Slider

കല്യാണആലോചന

0

കല്യാണആലോചന കളൊക്കെ വരുമ്പോൾ ദൂരെ വിടുന്നില്ല എന്ന് വാശി പിടിച്ചു നിന്ന എന്റെ വീട്ടുകാർ ഏട്ടന്റെ ആലോചന യ്ക്ക് മുന്നിൽ മൂക്കും കുത്തി വീണു. ഒരു കൂട്ടുകുടുംബം ആയിരുന്നു അതാണ് മെയിൻ അട്ട്രാക്ഷൻ.
"എന്നെ കൊന്നാലും സമ്മതിക്കൂല "ഞാൻ കാരക്കൽ എന്ന സുന്ദര ഗ്രാമം വിട്ടു തിരുവനന്തപുരം എന്ന നഗരത്തിലേക്ക് പോകാൻ എന്നെ കിട്ടൂല...
വാശി പിടിച്ച എന്നെ എന്റെ വലിയ അമ്മച്ചി ആലപ്പുഴയ്ക്ക് കൊണ്ട് പോയി. ഒരു രാത്രിയും പകലും ഉപദേശം (ഇന്നത്തെ കൗൺസിലിംഗ് )പല സുന്ദരമായ പ്രലോഭനങ്ങളുംമുന്നിൽ വെച്ചു
1 ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം (ഏറ്റില്ല )
2. മ്യൂസിയം .. (പിന്നേ മൃഗങ്ങൾ... ഞാൻ ഒരു മൃഗസ്നേഹിഅല്ല )
3 കടൽ (ആലപ്പുഴയിൽ ഇല്ലാത്ത എന്ത് കടൽ )
പക്ഷെ നാലാമത്തെ പ്രലോഭനം എന്നെ ഇരുത്തി ചിന്തിപ്പിച്ചു.. തിരുവനന്തപുരം നഗരത്തിൽ അഞ്ചു തിയേറ്റർ ഉണ്ട്. സിനിമ ഭ്രാന്ത് എന്ന എന്റെ വീക് പോയിന്റിൽ പിടിച്ചു വലിയമ്മച്ചി ഒരു പ്രസംഗം തന്നെ നടത്തി. ഈശ്വര അഞ്ചു തിയേറ്റർ !എന്റെ തിരുവല്ല യിൽ ഒരെണ്ണം ഉള്ളു. അതും എല്ലായിടത്തും ഓടി ക്ഷീണിച്ചു വരുന്ന സിനിമ ആണ് അവിടെ വരിക. അഞ്ചു തിയേറ്റർ... അഞ്ചു ലഡു ഒരുമിച്ചു പൊട്ടി.
ആലോചിച്ചു... കൊള്ളാം. എല്ലാ ശനിയാഴ്ച യും ഞായറാഴ്ച യും സിനിമ കാണാം.. പക്ഷെ കല്യാണം നടക്കരുത് എന്ന് വിചാരിച്ചു ഞാൻ പെണ്ണ് കാണാൻ വന്നപ്പോൾ ചായ കപ്പ്‌ നിരക്കി വെച്ചാണ് കൊടുത്തത്.. ആരോ റൂട്ട് ബിസ്കറ്റ് മാത്രേ കൊടുത്തുള്ളൂ... ഇനി വേണ്ട എന്ന് പറഞ്ഞാൽ... അഞ്ചു തിയേറ്റർ.... സിനിമ... ഞാൻ എന്റെ പത്തു വിരലിലെ നഖവും കടിച്ചു... പക്ഷെ ഒന്നും സംഭവിച്ചില്ല.... ഡബിൾ ഓക്കേ..
കല്യാണം അടുത്തു... എന്നെ ഫോൺ വിളിക്കുന്നില്ല... ഓരോ തവണയും ബെൽ അടിക്കുമ്പോൾ പൂച്ച ഉണക്ക മീൻ നോക്കും പോലെ ഞാൻ നോക്കും...നോ രക്ഷ... സിനിമ കാണുന്ന ആളാണോ എന്നറിയണം...
വീട് പെയിന്റ് അടിക്കാൻ ആരംഭിച്ചു. അമ്മ യ്ക്ക് തിരക്കായിരുന്നു.. അതിനാൽ എന്റെ സ്വന്തം കല്യാണത്തിനു വീട് പെയിന്റ് അടിക്കാനുള്ള ചുമതല എനിക്ക് കിട്ടി.. ഞാൻ അത് എന്റെ കൂട്ടുകാരൻ സന്തോഷിനെ ഏല്പിച്ചു. വടി വെക്കുന്നിടത്തു കുട വെക്കാത്ത അവൻ ഒരു ദിവസം വന്നിട്ട് പിന്നേ കാണുന്നില്ല.. അമ്മയുടെ വഴക്ക് കേട്ടു മടുത്തു
പിറ്റേ ദിവസം ഒരുഫോൺ കാൾ
"ഞാൻ സന്തോഷാണ്. "
പെയിന്റ് അടിക്കാൻ വരാതെ ഫോൺ വിളിക്കുന്നോ.. ഉള്ളിലെ സകല ദേഷ്യവും പുറത്തു വന്നു
"എടാ.. #####etc etc (സഭ്യമായ ഭാഷ ആയിരുന്നു എന്നാണ് എന്റെ ഒരിത് )
"നീ ഇന്ന് വന്നില്ലെങ്കിൽ ഞാൻ നിന്റെ വീട്ടിലോട്ടു വരും..പെയിന്റ് സംബന്ധിച്ച് എന്തൊക്കെയോ പറഞ്ഞു എന്ന് ആണ് ഓർമ...
മറുവശം നിശബ്ദത
അല്പം കഴിഞ്ഞു
"എന്താടാ നിന്റെ നാക്ക്‌ ഇറങ്ങി പോയോ ?"
"ഞാൻ സന്തോഷ തിരുവനന്തപുരം "
ദൈവമേ എന്റെ നല്ല പാതി ആകാനുള്ള ആൾ ആണ് വിളിച്ചത്.
നിന്ന നിൽപ്പിൽ നക്ഷത്രങ്ങൾ എത്ര എണ്ണം.. എണ്ണിയോആവോ..മഹാബലി പോയ സ്ഥലം ഒക്കെ കണ്ടു... ഭൂമിയിൽ എവിടെ ആണ് ഞാൻ.ബോധം പോയി എന്തൊക്കെ പറഞ്ഞു എന്ന് കൃത്യം ആയി ഓർക്കുന്നില്ല...
പുറത്തു ശബ്ദം കേൾക്കാം. സന്തോഷും കൂട്ടുകാരും വന്നു പെയിന്റ് അടിച്ചു തുടങ്ങി...
ഒരു തേങ്ങ എടുത്തു ഇവന്റെ തലയ്ക്കു അടിച്ചു പൊട്ടിച്ചാലോ
എന്റെ സ്വഭാവം ഏകദേശം ഐഡിയ കിട്ടി കാണും ഒറിജിനൽ സന്തോഷിനു.... സത്യത്തിൽ പുള്ളി ഈ ബ്ലൂ വെയിൽ കളിക്കണം...ഗെയിം ഉണ്ടാക്കിയവൻ കിരീടം ഉണ്ടാക്കി കൊടുക്കും കിരീടം... അല്ല പിന്നേ

Ammu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo