Slider

സ്മേരൻ

0
സ്മേരൻ
...................
കുറച്ചു നാൾ മുമ്പ് എഴുതണമെന്നു കരുതിയ ഒരു കാര്യമാണ്. പിന്നെ എന്തോ മടിച്ചു. മനസ്സ് നിറയുന്ന ചില നിമിഷങ്ങൾ നമ്മൾ എത്രയൊക്കെ മാറ്റി നിർത്തിയാലും വീണ്ടും തിരിച്ചു വരുക തന്നെ ചെയ്യും. എന്റെ സ്വകാര്യ എഴുത്തുകളുടെ കൂട്ടത്തിൽ ഒന്നു കൂടി!
ഞാൻ ഒരു ബയോകെമിസ്റ്റാണ്. ജോലി ചെയ്യുന്നത് ഒരു ക്യാൻസർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ്. ജീവിതം എത്ര നിസാരമാണ് എന്നു തിരിച്ചറിയുന്ന ഒരു പാട് സന്ദർഭങ്ങൾ ജോലിക്കിടയിൽ ഉണ്ടായിട്ടുണ്ട്. നൊമ്പരപ്പെടുത്തുന്ന നിരവധി മുഖങ്ങളും കഥകളും കണ്ണിനു മുന്നിലൂടെ കടന്നു പോയിട്ടുമുണ്ട്. എങ്കിലും കഴിഞ്ഞ ഒരു ദിവസത്തെ ചെറിയ ഒരു അനുഭവം എന്നെ ആഴത്തിൽ സ്പർശിച്ചിരുന്നു.
അന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ കാൻറീനിൽ ഇരിക്കുമ്പോഴാണ് ഞാൻ അവനെ ആദ്യമായും അവസാനമായും കാണുന്നത്. സ്മേരൻ എന്നാണ് അവന്റെ പേര്. നാല് വയസ് പ്രായമുണ്ടെന്ന് പിന്നീട് അവന്റെ അമ്മ പറഞ്ഞ് അറിഞ്ഞു.പക്ഷേ കാഴ്ചയിൽ അത്രയും തോന്നില്ല. വല്ലാതെ ശോഷിച്ച ശരീരം.എന്റെ തൊട്ടുമുമ്പിലെ ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു അവനും അമ്മയും. കുറച്ച് പ്രാകൃതമായ വേഷം. ആ കുട്ടിക്ക് സംസാരിക്കാനുള്ള കഴിവ് ഇല്ലെന്ന് കുറച്ച് നേരം അവരെ ശ്രദ്ധിച്ചപ്പോൾ മനസ്സിലായി. മുഖത്തിന്റെയും പെരുമാറ്റത്തിന്റേയും പ്രത്യേകതകൾ കൊണ്ട് അത് ഒരു ബുദ്ധി മാദ്ധ്യമുള്ള കുട്ടിയാണെന്ന് എനിക്കു തിരിച്ചറിയാൻ കഴിഞ്ഞു. അപ്പോൾ ആ കുഞ്ഞു മുഖത്ത് ഒരു പുഞ്ചിരി വിടർത്തണമെന്ന് എനിക്ക് വെറുതെ തോന്നി. സത്യസന്ധമായി പറഞ്ഞാൽ സ്നേഹത്തേക്കാൾ ഉപരി സഹതാപമാണ് എനിക്ക് അപ്പോൾ ഉണ്ടായിരുന്ന വികാരം എന്ന് തുറന്ന് പറയട്ടെ.
ഒരു കുഞ്ഞിനെ സന്തോഷിപ്പിക്കുവാൻ വളരെ എളുപ്പമാണ്. ഒരു ചെറിയ ബിസ്കറ്റ് പാക്കറ്റിന് അവനെ ഈ ലോകത്തെ എറ്റവും സന്തോഷവാനാക്കാൻ കഴിയും. ഞാൻ അവന്റെ ടേബിളിനടുത്തേക്ക് ചെന്ന് ചിരിച്ചു കൊണ്ട് സംസാരിച്ചു. അവൻ അപരിചിതത്വത്തോടെ ഭയം നിറഞ്ഞ കണ്ണുകളുമായി എന്നെയും അമ്മയെയും മാറി മാറി നോക്കി. ഞാൻ വേഗം ബിസ്കറ്റ് നീട്ടി. പക്ഷേ അവൻ വാങ്ങാതെ മടിച്ചു നിന്നു. ഡ്യൂട്ടിക്ക് സമയമായതിനാൽ എനിക്ക് തിരക്കുണ്ടായിരുന്നു. അതു കൊണ്ട് ഞാൻ അത് ടേബിളിനു മുകളിൽ വച്ചിട്ട് അവനോട് എടുത്തോളാൻ പറഞ്ഞ് പോവാനൊരുങ്ങി. പക്ഷേഎന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ കുട്ടി ബിസ്കറ്റ് തിരിച്ചു എന്റെ നേരെ നീട്ടി കൊണ്ടു പോയ്ക്കോളാൻ ആംഗ്യം കാണിച്ചു. ഞാൻ വല്ലാതെയായി. അതു മനസ്സിലാക്കിയിട്ടെന്നോണം അവന്റെ അമ്മ എന്നെ സമാധാനിപ്പിച്ചു. ആര് എന്ത് കൊടുത്താലും വാങ്ങരുത് എന്ന് അവനോട് അവർ പറഞ്ഞിട്ടുണ്ടത്രേ. നാലു വയസ്സുള്ള ബുദ്ധി വൈകല്യമുള്ള ആ കുട്ടിയുടെ അത്രയും മര്യാദയും അഭിമാനമുള്ള വേറൊരാളെ ഞാൻ കണ്ടിട്ടില്ലെന്ന് തോന്നി. പിന്നെ ഞാൻ ഒരു പാട് നിർബന്ധിച്ച് ആ ബിസ്കറ്റ് അവന്റെ കയ്യിലുള്ള ഒരു പ്ലാസ്റ്റിക് കവറിലിട്ടു കൊടുക്കുമ്പോൾ അവൻ പ്രതിഷേധിക്കുന്നുണ്ട്. എന്റെ നേരെ കൈ ചൂണ്ടി ആ ബിസ്കറ്റ് എന്റെയാണെന്നും തിരിച്ചും കൊടുക്കണമെന്നും ആംഗ്യ ഭാഷയിലൂടെയും ചെറിയ എന്തൊക്കെയോ ശബ്ദങ്ങളുണ്ടാക്കി അവൻ അമ്മയെ ശാസിക്കുന്നു. പക്ഷേ അതിനിടയിലും നന്ദിയും സ്നേഹവും നിറഞ്ഞ നോട്ടങ്ങൾ എനിക്ക് സമ്മാനിക്കുന്നുമുണ്ട്. അപ്പോൾ അല്പം വൈരൂപ്യമുള്ള പല്ലുന്തിയ ആ കുഞ്ഞിന്റെ മുഖത്ത് കണ്ട അത്രയും സുന്ദരമായ ചിരി ഞാൻ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല എന്നത് സത്യമാണ്.
കാൻറീനിൽ നിന്ന് ധൃതിയിൽ പോവുന്നതിനിടയിൽ ഒരിക്കൽ കൂടി ഞാൻ ആ കുഞ്ഞിനെ തിരിഞ്ഞു നോക്കിയിരുന്നു. ആ കാഴ്ചയുടെ ഭംഗി മുഴുവൻ ഇന്നും എന്റെ ഹൃദയത്തിലുണ്ട്. അവനെക്കുറിച്ച് സ്നേഹത്തോടും ആദരവോടും കൂടിയല്ലാതെ ഓർക്കാൻ കഴിയില്ല. പിന്നീട് ഞാനവനെ കണ്ടിട്ടില്ല. ഇനി കാണരുത് എന്ന് എന്തുകൊണ്ടോ തോന്നുന്നു. ഒരു പക്ഷേ അടുത്ത തവണ കാണുമ്പോൾ ഏതവസ്ഥയിലായിരിക്കും എന്നറിയില്ല. മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയ ഒരു ചിത്രമുണ്ട്. കുഞ്ഞു കണ്ണുകളിൽ അഭിമാനവും സ്നേഹവും നിറച്ച് പുഞ്ചിരിക്കുന്ന ഒരു മുഖം. കുഞ്ഞേ, അത് എന്നും അങ്ങനെ തന്നെ ഇരിക്കട്ടെ….!

Resmi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo