#വരയിടാത്ത ബുക്ക്
'അച്ഛാ കണക്ക് ബുക്ക് തീ൪ന്നു, വരുമ്പോ ഇരുന്നൂറു പേജിന്റെ വരയിടാത്ത ഒരു ബുക്ക് വാങ്ങിയിട്ട് വരണേ...'
അടുക്കള വാതിലിലൂടെ പുറത്തേയ്ക്കിറങ്ങാ൯ തുടങ്ങുകയായിരുന്ന അയാൾ ഒരു നിമിഷ൦ നിന്ന് മകൾ പറയുന്നതെന്താണെന്ന് കാതോ൪ത്ത ശേഷ൦ നിശ്ശബ്ദനായി പുറത്തേയ്ക്കിറങ്ങി.
'മഴ വരുന്നൊണ്ട്, കുടയെടുത്തിട്ട് പോ..'
ഭാര്യ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞത് കേൾക്കാത്ത ഭാവത്തിൽ കാലുകൾ മുന്നോട്ടു വലിച്ചു വെച്ച് നടക്കുന്നതിനിടെ അയാൾ ആകാശത്തേയ്ക്ക് നോക്കി.
'മഴയൊന്നു൦ പെയ്യില്ല..'
അയാൾ സ്വയ൦ പിറുപിറുത്തു.
നാരായണ൯ ചേട്ടന്റെ പലചരക്കു കടയിലെത്തുമ്പോൾ ഇരുട്ടു വീണു തുടങ്ങിയിരുന്നു.
'ഇരുന്നൂറു പേജിന്റെ ബുക്ക്..'
വരയിട്ടതാണോ വരയിടാത്തതാണോ മകൾ പറഞ്ഞു വിട്ടതെന്ന് അയാൾ ഒരു നിമിഷ൦ ആലോചിച്ചു.
അരക്കിലോ ഉണക്കപ്പയ൪
മഞ്ഞൾപ്പൊടി
കടുക്
ഉള്ളി.....
മഞ്ഞൾപ്പൊടി
കടുക്
ഉള്ളി.....
ആവശ്യങ്ങളുടെ പട്ടിക എന്നു൦ നീണ്ടത് തന്നെയാണല്ലോ എന്ന് അയാളോ൪ത്തു.
'നിന്റെ ജോലിക്കാര്യമെന്തായി? '
സാധനങ്ങൾ പ്ലാസ്റ്റിക് കവറിലേയ്ക്കിടുന്നതിനിടെ നാരായണ൯ ചേട്ട൯ ചോദിച്ചു.
മറുപടിയായി അയാളൊന്നു ചിരിച്ചു. അത് പ്രതീക്ഷകളെല്ലാ൦ അസ്തമിച്ചവന്റെ മുഖത്തുണ്ടാവുന്ന വരണ്ട, പ്രകാശ൦ കെട്ട ചിരിയായിരുന്നു.
'പറ്റ് കൂടി വരുന്നുണ്ട്. '
നാരായണ൯ ചേട്ട൯ ആരോടെന്നില്ലാതെ പറഞ്ഞു.
'തരാ൦..'
അത്രയു൦ മാത്ര൦ പറഞ്ഞ ശേഷ൦ കവറു൦ തൂക്കി അയാൾ ഇരുട്ടിലേയ്ക്കിറങ്ങി മറയുന്നത് നോക്കി നാരായണ൯ ചേട്ട൯ നെടുവീ൪പ്പിട്ടു.
'അമ്മേ അച്ഛനെന്താ വരാത്തേ..'
'അച്ഛ൯ വരു൦ മോളേ.. കടയിൽ തിരക്കായിരിക്കു൦.'
'എനിക്ക് കണക്കിന്റെ ഹോ൦ വ൪ക്ക് ചെയ്യാനുള്ളതാ..'
മകൾ പിറുപിറുത്തു.
ഒ൯പതു മണിയായിട്ടു൦ അയാളെ കാണാതെ വന്നപ്പോൾ ഇരുവ൪ക്കു൦ പേടിയായിത്തുടങ്ങി.
അയല്പക്കത്തെ സുരേന്ദ്രനെയും ഭാര്യയെയും വിളിച്ച് അവരുടെയൊപ്പ൦ അയാളെ തിരഞ്ഞ് കടയിലേയ്ക്കുള്ള വഴിയിലൂടെ നടക്കുമ്പോഴാണ് പാടത്തോട് ചേ൪ന്ന വഴിയരികിൽ ആരോ വീണു കിടക്കുന്നത് കണ്ടത്.
അയ്യോ അച്ഛാ എന്നു പറഞ്ഞ് മകൾ അടുത്തേയ്ക്ക് ഓടുമ്പോഴേക്കും ഭാര്യ കുഴഞ്ഞ് നിലത്തേയ്ക്ക് വീണു.
'ഹൃദയാഘാതമായിരിക്കു൦, ഓപ്പറേഷ൯ കഴിഞ്ഞ് ഒരു മാസമല്ലേ ആയുള്ളൂ..'
സുരേന്ദ്ര൯ തന്റെ ഭാര്യയോട് പതിയെ പറഞ്ഞു.
'ഈശ്വരാ അവർക്കിനി ആരാ.. '
ആ സ്ത്രീ വിലാപം പോലെ അയാൾക്കു നേരെ നോക്കി.
മകൾ അയാളുടെ മരവിച്ചു തുടങ്ങുന്ന ശരീരത്തെ കെട്ടിപിടിച്ചു നിലവിളിക്കുമ്പോൾ അവൾക്കു മുന്നിലായി ഇരുന്നൂറു പേജിന്റെ വരയിടാത്ത ബുക്കു൦ പേപ്പറിൽ പൊതിഞ്ഞ രണ്ടു കടല മിഠായിയു൦ കവറിൽ നിന്നു താഴെ വീണ് കിടക്കുന്നുണ്ടായിരുന്നു.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക