Slider

സർപ്പ ദുഃഖം

0
സർപ്പ ദുഃഖം
ഞാൻ ഒരു സർപ്പം .. ഈ തറവാട്ട് മുറ്റത്തുള്ള കാവിൽ ഞാൻ സംവത്സരങ്ങൾ ആയി കുടി ഇരിക്കുന്നു. ഈ വീട്ടിലെ അമ്മ മാരും കുഞ്ഞുങ്ങളും എന്റെ മുൻപിൽ ഈ കാവിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കുന്നു..വർഷങ്ങൾ ആയി .
ഞാൻ അവരെ ആണോ അതോ അവർ എന്നെ ആണോ സംരക്ഷിക്കുന്നത് . അറിയില്ല!
ഒരു കാലത്ത് ഈ മുറ്റം നിറയെ കുഞ്ഞുങ്ങൾ ഓടി കളിച്ചിരുന്നു .. അവർ കാവിന് അടുത്തേക്ക് ഓടി എത്തുമ്പോൾ ഞാൻ അവർ കാണാതെ ഒളിച്ചിരിക്കും. എന്നെ കണ്ട് കുഞ്ഞുങ്ങൾ ഭയന്നാലോ. ഈ വീട്ടിലെ കുഞ്ഞുങ്ങൾ എന്റെ കൂടെ കുഞ്ഞുങ്ങൾ അല്ലെ ?
എല്ലാ ആയില്യത്തിനും അവർ എനിക്ക് നൂറും പാലും നേദിച്ചു , കുഞ്ഞുങ്ങൾക്ക് ചോറൂണ് അവർ ഈ കാവിൽ വെച്ചു നടത്തി .. ഞാൻ മനസ്സറിഞ് അവരെ അനുഗ്രഹിച്ചു " നിറയെ മാമുണ്ട്‌ മിടുക്കൻമാരും മിടുക്കികളും ആവട്ടെ"എന്ന്.
അവരെ എല്ലാം കാണുന്നതു തന്നെ എനിക്ക് സന്തോഷം ആയിരുന്നു !
കാലം കടന്നു പോയി .. കുഞ്ഞുങ്ങൾ എല്ലാം വലിയവർ ആയി .. ഇപ്പോൾ ഈ മുറ്റത്ത് കുഞ്ഞുങ്ങൾ ആരും ഓടി കളിക്കാറില്ല .. ഒരിക്കൽ ഒരു പൂമ്പാറ്റ യെ കണ്ട് അതിനു പിറകെ ഓടി വന്ന ഒരു കുഞ്ഞിനെ അവളുടെ അമ്മ വന്നു പെട്ടെന്നു പിടിച്ചു കൊണ്ട് പോയി .. അമ്മ കുഞ്ഞിനോട് പറയുന്നത് ഞാൻ കേട്ടു "ഈ കാവിൽ ഒരു സർപ്പം ഉണ്ട് .. അതു കടിക്കും" എനിക്ക് സങ്കടം സഹിച്ചില്ല .. ഞാൻ ആ കുഞ്ഞിനെ കടിക്കുമത്രേ .. അന്നു ഞാൻ വളരെ കരഞ്ഞു
പിന്നീട് സന്ധ്യക്ക് കാവിൽ വിളക്ക് വെക്കുന്നത് ഒക്കെ നിന്നു .. തറവാട് ഭാഗം വെച്ചത്രേ .. എന്നേം അവർ ഭാഗം വെച്ചു . എന്നെ ഭാഗത്തിൽ കിട്ടിയ ആൾ വിദേശത്താണ്.വല്ലപ്പോഴും വന്നാൽ ആയി.എന്നീട്ടും എനിക്ക് പരാതി ഇല്ലായിരുന്നു . അവർ എന്റെ കുട്ടികൾ അല്ലെ .. തിരക്കുണ്ടാവും !
പിന്നീട് ഒരിക്കൽ പെട്ടെന്ന് വീട്ടു മുറ്റത്ത് ആളുകൾ വന്നു .. ഞാൻ ശ്രദ്ധിച്ചു .. എന്താ നടക്കുന്നത് ? പ്രശ്നം വെപ്പിക്കൽ ആണ് . എവിടെ നിന്നോ പേരെടുത്ത ജ്യോത്സ്യന്മാർ ഒക്കെ വന്നീട്ടുണ്ട് . വിദേശത്തുള്ള ആൾക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടത്രേ ! ജ്യോത്സ്യൻ മാർ കവിടി നിരത്തി ... കുറച്ചു കഴിഞ്ഞ്‌ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള കാരണം കണ്ടെത്തി .. സർപ്പദൊഷം! ഞാൻ ഞെട്ടി പോയി . ഞാനോ കാരണം?? .. മനസ്സിൽ പോലും അവരെ ഞാൻ ശപിച്ചീട്ടില്ല !! ഈ ഞാനോ കാരണം ??!
ജ്യോത്സ്യൻമാർ പരിഹാരം നിർദേശിച്ചു .. കാവ് മാറ്റുക .. അതായത് എന്നെ ഇവിടുന്ന് ആവാഹിച്ചു കൊണ്ടുപോയി ഏതെങ്കിലും സർപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുക ! ഞാൻ അറിയാതെ കരഞ്ഞു പോയി.. ഇവിടം വിട്ടു പോകാനോ ..??
പിന്നെ എല്ലാം പെട്ടെന്നായിരുന്നു .. കർമ്മികൾ വന്നു .. പൂജ തുടങ്ങി .. എനിക്ക് വേറെ വഴി ഇല്ലായിരുന്നു .. ഞാൻ അവരുടെ ഇഷ്ടത്തിന് വഴങ്ങി .. എന്റെ മക്കൾക്ക് എന്നെ വേണ്ട .. പിന്നെ ഞാൻ ഇവിടെ ഇരുന്നീട്ട്‌ എന്തിനാ ..??!
എന്നെ ആവാഹിച്ച് ഒരു കുടത്തിൽ ആക്കി പൊതിഞ്ഞു.. കർമി വീട്ടുകാരോട് പറയുന്ന കേട്ടു ... ഈ മരങ്ങൾ എല്ലാം വെട്ടി കാവ് തീണ്ടാൻ അവകാശം ഉള്ളവർക്ക് കൊടുക്കണം .. നിങ്ങൾ ഒന്നും ഉപയോഗിക്കരുത് ..മരക്കുറ്റികൾ വരെ മാന്തി എടുക്കണം .. ഞാൻ ഓർത്തു .. വർഷങ്ങൾ ആയി എനിക്ക് തണൽ ഏകിയ മരങ്ങൾ .. ഇലഞ്ഞി , ആഞ്ഞിലി ,ചന്ദനം, അരയാൽ , ഗന്ധരാജൻ.. പിന്നെ പേര് പോലും അറിയാത്ത വേറെ കുറെ മരങ്ങളും.. എല്ലാം മുറിച്ചു മാറ്റപ്പെടും !
എന്നെ പൊലെ കാവിനുള്ളിൽ ജീവിച്ചിരുന്ന വേറെ ജീവജാലങ്ങൾക്ക് എല്ലാം അവയുടെ പാർപ്പിടം നഷ്ടപ്പെടും! നാട് വികസിക്കുക ആണത്രെ ! ഈ ശാപം എല്ലാം നിങ്ങൾ എവിടെ കൊണ്ട് കളയും കുഞ്ഞുങ്ങളെ?!
ഞാൻ ഇതാ യാത്ര ആകുന്നു .. എന്റെ മക്കളെ എന്നും നിങ്ങൾക്ക് നന്മകൾ ഉണ്ടാവട്ടെ!
വന്ദന
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo