്വദിക്കണം.കരയണം, വിങ്ങി പൊട്ടി കരയണം. പൊരുതുന്നവർക്ക് നിഷേധിക്കപ്പെട്ട ആ സ്വാതന്ത്ര്യം എനിക്കനുഭവിക്കണം ''
കെെപ്പത്തികളിൽ മുഖമൊളിപ്പിച്ച് അയാൾ തേങ്ങി.
'' കരച്ചിലും സ്വാതന്ത്ര്യത്തിനുള്ള പോരാട്ടത്തിന്റെ രൂപഭേദമാണെന്ന് ഇപ്പോൾ മനസ്സിലായല്ലോ. അതു മതി. '' അന്നാദ്യമായി മാളു കേശവൻ അന്നോളം കേൾക്കാത്ത അവളുടെ പോരട്ടത്തിന്റെ കഥയുടെ ചുരുളഴിച്ചു.
'' ഞാൻ കരയുമ്പോഴൊക്കെ അതൊരു പെൺദൌർബ്ബല്യമാണെന്ന് നിങ്ങൾ പുച്ഛിച്ചിരുന്നില്ലേ?കരച്ചിലുകൊണ്ട് ഒന്നും നേടാനാവില്ലെന്ന് നിങ്ങൾ പറഞ്ഞിരുന്നില്ലേ? കരച്ചിൽ ഞങ്ങൾ പെണ്ണുങ്ങൾക്ക് സ്വാതന്ത്ര്യത്തിന്റെ ആഘോഷമാണ്. പോരാട്ടമാണ്. പോരാട്ടമാണ് സ്വാതന്ത്ര്യം.''
മുഖം ഉയർത്തി അവളെ നോക്കുമ്പോൾ ഒരു പുതിയ വെളിപാടിന്റെ പ്രസന്നത അയാളെ ഉത്സാഹവാനാക്കി.
'' നീ കരഞ്ഞത് സ്വയം സ്വതന്ത്രയാവാൻ മാത്രമായിരുന്നു. ഞാൻ കരയാതിരുന്നത് മറ്റുള്ളവരെ സ്വതന്ത്രരാക്കാനയിരുന്നു. നിന്റേതു സ്വാർത്ഥം, എന്റേത് പരാർത്ഥം.'' നഷ്ടപ്പെട്ട പോരിട്ടത്തിന്റെ ഊർജ്ജം വീണ്ടെടുത്തതു പോലെ അയാൾ ഉന്മേഷവനായി.
''' ആണോ?'' ഒരു വാദം ജയിച്ച സന്തോഷമായിരുന്നു അവളുടെ ആ ചോദ്യത്തിൽ അയാൾ കേട്ടത്.
'' സ്വയം സ്വതന്ത്രനാവനുള്ള ഇച്ഛയല്ലേ, എല്ലാ പോരാട്ടത്തിന്റേയും ഉന്മാദം? ജാതിയും മതവും പാരമ്പര്യവും അടിച്ചേൽപ്പിച്ച എല്ലാ പരാധീനതകളിൽനിന്നും സ്വയം മുക്തനായപ്പോൾ ആ സ്വാതന്ത്ര്യം നിങ്ങൾക്ക് വിരസമായി തോന്നുന്നു.നിങ്ങൾ ധരിച്ചു വെച്ചതു പോലെ അന്യനു വേണ്ടിയാണ് നിങ്ങൾ പോരാടിയിരുന്നതെങ്കിൽ വിരസതക്ക് അവകാശമില്ല. നീതി നിഷധിക്കപ്പെട്ടവരുടെ ലോകത്തിന് ഇന്നും മാറ്റമൊന്നുമില്ല..നിങ്ങളുടെ പോരാട്ടം അവരുടെ ലോകത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല.'' അവളുടെ വാദത്തിലെ നിഷേധിക്കാനാവാത്ത യുക്തി അയാൾക്ക് ചെറുക്കാനായില്ല.
'' നീ പറഞ്ഞത് ശരിയാണ്. സ്വാർത്ഥത്തിനപ്പുറത്ത് പോരാട്ടം തുടങ്ങാനിരിക്കുന്നതേയുള്ളു.'' വരാന്തയിലെക്ക് അവളെ കെെപിടിച്ച് ആനയിച്ചുകൊണ്ട് അയാൾ ആവേശഭരിതനായി.
''വാ, നമുക്ക് വീണ്ടും തെരുവിലേക്കിറങ്ങാം.ആരെങ്കിലും ആയിത്തീരാൻ വേണ്ടിയല്ല, ആർക്കെങ്കിലും എന്തെങ്കിലും ആയിത്തീരാൻ വേണ്ടി മാത്രം.പൊരുതുന്നു എന്ന സ്വാർത്ഥത്തിനപ്പുറം നമുക്ക് വിശക്കുന്നവർക്ക് അന്നമാവാം.''

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo