സമോവര്‍ ബുക്ക് ഹൗസ് :-ഒരു ദേശാടനക്കിളിയുടെ സങ്കീര്‍ത്തനം
****************************************************************************
ചാറ്റല്‍ മഴയുള്ള ജൂണിലെ വൈന്നേരങ്ങളില്‍ നിങ്ങള്‍ നഗരത്തിന്റെ അതിരില്‍ സ്ഥിതി ചെയ്യുന്ന ഉപേക്ഷിക്കപ്പെട്ട സ്റ്റേഡിയത്തിന് സമീപം നടക്കാന്‍ പോവുകയാണെങ്കില്‍ ഒരു വാട്ടര്‍ കളര്‍ പെയിന്റിങ്ങിനുള്ളില്‍ ഇറങ്ങി ചെന്നത് പോലെ തോന്നും.പുതിയ സ്റ്റേഡിയം വന്നതിനു ശേഷം ആ പഴയ ചെറിയ സ്റ്റേഡിയത്തിനു പ്രൗഡി നഷ്ടപ്പെട്ടിട്ട് ഏറെ വര്‍ഷങ്ങളായി കഴിഞ്ഞിരിന്നു.പച്ചപ്പൂപ്പല്‍ പടര്‍ന്നു പിടിച്ച വൃത്താകൃതിയില്‍ ഉള്ള സിമന്‍റ്പടിക്കെട്ടുകളില്‍ ഓര്‍മ്മകളില്‍ മുങ്ങി സായാഹ്ന സവാരി നടത്തുന്ന വൃദ്ധരെയും വഹിച്ചു കൊണ്ട് വാര്‍ധക്യത്തിലേക്ക് കടക്കുന്ന ആ സ്റ്റേഡിയത്തിന് അവരില്‍ പലരുടെയും തീര്‍ന്നു പോയ വര്‍ഷങ്ങളും നന്നായി അറിയാമായിരുന്നു.ആ വൃദ്ധരില്‍ ഒരാളെപ്പോലെ സ്റ്റേഡിയവും ആളും അനക്കവുമില്ലാതെ മൗനത്തില്‍ മുങ്ങിക്കിടന്നു.സ്റ്റേഡിയത്തിന് ചുറ്റും ഒരു പറ്റം കടകള്‍ ഉണ്ട്.അലങ്കാരപക്ഷികള്‍ ,അക്വേറിയങ്ങള്‍ തുടങ്ങിയ വില്‍ക്കുന്ന കട,വണ്ടി വര്‍ക്ക്ഷോപ്പ്,മോട്ടോര്‍ വൈണ്ടിങ്ങിന്റെ കട,തുടങ്ങിയവയുടെ ഒരു നിര ആ സ്റ്റേഡിയത്തിന്‍റെ കാവല്‍ എന്നത് പോലെ നിലകൊണ്ടു.ആ കടകളിലും തിരക്ക് കുറവാണ്.അവയില്‍ ഏറ്റവും അവസാനത്തെ കട പഴയ പുസ്തകങ്ങള്‍ മാത്രം വില്‍ക്കുന്ന ഒരു പുസ്തകശാലയാണ്.റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോഡ്ജില്‍ തനിച്ചു താമസിക്കുന്ന സാംസണ്‍ എന്ന ചെറുപ്പക്കാരന്‍ വൈകുന്നേരങ്ങളില്‍ നിത്യവും സന്ദര്‍ശിക്കുന്ന ആ പുസ്തകക്കടയുടെ പേര് സമോവര്‍ ബുക്ക്ഹൗസ് എന്നായിരുന്നു.
സമോവര്‍ ബുക്ക് ഹൗസ് നീല ടാര്‍പ്പോളിന്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു കൂടാരമായിരുന്നു. വളരെ പഴയതും അപൂര്‍വ്വവുമായ പുസ്തകങ്ങള്‍ ആയിരുന്നു ആ കടയില്‍ ഉണ്ടായിരുന്നത്.ഇപ്പോള്‍ അച്ചടിയില്‍ ഇല്ലാത്തതും ,വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയതുമായ ,അറിയപ്പെടുന്നതും അറിയാപ്പെടാത്തതുമായ പുസ്തകങ്ങള്‍ ,തടി റാക്കുകളില്‍ ,ആരുടെയോ ചിന്തകള്‍ പോലെ അട്ടിയടുങ്ങിയിരുന്നു.പഴമയുടെ കുശുത്തുമണം ആ നീലകൂടാരത്തില്‍ സദാ തങ്ങി നിന്നിരുന്നു.സാംസണ്‍ അതിശയിച്ചത് ശക്തിയേറിയ മഴയില്‍ പോലും ആ കൂടാരത്തില്‍ നിന്ന് വെള്ളം ചോര്‍ന്നു പുസ്തകങ്ങള്‍ നനയുന്ന അവസ്ഥ ഒരിക്കലും ഉണ്ടാവുന്നില്ലയെന്നതിലായിരുന്നു.
****************************************************************************
ചാറ്റല്‍ മഴയുള്ള ജൂണിലെ വൈന്നേരങ്ങളില്‍ നിങ്ങള്‍ നഗരത്തിന്റെ അതിരില്‍ സ്ഥിതി ചെയ്യുന്ന ഉപേക്ഷിക്കപ്പെട്ട സ്റ്റേഡിയത്തിന് സമീപം നടക്കാന്‍ പോവുകയാണെങ്കില്‍ ഒരു വാട്ടര്‍ കളര്‍ പെയിന്റിങ്ങിനുള്ളില്‍ ഇറങ്ങി ചെന്നത് പോലെ തോന്നും.പുതിയ സ്റ്റേഡിയം വന്നതിനു ശേഷം ആ പഴയ ചെറിയ സ്റ്റേഡിയത്തിനു പ്രൗഡി നഷ്ടപ്പെട്ടിട്ട് ഏറെ വര്‍ഷങ്ങളായി കഴിഞ്ഞിരിന്നു.പച്ചപ്പൂപ്പല്‍ പടര്‍ന്നു പിടിച്ച വൃത്താകൃതിയില്‍ ഉള്ള സിമന്‍റ്പടിക്കെട്ടുകളില്‍ ഓര്‍മ്മകളില്‍ മുങ്ങി സായാഹ്ന സവാരി നടത്തുന്ന വൃദ്ധരെയും വഹിച്ചു കൊണ്ട് വാര്‍ധക്യത്തിലേക്ക് കടക്കുന്ന ആ സ്റ്റേഡിയത്തിന് അവരില്‍ പലരുടെയും തീര്‍ന്നു പോയ വര്‍ഷങ്ങളും നന്നായി അറിയാമായിരുന്നു.ആ വൃദ്ധരില്‍ ഒരാളെപ്പോലെ സ്റ്റേഡിയവും ആളും അനക്കവുമില്ലാതെ മൗനത്തില്‍ മുങ്ങിക്കിടന്നു.സ്റ്റേഡിയത്തിന് ചുറ്റും ഒരു പറ്റം കടകള്‍ ഉണ്ട്.അലങ്കാരപക്ഷികള്‍ ,അക്വേറിയങ്ങള്‍ തുടങ്ങിയ വില്‍ക്കുന്ന കട,വണ്ടി വര്‍ക്ക്ഷോപ്പ്,മോട്ടോര്‍ വൈണ്ടിങ്ങിന്റെ കട,തുടങ്ങിയവയുടെ ഒരു നിര ആ സ്റ്റേഡിയത്തിന്‍റെ കാവല്‍ എന്നത് പോലെ നിലകൊണ്ടു.ആ കടകളിലും തിരക്ക് കുറവാണ്.അവയില്‍ ഏറ്റവും അവസാനത്തെ കട പഴയ പുസ്തകങ്ങള്‍ മാത്രം വില്‍ക്കുന്ന ഒരു പുസ്തകശാലയാണ്.റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോഡ്ജില്‍ തനിച്ചു താമസിക്കുന്ന സാംസണ്‍ എന്ന ചെറുപ്പക്കാരന്‍ വൈകുന്നേരങ്ങളില്‍ നിത്യവും സന്ദര്‍ശിക്കുന്ന ആ പുസ്തകക്കടയുടെ പേര് സമോവര്‍ ബുക്ക്ഹൗസ് എന്നായിരുന്നു.
സമോവര്‍ ബുക്ക് ഹൗസ് നീല ടാര്‍പ്പോളിന്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു കൂടാരമായിരുന്നു. വളരെ പഴയതും അപൂര്‍വ്വവുമായ പുസ്തകങ്ങള്‍ ആയിരുന്നു ആ കടയില്‍ ഉണ്ടായിരുന്നത്.ഇപ്പോള്‍ അച്ചടിയില്‍ ഇല്ലാത്തതും ,വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയതുമായ ,അറിയപ്പെടുന്നതും അറിയാപ്പെടാത്തതുമായ പുസ്തകങ്ങള്‍ ,തടി റാക്കുകളില്‍ ,ആരുടെയോ ചിന്തകള്‍ പോലെ അട്ടിയടുങ്ങിയിരുന്നു.പഴമയുടെ കുശുത്തുമണം ആ നീലകൂടാരത്തില്‍ സദാ തങ്ങി നിന്നിരുന്നു.സാംസണ്‍ അതിശയിച്ചത് ശക്തിയേറിയ മഴയില്‍ പോലും ആ കൂടാരത്തില്‍ നിന്ന് വെള്ളം ചോര്‍ന്നു പുസ്തകങ്ങള്‍ നനയുന്ന അവസ്ഥ ഒരിക്കലും ഉണ്ടാവുന്നില്ലയെന്നതിലായിരുന്നു.
നീണ്ട നരച്ച താടിയുള്ള ഒരു വൃദ്ധനായിരുന്നു അതിന്‍റെ ഉടമ.കടയുടെ മുന്‍പില്‍ സമോവര്‍ ഉപയോഗിച്ച് ചായയും അയാള്‍ വില്‍ക്കുമായിരുന്നു.അത് കൊണ്ടായിരിക്കണം അതിനു സമോവര്‍ ബുക്ക് ഹൗസ് എന്ന് പേര് വന്നത് എന്ന് സാംസണ്‍ കരുതി.ചെമ്പ് കൊണ്ടുണ്ടാക്കിയ സമോവറില്‍ വെള്ളം തിളച്ചു മറിയുമ്പോള്‍ ,സൂഫികളുടെ മുഖമുള്ള ആ വൃദ്ധന്‍ നീണ്ട താടിയില്‍ വിരലോടിച്ചു സ്റ്റേഡിയത്തിലെ ചെറിയ വൃത്തത്തിനുള്ളില്‍ പെയ്യുന്ന മഴയും നോക്കിയിരിക്കും.കൂടുതല്‍ സമയവും അയാള്‍ ഉറക്കം തൂങ്ങിയിരിക്കുകയായിരിക്കും.
ആ പുസ്തകക്കടയില്‍ സന്ദര്‍ശകര്‍ കുറവായിരുന്നു.ആരെങ്കിലും പുസ്തകം വാങ്ങിക്കാനെടുത്താല്‍ അയാള്‍ കണ്‍പോളകള്‍ വലിച്ചു തുറന്നു അവരെ നോക്കും.പിന്നെ ആ പുസ്തകം വാങ്ങി മറിച്ചു നോക്കും. ഒരു മന്ത്രം പോലെ ആ പുസ്തകത്തിന്റെ പഴക്കവും അതിന്‍റെ ഉള്ളടക്കവും ഒടുവില്‍ അതിന്‍റെ വിലയും പറയും.അയാളുടെ മേശയില്‍ സലീം അലിയുടെ “ബേര്‍ഡ്സ് ഓഫ് കേരള “ എന്ന പുസ്തകം മാത്രമേ ഉണ്ടായിരുന്നുള്ളു.പക്ഷെ അത് അയാള്‍ അത് വരെ തുറന്നു വായിക്കുന്നത് സാംസണ്‍ കണ്ടിട്ടുണ്ടായിരുന്നില്ല.
വൃദ്ധന്റെ പെരുമാറ്റം മാറി നിന്ന് വീക്ഷിച്ചിരുന്ന സാംസണ്‍ ,വൃദ്ധന്‍ ആ പുസ്തകശാലയിലെ പുസ്തകങ്ങള്‍ മുഴുവന്‍ വായിച്ചു തീര്‍ന്നുവോ എന്ന് അതിശയിച്ചു.കാരണം ആ വൃദ്ധന് അത്രമാത്രം ആ പുസ്തകങ്ങളെക്കുറിച്ച് അറിയാമായിരുന്നു.സാംസണും വൃദ്ധനും ഒരിക്കല്‍ പോലും പരസ്പരം സംസാരിച്ചിരുന്നില്ല.
സാംസണ്‍ ആ നഗരത്തില്‍ വന്നിട്ട് രണ്ട് മാസം കഴിഞ്ഞിരുന്നു.അവന്‍റെ എഞ്ചിനീയറിംഗ് പഠനം മൂന്നാംവര്‍ഷമായപ്പോള്‍ മുടങ്ങിയിരുന്നു.തുടര്‍ന്ന് പഠിക്കാന്‍ ,അത് വരെ പാസാകാത്ത വിഷയങ്ങള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എഴുതി ജയിക്കേണ്ടിയിരിക്കുന്നു.അവന്‍റെ ബാച്ച് രണ്ടു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയിരുന്നു.വിദേശത്തു പരസ്പരം വേര്‍പിരിഞ്ഞു കഴിയുന്ന മാതാപിതാക്കളുടെ ഏക മകനായിരുന്ന സാംസണ് നാട്ടില്‍ മറ്റ് ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടായിരുന്നില്ല.അവന്‍റെ ഒപ്പം ഡിഗ്രിക്ക് പഠിച്ചവര്‍ സോഫ്റ്റ് വെയര്‍ കമ്പനികളിലും മറ്റ് ജോലി നേടി വിദേശരാജ്യങ്ങളിലും നാട്ടിലെ തന്നെ മറ്റ് വന്‍നഗരങ്ങളിലുമാണ്.
അത് കൊണ്ട് പരീക്ഷകളുടെ ഇടവേളകളില്‍ അവന്‍ ആ നഗരത്തില്‍ തീര്‍ത്തും തനിച്ചായിരുന്നു.
അത് കൊണ്ട് പരീക്ഷകളുടെ ഇടവേളകളില്‍ അവന്‍ ആ നഗരത്തില്‍ തീര്‍ത്തും തനിച്ചായിരുന്നു.
അവന്‍ രാത്രി മുഴുവന്‍ ഇരുന്നു പഠിക്കും.പകല്‍ ലോഡ്ജില്‍ കിടന്നുറങ്ങും.വൈകുന്നേരം അവന്‍ നഗരത്തില്‍ നടക്കാനിറങ്ങും.തിരക്ക് കുറഞ്ഞ ആ പഴയ സ്റ്റേഡിയത്തില്‍ ഇടക്ക് പുസ്തകവുമായി വന്നിരിക്കും.ആ സ്റ്റേഡിയത്തിന് അരികില്‍ തന്നെ ഒരു അക്കേഷ്യത്തോട്ടമുണ്ടായിരുന്നു. ഇടിഞ്ഞു പൊളിഞ്ഞ പഴയ ഒരു ക്രിസ്ത്യന്‍ പള്ളിയുടെ മണ്‍ ഭിത്തിയുടെ അവശിഷ്ടങ്ങളും ,മങ്ങിപ്പോയ മഞ്ഞനിറമുള്ള ഉപേക്ഷിക്കപ്പെട്ട റെയില്‍വേ ക്വാര്‍ട്ടേഴ്സുകള്‍ക്കും ഇടയില്‍,നീണ്ടു കൊലുന്ന അക്കേഷ്യ മരങ്ങള്‍ ,തഴച്ചു വളര്‍ന്നു നിന്നു.ഓര്‍മ്മളുടെ അബ്സ്ട്രാക്ക്റ്റ് പെയിന്റിംഗ് പോലെ തോന്നിച്ച ആ അക്കേഷ്യക്കാട് പക്ഷികള്‍ക്ക് പ്രിയപ്പെട്ട സ്ഥലമായിരുന്നു.
മഴ തോര്‍ന്നു നിന്ന ഒരു വൈകുന്നേരമായിരുന്നു എല്ലാം തുടങ്ങിയത്.
സ്റ്റേഡിയത്തിന് മുകളില്‍ ഉറക്കം തൂങ്ങി നിന്ന ഒരു വലിയ മഴമേഘത്തിന്‍റെ മറവില്‍ നിന്ന് പൊട്ടുകള്‍ പോലെ രണ്ടു കിളികള്‍ പറന്നു വന്നു.സ്റ്റേഡിയത്തിന്‍റെ വൃത്തത്തിന് മുകളില്‍ ഒരു വട്ടം കറങ്ങി പരിസരം വീക്ഷിച്ച ശേഷം അവ സമോവര്‍ ബുക്ക് ഹൗസിന് മുന്‍പില്‍ പറന്നിറങ്ങി.ആ സമയം വൃദ്ധന്‍ ഉറക്കം തൂങ്ങി ഇരിക്കുകയും ,സാംസണ്‍ അകത്തു ഒരു പുസ്തകം തുറന്നു വായിക്കുകയുമായിരുന്നു.
സമോവര്‍ ബുക്ക് ഹൗസിന് മുന്‍പില്‍ വന്നിറങ്ങിയത് അപൂര്‍വമായ ബ്ലൂത്ത്രോട്ട് വിഭാഗത്തില്‍പ്പെടുന്ന രണ്ടു ദേശാടനക്കിളികള്‍ ആയിരുന്നു.മിനുസമുള്ള അവയുടെ കഴുത്തില്‍ ഒരു വലിയ നീല വളയം ഉള്ളത് കൊണ്ടാണ് അവ ബ്ലൂ ത്രോട്ട് എന്ന് അറിയപെടുന്നത്.മനോഹരമായ നീല വളയത്തിനു കീഴില്‍ ,കറുപ്പും,വെളുപ്പും ,ബ്രൌണും നിറങ്ങളുടെ പല പാളികളായി തൂവലുകള്‍ അടുങ്ങിയിരുനു.രാജസ്ഥാന്‍ മരുഭൂമിയുടെ അരികിലെ കാടുകളില്‍ നിന്ന് അവ മേയ് മാസത്തെ ചൂട് ആരംഭിച്ചപ്പോള്‍ യാത്ര പുറപ്പെട്ടതാണ്.ചെറിയ കാടുകളിലും പച്ചപ്പുകളിലും ജീവിക്കുന്ന ആ പക്ഷികള്‍ക്ക് ഇണചേരാന്‍ മഴയും തണുപ്പുമുള്ള കാലാവസ്ഥ വേണം.കായല്‍ത്തീരത്തെ കണ്ടല്‍ക്കാടുകളില്‍ ജൂലൈ മധ്യത്തിലെ മണ്‍സൂണ്‍ മഴയില്‍ ഇണചേരുവാന്‍ വേണ്ടിയാണ് അവയുടെ യാത്ര.ഗിരിനിരകളും കാടും പട്ടണങ്ങളും പുഴകളും സമുദ്രവും താണ്ടി പറക്കുന്നതിനിടയില്‍ തത്കാല വിശ്രമത്തിന് വേണ്ടിയാണ് അവ ആ സ്റ്റേഡിയത്തിന് സമീപം വന്നിറങ്ങിയത്.
“ഞാന്‍ ആ അക്കേഷ്യക്കാട്ടില്‍ പറന്ന് നോക്കി.അവിടെ പഴയ ഒരു പള്ളിയുടെ പൊളിഞ്ഞു കിടക്കുന്ന ഭിത്തിയില്‍ ഒരു പൊത്തുണ്ട്.മഴ വരികയാണെങ്കില്‍ നമ്മുക്ക് അങ്ങോട്ട് പോകാം.തത്ക്കാലം മഴ നനയാതെ അതിനുള്ളില്‍ ഇരിക്കാം.”
പെണ്‍കിളി പറഞ്ഞു.
“നമുക്ക് ഒരു കൂട് തുന്നിയുണ്ടാക്കാം.ഞാന്‍ അതിവേഗം കാട്ടിലേക്ക് പറന്നു പോയി മഴ വരുന്നതിനു മുന്‍പ് ഇലകള്‍ തുന്നിച്ചേര്‍ത്തു ഒരു കൂട് പണിയാം.” ആൺകിളി പറഞ്ഞു.
അത് പറയുമ്പോള്‍ ആണ്‍കിളിയുടെ കണ്ണുകള്‍ ബുക്ക്ഹൗസിന് മുന്‍പില്‍ ഉറങ്ങുന്ന ആ വൃദ്ധന്റെ മുഖത്തായിരുന്നു.
“കൂടോ..നമ്മള്‍ കൂടിപ്പോയാല്‍ ഒരു രാത്രി ഇവിടെ തങ്ങിയാല്‍ മതിയെന്ന് നീയല്ലേ പറഞ്ഞത്.നമ്മള്‍ അല്പം മുന്‍പ് പിന്നിട്ട പട്ടണത്തിലെ കത്തീഡ്രല്‍ പള്ളിയുടെ മണിഗോപുരത്തിലെ പ്രാവുകള്‍ ഇന്ന് അവിടെക്കഴിയാന്‍ നമ്മെ ക്ഷണിച്ചതാണ്.സമയം നഷ്ടപെടും എന്ന് പറഞ്ഞു നീ തന്നെയാണ് പിന്‍തിരിപ്പിച്ചത്.ഇവിടെ നാം എന്തിനാണ് തങ്ങുന്നത് ?”
“നമ്മുക്ക് ഇവിടെ തങ്ങിയെ മതിയാകു.എത്ര ദിവസം എന്ന് പറയാന്‍ കഴിയില്ല.”
ആണ്‍കിളി മെല്ലെ പറഞ്ഞു.അവന്‍റെ കണ്ണുകള്‍ അപ്പോഴും ആ വൃദ്ധന്റെ മുഖത്തേക്ക് കൗതുകത്തോടെ നോക്കുകയായിരുന്നു.
അകത്തു സാംസണ്‍ ഒരു പഴയ ഇംഗ്ലിഷ് ചെറുകഥ സമാഹാരം വായിക്കുകയായിരുന്നു.വില്ല്യം കോളിന്‍സ് എഴുതിയ വിക്ടോറിയന്‍ കാലഘട്ടത്തിലെ ചെറുകഥകള്‍ ആയിരുന്നു അത്.കുതിരവണ്ടികള്‍ ഓടുന്ന മഞ്ഞില്‍ മുങ്ങിക്കിടക്കുന്ന ഗ്രാമപാതകളും ,വെളുത്ത പുക ഉയര്‍ത്തി മലകള്‍ക്കിടയിലൂടെ കടന്നു പോകുന്ന തീവണ്ടിയും ,കോട്ടും ഹാറ്റുമണിഞ്ഞു നടന്നു പോകുന്ന മനുഷ്യരുമുള്ള കഥകള്‍.അതിലെ ഒരു പ്രണയകഥയായിരുന്നു അവന്‍ വായിച്ചു കൊണ്ടിരുന്നത്.
മാതാപിതാക്കള്‍ പിരിഞ്ഞു ജീവിക്കുന്ന സമ്പന്നമായ പ്രഭു കുടുംബത്തിലെ അനന്തരാവകാശി ജോണ്‍ എന്ന യുവാവ് ,അവന്റെ ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ പെട്ട ഐറിന്‍ എന്ന യുവതിയുമായി പ്രണയത്തിലാകുന്നു.ഏകാകിയായ ജോണിന്റെ ദിവസങ്ങളിലേക്ക് വസന്തം കടന്നു വരുന്നു.പക്ഷെ ഐറിന്‍റെ ബന്ധുക്കള്‍ക്ക് ജോണിന്റെ കുടുംബ പശ്ചാത്തലം ഇഷ്ടമാകുന്നില്ല.അവര്‍ ഗൂഡ തന്ത്രങ്ങള്‍ പ്രയോഗിച്ചു ഐറിനെ ജോണില്‍ നിന്ന് അകറ്റുന്നു.നിരാശനായ ജോണ്‍ ഉപരിപഠനത്തിനു വേണ്ടി ദൂരെയുള്ള നഗരത്തിലേക്ക് പോകുവാന്‍ തീരുമാനിക്കുന്നു.അങ്ങിനെയെങ്കിലും തനിക്ക് നിഷേധിക്കപ്പെട്ട പ്രണയത്തിന്‍റെ വേദന മറക്കാന്‍ കഴിഞ്ഞേക്കുമെന്ന് അയാള്‍ കരുതുന്നു.
സാംസണ്‍ കഥയുടെ അവസാനഭാഗത്തെത്തി.
ദൂരെ നിന്ന് ഒരു മഴയിരച്ചു വരുന്ന സ്വരം അവന്‍ കേട്ടു.ഒപ്പം പുറത്തു അക്കേഷ്യ മരങ്ങള്‍ക്കിടയില്‍ നിന്ന് മഴയെ വിളിക്കാന്‍ എന്നവണ്ണം കിളികളുടെ മധുരമായ ശബ്ദവും.അവന്‍ കഥയുടെ അവസാനം വായിക്കുന്നതിനു മുന്‍പ് ഒരു നിമിഷം തലയുയര്‍ത്തി ചെവിയോര്‍ത്തു.അത്ര മാധുര്യത്തില്‍ കിളികള്‍ പാടുന്നത് അവന്‍ അതിനു മുന്‍പ് കേട്ടിട്ടിലായിരുന്നു.
കഥയുടെ അവസാനം നടക്കുന്നത് ഒരു റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ്.കറുത്ത കോട്ടും തൊപ്പിയും ധരിച്ചു വ്യസനം പൂണ്ട മുഖവുമായി ജോണ്‍ ട്രെയിന്‍ കാത്തു നില്‍ക്കുകയാണ്. മഞ്ഞു മൂടി നില്‍ക്കുന്ന മലകള്‍ക്ക് നടുവിലെ തുരങ്കത്തിലൂടെ ട്രെയിന്‍ വെളുത്ത പുക ഉയര്‍ത്തി സ്റ്റേഷനിലേക്ക് അടുത്ത് കൊണ്ടിരിക്കെ ഐറിന്‍ പ്ലാറ്റ് ഫോമിലൂടെ ജോണിന്റെ അരികിലേക്ക് ഓടിവരുന്നു.അവളുടെ തെറ്റിദ്ധാരണകള്‍ മാറിയിരുന്നു.
അവള്‍ വെളുത്ത വസ്ത്രങ്ങള്‍ ആണ് ധരിച്ചിരിക്കുന്നത്.അവള്‍ വരുന്നത് കാണുമ്പോള്‍ ശൂന്യമായ തന്‍റെ മനസ്സിന്റെ ആകാശത്തിലേക്ക് ഒരു വെളുത്ത മേഘം അണയുന്നത് പോലെയാണ് ജോണിന് തോന്നുന്നത്.
അവര്‍ പരസ്പരം ആശ്ലേഷിച്ചു കരയവേ ട്രെയിന്‍ അരികില്‍ എത്തുന്നു.
“ഞാന്‍ തിരിച്ചു വരും..നിനക്ക് വേണ്ടി ..” ട്രെയിനില്‍ കയറി കൈ വീശിക്കൊണ്ട് അവന്‍ യാത്ര പറയുന്നു.
ഐറിന്റെ കണ്ണീര്‍പ്പാടക്ക് മുന്‍പില്‍ ട്രെയിന്‍ മറയുമ്പോള്‍ കഥ അവസാനിക്കുന്നു.
“ട്ടക്ക്..ട്ടക്ക് “ സാംസണ്‍ ഞെട്ടി വായനയില്‍ നിന്നുണര്‍ന്നു.നീലടാര്‍പ്പോളിന്‍ കൂടാരത്തിന് മുകളില്‍ മഴയുടെ ആദ്യതുള്ളികള്‍ പതിക്കുന്ന ശബ്ദം.
പഴക്കം കൊണ്ട് മഞ്ഞ നിറമായ അവസാന താള്‍ മടക്കി വച്ച് ,അരികുകള്‍ പൊടിഞ്ഞു തുടങ്ങിയ ആ പഴയ പുസ്തകം അവന്‍ അടച്ചു വച്ച് പുറത്തിറങ്ങി.പുറത്തു മഴ പെയ്തു തുടങ്ങിയിരുന്നു.
സമോവറിന് സമീപം ഇരുന്ന വൃദ്ധന്‍റെ ഇരിപ്പില്‍ പതിവില്‍ നിന്ന് ഒരു വ്യതാസം സാംസണ് തോന്നി.അയാള്‍ കണ്ണുകള്‍ തുറന്നു പുറത്തേക്ക് സാകൂതം നോക്കിയിരിക്കുകയാണ്.അയാളുടെ കണ്ണുകളില്‍ അത്ഭുതമോ ,അതിശയമോ,സന്തോഷമോ എന്ന് തിരിച്ചറിയാന്‍ അവനു കഴിഞ്ഞില്ല.സാംസണ്‍ ഇറങ്ങിപ്പോവുന്നത് അയാള്‍ അറിയുന്നില്ല.
അയാളുടെ നോട്ടം കടയുടെ മുന്‍പിലെ അക്കേഷ്യമരത്തിന്‍റെ ചില്ലകളിലാണ്.അതിന്‍റെ ഏറ്റവും ഉയര്‍ന്ന ചില്ലയില്‍ ,ഇലകളുടെ മറവില്‍ രണ്ടു കിളികള്‍ ഇരിക്കുന്നുണ്ടായിരുന്നു.അവ മധുരമായി പാടുന്നുണ്ടായിരുന്നു.കൊക്കുകള്‍ ചലിപ്പിച്ചു അവ അവ പാടുമ്പോള്‍ ഒപ്പം കഴുത്തിലെ നീലവലയങ്ങളും ചലിച്ചു.വൃദ്ധന്‍ അതിന്‍റെ പാട്ടില്‍ മുങ്ങിയിരിക്കവേ ,സാംസണ്‍ മഴയിലേക്കിറങ്ങി.അത് കൊണ്ടാണോ എന്തോ,കിളികളില്‍ ഒന്ന് അക്കെഷ്യകള്‍ക്കിടയിലേക്ക് പറന്നു പോയി.
സാംസണ്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു.പൊടിമഴ പെയ്തു തുടങ്ങി.അവന്‍ ആ കഥയെക്കുറിച്ച് ആലോചിച്ചു.
അവസാനഭാഗത്തെ കഥാപാത്രങ്ങളുടെ വസ്ത്രങ്ങള്‍ അവരുടെ മനോനില അനുസരിച്ച് എഴുത്തുക്കാരന്‍ രൂപപ്പെടുത്തിയതാവാം.പക്ഷെ നായകന് ആ യാത്ര ഒഴിവാക്കി പ്രണയിനിയുമായി ഒന്നിച്ചിരുന്നെങ്കില്‍ ,കുറച്ചു കൂടി നന്നായേനെ എന്ന് അവന്‍ മനസ്സിലോര്‍ത്തു.
അവധിദിനങ്ങള്‍ ആയതു കൊണ്ട് പ്ലാറ്റ്ഫോമില്‍ തിരക്ക് കുറവാണ്.അപ്പോഴാണ് അവന്‍ അത് കണ്ടത്.
വലിയ ട്രാവല്‍ ബാഗുമായി നില്‍ക്കുന്ന കറുത്ത പാന്‍റ്സും ഷര്‍ട്ടും ധരിച്ച ഒരു ചെറുപ്പക്കാരന്‍ .അവന്‍ ആരെയോ കാത്തു നില്‍ക്കുകയാണ്.ഇടയ്ക്കിടെ അവന്‍ വാച്ചില്‍ നോക്കുന്നു.ആകുലതയും ,ആധിയും തിങ്ങി നില്‍ക്കുന്ന മുഖം.
പെട്ടെന്ന് അവന്‍ ഫോണ്‍ ശബ്ദിച്ചു.അവന്‍ ഫോണ്‍ എടുത്തു സംസാരിച്ചു കൊണ്ട് ആരെയോ കൈ വീശി കാണിക്കുന്നു.
ദൂരെ നിന്ന് വെളുത്ത ചുരിദാര്‍ അണിഞ്ഞ ഒരു പെണ്‍കുട്ടി ഓടി വരുന്നത് സാംസണ്‍ കണ്ടു.അവര്‍ പരസ്പരം കെട്ടിപിടിക്കുന്നു.പൊടുന്നനെ ഒരു ചൂളം വിളി മുഴങ്ങി.ട്രെയിന്‍ വരുന്നു.
ആ ചെറുപ്പക്കാരന്‍ ട്രെയിനില്‍ കയറി അവളെ കൈ വീശികാണിക്കുന്നതും ,അവള്‍ ആ ട്രെയിന്‍ അകലെ മറയുന്നത് വരെ നോക്കിനില്‍ക്കുന്നതും അവന്‍ കണ്ടു നിന്നു.നേര്‍ത്ത പൊടിമഴ പെയ്യുന്നത് കൊണ്ട് ,ഒരു കണ്ണാടി ജനാലക്ക് അപ്പുറത്ത് നിന്നു കാണുന്ന കാഴ്ച്ചയായി അത് അവന് തോന്നി.
ലോഡ്ജില്‍ എത്തുന്നത് വരെ അവന്‍റെ മനസ്സില്‍ ആ കാഴ്ചയും ,സമോവര്‍ ബുക്ക് ഹൗസില്‍ വച്ച് വായിച്ചു ആ കഥയുടെ അവസാനവുമായിരുന്നു.രണ്ടും തമ്മില്‍ ഉള്ള സാമ്യത അവനെ വല്ലാതെ വിസ്മയിപ്പിച്ചു.
ആഴ്ചയുടെ അവസാനമായതു കൊണ്ട് ലോഡ്ജിന്‍റെ ഇടനാഴികള്‍ നിശബ്ദമായിരുന്നു.മുറിയില്‍ എത്തിയയുടനെ അവന്‍ കുളിച്ചു വസ്ത്രം മാറി.മനസ്സില്‍ അവന്‍ അപ്പോഴും മഴയില്‍ മുങ്ങിയ സമീപത്തെ റെയില്‍വേ സ്റ്റേഷനും കഥയിലെ മഞ്ഞില്‍ മുങ്ങിയ വിക്ടോറിയന്‍ കാലഘട്ടത്തിലെ റെയില്‍വേ സ്റ്റേഷനും തമ്മില്‍ ഉള്ള സാമ്യതകള്‍ പരിശോധിക്കുകയായിരുന്നു.ആലോചനയില്‍ അവന്‍റെ തലപെരുത്തു.
പുസ്തകങ്ങള്‍ അടുക്കി വച്ച അലമാരയില്‍ കരുതിവച്ച കുപ്പിയില്‍ നിന്ന് ഒരു ഗ്ലാസ് കരീബിയന്‍ വൈറ്റ് റം അവന്‍ മെല്ലെ കുടിച്ചു.പിന്നെ കട്ടിലില്‍ കിടന്നു കൊണ്ട് മൊബൈല്‍ ഫോണില്‍ അവന് ഏറ്റവും പ്രിയപ്പെട്ട ലിങ്കിന്‍ പാര്‍ക്കിന്‍റെ “ബാറ്റില്‍ സിംഫണി “ എന്ന ഗാനം പ്ലേ ചെയ്തു.കിടന്നു കൊണ്ട് തന്നെ ലോഡ്ജിന്‍റെ പുറകു വശത്തെ പാടത്തിലേക്ക് തുറക്കുന്ന ജനാല തുറന്നു.
സന്ധ്യ ആവുകയാണ്.പാടം തീരുന്നിടത്ത് ചക്രവാളം ഒരു ചുവന്ന വരയായി മാറിയിരിക്കുന്നു.കറുത്ത പായ്ക്കപ്പലുകള്‍ പോലെ രണ്ടു മഴമേഘങ്ങള്‍ അവിടെ കാത്തുനില്‍ക്കുന്നു.അവയിലൂടെ ചക്രവാളത്തിന്‍റെ ചുവപ്പ് നിറത്തിലേക്ക് ഒരു കൂട്ടം കിളികള്‍ പറന്നു മറയുന്നത് അവന്‍ അതിശയത്തോടെ കണ്ടു.
“കാതങ്ങള്‍ സഞ്ചരിക്കുന്ന ദേശാടനക്കിളികള്‍ വഴി തെറ്റാതെ സ്വന്തം ദേശത്തേക്ക് തിരികെ വരുന്നതിന്‍റെ രഹസ്യമെന്താണ് ?അത് വച്ച് നോക്കുമ്പോള്‍ ,ഇന്ന് തനിക്കുണ്ടായ അനുഭവമൊക്കെ കേവലം യാദ്രശ്ചികതകള്‍ മാത്രമാണ്.” അവന്‍ സ്വയം പറഞു.
“ഐ ഗോട്ട് എ ലോങ്ങ് വേ ടു ഗോ
ആന്‍ഡ് എ ലോങ്ങ് മെമറി
ഐ ബീന്‍ സേര്‍ച്ചിംഗ് ഫോര്‍ ആന്‍ ആന്‍സര്‍
ഓള്‍വെയ്സ് ജസ്റ്റ് ഔട്ട് ഓഫ് റീച്ച്...”
ആന്‍ഡ് എ ലോങ്ങ് മെമറി
ഐ ബീന്‍ സേര്‍ച്ചിംഗ് ഫോര്‍ ആന്‍ ആന്‍സര്‍
ഓള്‍വെയ്സ് ജസ്റ്റ് ഔട്ട് ഓഫ് റീച്ച്...”
പുറത്തു മഴ പെയ്യാന്‍ തുടങ്ങുകയാണ്.ആ ഗാനത്തിന്റെ വരികള്‍ മഴത്തുള്ളികള്‍ പോലെ ചെവിയില്‍ പതിയുമ്പോള്‍ ഒരു തളിരില പോലെ അവന്‍റെ മനസ്സ് ഉറക്കത്തിലേക്ക് ചാഞ്ഞു.
സാംസണ്‍ ഉറക്കത്തിന്റെ ആകാശത്തിലേക്ക് പറന്നുയരുമ്പോള്‍ ദൂരെ അക്കേഷ്യക്കാടുകളിലെ പൊളിഞ്ഞു കിടക്കുന്ന പഴയ ചാപ്പലിന്റെ മണ്‍ പൊത്തിലൊന്നില്‍ രണ്ടു ദേശാടനക്കിളികള്‍ കുറുകുകയായിരുന്നു.
“നമുക്ക് ,നേരം വെളുക്കും മുന്‍പേ,വെള്ള മേഘങ്ങള്‍ ഉണരുന്നതിനു വളരെ മുന്‍പേ, പറക്കാം.പച്ച നിറമുള്ള പാടങ്ങളില്‍ താഴ്ന്നു പറന്നു,നെല്‍മണികള്‍ കൊത്തിത്തിന്നാം.ചെറുഗ്രാമങ്ങളിലെ അന്തിചന്തകളില്‍ മനുഷ്യരുടെ തിരക്ക് കാണാം.തനിച്ചൊരു കൊതുമ്പു വള്ളത്തില്‍ ,കായല്‍ ചുഴികളില്‍, സന്ധ്യ വരെ മീന്‍ തിരയുന്ന മനുഷ്യന് പാട്ട് പാടി കൊടുക്കാം.മീന്‍ നിറഞ്ഞ വല അവന്‍ എടുത്തുയര്‍ത്തുമ്പോള്‍ അവന്‍റെ ചുണ്ടില്‍ തെളിയുന്ന ചിരിയുടെ തിളക്കത്തില്‍ ചക്രവാള ചുവപ്പിലേക്ക് അതിവേഗം പറന്നു പോകാം.”
പെൺകിളി ആതുരമായി അവനോടു ചേര്‍ന്നിരുന്നു പറഞ്ഞു.
“ഒന്ന് രണ്ടു ദിവസം കൂടി നീ ക്ഷമിക്കില്ലേ.നമ്മുക്ക് കുറച്ചു ദിവസം കൂടി ഇവിടെ തങ്ങാം.”
ആണ്‍കിളി അക്കേഷ്യക്കാട്ടിലെക്ക് ഉറ്റു നോക്കിക്കൊണ്ട് പറഞ്ഞു.ജനിച്ചു വീണ കുഞ്ഞിന്റെ കൈകാലുകള്‍ പോലെ അക്കേഷ്യ മരങ്ങളുടെ ചില്ലകള്‍ കാറ്റില്‍ പിടയുന്നത് അവന്‍ നോക്കിയിരുന്നു.
“നീ എന്നെ ഒട്ടും തന്നെ സ്നേഹിക്കുന്നില്ല.ഇവിടെ വന്നപ്പോള്‍ നീ എന്നെ മറന്നു പോയിരിക്കുന്നു.നോക്കു,ഞാന്‍ അതികാലത്തു തന്നെ കണ്ടല്‍ക്കാടുകളിലെക്കും ,അകലെയുള്ള കായല്‍തീരത്തെ പച്ചത്തുരുത്തുകളിലേക്കും യാത്രയാവുകയാണ്.മരിച്ച മനുഷ്യരുടെ ആത്മാവുകള്‍ വിതുമ്പുന്ന ഈ കാട്ടില്‍ ,കാറ്റും മഴയും കൊണ്ട് ഞാന്‍ ചത്തു പോകും.”
“ ആ നീല കൂടാരത്തിന് മുന്‍പില്‍ ഇരിക്കുന്ന വൃദ്ധന്‍ ...ഞാന്‍ അയാള്‍ക്ക് വേണ്ടിയാണു നമ്മുടെ യാത്ര വൈകിച്ചത്.അയാളും നമ്മളെ പോലെ ഒരു ദേശാടനക്കിളി ആയിരുന്നു.ഒരിക്കല്‍ ,അയാളുടെ ചെറുപ്പത്തില്‍ അയാള്‍ എന്നെ തിരഞ്ഞു നമ്മുടെ കാടുകളില്‍ വന്നിരുന്നു.എന്നാല്‍ നമ്മളെ കണ്ടെത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.അയാളുടെ ഉള്ളില്‍ ഇത്രയും നാള്‍ ,ആ ആഗ്രഹം ഉണ്ടായിരുന്നു.പക്ഷെ വയസായപ്പോള്‍ ആ ആഗ്രഹം വരെ അയാള്‍ മറന്നു പോയിരുന്നു.അവന്‍ പറഞ്ഞു.
“എനിക്കതൊന്നും മനസ്സിലാകുന്നില്ല.കേള്‍ക്കൂ,നമുക്ക് അതികാലത്തെ യാത്ര തുടരാം.എത്രയും നേരത്തെ കായല്‍ത്തീരത്തെ പച്ചപ്പുകളില്‍ അണയാം.വെളുത്ത മഴ ഇടതടവിലാതെ പെയ്യുന്ന പകലുകളില്‍ ഞാന്‍ നമ്മുടെ ഇലകള്‍ കൊണ്ട് തുന്നിയ കൂട്ടില്‍ അടയിരിക്കും.മഴ മാറി വെയില്‍ തെളിയുന്ന ആദ്യദിവസങ്ങളില്‍ നമ്മുടെ കുഞ്ഞുങ്ങളുടെ ചിറകുകളില്‍ ബലം വയ്ക്കുമ്പോള്‍ നമ്മുക്ക് നമ്മുടെ ദേശത്തേക്ക് തിരികെ പറക്കാം. മരുഭൂമികൾ കടന്ന നഗരങ്ങളിലെ ഉയർന്നു നിൽക്കുന്ന മിനാരങ്ങളുടെ കിളിവാതിലുകളിൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് പാട്ടുകൾ ചൊല്ലിക്കൊടുക്കാം.”
കിളികള്‍ തമ്മില്‍ രാത്രി മുഴുവന്‍ സംസാരം തുടര്‍ന്ന് കൊണ്ടിരുന്നു.മധുരമായ കിളികളുടെ കരച്ചില്‍ കേട്ടു സ്റ്റേഡിയം അതിന്‍റെ പ്രതാപകാലത്തെ ദിവസങ്ങളില്‍ ,ആളുകള്‍ ഉയര്‍ത്തിയ ആരവങ്ങളെ ഓര്‍മ്മിച്ച പുഞ്ചിരിച്ചു.
പിറ്റേന്ന് വൈകുന്നേരവും സാംസണ്‍ ബുക്ക് ഹൗസില്‍ എത്തി.ഇന്നലെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് കണ്ട ആ കാഴ്ച അവന്‍റെ മനസ്സില്‍ നിന്ന് മാഞ്ഞിരുന്നില്ല.ആ കഥ ഒരിക്കല്‍ കൂടി വായിക്കണം എന്ന കൊതി അവന്‍റെ മനസ്സില്‍ ഉറക്കം ഉണര്‍ന്നപ്പോള്‍ മുതല്‍ കൂട് കൂട്ടി.
തടിറാക്കുകളില്‍ പക്ഷിത്തൂവലുകള്‍ പോലെ അടുങ്ങിയിരുന്ന പുസ്തകങ്ങള്‍ അവനെ സ്നേഹപൂര്‍വ്വം നോക്കി.അവന്‍റെ മുഖം ക്ഷീണിതമായിരുന്നു.ആരുമായും അധികം സംസാരിക്കാനില്ലാത്തത് കൊണ്ടോ എന്തോ അവന്‍റെ ചുണ്ടുകള്‍ വിളറിയിരുന്നു.നീണ്ടു കൊലുന്ന മുടിയിഴകള്‍ നെറ്റിയിലേക്ക് പാറി വീണു കിടന്നിരുന്നു.
അവന്‍ തലേദിവസം വായിച്ച പുസ്തകം വീണ്ടും എടുത്തു നിവര്‍ത്തി.ആ കഥയുടെ അവസാനത്തിലേക്ക് അവന്‍ അതിവേഗം ഒഴുകിച്ചെന്നു.പക്ഷെ അതിന്‍റെ അവസാനം വായിച്ചപ്പോള്‍ അവന്‍ ഞെട്ടി വിളറിവെളുത്തു.
അത് കണ്ടു പുസ്തകങ്ങള്‍ ശബ്ദമില്ലാതെ ചിരിച്ചു.
(തുടരും )
end next part:
copyright protected
end next part:
copyright protected
Anish Francis

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക