Slider

സ്വപ്നച്ചിറക്...

0
സ്വപ്നച്ചിറക്...
^*^*^*^*^*^*^*^*^*^*^
മേടമാസത്തിലെ ഒരു ഒഴിവു ദിനം, തന്‍റെ മകന് ചോറ് കൊടുക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി, പത്തൊമ്പതാമാതായി ഇനിയെന്ത് എന്ന് ആലോചിച്ചു നില്‍ക്കുമ്പോഴാണ് നിമ്മി ആ കാഴ്ച കണ്ടത്. രണ്ടു ഇണക്കിളികള്‍ ആകാശത്ത് വട്ടമിട്ടു പറക്കുന്നു. ഒന്ന് മറ്റൊന്നിന്‍റെ പുറകെ പറക്കുന്ന കാഴ്ച അവള്‍ ഏറെ നേരം നോക്കിയിരുന്നു. അപ്പുവിന് ചോറ് കൊടുക്കാന്‍ ഇത് തന്നെ നല്ല അവസരം. അവള്‍ ഓര്‍ത്തു.
അവള്‍ ആ കാഴ്ച അപ്പുവിന് കാണിച്ചുക്കൊടുത്തു. നല്ല മഞ്ഞയും കറുപ്പും ഇടക്കലര്‍ന്ന ചന്തമുള്ള കിളികള്‍. അപ്പുവിന്‍റെ കുഞ്ഞിക്കണ്ണുകളില്‍ നിറയെ കൗതുകമായിരുന്നു. പാത്രത്തില്‍ വിളമ്പിയ ചോറ് മുഴുവന്‍ തീര്‍ന്നുപോയത് രണ്ടു പേരും അറിഞ്ഞതേയില്ല. നിമ്മി അവയെ കണ്ണിമവെട്ടാതെ നോക്കിക്കൊണ്ടിരുന്നു. അവളുടെ ഓര്‍മ്മകള്‍ അവയുടെ പുറകെ ചിറകിട്ടടിച്ചു. പെട്ടന്ന്‍ എന്തോ ഓര്‍ത്ത് അവള്‍ അപ്പുവിനോട് പറഞ്ഞു, "അപ്പൂ മോന്‍ ഇവിടെ ഇരിക്കൂട്ടോ. അമ്മ ഇപ്പൊ വരാം. അമ്മേടെ വാവ ഇങ്ങോട്ടും പോവല്ലേ.". അവന്‍ പതുക്കെ തലയാട്ടിക്കൊണ്ട് വീണ്ടും അവയെ നോക്കിയിരുന്നു.
അവള്‍ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. പാത്രം കഴുകുന്നതിനിടയില്‍ പെട്ടന്ന് എന്തോ ഒരു ശബ്ദം കേട്ടു, ഒപ്പം അപ്പുവിന്‍റെ നിലവിളിയും. പാത്രം അവിടെയിട്ട് അവള്‍ ഉമ്മറത്തേക്ക് ഓടി. അപ്പു അവിടെ നില്‍പ്പുണ്ടായിരുന്നു. ആകെ പേടിച്ചരണ്ട്. തന്‍റെ കുഞ്ഞിന് ഒന്നും പറ്റിയിട്ടില്ലെന്ന് കണ്ടപ്പോള്‍ അവള്‍ക്കു ആശ്വാസമായി. "എന്താ വാവേ, എന്ത് പറ്റി?" അവളുടെ ചോദ്യത്തിന് അവന്‍ മുറ്റത്തേക്ക് കൈ ചൂണ്ടി.
" അയ്യോ, ന്‍റെ ഈശ്വരാ" ആ കാഴ്ച കണ്ടപ്പോള്‍ അവള്‍ അറിയാതെ പറഞ്ഞു പോയി. അവിടെ ചോരയില്‍ കുളിച്ചുക്കൊണ്ട് കിടപ്പുണ്ടായിരുന്നു പാവം പെണ്‍ക്കിളി...
" എന്ത് പറ്റി ഇതിന്?" ആ ചോദ്യത്തിന് ഉത്തരം പറഞ്ഞത് അവളുടെ അനിയനായിരുന്നു. അവന്‍റെ മുറിയുടെ കണ്ണാടി പോലുള്ള ജനാലയുടെ ചില്ലില്‍ ഉറക്കെ വന്നിടിച്ചതാണത്രേ... ദൈവമേ, എത്ര ക്ഷണനേരം കൊണ്ടാണ് അവരുടെ കളിചിരികള്‍ ഇല്ലാതായത്. അവളുടെ മനസ്സ് പിന്നെയും എങ്ങോട്ടോ പറന്നു.
പാവം, അവളുടെ ഇണയെ കിട്ടിയപ്പോള്‍ അവള്‍ പരിസരം മറന്നു കാണും. കണ്ണാടിചില്ലിലെ ആകാശത്തിന്‍റെ പ്രതിബിംബം കണ്ട് അവര്‍ക്ക് സ്വതന്ത്രമായി പറന്നുനടക്കാനുള്ള ഇടമാണെന്ന് കരുതിക്കാണും. മനുഷ്യര്‍ക്കിടയിലെന്ന പോലെ അവര്‍ക്കിടയില്‍ ജാതിയുടെയോ മതത്തിന്‍റെയോ വിലക്കുകള്‍ തീര്‍ക്കാന്‍ ആരുമില്ലല്ലോ... അവള്‍ക്കുമുണ്ടായിരിന്നിരിക്കില്ലേ ഒരുപാട് സ്വപ്‌നങ്ങള്‍. തന്‍റെ ഇണയുമൊത്ത്, അവന്‍റെ ചിറകിനടിയില്‍ അവനോടൊപ്പം ചേര്‍ന്നിരിക്കാന്‍, അവരുടെ കുഞ്ഞിക്കിളികളും അവയുടെ കലപില ശബ്ദവും, അവനെ കാത്തിരിക്കുന്ന സന്ധ്യകളും.. വര്‍ഷക്കാലത്ത് നനഞ്ഞ് കുതിര്‍ന്ന അവളുടെ തൂവലുകള്‍ മെല്ലെ ചീകിയൊതുക്കുന്ന അവന്‍റെ സ്നേഹവും കരുതലും അവള്‍ മോഹിചിട്ടുണ്ടാവില്ലേ?.
എത്ര പെട്ടന്നാണ് അവളുടെ സ്വപ്‌നങ്ങള്‍ പോലിഞ്ഞുപോയത്. നിമ്മി അവളുടെ അടുത്ത് ചെന്നു. അവള്‍ക്ക് ചെറുതായി ജീവനുണ്ടായിരുന്നു. അവളുടെ കണ്ണുകള്‍ അപ്പോഴും അവനെ തിരയുന്നുണ്ടായിരുന്നു. ജീവനും മരണത്തിനും ഇടയിലുള്ള ആ അവസാന നിമിഷത്തിലും അവള്‍ എന്തായിരിക്കും ഓര്‍ത്തിട്ടുണ്ടാവുക. തന്‍റെ നഷ്ട് സ്വപ്നങ്ങളെ പറ്റിയോ?.
ആണ്‍ക്കിളി അവളുടെ ചുറ്റും കരഞ്ഞുക്കൊണ്ട് പറക്കുന്നുണ്ടായിരുന്നു. രണ്ട് മൂന്ന് പ്രാവശ്യം അവളുടെ ചുറ്റും പറന്നു. അവന് മനസ്സിലായിട്ടുണ്ടാവും, അവള്‍ ഇനി തന്‍റെ കൂടെ കളിക്കാന്‍ വരില്ലെന്ന്. അവന്‍ മെല്ലെ പറന്ന് പോയി, മറ്റൊരു ഇണയെ തേടി...!!
"ഓ അവന്‍ 'ന്യൂ ജെന്‍' ആണെന്ന് തോന്നുന്നു. ഒന്ന്‍ പോയപ്പോള്‍ മറ്റൊന്നിനെ തേടി പോവുന്നത് കണ്ടോ?." നിമ്മിയുടെ അനിയന്‍ തമാശ പറഞ്ഞു. പക്ഷേ, അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. നിമ്മി അവളെ ദയനീയമായി നോക്കി. അവള്‍ കണ്ട സ്വപ്നങ്ങളുടെ ഭാരം താങ്ങാനവാത്തതുക്കൊണ്ടോ അതോ അവന്‍ തന്നില്‍ നിന്ന് അകന്നുപോവുന്നത് കാണാന്‍ കെല്‍പ്പില്ലാത്തത് കൊണ്ടോ, എന്തോ അറിയില്ല.. അവള്‍ തന്‍റെ കുഞ്ഞിക്കണ്ണുകള്‍ ഇറുക്കിയടച്ചു. അവളുടെ കുഞ്ഞുശരീരത്തില്‍ നിന്ന് അവശേഷിക്കുന്ന ചൂടും വിട്ടകന്നു. അനിയന്‍ അതിനെ കൊണ്ടുപോയി മറവു ചെയ്തു. വൈകുന്നേരം ആയപ്പോഴേക്കും എല്ലാവരും ആ സംഭവം മറന്നുകഴിഞ്ഞിരുന്നു.. പക്ഷേ നിമ്മി, അവള്‍ മാത്രം ആ പെണ്‍കിളിയെക്കുറിച്ച് എന്തുക്കൊണ്ടോ ഓര്‍ത്തുക്കൊണ്ടിരുന്നു. അവളുടെ ഹൃദയത്തില്‍ എന്തിനെന്നറിയാതെ ഒരു കുഞ്ഞുനോവ് തളം കെട്ടി നിന്നു....!!!

melby
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo