Slider

NB: തലേന്ന് പണം പയറ്റും ചായസൽക്കാരവും ഉണ്ടായിരിക്കുന്നതാണ്

0
NB: തലേന്ന് പണം പയറ്റും ചായസൽക്കാരവും ഉണ്ടായിരിക്കുന്നതാണ്
********************************************************************
ഒരു കാലത്ത് കല്യാണങ്ങൾ ഒരു നാടിൻറെ ഉത്സവമായി തന്നെ നാട്ടുകാർ കൊണ്ടാടിയിരുന്നു . കല്യാണം നിശ്ചയിച്ചു കഴിഞ്ഞാൽ പിന്നെ പെരുത്ത തിരക്കാണ് . കല്യാണം നാട്ടുകാരെയും കുടുംബക്കാരെയും വീട്ടിൽ ചെന്ന് നേരിട്ട് വിളിക്കണം. നേരിട്ട് വീട്ടിൽ പോയി വിളിച്ചില്ലെങ്കിൽ കല്യാണത്തിന് വരാത്ത ആൾക്കാരും ഉണ്ട് . ഇനി കാലക്കേടിനു വേണ്ടപ്പെട്ടവരെ ആരെയെങ്കിലും വിട്ടു പോയാലോ ജീവിത കാലം മുഴുവൻ നീണ്ടു നിൽക്കുന്ന വലിയൊരു പിണക്കത്തിന് അത് മതി . കല്യാണം ഞങ്ങളുടെ നാട്ടിലൊക്കെ രണ്ടു ദിവസത്തെ ആഘോഷം തന്നെയായിരുന്നു .
കല്യാണ പന്തൽ ഇടുക എന്ന് പറഞ്ഞാൽ അതൊരു വലിയ ചടങ്ങു തന്നെയായിരുന്നു. അയൽവാസികളും ബന്ധു ജനങ്ങളും ഒക്കെയാണ് പന്തൽ ഇടാൻ മുൻപന്തിയിൽ ഉണ്ടാവുക. കല്യാണ വീട്ടിലേക്ക് വേണ്ട പന്തൽ സാമഗ്രികൾ, മേശ, കസേര, പാത്രങ്ങൾ എന്നിവ ഇവയൊക്കെ വാടകയ്ക്ക് കൊടുക്കുന്ന കടയിൽ നിന്ന് ലോറിയിൽ കയറ്റി അതിന്റെ മുകളിൽ കയറിയിരുന്നുളള വരവ് ഒരു സുഖം തന്നെയായിരുന്നു തുണി പന്തലോ അല്ലെങ്കിൽ മുളയും താർ പായയും ഉപായയോഗിച്ചായിരുന്നു മിക്ക പന്തലുകളും ഉണ്ടാക്കിയിരുന്നത് . കുട്ടിക്കാലത്തു പന്തലിന്റെ സൈഡുകൾ ഈന്തോല വച്ച് അലങ്കരിച്ച കല്യാണങ്ങളും കണ്ടിട്ടുണ്ട്
പന്തൽ ഇടുന്നവർക്ക് . കിഴങ്ങിന്റെ പുഴുക്കും ചായയും ഉച്ചക്ക് ചോറും ഉണ്ടാവും . ഇച്ചിരി വീശുന്നവർക്കു അതും കൊടുക്കേണ്ടി വരും . അല്ലെങ്കിൽ പന്തല് പണി ഉഷാറായി നടക്കില്ല . അയൽവാസികൾ ഒക്കെ അന്ന് ജോലിക്കു പോകാതെ പന്തലിടാൻ കൂടും.
ശരിക്കു പറഞ്ഞാൽ പന്തൽ ഇടലോടെ കല്യാണത്തിന്റെ ആഘോഷങ്ങൾ തുടങ്ങുകയായി . പ്ലാസ്റ്റിക് കസേരയ്ക്കു പകരം ആദ്യ കാലങ്ങളിൽ മടക്കാവുന്ന ഒരു തരം
ഇരുമ്പിന്റെ കസേര ആയിരുന്നു . അതിന്റെ പുറകിൽ കല്യാണ സാമഗ്രികൾ വാടകയ്ക്ക് കൊടുക്കുന്ന കടയുടെ പേര് പതിച്ചിട്ടുണ്ടാവും . പിള്ളേരൊക്കെ അട്ടിക്കിട്ട കസേരികൾക്കു മുകളിൽ ഗമയോടെ ഇരിക്കാറുണ്ട്. എന്റെയൊക്കെ ചെറുപ്പ കാലത്തു ചൂടി പായയിൽ ഇരുന്നാണ് കല്യാണ സദ്യ കഴിച്ചുരുന്നത് . ഒരു ചൂടി പായ ഇരിക്കാനും മറ്റൊരു ചൂടി പായ ഇല വയ്ക്കാനും ഉപയോഗിച്ചിരുന്നു . കല്യാണ തലേന്ന് പാട്ട് മിക്ക വീടുകളിലും നിർബന്ധമായിരുന്നു . രണ്ടു വലിയ കോളാമ്പി സ്പീക്കർ തെങ്ങിന്റെ മുകളിൽ കെട്ടി അതിൽ നിന്ന് ഏറ്റവും പുതിയതും പഴയതുമായ പാട്ടുകൾ ഉറക്കത്തിൽ വയ്ക്കുന്ന പതിവും ഉണ്ടായിരുന്നു. മംഗള, റസിയ , പ്രദീപ് ലൈറ്റ് ആൻഡ് സൗണ്ട്സ് ഇവയൊക്കെയായിരുന്നു , കല്യാണ സാധനങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന ഞങ്ങളുടെ നാട്ടിലെ പ്രധാനപ്പെട്ട കടകൾ
കല്യാണ തലേന്ന് വൈകുന്നേരം ഒരു മൂന്നു മണി ആകുമ്പോഴേക്കും പണം പയറ്റ് തുടങ്ങും . പണം പയറ്റ് എന്ന് പറഞ്ഞാൽ കല്യാണത്തിന് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് . നാട്ടിലെ മിക്കവാറും ആളുകളുടെ കല്യാണ ചെലവ് കണ്ടെത്താനുള്ള മുഖ്യ ഉപാധി തന്നെയായിരുന്നു പണം പയറ്റ് . നമ്മൾ ഇതുവരെ മറ്റുള്ളവരുടെ പണം പയറ്റിനു കൊടുത്ത പൈസ നമുക്ക് ഈ പണം പയറ്റിലൂടെ തിരിച്ചു കിട്ടും . പലരും തനിക്കു കിട്ടിയ പൈസയായേക്കാൾ അൽപ്പം കുറച്ചു അധികം തുകയാണ് പയറ്റിയിരുന്നത് . ചിലർ കിട്ടിയ തുക അതെ പോലെ തന്നെ തിരിച്ചു കൊടുത്തു . പണം പയറ്റും ചായ സൽക്കാരവും ഉണ്ടായിരിക്കുന്നതാണ് എന്ന് കല്യാണ കത്തിൽ പ്രത്യേകം വച്ചിട്ടുണ്ടാകും . വരുന്ന ആളുകൾക്ക് പണം പയറ്റാൻ വേണ്ടിയുള്ള സജ്ജീകരണങ്ങൾ കല്യാണ പന്തലിൽ ഒരുക്കിയിട്ടുണ്ടാവും . ഒരു മേശയിന്മേൽ നിലവിളക്കൊക്കെ കത്തി വച്ച് പൈസ ഇടാനുള്ള ലക്കോട്ട് ഒക്കെ വച്ച് ഒരാളെ അതിനായി ഏർപ്പാടാക്കാറുണ്ട് . തലേന്ന് ഏകദേശം പത്തു മണിവരെ പണം പയറ്റ് നീണ്ടു നിൽക്കും അത് കഴിഞ്ഞാൽ പണം കൃത്യമായ കണക്കോടെ ഗൃഹനാഥനെ ഏൽപ്പിക്കുക എന്നത് അയാളുടെ കടമയായിരുന്നു .
തലേ ദിവസത്തെ ചായ സൽക്കാരത്തിന് വറുത്തകായയും , പപ്സും , മണ്ടയും കേക്കും , പഴവും ഒക്കെയുമാണ് ഉണ്ടാവാറ്. പന്തലിന്റെ ഒരു മൂലയിൽ കലവറ എന്ന ഓമനപ്പേരിൽ ഒരു സ്ഥലം ഉണ്ടാവും ഇവിടെ നിന്നാണ് ആളുകൾക്ക് ചായക്കുള്ള കടി പ്ലേറ്റിലാക്കി വിതരണം ചെയ്യുന്നത് അതിനടുത്തു തന്നെ ചായ പാരുന്ന ആളും ഉണ്ടാവും . ഫ്ലാസ്കിൽ ആക്കിയ ചായ പാരാനും ചായയുടെ കടി വിതരണം ചെയ്യാനും പ്രത്യേകം ആൾക്കാരും ഉണ്ടാവും . തലേന്ന് രാത്രി ചോറിന് സ്പെഷ്യൽ മീൻ കറി ഉണ്ടായിരിക്കും . സ്രാവ് കറി അല്ലെങ്കിൽ മാങ്ങ ഇട്ടു വച്ച കല്ലുമ്മക്കായ കറി എന്നിവയായിരുന്നു ആ സ്പെഷ്യൽ കറികളിൽ പ്രമുഖ സ്ഥാനം വഹിച്ചിരുന്നത് . കല്യാണത്തിന്റെ സദ്യ അതൊരു പ്രധാനപ്പെട്ട സംഭവം തന്നെയാണ് എന്ന് പറയേണ്ട കരയാം ഇല്ലാലോ . നാട്ടിലെ പ്രശസ്തനായ വെപ്പുകാരനെ തന്നെ ഏർപ്പാടാക്കും . കല്യാണ പന്തലിനു അരികിലായി വെപ്പുകാരനും അയാളുടെ ശിങ്കിടികൾക്കും ഉള്ള സ്ഥലം ഏർപ്പാടാക്കണം . കൈകഴുകാനുള്ള പൈപ്പും വെള്ളം നിറക്കാനുള്ള ഡ്രമ്മുമൊക്കെ പന്തലിന്റെ സൈഡിൽ സ്ഥാപിക്കും . പൈപ്പിന്റെ സൈഡിൽ സോപ്പ് തുണിയിൽ പൊതിഞ്ഞു വയ്ക്കാറുമുണ്ട്
തലേന്ന് രാത്രിയിലെ ചോറ് കഴിഞ്ഞാൽ പിന്നെ കല്യാണ സദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങുകയായി. അയല്പക്കങ്ങളിലെ വീടുകളിലെ അമ്മികളും ചിരവകളും ഒക്കെ കല്യാണ വീട്ടിലേക്കു കൊണ്ട് വരണം തലേന്ന് അയല്പക്കത്തെ സ്ത്രീകളൊക്കെ ഇരുന്നു തേങ്ങാ ചിരകുകയും തേങ്ങാ അരയ്ക്കുകയും ചെയ്യും . ആണുങ്ങളാവട്ടെ . അടുത്ത കല്യാണ ദിവസത്തേക്കായുള്ള ഇലകൾ തുടയ്ക്കുന്ന തിരക്കിൽ ആയിരിക്കും . ചിലർ രണ്ടെണ്ണം വീശി നല്ല ഫോമില്ലായിരിക്കും , മറ്റു ചിലർ ബീഡിയും പുകച്ചു ചീട്ടു കളിക്കുന്നുണ്ടാവും . നാട്ടിലെ അത്യാവശ്യം പാടുന്ന മുറി ഗായകന്മാരൊക്കെ തലേന്ന് പാട്ടു പാടാൻ കിട്ടുന്ന അവസരം ഒഴിവാക്കാറില്ല ചിലർ ഡാൻസ് കളിയ്ക്കാൻ പാകത്തിലുള്ള പാട്ടുകൾ വച്ച് ഡാൻസ് കളിക്കാറുമുണ്ടായിരുന്നു. പെണ്ണിന്റെ വീട്ടുകാർ ആണെങ്കിൽ വീട്ടിൽ കല്യാണ മണ്ഡപം ഉണ്ടാക്കണം . സാധനങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന കടയിലെ ആളുകൾ തന്നെ അതിന്റെ പണി ചെയ്യും .
കല്യാണ ദിവസം രാവിലെ തന്നെ കല്യാണ സദ്യ വിളമ്പുന്നവരുടെ ലിസ്റ്റ് ഉണ്ടാക്കും. ഓരോ വിഭവം വിളമ്പാൻ പ്രത്യേകം ആൾക്കാർ ഉണ്ടാവും . വെള്ളം കൊടുക്കാൻ കുട്ടികളെ ആണ് ഏൽപ്പിക്കാറ്. വിളമ്പുന്ന ജോലിക്കിടെ മുങ്ങാൻ പാടില്ല എന്നത് മാത്രമാണ് വിളമ്പുന്നവർക്കുള്ള മുന്നറിയിപ്പ് . ചിലർ വിളമ്പുന്നതിനിടെ മുങ്ങും . ആ കാര്യം പറഞ്ഞു അടി വരെ നടന്നിട്ടുണ്ട് . കല്യാണം കഴിഞ്ഞാൽ പന്തല് പൊളിക്കലും , അയൽപക്കങ്ങളിൽ നിന്നെടുത്ത സാധനങ്ങൾ തിരിച്ചു കൊടുക്കലും, വാടകയ്‌ക്കെടുത്ത സാധങ്ങൾ കടയിൽ തിരിച്ചു കൊടുക്കാനുമൊക്കെ അയൽവാസികളും ബന്ധുക്കളും തന്നെയാണ് ഉണ്ടാവുക. സത്യത്തിൽ പണ്ടത്തെ കല്യാണ വീടുകളിൽ കണ്ടിരുന്ന നാട്ടുകാരുടെ ഒരുമ കാണാൻ ഒരു ചന്തം തന്നെയായിരുന്നു . ഓരോ വീട്ടിലെ കല്യാണവും ഓരോ ഉത്സവങ്ങൾ തന്നെയായിരുന്നു . കല്യാണ വീട്ടിലെ ഗൃഹ നാഥന്റെ തോളോടൊപ്പം ചേർന്ന്
നിന്ന് അയൽക്കാരും കുടുംബക്കാരും കൂടി ഉത്സവങ്ങളാക്കി നടത്തുന്ന മൊഞ്ചുള്ള കല്യാണങ്ങൾ ഇന്ന് അന്യം നിന്ന് പോയിരിക്കുന്നു…..

Prashant
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo