Slider

അവിയൽ പരുവത്തിലൊരവധി ദിനം! (കഥ )

0
അവിയൽ പരുവത്തിലൊരവധി ദിനം! (കഥ )
ഞായറാഴ്ച ഭാര്യയെ അടുക്കളയിൽ സഹായിക്കുകയെന്നത് എന്റെ യിഷ്ട വിനോദമാണ്.. ഒന്നും രണ്ടും മിണ്ടീ പറഞ്ഞും ഇടക്ക് രണ്ടു കൊട്ട് കൊടുത്തും അതിലേറെ തിരിച്ചു മേടിച്ചും ഞാനവൾക്ക് അടുക്കളപ്പണിയിൽ ചില്ലറ സഹായ ഹസ്തങ്ങൾ നീട്ടാറുണ്ട്. അവളൊരു മടിയും കൂടാതെ അതെല്ലാം കൈ നീട്ടി വാങ്ങാറുമുണ്ട്...
തേങ്ങാ ചിരവുക , പാത്രം കഴുകുക , പച്ചക്കറി അരിയുക ഇത്യാദി സഹായ ഹസ്തങ്ങൾ ഞങ്ങൾ കുടുംബക്കാരായി നിർലോഭം ഞായറാഴ്ചകളിൽ ഭാര്യമാർക്ക് ചെയ്തു കൊടുക്കുന്നതാണ്.എന്റെയപ്പനും അപ്പന്റെയപ്പനുമിങ്ങിനെയടുക്കളയിൽ നിരങ്ങുന്നതു ഞാൻ കണ്ടിട്ടുണ്ട് ..
അതുകൊണ്ടു അവധി ദിനം അടുക്കളയിൽ കയറുമ്പോൾ ഞാൻ ഭാര്യയോട് അഭിമാനത്തോടെ പറയും..” എന്റെ മക്കളെന്നെ കണ്ടു പഠിക്കട്ടെ .. തലമുറ തലമുറകളിലേക്ക് ഈ പ്രവണത തുടരട്ടെ..”
ഇത്തവണത്തെ അടുക്കള പ്രവേശനത്തിൽ വേറൊരു പ്രധാന കാര്യം കൂടെയുണ്ട്. അത് ഭാര്യയോട് പറഞ്ഞാൽ ഒരു ഭൂകമ്പം തന്നെയുണ്ടാവും.
ശനിയാഴ്ച് ഓഫീസിൽ പുതുതായി വന്ന ടിന്റു മോൾ, അവിയൽ ഉണ്ടാക്കി കൊണ്ട് വന്ന് ഓഫീസിൽ സകലമാന ആളുകൾക്കും വിതരണം ചെയ്തു...അതാണവിയൽ! കിടിലോൽക്കിടിലനവിയിൽ !
ഞാൻ ടിന്റു മോളോട് അതെങ്ങിനെയുണ്ടാക്കുന്നതെന്ന് ചോദിച്ചറിഞ്ഞു..
വൈകിട്ട് വീട്ടിലേക്കു പോവുന്ന വഴി ചിക്കനും അവിയലിനു വേണ്ട പച്ചക്കറിയും വാങ്ങി. ചിക്കൻ ഭാര്യയെ ഏല്പിച്ചു, അവിയൽ കഷണങ്ങളെ നോക്കി ഞാനവളോട് പറഞ്ഞു..”നാളെ ഞാനൊരു കിടിലനവിയൽ ഉണ്ടാക്കും.. നീ ഞെട്ടാൻ റെഡിയായിരുന്നോ..”
“അതെന്തവിയൽ ? അതെവിടുന്നു പഠിച്ചു?” സഞ്ചി തുറന്നു ചിക്കൻ കഷണങ്ങളിലെക്കു ഒരുളിഞ്ഞു നോട്ടം നടത്തി സംശയാസ്പദമായ ദൃഷ്ടിയോടെ തികച്ചും സ്വാഭാവികമായ സ്ത്രീ സഹജമായ അവിഞ്ഞ സംശയങ്ങൾ ..
ടിന്റു മോളുടെ കാര്യം പറഞ്ഞാൽ ഞാൻ മറ്റൊരവിയലാവാൻ അധികം താമസമില്ല.. അതിനാൽ തൽക്കാല രക്ഷക്ക് ഞാൻ പറഞ്ഞു “അതൊരടുക്കള ഗ്രൂപ്പിൽ നിന്നും കിട്ടിയതാണ് “
“അതേതു ഗ്രൂപ്പ്? നിങ്ങൾ ആ ഗ്രൂപ്പിൽ ഉണ്ടോ ? ഞാൻ കണ്ടിട്ടില്ലലോ” അടുത്ത സ്ത്രീ സഹജമായ സംശയങ്ങൾ ഒന്നിന് പിന്നാലെയൊന്നായി..
“ചക്കരേ.. നീ കഴിഞ്ഞ ആഴ്ച വെച്ച ആ “കോഴി മുളകിട്ടു പറ്റിച്ചത്” വെച്ചാൽ മതി കേട്ടോ..ആഹാ.. എന്തായിരുന്നു രുചി..ദേ ഇപ്പോഴും വായിൽ നിൽക്കുവാ ... “ ഞാൻ നാവു വെളിയിലേക്കു നീട്ടിരുചി ഒന്ന് കൂടെ ആസ്വദിച്ചു..( അവളുടെ ശ്രദ്ധ മാറ്റൽ പരിപാടിയാണിവിടെ തത്സമയം നടന്നത് )
“കഴിഞ്ഞ ആഴ്ച്ച ആദ്യമായ് വെച്ചതല്ലേ? നാളെയതിലും നന്നാക്കാം”
അവൾ ചിക്കനുമായി സന്തോഷത്തോടെ അകത്തേക്ക്.. ഞാൻ അവിയൽ കഷണങ്ങളുമായി അതിലേറെ സന്തോഷത്തോടെ പിന്നാലെ.. (ഇവറ്റങ്ങളെ സന്തോഷിപ്പിക്കാൻ ഇത്രയൊക്കെ മതി..)
**
രാവിലെ പ്രാതലിനു ശേഷം ഭാര്യ സമേതനായി ഞാനടുക്കളയിൽ പ്രവേശിച്ചു.. ആവശ്യത്തിന് തേങ്ങ ചിരവിയെടുത്തു കഷണങ്ങളരിയാൻ തുടങ്ങി... കഷ്ണങ്ങൾ വളരെ നേരിയതും മനോഹരവുമായി അരിയണമെന്നു ടിന്റു മോൾ പ്രത്യേകം പറഞ്ഞിട്ടുണ്ട്.അതിനാൽ ശ്രദ്ധിച്ചു, ഒരേ നീളത്തിലും വലുപ്പത്തിലും അരിഞ്ഞു തുടങ്ങി.. ഒരു ചേന കഷണമെടുത്തു അതിന്റെ അതെ നീളവും വണ്ണവും നോക്കിയടുത്തത്.. പിന്നെ അതിന്റെയടുത്തത് ..പിന്നെ അടുത്തത് ..
അങ്ങിനെ മന്ദ ഗതിയിൽ കാര്യങ്ങൾ ഭംഗിയായി പുരോഗമിക്കവേ ഭാര്യ ചൊറിയാൻ കാരണവുമായി വന്നു.. “ഇങ്ങിനെയരിഞ്ഞാൽ നേരം വെളുത്താലും തീരൂല..”
“പിന്നെ ..നിന്നെ പോലെ കണ്ടം തുണ്ടം കഷ്ണിച്ചു അവിയലിന്റെ സൗന്ദര്യവും രുചിയും കളയാൻ ഞാനൊരുക്കമല്ല”
“എന്നാലിത് നമുക്ക് രാത്രി അത്താഴത്തിനു കഴിക്കാം”
“നീ വെറുതെയെന്റെ സമയം കളയാതെ പോയി കോഴി റെഡി ആക്കു ..”
“കോഴി റെഡി ആയി ..ഞാൻ കൂടെ അരിയാൻ
സഹായിക്കാം.”.. (സത്യത്തിൽ അരിയലിൽ ശ്രദ്ധിച്ചതിനാൽ അടുക്കളയിൽ മൊത്തം പരന്ന ചിക്കൻ കറിയുടെ കൊതിപ്പിക്കുന്ന മദാലസ ഗന്ധം ശേ.... മസാല ഗന്ധം നാസാരന്ത്രങ്ങൾ ആവാഹിക്കാൻ മറന്നു..)
എന്റെ അനുവാദം കാത്തു നിൽക്കാതെ അവൾ ദേ മുരിങ്ങക്കായും വഴുതനങ്ങയും പിന്നെ കണ്ണിൽ കണ്ടതൊക്കെ , കൈയിൽ കിട്ടിയതൊക്കെ കണ്ടം തുണ്ടം വെട്ടിയരിയാൻ തുടങ്ങി...ഇവൾക്ക് നേരത്തെ കശാപ്പു ശാലയിലോ ജോലി എന്നാലോചിച്ചു നിൽകുമ്പോൾ ടിന്റു മോളുടെ വാക്കുകൾ അശരീരിയായി അടുക്കളയിലാകെ പ്രതിധ്വനിച്ചു.. “സാറെ, കഷണമെല്ലാം ഒരേ നീളത്തിലും വണ്ണത്തിലും.. അല്ലെങ്കിൽ വേവ് വ്യത്യാസം വരും.. രുചി കിട്ടില്ല. പിന്നെയെന്നെ കുറ്റം പറയല്ലേ”
പെട്ടെന്നെനിക്കു സ്ഥലകാല ബോധം വന്നു..
“നീ യങ്ങ് മാറിയേ .. ഇതിനി നാളെ രാവിലെ കഴിച്ചാലും വേണ്ടില്ല ടിന്റു മോൾ പ്രത്യേകം പറഞ്ഞിട്ടുണ്ട്. കഷ്ണം ഭംഗിയായിലേൽ വേവ് ശരിയാവില്ല.. അവിയലിന്റെ രുചി ശരിയാവില്ല” -ഞാൻ ഭാര്യയെ തട്ടി മാറ്റി അരിയൽ പൂർവാധികം ശക്തിയോടെ ആരംഭിച്ചു... ചേന കഷണമെടുത്തതിന്റെ അതെ നീളവും വണ്ണവും നോക്കി അടുത്തത് .. പിന്നെ അതിന്റെയടുത്തത് ..പിന്നെ അടുത്തത് .. (സത്യമിങ്ങനെയാണ്. ഇടവും വലവും നോക്കാതെ മനുഷ്യനെ കുരിശിൽ തറക്കാനായി ഇടക്കെങ്ങെടുത്തു ചാടും )
“ഏതു മോൾ.....?എനിക്കപ്പോഴേ തോന്നിയതാണ്ഏതേലുമൊരുത്തി നിങ്ങള്ക്ക് വല്ലോം വെച്ച് വിളമ്പി തന്നിട്ടുണ്ടാവുമെന്നു ..അല്ലെങ്കിൽ നിങ്ങളിങ്ങനെ ആവേശപൂർവമടുക്കളയിൽ കയറുമോ?ഇന്നാള് ആ രമണി ഉണ്ടാക്കിയ അച്ചാർ തിന്നു ഒരാഴ്ച വയറിളക്കമായി കിടന്നതല്ലേ? ഇപ്പോൾ വേറൊരുത്തി.. നിങ്ങൾക്കു ഇതെന്തോന്നിന്റെ സൂക്കേടാ മനുഷ്യ?” അവളുടെ ഉച്ചഭാഷിണി ഉച്ചസ്ഥായിലായി..
“അല്ലേലും നിങ്ങളെ പോലുള്ളവർക്ക് കട്ട് തിന്നാ ശീലം” (കർത്താവേ… മനസാ വാചാ കർമണാ വിചാരിക്കാത്ത തലങ്ങളിലേക്കിവൾ അനധികൃതമായി കൈയേറ്റം നടത്തുന്നു )
അവൾ ആക്രമാസക്തയായി കത്തിയുമായി എന്റെ നേർക്കു…
..കത്തിയാണിപ്പോൾ താരം.. നേരത്തെയുള്ള അവളുടെ ലൈവ് വെട്ടി നുറുക്കൽ കണ്ടപ്പോഴേ ഞാനൊന്നമ്പരന്നതാണ്. തത്കാലം സീനിൽ നിന്നും രക്ഷപ്പെടുന്നതാണ് ബുദ്ധി.
നാളെ ടിന്റു മോൾക്ക് എന്റെ കൈ കൊണ്ടുണ്ടാക്കിയ അവിയൽ വാഗ്ദാനം ചെയ്തതാണ്. അതിപ്പോൾ രാഷ്ട്രീയക്കാരുടെ വാഗ്ദാനം പോലെയായി....നാളെയെന്റെ അവിയൽ കഴിക്കാൻ കൊതിച്ചിരുക്കുന്ന ടിന്റു മോളോട് ഞാനിനി എന്നാ പറയും?
ഉച്ചക്ക് ഭാര്യ കഞ്ഞി കലം പോലെ സ്വമേധയുള്ള മുഖം ഒന്ന് കൂടെ വീർപ്പിച്ചു ചോറ് വിളമ്പാൻ തുടങ്ങി..ചിക്കൻ കറിയുടെ കൂടെ അവിയലെടുത്തു എന്റെ പാത്രത്തിലോട്ടു ഒരേറു..
അവിയലിലൂടെയെന്റെ വിരലുകളോരോട്ട പ്രദക്ഷിണം നടത്തി .ഞാൻ ഭംഗിയായിയരിഞ്ഞു വെച്ച ചേന കഷണങ്ങൾ ആ വഴിക്കൊന്നും കാണാനില്ല. പകരം തലങ്ങും വിലങ്ങുമരിഞ്ഞിട്ട കുറെ മുരിങ്ങക്ക , വഴുതനങ്ങ ,ഉരുള കിഴങ്ങു .... ചിലതു നാലു സെന്റി മീറ്റർ.. ചിലതു അര സെന്റി മീറ്റർ..ചിലതു ഉരുണ്ടു... .ചിലതു നീണ്ടു...ചിലതു കൊഴുത്തു ..ചിലതു ചീർത്തു .. ചിലതിതിലൊന്നിലും പെടാതെ....
ടിന്റു മോളുടെ അവിയൽ കഷണങ്ങൾ കാണാൻ എന്തൊരു ശേലായിരുന്നു..അവളെ പോലെ തന്നെ.. മെലിഞ്ഞു ...നീണ്ടു.....
ഒരു ദീർഘ നിശ്വാസത്തോടെ ഞാനാ ഓർമയിൽ ഒരുകഷണമെടുത്തു വായിലിട്ടു...
“എന്റമ്മോ .. “ ഒരു ഗ്ലാസ് വെള്ളമെടുത്തു ഗുമാ ഗുമാ കുടിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു..
“എന്തോന്നാടിയിതു? നിന്നോട് അവിയലിൽ പച്ചമുളക് തേങ്ങയോടൊപ്പം അരക്കണമെന്നു നൂറു പ്രാവശ്യം പറഞ്ഞിട്ടില്ലേ..?”
ടിന്റു മോളോടുള്ള പ്രതികാരം പരമദ്രോഹി പച്ചമുളകിൽ തീർക്കുകയാണ് .
ഒരുകണക്കിന് കഴിച്ചെഴുനേറ്റവള് കാണാതെ കഴിക്കാതെ വെച്ചിരുന്ന അവിയലെടുത്തു വാഴച്ചോട്ടിലെക്കൊരേറു .....
തിരിഞ്ഞു നോക്കിയപ്പോൾ അവളുമെന്റെ രണ്ടു സന്താനങ്ങളും പന്തം കണ്ട പെരുച്ചാഴികളെ പോലെ അന്തം വിട്ടു കുന്തം വിഴുങ്ങി യെന്നെ തന്നെ നോക്കി നിൽക്കുന്ന നയനാന്ദകരമായ കാഴ്ച ....
ഉച്ചഭാഷിണി അനസൂയം അനർഗളം അവിരാമമില്ലാതെ പ്രവഹിക്കുകയാണ്..
“കഷ്ടപ്പെട്ട് പണിയെടുത്തു കാശു കൊടുത്തു വാങ്ങുന്നത് കണ്ണിൽ ചോരയില്ലാതെ വലിച്ചെറിയു മനുഷ്യാ ..ഇതു കണ്ടു അടുത്ത തലമുറ പഠിക്കട്ടെ .. തലമുറ തലമുറകളിലേക്കു ഈ പ്രവണത തുടരട്ടെ..”** Sani John.


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo