Slider

ഫ്രൈഡ്റൈസ്

0
ഫ്രൈഡ്റൈസ്
****************
2005 കാലഘട്ടം
രസതന്ത്ര ബിരുദവും കൊണ്ട് ICICI Bankil Audit assistant ആയി ജോലി ചെയ്തിരുന്ന കാലം. അക്കാലത്തെ മറക്കാനാവാത്ത ഒരു സംഭവമാണ്.
ആദ്യമായി കിട്ടിയ ജോലിതന്നെ പഠിച്ച വിഷയവുമായി യാതൊരുവിധ ബന്ധവുമില്ലാത്തതായിരുന്നു. ആസിഡ് കൊണ്ട് അമ്മാനമാടികളിച്ച് നേരെ അക്കൗണ്ട്സിലേക്ക്. പക്ഷെ ജോലി ഞാൻ വിചാരിച്ചത്ര പാടുള്ളതായിരുന്നില്ല. ഒരാഴ്ച കൊണ്ട് തന്നെ പഠിക്കാൻ സാധിച്ചു.
Concurrent Auditing ആയിരുന്നത് കൊണ്ട് എല്ലാ മേഖലകളിലും കണ്ണെത്തണം. ചുരുക്കിപ്പറഞ്ഞാൽ കുറ്റങ്ങൾ കണ്ടുപിടിക്കുക. നമുക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണല്ലോ അത്. പോരാത്തതിന് ജീവനക്കാർ എല്ലാവരും ഒരു ഭയഭക്തി ബഹുമാനത്തോടെയായിരുന്നു auditors നോട് പെരുമാറിയിരുന്നത്. വേറൊന്നും കൊണ്ടല്ല എന്തെങ്കിലും ഒരു തെറ്റ് കണ്ടുപിടിച്ചാൽ തീർന്നു....
പിന്നെ മാനേജരുടെ വക ചീത്തയും ഗ്രേഡ് കുറയുന്നതും, അങ്ങനെ ശിക്ഷാവിധികൾ ഏറെയാണ്. ഓഡിറ്റർ രണ്ടാഴ്ച കൂടി വന്ന് തല കാണിച്ചു പോകും. പിന്നെ assistant ആയ നോമാണ് ഭരണം. ജാഡ ഒട്ടും കുറയാതെ തന്നെ ഈയുള്ളവളുടെ പരിശോധനയും. (സത്യത്തിൽ ജാഡ ഒരു മുഖംമൂടിയാണ്.) കണക്കുകളൊന്നിലും ഒരു തെറ്റുമുണ്ടാവരുതെ പടച്ചോനേന്ന് പ്രാർത്ഥിച്ചിട്ടാ ഓരോ ഫയലും നോക്കുന്നത്. ഇനി അഥവാ തെറ്റ് എന്റെ ശ്രദ്ധയിൽപെട്ടില്ലെങ്കിൽ എനിക്കുള്ള ശിക്ഷ വേറെ വരും. തെറ്റ് ഉണ്ടെങ്കിൽ അതിന്റെ കുത്തിക്കെട്ടുകൾ വേറെ...അതൊക്കെ വലിയ പാടുള്ള പണിയാണ്. പാടുള്ള പണി ചെയ്യാൻ എന്തോ എനിക്കിഷ്ടല്ല.
പൊതുവേ തിരക്ക് പിടിച്ച അന്തരീക്ഷമാണെപ്പോഴും ടാർജറ്റ്, ഓഹരി നിലവാരം, ഗ്രേഡിങ് അങ്ങനെ ആകെക്കൂടി വിഭ്രാന്തി പിടിച്ച ഒരു അവസ്ഥ, ആ പിരിമുറുക്കം കയറിചെല്ലുന്നവരിലേക്കും വ്യാപിക്കും.
ഇതൊക്കെയാണെങ്കിലും ബാങ്കിലെ 2nd floor ഇതിൽ നിന്നൊക്കെ വളരെ വ്യത്യസ്തമാണ്. ചിരിക്കുന്ന മുഖങ്ങൾ കാണണമെങ്കിൽ ഈ floorൽ വരണം. Customer Careലെ പെൺകുട്ടിയുടേതു പോലെ തേച്ചൊട്ടിച്ച് വച്ചചിരിയല്ല. മനസ്സറിഞ്ഞ് ചിരിക്കുന്നവർ.
Mutual fund, Demat. CIBD , computer maintenance, Auditors ഇവരുടെയൊക്കെ cabin ഈ floor ലാണ്. സുധീഷേട്ടൻ, ശ്രീശങ്കർ, റിൻസി, നെൽസൻ, മുകേഷ്, ഷീബ എന്നിങ്ങനെ വലിയ ഒരു സൗഹൃദവലയം. ഒരു കാര്യം പ്രത്യേകം എടുത്തുപറയേണ്ടതെന്തെന്നാൽ മുസ്ലീമായി ഞാൻ മാത്രമേ ആ ബാങ്കിലുണ്ടായിരുന്നുള്ളൂ. പുതച്ചുമൂടി നടക്കുന്ന താത്തക്കുട്ടി. അതുകൊണ്ട് തന്നെ എന്നോട് ചെറിയൊരു വാത്സല്യവും തോന്നിയിരുന്നു പലർക്കും. ചിലർ ഒരത്ഭുത ജന്തുവിനെ കാണുന്നതുപോലെ അടിമുടി നോക്കുന്നത് കാണാം. തികച്ചും ഒരു ഓർത്തഡോക്സ്. (പുറമെ മാത്രമേ ഉള്ളു ഈ ഓർത്തഡോക്സ് ഉള്ളിൽ തനി തല്ലിപ്പൊളി)..
അങ്ങനെ അവിടെ മദിച്ചുല്ലസിച്ചു നടക്കുന്ന സമയം. ഉച്ചയൂണ് സമയമാണ് എല്ലാവരും ഒന്നിച്ചുകൂടുന്നത്. ഒരിക്കൽ lunch ടൈമിൽ കഥകളും തമാശകളും പറഞ്ഞ് സമയം കളയുന്ന നേരത്താണ്, ദിവസവും ഹോട്ടൽ ഭക്ഷണം കഴിച്ചു വരുന്ന നെൽസൻ സോന ഹോട്ടലിലെ ഫ്രൈഡ്റൈസിന്റെയും ചില്ലിചിക്കന്റെയും കാര്യം പറയുന്നത്.
ഫ്രൈഡ് റൈസോ??? അയ്യടാ ഇതെന്ത് സാധനമെന്ന് ഞാൻ. ബിരിയാണിയും നെയ്ചോറുമൊക്കെ കഴിച്ചിട്ടുണ്ടങ്കിലും ഈ സാധനത്തെകുറിച്ച് കേട്ടിട്ടില്ല. ചില്ലിചിക്കൻ വേണ്ടുവോളം കഴിച്ചിട്ടുണ്ട്. പക്ഷെ ഇത്...ബിരിയാണിയുടെ അമേരിക്കൻ അമ്മായിയോ മറ്റോ ആണോ.. പിന്നെ ഞാനായി അന്നത്തെ അവരുടെ ഇര.
എല്ലാവരുടെയും പരിഹാസശരമേറ്റ് തകർന്ന എന്നെ ആശ്വസിപ്പിക്കാൻ റിൻസി എത്തി. നമുക്ക് ഈ ശനിയാഴ്ച sona ൽ പോയി ഫ്രൈഡ്റൈസ് കഴിക്കാമെന്ന്. എനിക്കും അത് വളരെ ബോധിച്ചു.
കുടുംബത്തോടൊപ്പം മാത്രമേ അതുവരെ പുറത്ത് പോയി ഭക്ഷണം കഴിച്ചിട്ടുള്ളൂ. അപ്പോളൊക്കെ ബിരിയാണി, പൊറോട്ട, ബീഫ്, ചില്ലിചിക്കൻ,മസാലദോശ ഈ വഹകളെ കഴിച്ചിട്ടുള്ളു. എന്നാൽ ഇതൊന്ന് കഴിച്ചിട്ട് തന്നെ കാര്യം, അതും സുഹൃത്തുക്കളുമായി ഓർക്കുമ്പോളെ മനസ്സിൽ കുളിർമഴ.
അങ്ങനെ വെള്ളിയാഴ്ച വൈകിട്ട് തന്നെ കാര്യം വീട്ടിൽ പറഞ്ഞു. നാളെ എനിക്ക് ഉച്ചയ്ക്ക് ഭക്ഷണം വേണ്ട ഞങ്ങൽ പുറത്തു നിന്നാ കഴിക്കുന്നത്. ''ഫ്രൈഡ്റൈസ്'' കുറച്ച് കട്ടിയിൽ പറഞ്ഞെങ്കിലും വലിയ ഭാവമാറ്റമില്ലാതെയായിരുന്നു ഉമ്മയുടെ മറുപടി . 'ഓ വലിയ ഉപകാരം നാളെ ധൃതിയിൽ കിടന്ന് പണിയണ്ടല്ലോ'. ആ മറുപടിക്ക് കാരണം അടക്കളയോടുള്ള എന്റെ അലർജിയാർന്നൂന്ന് എനിക്ക് നന്നായറിയാം. എന്നെ അതിശയിപ്പിച്ചത് ഫ്രൈഡ്റൈസ് എന്ന് കേട്ടിട്ട് അതെന്താണെന്ന് ചോദിക്കാത്തതിലായിരുന്നു. അപ്പോഴാണറിയുന്നത്. വീട്ടിൽ ഞാനൊഴികെ എല്ലാവരും ഈ സാധനം കഴിച്ചിട്ടുണ്ടെന്ന്!!! എന്തനീതിയാണിത്.
ങാഹാ..എന്നാ ഇത് നാളെ കഴിച്ചിട്ടുതന്നെ കാര്യം.
അങ്ങനെ പിറ്റേന്ന് ഫ്രൈഡ്റൈസും മനസ്സിൽ താലോലിച്ചാണ് ബാങ്കിൽ പോയത്. ഉച്ചയ്ക്ക് ആർമാദിച്ച് കഴിക്കാൻ breakfast രണ്ട് ഇഡ്ഡലിയിലൊതുക്കി. അവിടെ ചെന്ന് കേറിയപ്പോളാണ് ഹൃദയഭേദകമായ ആ വാർത്ത അറിയുന്നത്. അന്ന് വ്യാപാരിവ്യവസായ ഏകോപനസമിതി ബന്ദാണ് എന്ന്. ഒരു കട പോലും തുറക്കില്ലെന്ന്. (വാർത്തകൾ കാണുന്ന ശീലം പണ്ടേയില്ലാത്തത് വിനയായി)
മൊബൈൽ ഫോണുകൾ ഇത്ര പ്രാപല്യത്തിലില്ലാതിരുന്ന കാലം. ഈ വാർത്ത ഞാനും റിൻസിയും അറിഞ്ഞിരുന്നില്ല. ഒടുവിൽ ഉച്ചയ്ക്ക് എറണാകുളം പത്മ വഴിയിലെ നിരത്തുകളായ നിരത്തുകളൊക്കെ അലഞ്ഞു. വിശപ്പാണെങ്കിൽ മൂർദ്ധന്യാവസ്ഥയിൽ. അടഞ്ഞുകിടക്കുന്ന ഓരോ കടകൾ കാണുന്തോറും വിശപ്പിന്റെ കാഠിന്യം കൂടിവന്നു. ഒരു തട്ടുകടയെങ്കിലും ഉണ്ടായിരുന്നെങ്കിൽ, ഒരു കുഞ്ഞിപഴംപൊരിയെങ്കിലും കിട്ടിയാൽ മതിയാർന്നു. വെയിലാണേൽ ഉച്ചിയിലും...
അങ്ങനെ കുറച്ചു ചെന്നപ്പോളാണ് OBEROI restaurant എന്ന board കാണുന്നത്. രണ്ട് ഷട്ടറുകളിൽ ഒന്നു തുറന്ന് കിടക്കുന്നു. ഓടി ചെന്ന് വാതിൽ തുറന്നു. ആകെ ഇരുട്ട്. വെയിലിൽ നിന്ന് കേറിയതുകൊണ്ടും വിശപ്പിന്റെ കാഠിന്യം കൊണ്ടുമായിരിക്കുമെന്നാണ് ആദ്യം കരുതിയത്. അല്ല. അരണ്ട വെളിച്ചമായിരുന്നു. അവിടവിടെ ചെറിയ വെളിച്ചം മാത്രം. നേരെ receptionൽ ചെന്ന് food വല്ലതുമുണ്ടോന്ന് അന്വേഷിച്ചു. ഉണ്ടെന്നുള്ള മറുപടിയാവണേ അയാൾ പറയുന്നതെന്ന പ്രാർത്ഥനയോടെ അയാളുടെ മുഖത്തേക്ക് തന്നെ കണ്ണും നട്ടിരുന്നു. ഞങ്ങളെ ഒന്നു സൂക്ഷിച്ചുനോക്കിയ ശേഷം അയാൾ പറഞ്ഞു ghee rice ഉം chicken curryഉം ഉണ്ട്. ഹോ! ആശ്വാസമായി.
ഞങ്ങൾ അടുത്തുകണ്ട ടേബിളിൽ സ്ഥലം പിടിച്ചു. അപ്പോളാണ് ആശ്വാസത്തിന്റെ ഒരു പുഞ്ചിരി ഞങ്ങളുടെ മുഖത്ത് വന്നത്. സപ്ലയർ ഞങ്ങൾക്ക് വെള്ളം കൊണ്ടുവന്ന് തന്നു. ഒറ്റച്ചാട്ടത്തിന് ഞങ്ങൾ ആ വെള്ളം മോന്തിക്കുടിക്കാൻ തുടങ്ങി.
വെള്ളം കുടിച്ചുകൊണ്ടിരുന്നപ്പോളാണ് അടുത്തിരുന്ന ടേബിലുള്ള ആൾ ഞങ്ങളെ നോക്കുന്നുണ്ടെന്ന് മനസ്സിലായത്. അപ്പോളാണ്, മനസ്സിലായത് അയാൾ മാത്രമല്ല അവിടെയിരിക്കുന്ന എല്ലാ ആളുകളും ഞങ്ങളെതന്നെയാണ് ശ്രദ്ധിക്കുന്നതെന്ന് . അവിടെ നിന്നും ഞങ്ങളുടെ ശ്രദ്ധ അവരുടെയൊക്കെ ടേബിളുകളിലേക്കായി. അവിടെ ആകെ ടേബിളുകളിൽ മാത്രമേ വെളിച്ചമുണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ മദ്യക്കുപ്പികളും സോഡാക്കുപ്പികളും നല്ല അസ്സലായിട്ടു കാണാം. ഞാൻ വാ പൊത്തിപ്പോയി. ഇടിവെട്ടേറ്റവനെ പാമ്പ് കടിക്കുമ്പോളെങ്ങനെയിരിക്കുമെന്ന് അന്നാണ് മനസ്സിലായത്.
ഞങ്ങളുടെ ചമ്മിയ മുഖം അവിടമാകെ ചിരി പടർത്തി. ഇരുന്ന ഇരിപ്പിൽ അദൃശ്യമാവാൻ കഴിഞ്ഞെങ്കിൽ....കുടിയൻമാരുടെ ചിരി കൂടുതൽ വഷളാകണ്ട എന്നു കരുതി ഞങ്ങൾ അവിടെ നിന്നെണീറ്റ് റിസപ്ഷനിലെ കാഷ്യറോട് പാർസലെടുത്താൽമതി ഞങ്ങൾ പുറത്ത് നിൽക്കാം വിളിച്ചാൽമതിയെന്ന് പറഞ്ഞു . അന്നേരം അയാൾ ചിരിച്ചുകൊണ്ട് പറ്റിപ്പോയല്ലേ?...ഇത് ബാർ ആണ്‌ റെസ്റ്റോറൻട് അപ്പുറത്താണ്. ഇന്ന് ബന്ദ് ആയതുകാരണം ഷട്ടറിട്ടിരിക്കുവാന്ന്. ഈ ബന്ദ് കണ്ടുപിടിച്ചവനെ പച്ചവെള്ളം കൊടുക്കാതെ ഇരുട്ടടി അടിക്കണമെന്ന് തോന്നിപ്പോയി.
പുറത്തേക്കിറങ്ങി ചിരി നിർത്താൻ കഴിയുന്നില്ലായിരുന്നു ഞങ്ങൾക്ക്... ചമ്മിയ ചിരി.. വിശപ്പ് ഏത് വഴിക്കു പോയെന്നറിയില്ല. റിൻസി നെൽസനെ ഫോൺ വിളിച്ചു വരുത്തി കാര്യം പറഞ്ഞു. അവനെ പാർസൽ വാങ്ങി വരാനേൽപിച്ച് ഞങ്ങളവിടെ നിന്നും മുങ്ങി.
പക്ഷെ Bankൽ തിരിച്ചെത്തിയപ്പോളേക്കും ഈ കാര്യം എല്ലാവരും അറിഞ്ഞുകഴിഞ്ഞിരുന്നു. നെൽസന്റെ വക പാർസൽ ഫോണിലൂടെ നേരത്തെയെത്തി. പിന്നെ ഒരാഴ്ചത്തേക്ക് ഞങ്ങൾക്ക് ബാങ്കിലും വീട്ടിലും ട്രോളോട് ട്രോളായിരുന്നു. അങ്ങനെ ഓഡിറ്റർ ജാട സ്വാഹഃ
ഫ്രൈഡ്റൈസ് എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഈ സംഭവമാണ്. എന്ന് കരുതി ഞങ്ങൾ തോറ്റ് പിൻമാറിയില്ലാട്ടോ.അതിനടുത്ത ശനിയാഴ്ച തന്നെ sona hotelൽ ഫ്രൈഡ്റൈസ് തട്ടി. ഇത് ഇത്രേം ഉള്ളായിരുന്നോ? ഇതിന് വേണ്ടിയാണോ ഈ പെടാപ്പാട് പെട്ടത് എന്ന് തോന്നിപ്പോയി.......പിന്നീടങ്ങോട്ട് എല്ലാ ശനിയാഴ്ചകളിലും food പുറത്തു നിന്നായിരുന്നു ഞങ്ങളെല്ലാരുമൊരുമിച്ച്.
കഴിഞ്ഞു പോകുന്ന ഓരോ നിമിഷങ്ങളെയും ഓർമ്മകളെന്ന് പേര് ചൊല്ലി വിളിക്കുമ്പോഴും ഓരോ ഓർമ്മകൾക്കും ഓരോ സൗന്ദര്യമുണ്ട്.
**************************************

binitha
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo