Slider

സമർപ്പണം

0
സമർപ്പണം
,,,,,,,,,,,,,,,,,,,,,,,,,
ആദ്യമായി ഞാനാ വീട്ടിലേക്കു കടന്നു വന്നപ്പോൾ അവിടെ അതൊരാഘോഷമായിരുന്നു.. തൊട്ടും,തലോടിയും അവരെന്റെ സാന്ദര്യം ആസ്വദിച്ചു. എന്റെ രൂപവും, ഭംഗിയും വർണിച്ചു.അച്ഛനും, അമ്മയും, മക്കളുമെല്ലാം വളരെ സന്തോഷത്തിൽ കഴിയുന്നൊരുവീട്. അത്ഞാനെന്റെ ഭാഗ്യമായി കരുതി.. എത്ര പെട്ടെന്നാണ് ഞാനവർക്ക് പ്രിയപ്പെട്ടതായി മാറിയത്. എല്ലാവരും അവരുടെ കൈകളിൽ, മാറി മാറിയെടുത്തെന്നെ താലോലിച്ചു.
അച്ഛൻ അമ്മയോട് പറഞ്ഞു. ഞാനവനെ ജോലി സ്ഥലത്തേക്ക് കൊണ്ടു പോകുന്നില്ല. നിന്റെയടുത്തിരിക്കട്ടെ...
അമ്മക്ക് സന്തോഷമായി എന്നെ സ്വന്തമായി കിട്ടിയ സന്തോഷത്തിൽ അച്ഛനെ നോക്കി സ്നേഹവായ്പോടെ പുഞ്ചിരിരിച്ചു.
വൈകിട്ട് വളരെ സന്തോഷത്തിൽ കടന്നു വന്ന അച്ഛൻ പറഞ്ഞു.. എടീ ഇവനെക്കൊണ്ട്
കുറെ ഉപകാരങ്ങളുണ്ട് കേട്ടോ.. കൂട്ടുകാർ പറഞ്ഞാണറിഞ്ഞത്... പിന്നീടവരെന്നെ കയ്യിലെടുത്ത് കൂട്ടമായിരുന്ന് എന്നിലെ അറിവുകൾ കണ്ടെത്തി അത്ഭുതത്തോടെ ഓരോന്ന് കാണുകയും, പൊട്ടിച്ചിരിക്കുകയും, സഹതപിക്കുകയും ചെയ്തു.... അങ്ങനെ എല്ലാവരും കൂടുതലായെന്നെ സ്നേഹിക്കുവാൻ തുടങ്ങി....
എന്നാൽ പിന്നീട് ഞാനാ സത്യം തിരിച്ചറിഞ്ഞു. സ്നേഹം കൂടിയാലും പ്രശ്നമാണ്. കുട്ടികൾ ക്ലാസ്സ് വിട്ടു വന്നാൽ എന്നോടൊപ്പം കളിക്കുവാൻ വാശിപിടിച്ച് പoനത്തിലും, ഭക്ഷണം കഴിക്കാനുമെല്ലാം മടി കാണിച്ചു തുടങ്ങി. അനുസരണമില്ലായ്മയും അവരിൽ തലപൊക്കി. അതോടെ അമ്മ ദേഷ്യപ്പെടുകയും അവരിൽ നിന്നെന്നെ അകറ്റുകയും ചെയ്തു....
ആ സമയത്താണ് അമ്മയുടെ ഒരു ഫ്രണ്ട് എന്നെക്കുറിച്ച് കുറെ കാര്യങ്ങൾ കൂടി വിവരിക്കുന്നത്. അതോടെ അമ്മക്ക് കുറെ ഫ്രണ്ട്സിനെ കിട്ടി.അവരുമായുള്ള കൂട്ടും കളി ചിരിയുമെല്ലാം വീട്ടിൽ മാറ്റങ്ങൾ വരുത്തിത്തുടങ്ങി. കുട്ടികളെ നിർബന്ധിച്ച് പഠിപ്പിച്ചിരുന്ന അമ്മ അവരോട് ഒറ്റക്കിരുന്ന് പഠിക്കുവാൻ പറഞ്ഞ് ദേഷ്യപ്പെട്ടു. എന്തെങ്കിലും ചോദിച്ചു വന്നാൽ മനുഷ്യനൊരു സ്വൈര്യവും തരില്ലേ എന്നുപറഞ്ഞ് കയർത്തു. സന്ധ്യാനാമം മുടങ്ങി.വീട്ടുജോലികൾ വൈകി, പാൽ തിളച്ചു ചാടി, കറി കരിഞ്ഞു പിടിച്ചു. ഇതുപോലുള്ള പല കാര്യങ്ങളിലേയും അശ്രദ്ധ അച്ഛനെ രോഷാകുലനാക്കി...
അച്ഛന്റെ ചോദ്യം ചെയ്യലിനും, പ്രതികരണത്തിനുമുള്ള അമ്മയുടെ മറുപടി കണ്ട് ഞാനമ്പരന്നു... 'എന്താ പെണ്ണുങ്ങൾ വിട്ടുജോലി ചെയ്യാൻ മാത്രമുള്ളതാണോ? ഞങ്ങൾക്കും ഞങ്ങളുടേതായ സ്വാതന്ത്ര്യവും, സന്തോഷവുമൊക്കെയുണ്ട്. അതിനെല്ലാം നിങ്ങൾ എതിരു നിൽക്കുന്നതെന്താണ്? അല്ലെങ്കിലും നിങ്ങളുടെ കൂടെ ജീവിച്ചെനിക്ക്
മതിയായി. പിന്നെയല്ലേ എന്നെ ഉപദേശിക്കാൻ വന്നിരിക്കുന്നത്'
അമ്മയുടെ മറുപടി കേട്ട അച്ഛന്റെ സകല നിയന്ത്രണങ്ങളും വിട്ടു....
അദ്ദേഹം ആക്രോശിച്ചലറിക്കൊണ്ടു പറഞ്ഞു' അപ്പോൾ ഞാനാർക്കുവേണ്ടിയാടി കഷ്ടപ്പെടുന്നത്.. എല്ലാം ചെയ്തു തന്നിട്ടും വീട്ടിൽ വന്നാൽ സമാധാനമോ, നല്ല ഭക്ഷണമോ ഇല്ലെങ്കിൽ പിന്നെ ഞാനെന്തിന് ഇതുപോലെ കിടന്ന് പാടുപെടണം.ഏത് ഗതികെട്ട സമയത്താണാവോ കൈയിലിരുന്ന കാശും കൊടുത്ത് ഈ നശിച്ച സാധനത്തിനെ വീട്ടിലേക്ക് കെട്ടിയെടുത്തത്..'
അച്ഛന്റെ ശാപവാക്കുകൾ കേട്ട് ഞാൻ വേദനിച്ചു. ഇതെല്ലാം കണ്ടു നിന്ന കുട്ടികൾ ഭയന്നു വിറച്ചു.ദൈവമേ.. എന്ത് സന്തോഷത്തിൽ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു. ഞാൻ വന്നതിന്റെ പേരിലാണോ ഇതെല്ലാം സംഭവിച്ചത്.. അടക്കാൻ കഴിയാത്ത സങ്കടത്താലെന്റെ ഉള്ളം വിങ്ങി... എനിക്കെന്താണ് ചെയ്യാൻ കഴിയുക... ഞാൻ മരിച്ചാലും വേണ്ടില്ല.ഈ വീട്ടിലെ പഴയ ചിരിയും, കളിയും, സന്തോഷവുമെല്ലാം തിരിച്ചു കൊണ്ടുവരണം.
ഒരവസരത്തിനായ് ഞാൻ കാത്തിരുന്നു. അങ്ങനെ ഒരു ദിവസം അമ്മ കറി പാകപ്പെടുത്തുന്നതിനിടയിൽ വാട്സപ്പിൽ ഫ്രണ്ടുമായുള്ള ചാറ്റിംങ്ങിലായിരുന്നു.. വെട്ടിത്തിളക്കുന്ന കറിയിലേക്കെന്റെ ശ്രദ്ധ തിരിഞ്ഞു. പുഞ്ചിരിച്ചുകൊണ്ടു വിരലുകൾ ചലിപ്പിക്കുന്ന അമ്മയെ ഒരു നിമിഷം വേദനയോടെ ഞാൻ നോക്കി നിന്നു.പിന്നെയൊന്നും ആലോചിച്ചില്ല. അമ്മയുടെ വിരലുകൾ തട്ടിമാറ്റി ഞാനാ തിളക്കുന്ന കറിയിലേക്കെടുത്തു ചാടി...
വെട്ടിത്തിളക്കുന്ന കറിയിലേക്ക് താഴ്ന്നു പോകുന്നതിനിടയിലും അമ്മയുടെ അയ്യോ എന്നലർച്ച ഞാൻ കേട്ടു... ഓരോ അണുവും
പൊള്ളിപ്പിടയുമ്പോഴും ചിന്തിച്ചു.. മാപ്പു തരൂ അമ്മേ... എനിക്കു മുമ്പിൽ മറ്റൊരു മാർഗ്ഗമില്ല.എന്റെ നാശത്തിലൂടെ ഈ കുടുംബം രക്ഷപ്പെടുമെങ്കിൽ ഞാനതിൽ കൃതാർത്ഥനാണ്... എനിക്കിതിൽ സന്തോഷം മാത്രമേയുള്ളു... ഞാനെന്റെ ജീവിതം നിങ്ങൾക്കായ് സമർപ്പിക്കുന്നു...
(Raziya Maju)
,,,,,,,,,,,,,,,,,,,,,,,,,,,,,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo