Slider

പൂച്ചയുടെ പ്രണയം.

0
പൂച്ചയുടെ പ്രണയം.
പ്രണയം പറയുന്നതിന് മുൻപ് , പൂച്ചകളുടെ അമ്മായിയമ്മ പോരിനെക്കുറിച്ചു പറയാം. ഒരു പൂച്ച അമ്മായിയുടെയും മരുമകളുടെയും പോരിന് മദ്ധ്യസ്ഥത വഹിക്കേണ്ടിവന്ന ലോകത്തിലെ ആദ്യത്തെ മനുഷ്യ ജീവി ചിലപ്പോൾ ഞാനായിരിക്കും.
ഞങ്ങളുടെ വീട്ടിൽ ഒരു തള്ള പൂച്ചയേ ഉണ്ടായിരുന്നുള്ളൂ. ആദ്യത്തെ പ്രസവത്തിൽ തന്നെ തങ്കക്കുടം പോലുള്ള നാലു കുഞ്ഞുങ്ങൾ..സന്തോഷം കൂടുതൽ പുറത്തെടുകൂടാ - ഭാര്യക്ക് ഇതൊന്നും ഇഷ്ടമല്ല. "നിങ്ങളും നിങ്ങളുടെ പൂച്ച കുടുംബവും വെളിയിൽ' എന്ന് പറഞ്ഞവൾ നിശ്ചയിച്ചു തന്ന സ്ഥലത്തേ സ്നേഹ പ്രകടനം പാടുള്ളൂ. കുട്ടികൾ വേഗം വളർന്നു...മൂന്നു പേർ എവിടെയോ പോയി മറഞ്ഞു...കുറെ അന്വേഷിച്ചെങ്കിലും കണ്ടു കിട്ടിയില്ല. തള്ളയുടെയും എന്റെയും സ്നേഹം മുഴുവനും ഏറ്റുവാങ്ങി അവൻ യൗവന യുക്തനായി. (പൂച്ച ഭർത്താവെന്നു ഞാൻ ഊഹിക്കുന്ന കോന്തനെ പ്രസവം കഴിഞ്ഞ ശേഷം കണ്ടില്ല - അല്ലെങ്കിലും അവൻ അപ്പോൾ വരില്ലല്ലോ ).
ഇനിയാണ് കഥയുടെ വഴിത്തിരിവ്.
ഞാൻ ജോലി കഴിഞ്ഞു ഒരു ദിവസം വരുമ്പോൾ അതാ ഒരു വെളുത്ത സുന്ദരി പൂച്ച നമ്മുടെ യുവാവിന്റെ കൂടെ വീട്ടിൽ. ഇത്രയും അവനെ തീറ്റിപ്പോറ്റിയിട്ടും ഒരു വാക്ക് പറഞ്ഞില്ലല്ലോ. തള്ള എന്നെ ദയനീയമായി നോക്കി. ന്യു ജെൻ ആണ്. ഒന്നും പറയേണ്ട എന്ന മട്ടിൽ. ദേഷ്യമൊക്കെ മാറിയപ്പോൾ ഞാൻ അവൾക്ക് നല്ലൊരു മീൻ കഷ്ണം എടുത്തു കൊടുത്തു നാലു കാൽ ഒന്നിച്ചു വെച്ച് കയറാൻ അനുവാദം കൊടുത്തു. രണ്ടു ദിവസം കൊണ്ട് തന്നെ ഏതോ ഒരു സിനിമ പാട്ടിന്റെ ഈണത്തിൽ കരഞ്ഞും കാലിൽ ഉരുമ്മിയും അവൾ എന്നെ വശത്താക്കി. പൂച്ചകൾക്ക് ഭക്ഷണത്തിനായി കാർ പോർച്ചിൽ ഞാൻ ഒരുക്കിയിരുന്ന സ്ഥലം പുതു മരുമകൾക്ക് പരിചപ്പെടുത്തിക്കൊടുത്തു.
പിറ്റേന്ന് കാലത്ത് പൂച്ച ഭക്ഷണ ശാലയിൽ നിന്ന് പതിവില്ലാത്തൊരു ബഹളം കേട്ടപ്പോൾ ഉടനെ പോയി നോക്കി. ഇന്നലെ വരെ നമ്ര ശിരസ്കയായി, പതുങ്ങി നിന്നിരുന്ന മരുമോൾ സുന്ദരി തള്ളയെ വിറപ്പിക്കുകയാണ്. മീൻ മുഴുവൻ അവൾക്ക് വേണം - തള്ളയും വിടുന്നില്ല. പഴയ കളരി മുറയൊക്കെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്. എങ്കിലും പെണ്ണിനെ പേടിയുമുണ്ട്. എന്റെ ശബ്ദം കേട്ടപ്പോൾ രണ്ടാളും വന്നു എന്റെ കാലിൽ വീണു ആവലാതി പറയാൻ തുടങ്ങി. പണ്ടൊരു ചൈനക്കാരനിൽ നിന്ന് കുറച്ചൊക്കെ പൂച്ച ഭാഷ പഠിച്ചതിനാൽ അതിനെ ഞാൻ ഇങ്ങിനെ ഭാഷാന്തരം ചെയ്തു.
തള്ള: "എവിടുന്നോ കയറി വന്ന ഇവൾക്ക് മീൻ മുഴുവൻ വേണത്രെ ഭർത്താവിന്റെ അമ്മയോടുള്ള ഒരു മതിപ്പെങ്കിലും വേണ്ടേ .അവൾ എന്നെ മാന്താൻ വരുന്നത് നിങ്ങൾ കാണുന്നില്ലേ...?!"
മരുമകൾ: "സാർ, ഞാൻ വിശന്നിരിക്കയായിരുന്നു..അമ്മയോട് ചോദിച്ചു, മീനിന്റെ പകുതിയെങ്കിലും തരാൻ..ഞാൻ ചെറുപ്പല്ലേ...നല്ല ഭക്ഷണം കിട്ടിയില്ലെങ്കിൽ എന്റെ നിറം മങ്ങി കവിളൊക്കെ ഒട്ടി വേഗം കിഴവിയായിപ്പോകും. അമ്മക്കൊന്നു അഡ്ജസ്റ്റ് ചെയ്തൂടെ...സാർ ഒന്ന് പറയൂ, പ്ലീസ്.."
പെൺ വർഗ്ഗത്തോട് തന്നെ വെറുപ്പ് തോന്നിയ നിമിഷം. ഞാൻ ഭക്ഷണശാലയെ രണ്ടായി പകുത്തു. ഓരോ മീൻ കഷ്ണങ്ങൾ എടുത്തു ഇനി മുതൽ എവിടെയാണ് രണ്ടാളുടെയും ഇരിപ്പിടമെന്നു ബോദ്ധ്യപ്പെടുത്തി കൊടുത്തു. അതാ ! തള്ള സുന്ദരിക്ക് കൊടുത്ത മീൻ കഷ്ണം നോക്കി എന്നോട് പരിഭവം പറയുന്നു, പെണ്ണ് തള്ളക്ക് കൊടുത്ത കഷ്ണം കൂടിപ്പോയെന്നും പറയുന്നു. ഞാൻ ഇവരുടെ ഇടയിൽ കഴിയുന്നത്ര നീതി പുലർത്തി - പുരുഷന്റെ സ്നേഹ മനസ്സ് ആർ അറിയാൻ. എന്നാലും ചീറ്റലും പൊട്ടലും ഇടക്കുണ്ടാവും
മൂന്നാഴ്ചക്ക് ശേഷം
വണ്ടി പോർച്ചിൽ വെച്ച് വെറുതെയൊന്ന് പൂച്ച ശാലയിൽ എത്തിച്ചു നോക്കി. എന്ത്? അമ്മായിയമ്മയും മരുമോളും ഒരുമിച്ചിരുന്നു കിന്നരിക്കുന്നു. ഞാൻ ഒച്ചയുണ്ടാക്കാതെ നോട്ടം തുടർന്നു. ഒരു ചിക്കൻ കഷ്ണം ആദ്യം തള്ള മരുമോൾക്ക് നീട്ടുന്നു, അവൾ വെറുതെ ഒന്ന് കടിച്ചു അമ്മക്ക് തന്നെ കൊടുക്കുന്നു. അമ്മ ഒന്ന് ശകാരിച്ചു അവളെ കൊണ്ട് തീറ്റിക്കുന്നു. സ്നേഹം കൊണ്ട് വാലാടുന്നു...വണ്ടി വെച്ചിട്ടും ആളെ കാണാത്തതുകൊണ്ട് എന്നെ നോക്കി ഭാര്യ പോർച്ചിലേക്ക് വന്നു
"നീ ഇത് നോക്കിയേ....ഇവരുടെ അടിയൊക്കെ മാറി"
"രണ്ടിനും ഗർഭാ....അതാ.. അതൊന്നും നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല മനുഷ്യാ... ...പിന്നെയൊരു കാര്യം വീട്ടിനുള്ളിൽ എങ്ങാനും പ്രസവിച്ചാൽ എന്റെ സ്വഭാവം അങ് മാറും"
പൂച്ച ഗവേഷണം ഇത്രയും നടത്തിയിട്ടും എനിക്ക് അത് മനസ്സിലായില്ലല്ലോ. തിരിഞ്ഞു നോക്കാത്ത ഭാര്യക്ക് അത് മനഃപാഠം ഞാൻ വെറുതെ അവരുടെ സംസാരം ഒന്ന് ഡീകോഡ് ചെയ്തു നോക്കി.
"എടീ നീ കഴിക്ക്‌...നിനക്ക് മുഖത്തൊക്കെ നല്ല ക്ഷീണമുണ്ട് "
"അമ്മെ.. ഞാനിപ്പോ മീൻ കഴിച്ചതല്ലേ ഉള്ളൂ. അമ്മ കഴിക്കാതെ എനിക്ക് വേണ്ട..എന്റെ പൊന്നമ്മയല്ലേ...കഴിക്കമ്മേ.."
"നിനക്ക് ചുട്ട അടി തരും ട്ടോ .... , ഇപ്പോഴത്തെ പിള്ളാർക്കെന്നും ഇതൊന്നും താങ്ങാൻ പറ്റില്ല" -
സ്ത്രീ വർഗത്തോട് തോന്നിയ വെറുപ്പ് മെല്ലെ ആദരവിലേക്ക് വഴിമാറി
തള്ള പഴയ കളരിക്കാരി തന്നെ. നിറവയറുമായി മതിലിന്റെ മുകളിൽ നിന്നൊരു എടുത്തു ചാട്ടമാണ്. ആ ചട്ടം കൊള്ളുന്നത് എന്റെ നെഞ്ചിലേക്കാണ്. മരുമോൾ തനി ന്യൂ ജൻ. ഇളം വെയിലും കൊണ്ട് മുറ്റത്തു ഉലാത്തലാണ് പ്രധാന പരിപാടി.
അങ്ങിനെ കഴിഞ്ഞ ആഴ്ച തള്ള പ്രസവിച്ചു. മൂന്നു തങ്ക കട്ടികൾ
അമ്മ കുഞ്ഞുങ്ങളെയും കൊണ്ട് അല്പം മാറി മറവിൽ ഇരിക്കും.
ഞാൻ കുഞ്ഞുങ്ങളെ തലോടുമ്പോൾ തള്ള എന്നെ നോക്കും - ആ കണ്ണുകൾ നിറയുന്നുണ്ടോ ? കൂട്ടുകാരന്റെ ഒരു തലോടൽ, ചേർന്ന് നിൽക്കൽ ഈ പൂച്ചയും ഈ സമയത്ത് കൊതിക്കുന്നുണ്ടാവില്ലേ ? അച്ഛനിൽ നിന്ന് മക്കളെ ഒളിപ്പിച്ചു വെക്കേണ്ടി വരുന്നൊരു അമ്മയുടെ മനസ്സ് ഞാനാ കണ്ണുകളിൽ വായിച്ചെടുക്കാൻ ശ്രമിച്ചു.
ഇനി സുന്ദരിയുടെ വയർ കൂടെ ഒഴിയണം.
ഇന്നലെയായിരുന്നു അത്.
ജോലി കഴിഞ്ഞു വരുമ്പോൾ പോർച്ചിലെ തൂണിനരികിൽ സുന്ദരി ഒഴിഞ്ഞ വയറുമായി കിടക്കുന്നു. ചുറ്റും നോക്കി. കുഞ്ഞുങ്ങളെ കാണുന്നില്ല. അവൾ എന്നെ നോക്കുന്നേയില്ല. ഞാൻ മുറ്റം മുഴുവൻ നോക്കി. പെട്ടെന്ന് ഒരു ഞരക്കം കേട്ടു താഴെ നാരക ചെടിയുടെ ചോട്ടിൽ നിന്ന്. വെളുത്ത നിറമുള്ള ഒരു പൂച്ചകുട്ടി അവന്റെ ചോരയൊലിക്കുന്ന തല ഭ്രാന്തമായി നിലത്തിട്ടടിക്കുന്നു. പ്രാണൻ പിടക്കുന്ന നിമിഷങ്ങൾ. കൈകൾ അമ്മയെയെന്നപോലെ നാരകച്ചെടിയുടെ കാണ്ഡത്തെ കെട്ടിപ്പിടിച്ചിരിക്കുന്നു. ചോര മണ്ണിൽ ഇറ്റു വീണുകൊണ്ടിരിക്കയാണ് പിന്നെ ശബ്ദമില്ലാത്ത ഒരു ഞരക്കത്തോടെ എല്ലാം അവസാനിച്ചു. വീണ്ടും നോക്കുമ്പോൾ തൊട്ടപ്പുറം കറുപ്പും വെളുപ്പും കലർന്ന മറ്റൊരു പൂച്ചക്കുട്ടിയുമുണ്ട്. വായിൽ നിന്ന് ചോര വാർന്നു, കണ്ണുകൾ പുറന്തള്ളി മരിച്ചു കിടക്കുന്നു.
രണ്ടാമതൊന്നു നോക്കാൻ ത്രാണിയില്ലാത്ത ഞാൻ തിരിച്ചു മുറ്റത്തു കയറി. അതെ...അവളുടെ കന്നി പ്രസവത്തിലെ രണ്ടു കുഞ്ഞുങ്ങളും ഭൂമിയേക്ക് പിറന്നു ചൂടാറും മുൻപ് കണ്മുന്നിൽ വെച്ച് കൊല്ലപ്പെട്ടിരുന്നു . ഞാൻ എന്റെ വിറയാർന്ന വിരലുകൾ കൊണ്ട് അവളുടെ നിറുകയിൽ മെല്ലെ തലോടി....ഒരു സാഗരം മുഴുവൻ ഏറ്റുവാങ്ങിയ കണ്ണുകൾ ഉയർത്തി അവൾ എന്നെ നോക്കി... ഞാനാ കണ്ണിൽ എന്റെ അമ്മയെ കണ്ടു
ചെറിയൊരു അനക്കം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ തള്ളപ്പൂച്ച തന്റെ ഒരു കുഞ്ഞിനെ തൂക്കിയെടുത്തു വന്നു സുന്ദരിയുടെ മുന്നിൽ വെച്ചു. അവൾ ആദ്യം നോക്കിയതേയില്ല. പിന്നെ എന്തോ ചില നിഗൂഢ വചനങ്ങൾ അവർക്കിടയിൽ വായിക്കപ്പെട്ടു.
ചോര വാർന്നു മരിച്ചുപോയ ചെറുമക്കളെ മനസ്സിലേറ്റി പെട്ടന്നവൾ ഒരു ഉന്മാദിനായി മാറി. തള്ളപ്പൂച്ചയുടെ കുഞ്ഞിനെ തന്റെ വയറിനോട് ചേർത്തുപിടിച്ചു അവൾ പാൽ ചുരത്താൻ തുടങ്ങി. പിടി വിട്ടു കുതറാൻ നോക്കുന്ന കുഞ്ഞു പൂച്ചയെ അവൾ വരിഞ്ഞു മുറുക്കി. അവളുടെ രോമങ്ങൾ എഴുന്നു നിന്നു...കൈ നഖങ്ങൾ വിജ്രംഭിച്ചു...കണ്ണുകൾ ശാന്തമായി.
അനിർവചനീയമായ ആ പ്രണയം കണ്ടു തളർന്നു കണ്ണുകൾ ഇറുകെ അടച്ചപ്പോൾ അരികിലില്ലാത്ത അമ്മയുടെ ഇളം ചൂടുള്ള മാറിലേക്ക് ഒരു പൈതലായി ഞാൻ പുനർജനിച്ചു. വരിഞ്ഞെന്നെ മുറുക്കിയ കൈവിരലുകൾക്കിടയിലൂടെ രണ്ടു കണ്ണുകൾ മെല്ലെ പുഴകളായി എന്റെ കവിളിലേക്ക് ഒഴുകാൻ തുടങ്ങി.
(ഹാരിസ് )
LikeShow more reactions
Comment
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo