Slider

#അവളൊരു #കരാട്ടക്കാരി

1
"നീ ആരെ വേണേലും കെട്ടിക്കോ പക്ഷേ നന്നായി സംസാരിക്കുന്ന വായാടി പെണ്ണായിരിക്കണം "
പെണ്ണ് തിരയുന്ന നേരം ഉമ്മ മുൻപോട്ട് വെച്ച ഒരേയൊരു കാര്യം അതായിരുന്നു .ആരുടെ മുൻപിലും തോൽക്കാതെ തല ഉയർത്തി സംസാരിക്കാൻ കഴിവുള്ളവളും അത്യാവശ്യം കരാട്ടെ വശമുള്ളവളും ..
"ന്റെ ഉമ്മാ ..ആവിശ്യത്തിന് ഒച്ചപ്പാട് ഇപ്പോ ഇങ്ങൾ ഇവിടെ ഉണ്ടാക്ക്‌ണ്ട് അതിനിടയിലേക്ക് ഒരു സൗണ്ട് ബോക്സും കൂടെ വേണോ ?
ഉമ്മാന്റെ ദഹിപ്പിക്ക്‌ണ നോട്ടത്തിനും പട്ടിണിക്കിടൽ സമ്പ്രദായം വീട്ടിൽ കൊണ്ടു വരാൻ തുടങ്ങിയതോണ്ടും നമ്മളും കച്ചകെട്ടിറങ്ങി ഒരു ഒരുമ്പെട്ടവളെ കണ്ടെത്താൻ ....ഒരുമ്പെട്ടവൾ എന്ന് വിശേഷിപ്പിച്ചത് മറ്റൊന്നും കൊണ്ടല്ല ..വായാടി പെണ്ണിനും കൈ കരുത്തുള്ളവൾക്കും ഞാനുൾപ്പെടെയുള്ള മാന്യ മഹാ ജനങ്ങൾ കൊടുത്ത പേര് അതാണലോ ...
ഒടുവിൽ ഇല്ലാത്ത കാശുണ്ടാക്കി ഒരു ബ്രോക്കാറെയും കൂട്ടി നാടായ നാടു മൊത്തം ചുറ്റി ഉമ്മയുടെ സങ്കല്പത്തിനൊത്ത ഒന്നിനെ തപ്പി പിടിച്ചു ..അവളാണേൽ കരാട്ടെ മാസ്‌റ്റർ മമ്മദ്ദ്ക്കാന്റെ പുന്നാര മോള് ബ്ലാക്ക്‌ ബെൽറ്റ്‌ സൂഫിയ ...
ഉമ്മാക്കും പെരുത്ത് സന്തോഷം ..കാര്യങ്ങളൊക്കെ ചടപടാന്ന് തീരുകേം ചെയ്തു ...ഓള് നമ്മടെ വീട്ടിൽ ബീവി ആയി എത്തുകേം ചെയ്തു ...നല്ലൊരു കുടുംബ ജീവിതവും സ്വപ്നം കണ്ടു നടന്ന എനിക്ക് ...സ്വപ്‌നങ്ങൾ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയേണ്ടിയും വന്നു ..
ഉമ്മയും മരുമോളും കൂടെ വെറുതെ ഇരിക്ക്ണ താത്താമാരേം ചേച്ചിമാരേം കൂട്ടി കരാട്ടെ ക്ലാസ്സ്‌ കൂടി വീട്ടിൽ തുടങ്ങിയതോടെ ..എപ്പോ ഇടി വീഴും എന്ന് നോക്കി നടക്കേണ്ട അവസ്ഥ...എല്ലാത്തിനേം കൂടി ചുരുട്ടി കൂട്ടി വലിച്ചെറിയാൻ അറിയാഞ്ഞിട്ടല്ല ..വെറുതെ എന്തിനാ നമ്മുടെ തടി കേടാക്ക്ണ് .....
വരാനുള്ളത് വഴിയിൽ തങ്ങൂല്ലല്ലോ അതോണ്ട് ഉമ്മയുടേം ഓൾടേം ഒച്ചപ്പാടുകൾക്കിടയിൽ വഴി മുട്ടി പോയി ഈ ഹത ഭാഗ്യവാൻ ..
"ഇക്കാ ...എന്താ ഒരു ആലോചന "
ഒരു കപ്പ്‌ ചായ എനിക്ക് നേരെ നീട്ടി ഒരു കള്ളച്ചിരി നൽകി ബ്ലാക്ക്‌ ബെൽറ്റുകാരി എന്റടുത്ത് വന്നിരുന്നു ..
"എന്റെ ആലോചനകളൊക്കെ നോക്കാൻ നിനക്കൊക്കെ നേരം ഉണ്ടോടി ...ഏതു നേരവും കയ്യും കാലും മുഷ്ടിയും ചുരുട്ടി നടക്ക്ണ അനക്ക് അതൊന്നും പറഞ്ഞാ മനസ്സിലാകൂല .."
ഒരു തൊഴി പ്രതീക്ഷിചാണത് പറഞ്ഞതെങ്കിലും അവളുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല ...മറിച് അവളെന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്ക്ണ് ...
"അല്ലെടീ ..നീയെന്താ ഇങ്ങനെ നോക്ക്ണ് ..സാധാരണ ഗതിയിലാണേൽ ഇപ്പോ എന്റെ പകുതി ജീവൻ നീ എടുക്കുമായിരുന്നാലോ..."
"അല്ലേലും ഇക്കാന്റെ പാതി ജീവൻ എന്റടുത്താലോ ...നിങ്ങടെ ഈ മഹർ കഴുത്തിൽ വീണേൽ പിന്നെ എന്റെ പാതി ജീവൻ നിങ്ങടെ അടുത്തും ...നിങ്ങടെ പാതി ജീവൻ എന്റടുത്തും ആണല്ലോ ..."
അവളെന്നെ തന്നെ നോക്കി ചിരിച്ചു സംസാരിക്ക്ണ് ..വെറുതെ ഒന്നു മേലോട്ട് നോക്കി ..വല്ല കാക്കയും മലർന്ന് പറക്കുന്നുണ്ടോ എന്നറിയാൻ ..
"ടീ ..നിനക്കെന്താ പറ്റി ..പതിവ് കാഴ്ച്ച അല്ലല്ലോ ഇതൊന്നും ..ചായ കൊണ്ടു തരുന്നു ...അടുത്ത് വന്നിരിക്കുന്നു ...മയത്തിൽ സംസാരിക്കുന്നു .."
എന്തോ ഒരു പണി പാലും വെള്ളത്തിൽ വരുന്ന ലക്ഷണം പോലെ തോന്നിയത്ക്കൊണ്ട് സംശയ രൂപേണ ഞാൻ അവളെ തന്നെ നോക്കി വായും പൊളിച്ചിരുന്നു ...
"ആഹ് ....എന്താ ചെയ്യാ ..കരാട്ടെക്കാരിയെയും വീഴ്ത്താൻ ഓളുടെ കെട്ടിയോൻ ആണൊരുത്തനായാ മതീന്നെ "
"ങ്ങേ ..എന്തൊക്കേടീ ഇയ്യ്‌ പറയ്ണ് ...."
ഒന്നുമറിയാത്ത കുട്ടിയെ പോലെ ഓളെം നോക്കി ഇരുന്നപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചേ ..പെണ്ണിന് ഇത്തിരി മൊഞ്ചു കൂടി വരുന്ന പോലെ ..ഇനിപ്പോ ഞാനെങ്ങാനും ഒരു ബാപ്പ ആയോ എന്തോ ??..ഏയ് അതിന് വഴിയുണ്ടാവോ ...?..എന്തായാലും ഓളോട് തന്നെ ചോദിച്ചു നോക്കാം
"പെണ്ണേ ..നിനക്ക് വിശേഷം വല്ലതും "
ചിലപ്പോ സ്വന്തം ഭാര്യയോട് വിശേഷം ചോദിക്കുന്ന ലോകത്തിലെ ആദ്യ കെട്ടിയോൻ ഞാനായിരിക്കും ..എന്നാലും സാരല്ല്യാ ..ആവിശ്യം നമ്മുടേതാണലോ ....
"ആഹ്ഹ .. "
"അൽഹംദുലില്ലാഹ് "
അവളെ ഒന്നു ചേർത്തു പിടിച്ചു കുറച്ചു സ്നേഹം കൊടുക്കാൻ തുടങ്ങിയപ്പോഴാണ് ഉമ്മാന്റെ കടന്നു വരവ് ...
"അല്ല...മോളേ ഇയ്യിവിടെ വന്ന് നിൽക്കാ ..പോകാൻ നോക്കണ്ടേ ...എന്തോരം കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് "
"ആഹ്ഹ ...വരുന്നു ഉമ്മാ "
"എ...എവിടെ പോവുന്ന കാര്യാ സൂഫി ...നിനക്ക് വിശേഷം ഉണ്ടെന്ന് പറഞ്ഞിട്ട് ..ഹോസ്പിറ്റലിലേക്കാണോ ..ഞാനും വരാം "
സത്യത്തിൽ ഇപ്പോ വായും പൊളിച്ചു നിന്നതവളാ ...പോരാത്തതിന് ഓളുടെ ഒരു നോട്ടവും ..ആ നോട്ടത്തിൽ നേരത്തെ നോക്കിയ ഓളുടെ സ്നേഹമൊന്നും മഷിയിട്ട് തിരഞ്ഞാ പോലും കിട്ടൂലാ ..
"ആ ...ഒരു വിചാരം മാത്രേ ഒള്ളൂ മനുഷ്യാ നിങ്ങൾക്ക് ...എനിക്കേയ് കുട്ടികൾക്ക് കരാട്ടെ പഠിപ്പിച്ചു കൊടുക്കാൻ ഒരു ഓഫർ കിട്ടിയിട്ടുണ്ട് ...അതിന് ഞാൻ നാളെ ബാംഗ്ലൂർ പോവാ ".
അതും പറഞ്ഞവൾ എന്നേം തട്ടി മാറ്റി ഒരു പോക്കങ്ങു പോയി ...നമ്മൾ കണ്ടാ കിനാവ് ചീട്ടു കൊട്ടാരം പോലെ തകരുകേം ചെയ്തു ...എന്തായാലും ഭാവി തലമുറയിൽ എന്നേ പോലെ ഒത്തിരി ഹത ഭാഗ്യവാന്മാരുണ്ടാകാൻ സാധ്യതയുണ്ട് ...ഇവളെ പോലെ ഇതും പഠിപ്പിക്കാൻ കച്ചകെട്ടിറങ്ങിയ ഒരു കൂട്ടരും അത് പഠിക്കാൻ ഒരു കൂട്ടരും ഉണ്ടാകുമ്പോൾ അതിന് സാധ്യത ഏറുന്നെ ഒള്ളൂ ...
പോകുമ്പോൾ കൊണ്ടു പോകാനുള്ള സാധനങ്ങൾ എടുത്തു വെക്കാൻ ഞാനും കൂടി
..ഉമ്മയും അവളും പെരുത്ത് സന്തോഷത്തിലും ...കിടന്നിട്ടാണേൽ ഉറക്കവും വരുന്നില്ല ...അവളാണേൽ നല്ല കൂർക്കം വലിയും ..
"സൂഫി...ടീ ..സൂഫീ ....ഇയ്യ്‌ പോണ്ടെടീ ..ഇവിടെത്തന്നെ നിന്ന് എന്ത് വേണേലും ചെയ്തോ "
"ഉപ്പച്ചീ ..വിട് ...ഉപ്പച്ചീ ...ഉമ്മാ ഈ ഉപ്പച്ചി ന്റെ കൈ പിടിച്ചു വലിക്കുന്നു "
"ദേ മനുഷ്യാ ..എന്തോന്ന ഈ കാണിക്ക്ണ് ...അതിന്റെ കൈ ഇപ്പോ തന്നെ ഒടിഞ്ഞേനെ "
സൂഫിയുടെ പിറുപിറുക്കലും മോളുടെ കരച്ചിലും കേട്ടാണ് കണ്ണ് തുറന്ന് നോക്കിയേ ...
"എ...എന്താ ...എന്തിനാടീ മോള് കരയുന്നെ "
"നിങ്ങളെന്നെ അല്ലേ അതിന്റെ കൈ പിടിച്ചു പോണ്ടാ ..പോണ്ടാന്ന് പറഞ്ഞു കാറിയെ .ന്നിട്ട് ന്നോടാണോ ചോദിക്ക്ണെ "
കണ്ടതെല്ലാം ഒരു സ്വപ്നമായിരുന്നെന്ന തിരിച്ചറിവ് അപ്പോഴാണുണ്ടായത് ...ഇന്നലെ മോളെ കരാട്ടെ പഠിപ്പിക്കുന്ന കാര്യം അവളും ഉമ്മയും പറഞ്ഞത്‌ കേട്ടായിരുന്നു ...അതും ഓർത്ത് കിടന്നോണ്ട് പഴയ ചിന്തകളൊക്കെ മനസ്സിൽ ഒരു ബിരിയാണി വെച്ചു ...അതിന്റെ സ്വാദ് കൂടിയപ്പോ ഞാനും അത് കഴിച്ചു ....എന്തായാലും മോളും അവളെ പോലെ കരാട്ടെ പഠിക്കട്ടെ ..സ്വയം രക്ഷക്ക് ഇന്നത് നല്ലതു തന്നെ .........................
__________________________________
ഫർസാന .വി
1
( Hide )
  1. ഒരുപാട് പ്രതീക്ഷയുള്ള നല്ലൊരു എഴുത്തുകാരി ...

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo