Slider

പൈതൃകം

0
പൈതൃകം
@@@@@@
ഓഫീസിലെ പ്യൂൺ കൊണ്ടുവന്ന കവറിലെ വിറയാർന്ന കൈപ്പട കണ്ടപ്പോഴും വിനോദിന് അത് ആരുടെയാണെന്നു പിടികിട്ടിയിരുന്നില്ല...
തിരക്കൊഴിഞ്ഞൊരു വേളയിൽ അത് പൊട്ടിച്ചു വായിച്ചപ്പോൾ... തനിക്കു നിഷേധിക്കപ്പെട്ടുപോയ ആ വാത്സല്യം വീണ്ടും തേടിവന്ന സന്തോഷത്തെക്കാളേറെ അത്ഭുതമായിരുന്നു ഉള്ളിൽ...
"ഒന്നു കാണണം അച്ഛന്, അച്ഛനോട് വിരോധമില്ലെങ്കിൽ... ഇല്ലെങ്കിൽ മാത്രം" !!!
ഈ രണ്ട് വരികൾ മതിയായിരുന്നു അത്രയും നാൾ ഉള്ളിൽ നിറഞ്ഞ അനിഷ്ടം മാറാൻ....
അമ്മയുടെ ആദ്യ പ്രണയം...
ജോലികിട്ടി അച്ഛൻ നാട്ടിലെത്തിയപ്പോൾ അമ്മയുടെ വീട്ടുകാരുമായി ഏറെ അടുപ്പം... പ്രതാപികളായ മാതാപിതാക്കൾ സമ്മതിക്കില്ലെന്നറിഞ്ഞോണ്ട് തന്നെ, അച്ഛൻ അമ്മയെ രഹസ്യമായി വിവാഹം കഴിച്ചു...
നാലു വർഷത്തോളം വീട്ടുകാരറിയാതെ അച്ഛൻ, സൂക്ഷിച്ചെങ്കിലും.... എങ്ങിനെയോ വിവരമറിഞ്ഞ അവര് പിടിച്ച പിടിയാലേ കൂട്ടിക്കൊണ്ടുപോയി...
അച്ഛന്റെ അകന്നൊരു ബന്ധുവിന്റെ മകളെ കല്യാണം കഴിച്ചെന്ന വാർത്ത അമ്മ അറിഞ്ഞതും.... എന്നെ ചേർത്തു പിടിച്ചൊരുപാട് കരഞ്ഞു തീർത്തതും ഒരു ദുസ്വപ്നം പോലെ ഓർമയിലുണ്ട്...
ഒരിക്കൽ പോലും അച്ഛനെ കുറ്റപ്പെടുത്തുകയോ, മോശമായി പറയുകയോ ചെയ്തു കേട്ടിട്ടില്ല അമ്മ...
ഏറെ വൈകാതെ സ്വജാതിൽ പെട്ടൊരാളുടെ കൈയിൽ പിടിച്ചേൽപ്പിക്കുമ്പോൾ മുത്തച്ഛന്റെ അന്ത്യാഭിലാഷത്തിന് മൗനമായി വിധേയയാവുകയായിരുന്നു....
അല്പം ഗൗരവപ്രകൃതവും... സ്നേഹം പ്രകടിപ്പിക്കുന്നതിൽ പിശുക്കു കാണിക്കുന്ന തരവുമായ അച്ഛനെ കണ്ടുവളർന്ന തനിക്ക് ഇളയച്ഛൻ ഒരത്ഭുതമായിരുന്നു...
അവധി ദിവസങ്ങളിൽ.... അമ്പലക്കുളത്തിൽ കൊണ്ടുപോയി നീന്തൽ പഠിപ്പിച്ചത്.. ആദ്യമായി സിനിമക്ക് കൊണ്ടുപോയത്.. കടൽക്കരയിൽ കപ്പലണ്ടി കൊറിച്ച് ഒത്തിരി ദൂരം എന്റെ കൈപിടിച്ചു നടന്നത്.. പട്ടം പറത്താൻ പഠിപ്പിച്ചു തന്നത്... അങ്ങനെ തന്റെ ജീവിതത്തിലെ നിറമുള്ള ഓർമകൾക്കെല്ലാം കാരണം ഇളയച്ഛനായിരുന്നു...
"ഇത്രേം നല്ല ഇളയച്ഛനെ അമ്മക്കെന്തേ ഇഷ്ടമാവാത്തെ"... എന്ന് ഞാൻ അമ്മയോടും, മുത്തച്ഛനോടും ചോദിച്ചിട്ടും ആരും മറുപടി നൽകിയില്ല...
അമ്പലത്തിൽ വെച്ചു ഒരിക്കൽ അമ്മ, ഒരു ബന്ധുവിനോട് അച്ഛനെപ്പറ്റി അന്വേഷിക്കുന്നതും... കല്യാണം കഴിഞ്ഞു പുതിയ ജോലിസ്ഥലത്ത് ഭാര്യ യോടൊത്തു താമസിക്കുന്നു എന്ന് കേട്ട് അമ്മ കരയുന്നതും... തൊഴുത് ഇറങ്ങിയ ഞാൻ തിരികെയോടി "അച്ഛൻ ഇനി മടങ്ങി വരല്ലേ, എനിക്ക് ഇളയച്ഛൻ മതിയെ".... എന്ന് കാണിക്കയിട്ടു പ്രാര്ഥിച്ചിട്ടുമുണ്ട്...
അതിനു ശേഷം അമ്മ കുറച്ചൊക്കെ ഇളയച്ഛനോട് മിണ്ടുന്നതും, ഞങ്ങളുടെ കളചിരികൾ ആസ്വദിക്കുന്നതും കണ്ടിട്ടുണ്ട്..
പിന്നീട് അമ്മ വീണ്ടും സിന്ദൂരം തൊടാനും.. ഭംഗിയായി ഒരുങ്ങി നടക്കാനും തുടങ്ങി... എന്റെ പ്രാർത്ഥനയുടെ ഫലം...
വീടൊരു സ്വർഗ്ഗമായി മാറുകയായിരുന്നു...
ഇളയച്ഛൻ സുന്ദരനാണ്.. മൂന്നു വിരലിലും മോതിരം, സ്വർണ്ണചെയ്യൻ, മുഖത്തെപ്പോഴും പ്രസന്ന ഭാവം... എല്ലാത്തിനും പുറമെ ഇളയച്ഛന് ചുറ്റും മോഹിപ്പിക്കുന്നൊരു സുഗന്ധവുമുണ്ടായിരുന്നു...
സ്കൂളിൽ ചേർത്തുമ്പോൾ അച്ഛൻ എന്ന കോളത്തിൽ അമ്മ ഇളയച്ഛന്റെ പേരെഴുതിയപ്പോ ഇളയച്ഛൻ കണ്ണു തുടച്ചത് എന്തിനാണെന്ന് എനിക്കന്ന് മനസ്സിലായിരുന്നില്ല...
പിന്നീടങ്ങോട്ട് രണ്ടുവർഷം മുൻപ് ഹൃദയാഘാതം വന്ന്... അമ്മയുടെ മടിയിൽ കിടന്ന് മരിക്കും വരെ ഇളയച്ഛൻ എന്റെ സ്വന്തം അച്ഛനായിരുന്നു.
...
പിന്നത്തെ ആഴ്ച ലീവ് എടുത്ത്, അച്ഛനെ കാണാൻ പോവുമ്പോ അല്പം പോലും തന്റെയുള്ളിൽ അച്ഛനോട് ദേഷ്യമില്ലെന്ന് താൻ തിരിച്ചറിഞ്ഞു...
ഇത്രയും നല്ലൊരു ഇളയച്ഛനെ തന്നതിന്... എന്റെ ബാല്യ കൗമാരങ്ങൾക്ക് നിറം പകർന്നതിന്... എന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ തന്ന എന്റെ ഇളയച്ഛനെ തന്നതിന്.... നന്ദി മാത്രമേ ഉള്ളു... നന്ദി...
നിറഞ്ഞു വന്ന കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് ഞാൻ സീറ്റിലേക്ക് ചാരിക്കിടന്നു...
#ബിനി ഭരതൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo