Slider

ഒരു ഹെന്നസെയുടെ കഥ!!

0
ഒരു ഹെന്നസെയുടെ കഥ!!
---------------------------
ഭാര്യയുടെ വകയിലൊരമ്മാവനും കുടുംബത്തിനും പത്മനാഭ സ്വാമി ക്ഷേത്രം കാണണമെന്ന ആഗ്രഹം കലശലായിട്ട് കുറച്ച് കാലമായി. ഇവിടെ വന്ന് ദർശനം നടത്തിയാല്‍ മാത്രം പോര, കിഴക്കേ നടയില്‍ നിന്നും ഒരു ലോട്ടറി ടിക്കറ്റും എടുക്കണമത്രെ.
പലവുരു ആവശ്യം അറിയിച്ചെങ്കിലും, ഞാന്‍ സ്ഥലത്തില്ലെന്നൊക്കെ ഭാര്യ ഒഴിവ്‌ കഴിവ് പറഞ്ഞ് നിന്നു. ഇപ്രാവശ്യം ഞാന്‍ പെട്ടിയും കിടക്കയും എടുത്ത് ചൈനയില്‍ നിന്നും വന്നതറിഞ്ഞ് അമ്മാവന്‍ പിന്നേയും ഉഷാറായി. ഒരു നല്ല കാര്യത്തിനല്ലെയെന്ന് ഭാര്യയെ പറഞ്ഞ് ആശ്വസിപ്പിച്ചു വരാന്‍ സമ്മതിച്ചു.
മൂന്നാം നാള്‍ കാലത്ത് അഞ്ച് മണിക്ക് അമ്മാവന്റെ ഫോണ്‍, തമ്പാനൂര്‍ റെയില്‍‌വേ സ്റ്റേഷനില്‍ നിന്നും. ഭാര്യ ഫോണ്‍ എന്റെ കയ്യില്‍ തന്നിട്ട് പറഞ്ഞു ഒരു നല്ല കാര്യത്തിനല്ലെ പോയി പിക്ക് ചെയ്ത് കൊണ്ട് വരു.
"നീ വരുന്നില്ലെ.. ഞാനവരെ എങ്ങനെ തിരിച്ചറിയും, ഒരിക്കലെങ്ങാട്ടെ അവരെ ഞാന്‍ കണ്ടിട്ടുള്ളു" ഞാന്‍ ലുങ്കി മാറ്റി പാന്റ്സ് ഇടുന്നതിനിടയില്‍ ചോദിച്ചു.
"അമ്മാവനു ഒരിക്കല്‍ കണ്ടാല്‍ മതി, പിന്നെ മറക്കില്ല. നിങ്ങളേ അവര്‍ തിരിച്ചറിയും, ആകെ ഒരല്പം കൂടൂതല്‍ ഉറങ്ങാന്‍ കിട്ടുന്നത് ശനിയും ഞായറുമാണു... ഇന്നും അഞ്ച് മണിക്ക് എഴുന്നേല്ക്ക്കാൻ എന്നെ കിട്ടില്ല, ഡോര്‍ പൂട്ടി താക്കോല്‍ കൊണ്ടു പൊയ്ക്കോളു.. തിരികെ വന്നു ബെല്ലടിച്ച് എന്റെ ഉറക്കം കളയണ്ട".
അത്രയും പറഞ്ഞ് അവള്‍ പുതപ്പ് വലിച്ച് മൂടി.
ഒൻപത്‌ മണിയോടു കൂടി അമ്മാവനും ഭാര്യയും പതിനേഴു വയസ്സുള്ള മകളും കുളീച്ച് നെറ്റി നിറച്ച് വിഭൂതിയും പൂശി, ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞ്, ഒരു വലിയ മഞ്ഞ സഞ്ചിയില്‍ നിന്നും ഞങ്ങൾക്ക്‌ വേണ്ടി കൊണ്ടു വന്ന മധുരപലഹാരങ്ങള്‍ നിരത്തി . ഞാനതില്‍ ഒരെണ്ണത്തില്‍ നിന്നും ഒരല്പം ടേസ്റ്റ് ചെയ്തിട്ട് ബാക്കിയുള്ളത് നിരസിച്ച് കൊണ്ട് പറഞ്ഞു "മധുരവും നെയ്യും അധികം കഴിക്കില്ല, അത്യാവശ്യത്തിനു കൊളസ്റ്റ്രോള്‍ ഉണ്ട്, ഷുഗര്‍ ബോർഡറിലാണു".
"പറവായില്ല മാപ്പിളൈ.. ചുമ്മാ സാപ്പിട്" അമ്മാവന്‍ പ്രോത്സാഹിപ്പിച്ചു.
ചുമ്മാ കിട്ടുന്നതെന്നും പറഞ്ഞ് സാപ്പിടാന്‍ പറ്റുമോ കാരണവരെ എന്നു മനസ്സില്‍ പറഞ്ഞ് കൊണ്ട് ഞാന്‍ ചോദിച്ചു
" അമ്പലത്തില്‍ പോകാമല്ലൊ അല്ലെ? രാവിലെ പതി നൊന്നര വരെ ദർശനം ഉണ്ട്, അല്ലെങ്കില്‍ വൈകിട്ട് നാലു മണി മുതല്‍, രാവിലെ പോയി തൊഴുത് വന്നാല്‍ ഉച്ചക്ക് ഊണും കഴിഞ്ഞ് നാലരക്കുള്ള അനന്ത പുരിയില്‍ ചെന്നൈക്ക് തിരികെ പോകാം".
"അവസരമില്ലൈ മാപ്പിളൈ, നാലു നാള്‍ ഇങ്കെ തങ്ങി എല്ലാം പാത്ത് പോകലാമെ, ഉങ്കൈ മൂത്ത പയ്യന്‍ പൊറന്ന നാള്‍ മുതല്‍ ഇങ്കൈ വന്ന് ഒരു വാരം തങ്ങി ഇന്ത അമ്മാവുക്ക്‌ പിടിച്ചതെല്ലം ശമയില്‍ പണ്ണി കൊടുക്കാന് വൈജയന്തിക്ക് റൊമ്പ ആസയായിരുന്നു, ഇപ്പോ കൊളന്ത മൂന്ന്, ഇപ്പ താന്‍ ഒരു അവസരം കെടച്ചിരിക്ക്, അപ്പടിതാനാ ജയന്തി... " അമ്മാവന്‍ ഭാര്യ വൈജയന്തിയെ നോക്കികൊണ്ട് പറഞ്ഞ് നിര്ത്തി .
"ആമാ ങ്കെ" ഭാര്യ വൈജയന്തി നിറഞ്ഞ് വന്ന കണ്ണുനീര്‍ തുടച്ച് കൊണ്ട് പറഞ്ഞു.
ഒരു ദീർഘ നിശ്വാസം വിട്ട് അമ്മാവന്‍ കണ്ടിന്യൂഡ്.."ചിന്ന വയസ്സിലു എവളം ഒക്കത്ത് വച്ചു നടന്തിറിക്കുന്നു, അത് ഞാപകമിറുക്കാ മ്മാ"
ഇത് കേട്ടതും ഒക്കത്തിരുന്ന എന്റെ ഇളയ മകളേ നുള്ളിക്കരയിച്ച് ഭാര്യ താരാട്ടും പാടി അകത്തേക്ക് പോയി. അമ്മാവന്‍ പിന്നേയും ഒന്നു നിശ്വസിച്ചിട്ട് ഇടത് വശത്തെ അരക്കെട്ടിനു മുകളിലായി ബനിയന്‍ അല്പം പൊക്കി നോക്കിയിരുന്നു. അത് പണ്ട് എന്റെ ഭാര്യയെ എടുത്ത് നടന്നു ഉണ്ടായ തഴമ്പിൽ നോക്കി ഓർമ്മകൾ അയവിറക്കുകയായിരിക്കും എന്നു ഞാന്‍ ഊഹിച്ചു.
ഒന്നാം ഘട്ട മെലോഡ്രാമാ കഴിഞ്ഞ്, അമ്മാവനും കുടുംബംവും എന്റെ വീടും പരിസരവും കാണാനിറങ്ങി. അരുമായാനയിടം, അമ്മാവന്റെ മകള്‍ ശാലിനി യെ കേരളാവില്‍ കല്ല്യാണം കഴിച്ച് കൊടുത്താല്‍ ശിഷ്ട ജീവിതം കേരളത്തിലാകാം എന്ന കാരണവര്‍ അഭിപ്രായപ്പെട്ടിട്ട് ഭാര്യ വൈജയന്തിയെ നോക്കി.
"കണ്ടിപ്പാ.. അശോക് മാതിരി ഒരു മാപ്പിളൈ കിടച്ചാല്‍ പാപ്പാവെ ഇങ്കെ താന്‍ കല്യാണം പണ്ണി വയ്ക്കണ്ണം" വൈജയന്തി മാല കൂട്ടി ചേർത്തു .
ഞാനൊന്നു ഞെട്ടി...എന്റെ ഗതി മറ്റൊരു മലയാളിക്ക് വരല്ലേയെന്ന് മൗനമായി പ്രാര്ത്ഥി ച്ചു.
"മാപ്പിളൈ, ഉങ്ക ചിത്തപ്പാ, ചിത്തി പശങ്ങളെല്ലാം കല്യാണം മുടിച്ചിറിക്കാ"? അമ്മാവന്‍ ചോദ്യം ചോദിച്ച് മുഖത്ത് നോക്കി നിന്നു, ഉടന്‍ ഉത്തരം വേണമെന്ന് മട്ടില്‍.
"ഇല്ല മാമാ... അവരാരും കല്യാണം പണ്ണമാട്ടെ... സന്യാസിയായി മഠത്തില്‍ ചേരാന്‍ പോകുന്നു?
"ഏതു മഠം"? അമ്മാവന്‍ തൃപ്തനാവാതെ.
"ശിവഗിരി മഠം, അത് താനെ പക്കത്ത്" ഞാന്‍ അമ്മാവനെ തൃപ്തനാക്കാന്‍ ശ്രമിച്ചു.
"അപ്പടിയാ" കാരണവര്‍ നിരാശയോടെ മുഖം തിരിച്ചു.
പുറത്തൊക്കെ കറങ്ങി അതിഥികള്‍ വീണ്ടൂം അകത്ത് വന്നു, അമ്മാവന്‍ എന്നെ രഹസ്യമായി അടുത്തേക്ക് വിളിച്ചിട്ട് ചെവിയില്‍ പറഞ്ഞു, " മാപ്പിളൈ... ഉങ്കളു നല്ല ശമയില്‍ പണ്ണുമെന്ന് കേൾവിപ്പെട്ടിരിക്കെൻ... ബീഫ് ഒലത്തിയത് ഉങ്കളുടെ സ്പെഷ്യല്‍ ഐറ്റം താനെ"
"ഒലത്തിയതല്ല, ഉലർത്തിയയത്‌" ഞാന്‍ തിരുത്തി.
"ഏതാച്ചും ബീഫ് താനെ... കൊഞ്ചം പണ്ണു ങ്കോ, റൊമ്പ നാളാച്ച് നല്ല ബീഫ് സാപ്പിട്ട്"
അതിഥി ദേവോ ഭവ:
മാർക്കറ്റിൽ നിന്നും ബീഫുമായി അടുക്കളയിലെത്തി പരിപാടി ആരംഭിച്ചപ്പോള്‍ ഭാര്യ രൂക്ഷമായി നോക്കികൊണ്ട് ചോദിച്ചു
"ഇപ്പോഴുള്ള കൊളസ്റ്റ്രോളും ഫാറ്റി ലിവറും പോരെ"
"ഇതെനിക്കല്ല, നിന്റെ അമ്മാവന്‍ ഇന്നു ഉച്ചക്ക് ബീഫ് ഒലത്തിയത് കൂട്ടിയെ കഴിക്കുള്ളുന്നു"
"എന്നാല്‍ ഒലത്തി വിളമ്പ്, നല്ല കാര്യത്തിനു വന്നതല്ലെ"? അത്രയും പറഞ്ഞ് ഒരു ഉള്ളി പോലും അരിഞ്ഞ് തരാതെ അവള്‍ സ്ഥലം കാലിയാക്കി.
കുക്കറില്‍ വേവിച്ച ബീഫ് ഇരുമ്പ് ചട്ടിയിലേക്ക് മാറ്റി മസാലയും മറ്റും ചേര്ത്ത് വരട്ടിയെടുക്കാന്‍ തുടങ്ങിയപ്പോള്‍, കാരണവര്‍ അടുക്കളയില്‍ ഹാജര്‍.
"എന്നാ പ്രമാഥം... നല്ല സ്മെല്‍ മാപ്പിളൈ, കൊഞ്ചം കൊടൂങ്കെ ടേസ്റ്റ് പാക്കട്ടും"
നല്ലൊരു പീസെടുത്ത് കിളവന്റെ കൈവെള്ളയില്‍ വച്ച് കൊടുത്തു, ചൂട് സഹിക്കാനാകാതെ അമ്മാവനത് വായിലിട്ട്, നാക്ക് വെന്തപ്പോള്‍ വീണ്ടും കൈ വെള്ളയിലേക്ക് തുപ്പി, "വെരി ഹോട്ട് തമ്പി". ആക്രാന്തം കൊണ്ടല്ലെ, അണ്ണാക്കുവരെ വെന്തു പോകട്ടെയെന്ന് ഞാനും കരുതി.
പോത്തിറച്ചിയുടെ രുചി പിടിച്ച കാരണവര്‍ എന്റെ ചെവിയില്‍ മെല്ലെ ചോദിച്ചു "ബീഫ് മട്ടും താന്‍ ഇറുക്കാ... "
"ഇല്ല മാമാ... ചോറും കപ്പയും ഉണ്ട്"
" അതല്ല തമ്പി, എൻജോയ്മെന്റിനു ഏതാവത്‌ ഇറുക്കാ"
"പുറിയില്ലൈ, ഓപ്പണായി കേളുങ്കെ".. ഞാൻ ബീഫിൽ മല്ലിയില തൂകികൊണ്ട്‌ പറഞ്ഞു.
"സറക്കിരുക്ക"?
"ചരക്ക! എന്നാ മാമാ ഇന്തമാതിരി കേൾവി കേക്കതെ, ഞാൻ അന്തമാതിരി ആളു കെടയാത്‌,,, കുടുംബത്തിപിറന്നവൻ"
"അതല്ല മാപ്പിളൈ, ബീഫ് ഡൈജസ്റ്റ് ആകുന്നതുക്ക്, എതാവത് ഹോട്ട്".
എനിക്ക് കാര്യം മനസ്സിലായി, ഞാന്‍ ചോദിച്ചു "ഉങ്കളു ശാപ്പിടുമ"
കിളവന്‍ കുലുങ്ങി ചിരിച്ച് കൊണ്ട് തലകുലുക്കി.
ഞാന്‍ രണ്ട് ഗ്ലാസ്സിലേക്ക് സാധനം പകർന്നു, ഐസ് ക്യൂബ്സ് ഇട്ടപ്പോള്‍ തടഞ്ഞു, 'പോതും" ഒറ്റവലി, കൂമ്പ് വാടുന്ന രീതിയില്‍ ഒരു പെഗ് കാരണവരുടേ ആമാശയത്തില്‍. കാലിയായ ഗ്ലാസ്സില്‍ അമ്മാവന്‍ തന്നെ വീണ്ടും നിറച്ച്, വെള്ളവും മിക്സ് ചെയ്ത്‌ മാറ്റി വച്ചു, എന്നിട്ട് ചോദിച്ച്... "നല്ലാരിക്ക് തമ്പി, ഫസ്റ്റ് ടൈം താന്‍ ഇന്ത ഐറ്റം".
"ഇത് കോണ്യാക്, ഹെന്നസി.. മാമാ.."
"ഓഹ് അപ്പടിയാ..നാന്‍ നെനച്ചെ"
അത്രയും പറഞ്ഞ് രണ്ടാമത്തെ ഗ്ലാസ്സും ഉള്ളീലാക്കി, ചട്ടിയില്‍ നിന്നും ഒരു പീസ് ബിഫും ചൂടോടെ ആമാശയത്തിലേക്ക് അകമ്പടി സേവിച്ചു. ഞാനെന്റെ ഗ്ലാസെടുത്ത് സിപ് ചെയ്ത്, ഒരല്പം അരപ്പ് തൊട്ട് നാക്കില്‍ തേച്ചു..
മൂന്നാമത്തെ പെഗ് കാലിയാക്കി കാരണവരലറി, "വൈജയന്തീ.. കൊഞ്ചം ഇങ്ക വാങ്കോ"
വൈജയന്തിയും വാലുപോലെ ശാലിനിയും ഹാജര്‍. "പാറ് വൈജയന്തി, മാപ്പിളൈ എന്ന വച്ചിറുക്ക്" അത്രയും പറഞ്ഞ് ഒരു ഗ്ലാസ്സെടുത്ത് അര ഗ്ലാസ്സ് ഹെന്നസ്സിയും അരഗ്ലാസ്സ് വെള്ളവും ചേർത്ത്‌ ഭാര്യയ്ക്ക് സമ്മാനിച്ചു. ഭാര്യ അത് നാരങ്ങാ വെള്ളം കുടിക്കുമ്പോലെ കുടിച്ച്, ചിറിയും തുടച്ച് ചുണ്ട് വക്രിച്ച് നിന്നപ്പോള്‍ ഒരു കഷണം ബീഫ് എടുത്ത് ഭാര്യയുടേ വായില്‍ വച്ചു കൊടുത്തു. അതും ചവച്ചു കൊണ്ട് അമ്മായി ചോദിച്ചു 'എന്നാ തമ്പി ഇത്, ദ്രാക്ഷെ ജ്യൂസ് മാതിരിയിരിക്ക്"
"ഗ്രേപ് ജ്യൂസ് കെടയാത് തങ്കം, ഇത് നല്ല സരക്ക്" അമ്മാവന്‍ തിരുത്തി.
"അപ്പടിയാ..ഒരു ഗ്ലാസ്സ് കൂടി ഊത്തുങ്കെ... ശാലിനി, ടേസ്റ്റ് പാറ് പാപ്പാ" ഭാര്യയെ അക്ഷരം പ്രതി അനുസരിച്ച് കിളവന്‍ ഹെന്നസി ഭാര്യക്കും മകൾക്കും വേണ്ടി ഗ്ലാസ്സുകളിലേക്ക് ചരിച്ചു. . കിളവനും കുടുംബവും എന്റെ ഒരു ഫുള്‍ ബോട്ടില്‍ ഹെന്നസിയില്‍ ഊത്തും വായനയും തുടര്ന്നു . ഇതിനിടയില്‍ വൈജയന്തി പറഞ്ഞു ,
"പാറുങ്കെ ഇങ്ക കമ്മ്യൂണിസ്റ്റ് ഭരണം, അതിനാല്‍ നല്ല സരക്ക് കിടക്കും, തമിള് നാട്ടില്‍ അമ്മ സരക്ക് താനെ കെടക്കണത്"
"ഇത് ഫോറിന്‍ സരക്ക് ചെല്ലം",
അമ്മാവന്‍ റൊമാന്റിക്കായി തുടങ്ങി. സംഗതി തലക്ക് പിടിക്കാന്‍ തുടങ്ങിയെന്ന് മനസ്സിലാക്കി ഞാന്‍ തടയിടാന്‍ പാഴ ശ്രമം നടത്തി. പക്ഷെ അമ്മായുടേ അഭിപ്രായം മറ്റൊന്നായിരുന്നു,
"എന്ന തമ്പി ഇത് ഡ്യൂപ്ലിക്കേറ്റാ.. എവളം സാപ്പിട്ടാലും തലക്ക് ഏറമാട്ടെയ"?
"അങ്ങനെയല്ല, ഇത് കൊഞ്ചം കൊഞ്ചം താന്‍ ഏറും".. ഞാനതിന്റെ ഗുണനിലവാരം പറഞ്ഞ് കൊടുത്തു.
തേങ്ങാ വിഴുന്നത് പോലൊരു ശബ്ദം കേട്ടാണു ഞാന്‍ ബെഡ് റൂമില്‍ നിന്നും പുറത്ത് വന്നത്. ലിവിങ്ങ് റൂമിന്റെ ഒത്ത നടുവില്‍ അമ്മായി മലര്ന്നു കിടക്കുന്നു. വെറുതെ കിടക്കുവല്ല, രാവിലെ കഴിച്ച ദോശയും സാമ്പാറും അവസാനം കഴിച്ച ബീഫ് വരെ തലക്ക് ചുറ്റും ഒരു കിരീടം പോലെ പരന്നു കിടപ്പുണ്ട്. അമ്മാവന്‍ ഒരു കസേരയില്‍ കഴുത്തൊടിഞ്ഞ പോലെ തലയും ആട്ടി ഇരിക്കുന്നു,
ശാലിനി "അമ്മാ അമ്മാ നീ എങ്കെ യമ്മാ , ഒന്നെ വിട്ടാ എനിക്ക് യാരു അമ്മ" എന്ന തമിഴ പാട്ടിന്റെ ശൈലില്‍ അമ്മാ അമ്മാ യെന്ന് നീട്ടി വിളിക്കുന്നു.
ഞാന്‍ ഓടിചെന്ന് ഭാര്യയെ വിളിച്ചു, അവള്‍ ഇന്ത്യാക്കാരിയല്ല എന്ന ഭാവത്തില്‍ എന്റെ ഭാഷ മനസ്സിലാകാത്തവളേ പോലെ ഒഴിഞ്ഞു പോയി, അടുക്കളയില്‍ ചെന്ന് സഹായിക്കാന്‍ നില്ക്കു ന്ന വൽസല ആന്റിയെ നോക്കി, കുഞ്ഞിനെ കുളിപ്പിക്കാൻ എന്ന വ്യാജേന മോളെയും എടുത്ത് പുറത്തേക്ക് നടന്നു.
ഞാൻ അടുക്കളയിലിരുന്ന ഹെന്നസിയുടേ ബോട്ടിലില്‍ നോക്കി, അതിലിനി വെള്ളമൊഴിച്ച് റോസാപൂ ഇട്ട് വയ്ക്കാനെ കൊള്ളത്തുള്ളു.
ഞാന്‍ പെട്ടെന്ന് സനോജ് ഡാനിയലിനെ ഓർത്തു. ഒരു ഹെന്നസി ബോട്ടിലും കൊണ്ട് വെളുപ്പിനു അഞ്ച് മണിക്ക് എയര്‍ പോര്ട്ടി ല്‍ നിന്നും നേരെ വീട്ടില്‍ വന്ന് ഗിഫ്റ്റ് ആയി തന്നിട്ട് എന്നെ ഉപദേശിച്ചു. ഇത് മുഴുവന്‍ ഒറ്റ ഇരുപ്പില്‍ ഇരുന്ന് കുടിച്ച് വൈഫിനോട് വഴക്കൊന്നും ഉണ്ടാക്കരുത്. എങ്കിലും എന്റെ സനോജെ,,, നിന്റെ വാക്കുകള്‍ ഏകദേശം അറം പറ്റി, കാര്യമായിട്ട് ഒന്നു മണത്ത് നോക്കാന്‍ കിട്ടിയില്ലെങ്കിലും... ഭാര്യയോട് ഒരു വഴക്കിനു ഈ ഹെന്നസി ധാരാളം.
(അശോക്‌ വാമദേവൻ)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo