Slider

എന്റെ ടീച്ചർ

0
എന്റെ ടീച്ചർ
" ഇത് എന്തു മാർക്കാ എന്റെ കുഞ്ഞെ നീ വാങ്ങിയിരിക്കുന്നെ ?? അൻപതിൽ ആറു മാർക്കോ ?? ഇതിനാണോ ഇത്ര കഷ്ടപ്പെട്ട് അച്ഛനും അമ്മയും നിന്നെ പഠിക്കാൻ അയക്കുന്നെ "... അമ്മ സങ്കടത്തോടെ എന്നോട് ചോദിച്ചു ..
എന്റെ ആറാം ക്ലാസ്സിലെ ഓണ പരീക്ഷയുടെ ഇംഗ്ലീഷ് ആൻസർ ഷീറ്റ് ആണ് അമ്മയുടെ കയ്യിൽ ..
അഞ്ചാം ക്ലാസ് വരെ ക്യാറ്റ് ,റാറ്റ് , ബാറ്റ് ഒക്കെ പഠിച്ചീട്ട് ആറാം ക്ലാസ്സിൽ ചെന്നപ്പോൾ മുട്ടക്കാട്ടൻ സ്റ്റോറി കളും പോയംസ് ഉം ഒക്കെ കണ്ടപ്പോൾ തന്നെ എന്റെ കിളി പോയിരുന്നു .അന്നു മുതൽ ഞാൻ കടുത്ത ബ്രിട്ടീഷ് വിരോധി ആയി മാറി .! 1947 ൽ അവർ ഇന്ത്യ വിട്ടു പോയപ്പോൾ കൂട്ടത്തിൽ ഈ ഇംഗ്ലീഷും കൂടി കൊണ്ടുപോകാഞ്ഞത് ഇന്ത്യാക്കാരെ മനപ്പൂർവം ദ്രോഹിക്കാൻ വേണ്ടി തന്നെ ആണെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു .
അമ്മക്ക് സങ്കടം സഹിക്കുന്നില്ല .. കരയുന്നും ഉണ്ട് .
അമ്മൂമ്മ പറഞ്ഞു .." നീ കരയാതെ .. നമുക്ക്‌ ഇവളെ റ്റ്യൂഷനു വിടാം ..വൈകിട്ട്‌ അച്ഛൻ വന്നപ്പോൾ അമ്മ കാര്യം പറഞ്ഞു .. അച്ഛൻ ഭാഗ്യത്തിന് വഴക്ക് ഒന്നും പറഞ്ഞില്ല . അല്ലെങ്കിലും പണ്ടേ വീട്ടിൽ ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്നത് അമ്മയാ.!
പിറ്റേ ദിവസം അച്ഛൻ എന്നെയും കൂട്ടി തങ്കമണി ടീച്ചറിന്റെ വീട്ടിൽ എത്തി .. കാര്യങ്ങൾ എല്ലാം പറഞ്ഞു .
"ക്രിസ്തുമസ് പരീക്ഷക്ക്‌ എങ്കിലും ഇംഗ്ലീഷിന് ഒന്നു ജയിപ്പിച്ചു തരണേ തങ്കമണി " അച്ഛൻ ടീച്ചറോട് പറഞ്ഞു
ടീച്ചർ എന്നെ ഒന്നു നോക്കി .. ചെറുതായി ചിരിച്ചു .. എന്നീട്ടു പറഞ്ഞു .. " ഉറപ്പ് ഒന്നും തരുന്നില്ല നാരായണാ .. ഞാൻ നോക്കട്ടെ "
അച്ഛനു കുറച്ചു സമാധാനം ആയി ..
കയ്യിൽ കരുതിയിരുന്ന പാക്കും വെറ്റിലയും ഒരുരൂപ നാണയവും കൊണ്ട് ടീച്ചറിനു ദക്ഷിണ കൊടുത്തു ഞാൻ ടീച്ചറിന്റെ അടുത്തുള്ള എന്റെ വിദ്യാഭ്യാസം ആരംഭിച്ചു .എന്റെ കാര്യത്തിൽ ടീച്ചർ പ്രത്യേകം ശ്രെദ്ധിച്ചു .കാര്യം ഇംഗ്ലീഷിന്റെ കാര്യത്തിൽ എന്റെ അവസ്ഥ അത്രക്കു പരിതാപകരം ആയിരുന്നു ..അപ്പോഴത്തെ എന്റെ ദയനീയ അവസ്ഥ !!
പതിയെ പതിയെ ഇംഗ്ലീഷ് എനിക്ക് വഴങ്ങി തുടങ്ങി .. ടീച്ചർ ക്ഷമ യോടെ എന്നെ പഠിപ്പിച്ചു .. ചിലപ്പോൾ ഒക്കെ റ്റ്യൂഷൻ ഫീസ് സമയത്തിന് തരാൻ അച്ഛനെ കൊണ്ട് സാധിച്ചിരുന്നില്ല .. ടീച്ചർ ഒരിക്കലും എന്നോട് ചോദിച്ചീട്ടും ഇല്ല . അങ്ങനെ ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞു . സ്കൂൾ തുറന്നു .. ഇംഗ്ലീഷിന് എനിക്ക് അൻപതിൽ മുപ്പത്തി എട്ടു മാർക് . എന്നേക്കാൾ സന്തോഷം ടീച്ചറിന് ആയിരുന്നു .അങ്ങനെ അങ്ങനെ എട്ടാം ക്ലാസ് എത്തി .
വലിയ പരീക്ഷ അടുത്തു .. ആ വര്ഷം ക്ലാസ് തീരും മുൻപേ ഒരു സോഷ്യൽ ( ചെറിയ ഗെറ്റ് ടുഗതർ ..അതിന് നാട്ടിൻ പുറത്തു പറയുന്നത് ) നടത്താൻ കുട്ടികൾ ടീച്ചറോട് പറഞ്ഞു ..സ്റ്റുഡന്റ്സിനെ എല്ലാം കൂട്ടി ഒരു ചെറിയ പരിപാടി . അഞ്ചു രൂപ വീതം ഓരോരുത്തരും കൊടുക്കണം .തീയതി തീരുമാനിച്ചു .
വീട്ടിൽ പറഞ്ഞപ്പോൾ അമ്മ ഒന്നും പറഞ്ഞില്ല .. എനിക്കു മനസിലായി .. പൈസ തരാൻ കാണില്ല !
കുറച്ചൊക്കെ വീട്ടിലെ അവസ്ഥ എനിക്കും മനസിലാകാൻ തുടങ്ങിയിരുന്നു .. ഞാനും നിർബന്ധം പിടിച്ചില്ല
അന്ന് ആയിരുന്നു ആ ദിവസം .. പൈസ കൊടുക്കാത്ത പരിപാടിക്ക് പോകാൻ അഭിമാനം അനുവദിച്ചില്ല .രാവിലെ അമ്പലത്തിൽ പോയപ്പോൾ ടീച്ചറിൻറെ വീടിനു മുൻപിൽ കൂടി പോവാതിരിക്കാൻ പ്രത്യേകംശ്രെദ്ധിച്ചു .. കടയിൽ പോകാൻ അമ്മ പറഞ്ഞപ്പോൾ ദൂര കൂടുതൽ ആണെങ്കിലും ടീച്ചറിന്റ വീടിനു മുൻപിൽ കൂടി അല്ലാതെ വേറെ വഴിയേ പോയി .അങ്ങനെ ആ ദിവസം കഴിഞ്ഞു കിട്ടി
രണ്ടു ദിവസം കഴിഞ്ഞ്‌ ആണ് പിന്നെ ട്യൂഷൻ ഉണ്ടായിരുന്നത് .. ഞാൻ മടിച്ചു മടിച്ചു റ്റ്യൂഷനു പോയി .. വഴിനീളെ ആലോചിച്ചു .. വരാഞ്ഞതിന് എന്തു കാരണം പറയും .. പനി ആയിരുന്നു എന്ന് പറയാം .. ഞാൻ ചെല്ലുമ്പോൾ വേറെ കുട്ടികൾ മിക്കവരും എത്തിയിരുന്നു . ടീച്ചർ ഒന്നും ചോദിച്ചില്ല .. ഭാഗ്യം ! വരാഞ്ഞ കാരണം തിരക്കിയ കൂട്ടുകാരോട് ഞാൻ പറഞ്ഞു .. "പനി അയിരുന്നു"
ക്ലാസ് കഴിഞ്ഞു .. എല്ലാവരും പോകാൻ ഇറങ്ങി . ടീച്ചർ എന്നെ അകത്തോട്ടു വിളിച്ചു ..വരാഞ്ഞതിനു കാരണം തിരക്കി .. ഞാൻ വീണ്ടും ആവർത്തിച്ചു " പനി ആയിരുന്നു "
ടീച്ചർ എന്നെ ഒന്നു നോക്കി .. അകത്തു പോയി ഒരു പൊതിയും ആയി വന്നു .. "ഇതു ഞാൻ നിനക്കു വേണ്ടി എടുത്തു മാറ്റി വെച്ചതാ .. വീട്ടിൽ കൊണ്ടുപോയി അനിയനും കൊടുക്കണം കേട്ടോ "
എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു . ഞാൻ അടക്കി . ടീച്ചർ പറഞ്ഞു " നന്നായി പരീക്ഷ എഴുതണം .. നീ നന്നായാൽ അച്ഛന്റേം അമ്മയുടെയും കഷ്ടപ്പാട് എല്ലാം മാറും "
ആ പൊതിയിൽ കുറച്ചു മധുര പലഹാരങ്ങളും മിക്ച്ചറും ഒക്കെ ആയിരുന്നു ..അനിയനും ആയി പങ്കു വെച്ചു കഴിച്ചു ..
വർഷങ്ങൾ കടന്നു പോയി .. പത്താം ക്ലാസ്സോടെ ടീച്ചറിന്റെ റ്റ്യൂഷൻ ക്ലാസ്സിനോട് വിട പറഞ്ഞു .. എന്റെ അനിയനും അവിടെ തന്നെ പത്താം ക്ലാസ് വരെ പഠിച്ചു .. പിന്നീട് പഠിത്തം .. ജോലി .. ചെന്നൈ .. അബുദാബി .. മസ്കറ്റ് ...
എല്ലാ വർഷവും അവധിക്കു ചെല്ലുമ്പോൾ ഞങ്ങൾ മുടങ്ങാതെ ടീച്ചറെ കാണാൻ പോവും ..
ഇപ്പൊൾ ടീച്ചർ ക്ലാസ് ഒന്നും എടുക്കാറില്ല ..മകന്റെ കൂടെ സന്തോഷത്തോടെ കഴിയുന്നു .
എന്റെ മകനെ എഴുത്തിന് എരുത്തേണ്ട
( വിദ്യാരംഭം ) സമയം ആയപ്പോൾ ഞാൻ ടീച്ചറോട് അവനെ എഴുത്തിന് ഇരുത്താമോ എന്ന് ചോദിച്ചു .. " ഞാൻ വേണോ ?? എന്നെ കാൾ വിദ്യാഭ്യാസവും അറിവും ഉള്ള വളരെ പേർ ഇവിടെ ഉണ്ടല്ലോ .. നമുക്ക്‌ അവരെ ആരെക്കൊണ്ടെങ്കിലും എഴുതിച്ചാൽ പോരെ ??" ടീച്ചർ ചോദിച്ചു
ഞാൻ നിർബന്ധം പിടിച്ചു .. ഒടുവിൽ ടീച്ചർ സമ്മതിച്ചു .. കഥകൾ ഒക്കെ മുൻപേ അറിയാമായിരുന്ന എന്റെ ഭർത്താവു സഞ്ജു വിനും നൂറു വട്ടം സമ്മതം . അങ്ങനെ ഹരിക്കുട്ടൻ ടീച്ചർ അമ്മൂമ്മ യുടെ മടിയിൽ ഇരുന്ന് ആദ്യമായി ഹരി ശ്രീ കുറിച്ചു ...
ഇന്നത്തെ കുട്ടികൾ ജീവിചുരിക്കുന്ന ടീച്ചർക്ക് റീത്തു വച്ചും .. ഇരട്ട പേരു വിളിച്ചു അധിക്ഷേപിച്ചും ആർത്തു ചിരിക്കുമ്പോൾ ഞാൻ 'എന്റെ ടീച്ചറെ ' ഓർക്കും .. എന്നെ പഠിപ്പിച്ച എല്ലാ ഗുരുക്കൻമാരെയും ഓർക്കും ..എന്നെ പോലെ ഉള്ളവർക്ക് നല്ല ഭാവി ഉണ്ടാകാൻ അവർ പെട്ട കഷ്ടപ്പാടുകൾ ഓർക്കും .. നന്ദിയോടെ !
വന്ദന
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo