Slider

അവൾ അനിത

0
അവൾ അനിത
-----------------------
ദശകങ്ങളുടെ ഇടവേളകൾക്കു ശേഷം അനിതയെ വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരിക്കലും ഇങ്ങനെ ഒരു കൂടിക്കാഴ്ച ഉണ്ടാകുമെന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ഉടലിനു ചുറ്റും വാരിപുതച്ച സാരിയിൽ അധികരിച്ച പ്രായമുള്ള സ്ത്രീയായി മാറിയിരുന്നു. നെടുകെ ചാലിട്ടു ഇരുവശത്തേക്കും കോതിയൊതുക്കിയ മുടികൾക്കിടയിൽ എത്തിനോക്കുന്ന വെള്ളിരോമങ്ങൾ. ചെറിയ തോതിലുള്ള മങ്ങിച്ചയുണ്ടങ്കിലും സൗന്ദര്യത്തിനു ഇപ്പോഴും ഒരു കോട്ടവും ഇല്ല. നിഷ്കളങ്കതക്കു പകരം തന്നിലേക്ക് ആഴ്ന്നിറങ്ങിയ ഗൗരവം മാത്രം മുഖത്ത്. മാറ്റമില്ലാത്ത മെലിഞ്ഞ ഉടലാണ് ഇപ്പോഴും.
ഈ കഴിഞ്ഞ വാരാന്ത്യത്തിലെ വിശ്രമവേളയിലാണ് അവളുടെ ഫേസ് ബുക്കിലൂടെ ഫ്രണ്ട് റികോസ്റ്റും,മെസ്സേജും കിട്ടുന്നത്. രണ്ടു വാരി മാത്രം''കാണണം .. സംസാരിക്കണം ... ' പിന്നെ കാണാനും ഒരുമിക്കാൻ പറ്റിയ സ്ഥലത്തിന്റെ പേരും...'
തിരക്കുപിടിച്ച വിശ്രമമില്ലാത്ത ജോലിയുടെ ഇടവോളകളിൽ കൂടുതലും ഒറ്റപ്പെട്ടിരിക്കുന്ന അവസ്ഥകളിൽ പഴമയെ ചികയുമ്പോൾ ആദ്യം മനസ്സിന്റെ കോണിലൂടെ നേർത്തൊരു കുളിരായി ഇറങ്ങിവരാറുണ്ടങ്കിലും, പലപ്രാവശ്യം ആലോചിച്ചിരുന്നു,അനിതയെ ഫേസ് ബുക്കിൽ തിരയാനും,പഴയ സൗഹൃദം പുതുക്കാനും എന്നാൽ വേണ്ടന്നു വെച്ചു ചിന്തയെ, മറ്റൊരാളുടെ ഭാര്യയെ... അവരുടെ ദാമ്പത്യ ജീവിതത്തിനിടയിൽ കല്ലുകടിയായി വീണ്ടും ഒരു കടന്നുകയറ്റം ചിലപ്പോൾ അവളുടെ മനസ്സിനെ നോവിക്കുന്നതെന്തിന്...
കഠിനമായ എന്തോ ചിന്ത അവളെ വലക്കുന്നുണ്ടന്നു, ഇരുപതു നിമിഷമായുള്ള കോഫി ഷോപ്പിൽ എനിക്ക് അഭിമുഖമായി ഇരുന്നിട്ടും ഒരക്ഷം സംസാരിക്കാതെ ചില്ലുജാലകത്തിലൂടെ പുറം കാഴച്ചകളിൽ മാത്രം കണ്ണ് നട്ടിരിക്കുമ്പോൾ എനിക്ക് തോന്നി. കണ്ടുമുട്ടിയ നിമിഷം മുതൽ അവൾ ചിന്തകളുടെ ചിലന്തിവല നോക്കുകയാണോ .. അതോ അവിടെ തുടങ്ങുമെന്നുള്ള വൈമനസ്യമാണോ...?
പുറത്ത് ബസ്റ്റോപ്പിന് അരികിലായി ഒരമ്മയും, ആറു വയസ്സ് തോന്നിപ്പിക്കുന്ന ഒരു മകളും നിൽക്കുന്നു. മകൾ അമ്മയോട് എന്തോ ആവശ്യപ്പെട്ടു വാശിപിടിക്കുന്നു, അമ്മ നിഷേധ ഭാവത്തിൽ തലയാട്ടുന്നു. ഞാൻ അവരിൽ നിന്നും കാഴ്ച മാറ്റി അനിതയുടെ കണ്ണുകളിലേക്കു ശ്രദ്ധിച്ചു. അവൾ ആരെയാണ് ഇത്ര ശ്രദ്ധിച്ചിരുന്നത്. തെരുവിൽ അശ്രദ്ധമായി സാരിയുടുത്ത് തലയിൽ ചുമടുമായി പോകുന്ന തമിഴത്തി മധ്യവയസ്കയായ സ്ത്രീയോ..? ക്ഷൗരം ചെയാത്ത നീണ്ട താടിയുള്ള ചെറുപ്പക്കാരനോ...? അലസമായി അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന ചെറുപ്പക്കാരോ...? ഫോണിൽ ആരോടോ കിന്നരിക്കുന്ന ചെരുപ്പാകാരിയോ..? ഇതുമല്ലങ്കിൽ ഭൂതകാലത്തോ.... അവളുടെ ചിന്തയുടെ രസച്ചരട് പൊട്ടിക്കാൻ ഞാൻ ഉറച്ചു.
''അനിതാ ... നീ ആകെ മാറിയിരിക്കുന്നു.... പഴയ ഞങ്ങളുടെ വായാടി സഖാവല്ല..''
അവൾ പെട്ടന്ന് തല ഞെട്ടിച്ചു, എന്നെ നോക്കി ചുണ്ടുകൾ നീട്ടി വലിച്ചു പുഞ്ചിരിച്ചു.
''സഖാവേ ... മാറ്റങ്ങൾ അനിവാര്യമാണ്.... ജീവിതം എന്നെ പഠിപ്പിച്ചു''
ചൂടുള്ള കോഫി ഊഷ്' ശബ്ദത്തോടെ വലിച്ചു ഹാ എന്ന് വലിച്ചു വിട്ടു കുടിച്ചു.
ഒരു നിമിഷം മനസ്സിന്റെ സ്‌ക്രീനിൽ കോളേജ് കാന്റീനിലെ മേശക്കു വട്ടം ഇരുന്നു അനിതയുടെ ശബ്ദത്തോടെയുള്ള കോഫി കുടിയെ കളിയാക്കി ചിരിക്കുന്ന കൂട്ടത്തിന്റെ ചിത്രം ഓർത്തപ്പോൾ ഞാൻ സ്വയം ചിരിച്ചു...
''എന്താ ബിനു..... പെട്ടെന്നൊരു ഓർത്തു കൊണ്ടുള്ള ചിരി...''
''ഈ കോഫി കുടിക്കുന്നത് എന്നെ പലതു ഓർമിപ്പിച്ചു ...''
അനിതയുടെ മുഖം മ്ലാനമാവുകയും,മൗനിയായി തല താഴ്ത്തി.
''ബിനു... പലപ്പോഴും ഓർക്കാൻ ശ്രമിക്കാതിരിക്കലാണ് ഞാൻ ആ കാലത്തെ. ഓർത്തു തുടങ്ങിയാൽ ഒരു ചങ്ങല പോലെ ഓരോന്നായി വരും... ചിലതു തമാശകൾ, നഷ്ട വേദനകൾ,തീരാത്ത വേദനകൾ അങ്ങനെ... ഇപ്പോഴുള്ള മാറ്റത്തിൽ നിന്ന് എന്നെ രണ്ടു വർഷം പിന്നിലേക്ക് കൊണ്ട് പോകും...'' അവൾ കോഫി കപ്പിനെ ബലമായി പിടിച്ചു പുറം കാഴചയിലേക്കു നോക്കി തല തിരിച്ചു പുഞ്ചിരിച്ചു.
പെണ്ണുങ്ങളിൽ ഒരു ഏകീകൃതമായ പരസ്യമായ എല്ലാവർക്കും അറിവുള്ള സ്വഭാവ വിശേഷണങ്ങൾ ഉണ്ട് എന്നാൽ അവയിൽ നിന്നെല്ലാം വിത്യസ്ത പുലർത്തിയിരുന്നു അനിത. പരിചയപ്പെട്ടത് മുതൽ അവൾ എന്നെ പല ഘട്ടങ്ങളിൽ അത്ഭുതപെടുത്താറുണ്ട് രാഷ്ട്രീയ പ്രവർത്തകയായും, കവിയത്രിയായും,സമൂഹ സേവകയായും. ആ ഒരു വിത്യസ്ത എന്നിൽ പ്രണയത്തിന്റെ നാമ്പ് മൊട്ടിടാൻ തുടങ്ങിയതും ഒരു വേള തുറന്നു പറയുമ്പോൾ തമാശയായി പൊട്ടിച്ചിരിച്ചു തത്വങ്ങളുടെ പിൻബലത്തോടെ പുച്ഛിച്ചു തള്ളി.
അന്ന്, നൂല് പെയ്യുന്ന മഴയുള്ള ദിവസം. രജിസ്ട്രോഫിസിൽ വിളിച്ചുവരുത്തി തന്റെ കാമുകനെ നേരിൽ കാണിക്കുകയും, തങ്ങളുടെ വിവാഹമാണെന്നും സാകഷികളാവാൻ ക്ഷണിച്ചതാണെന്നും പറഞ്ഞപ്പോൾ തന്റെ അപ്പോഴത്തെ മനോനില തകർന്നിരുന്നു. പിന്നീട് അവളെ നേരിൽ കാണുവാനോ, ബന്ധപ്പോടുവാനോ താൻ തുനിഞ്ഞില്ല. തന്നിലെ വിരഹ കാമുകന്റെ വാശിയായിരുന്നു.
''ബിനുവിനോട് ഞാൻ കാണണമെന്ന് പറഞ്ഞതെന്താണ് അറിയുമോ...?''
ഇല്ലെന്ന രൂപത്തിൽ ഞാൻ തലയാട്ടി.
വേനൽ കാലത്തിനു ആശ്വാസമായി പെട്ടെന്നുള്ള മഴ തിരക്ക് പിടിച്ചു ഓടുന്ന ജനതയുടെ വേഗത കൂട്ടി നിരത്തിലെ കടയുടെ ഓരങ്ങളിലേക്കു ഓടിക്കയറി. ചൂടിൽ നിന്നും മഴ ഒരു കുളിരായി. മുൻപ് നിന്നിരുന്ന പലരും അപ്രത്യക്ഷരായി,ഇടക്കുള്ള വാഹങ്ങൾ മാത്രം. ആ അമ്മക്കും മകൾക്കും ബസ്സു കിട്ടികാണുമോ അതോ മകളുടെ വാശി നടത്തിക്കൊടുക്കാൻ പോയിരിക്കുമോ....?
''ബിനു കണ്ടിട്ടില്ലേ രഘുവിനെ... ഒരു യഥാർത്ഥ കമ്മ്യുണിസ്റ്റുകാരന്റെ ഏറ്റവും വലിയ ഉദാഹരണം അവനായിരുന്നു. കമ്മ്യുണിസത്തിൽ അടിയുറച്ചു വിശ്വസിച്ചവൻ. രാഷ്ട്രീയ പ്രവർത്തനത്തിന്റെ അർഥം സ്വയം ഉദാഹരണമായി കാണിച്ചു തരുവാൻ ശ്രമിച്ചവൻ. സത്യസന്ധമായ അവന്റെ ഓരോ പ്രവർത്തനവും എനിക്ക് പ്രചോദനവും പതിയെ അവനിലേക്ക്‌ അടുക്കുവാനും തുടങ്ങി തുടർന്നുള്ള ഞങ്ങളുടെ വിവാഹവും. എന്നാൽ വ്യതിചലിച്ചു കൊണ്ടിരിക്കുന്ന ഇന്നിന്റെ രാഷ്ട്രീയത്തെ അവൻ ശക്തമായി പാർട്ടിക്കുള്ളിൽ അവൻ പ്രതികരിച്ചു. അതിന്റെ പരിണിതഫലമോ അവനെ പുറത്താക്കി. പുറത്താക്കൽ നടപടിയെ അവഗണിച്ചു കൊണ്ട് തന്റെ പ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കി. നിയമസഭാ ഇലകഷനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ചു എന്നാൽ ശത്രുക്കൾ അവനെ ഇല്ലാതാക്കി ഒരു ആക്‌സിഡന്റെന്ന നാടകത്തോടെ. ഒറ്റപ്പെട്ടുപോയ ഞാൻ മാനസികമായി തളർന്നു. അവനില്ലെന്ന അവസ്ഥയെ തരണം ചെയ്യാൻ വളരെയധികം പ്രയാസപ്പെട്ടു ഒപ്പം അടിച്ചമർത്താനും കീഴടക്കാനും ശ്രമിക്കുന്ന സമൂഹവും.. ഒരുവേള ആത്മഹത്യ ചെയ്താലോ എന്നുവരെ ആലോചിച്ചു എന്നാൽ അതിനെയെല്ലാം അതിജീവിച്ചു. നിർത്തിയ വിദ്യാഭ്യാസം തുടർന്നു കൂടെ ജീവിക്കാനൊരു ചെറിയ തൊഴിലും. ഇന്ന് സ്കൂൾ ടീച്ചർ.. ഒറ്റപ്പെട്ടുപോയ ജീവിതത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ വീണ്ടും കാണാൻ ആഗ്രഹിച്ചു.'' അവൾ പറയുന്നതിനോടപ്പം, തന്റെ ഉള്ളിൽ കഴിഞ്ഞു ഭൂതകാലത്തെ ഒരിക്കൽ കൂടി കാണുകയാണ് എന്നെനിക്കു തോന്നി.
''ബിനുവിന്റെ കുടുംബം....?''
''അങ്ങനെ ഒന്ന് ഉണ്ടായിരുന്നെന്ന് പ്രത്യേകമായി ഓർക്കുവാനോ പറയുവാനോ ആഗ്രഹിക്കുന്നില്ല. എന്ന് വെച്ചാൽ യാത്രക്കിടയിലൊരു ഇടത്താവളം. അവൾ രേണുക. ഇന്നത്തെ വളർന്നു കൊണ്ടിരിക്കുന്ന നാഗരിക ജീവിതത്തിലെ ഒരു കൊച്ചമ്മ. നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ട് പട്ടിയുടെ വാൽ പന്തിരായിരം കൊല്ലം കുഴലിട്ടാലും ശെരിയാവില്ല. അവൾ പോയി. അവൾക്കു ഇഷ്ടപെട്ട ഒരുത്തന്റെ കൂടെ ആരാണെന്നു എനിക്കറിയില്ല.... കുട്ടികൾ, അതിനു സന്തോഷമുള്ള ഒരു കുടുംബജീവിതം ഉണ്ടായാലല്ലേ.... രണ്ടു വർഷം ആരെയോ കാണിക്കാനുള്ള കുടുംബമെന്ന നാടകം നടിച്ചു മറ്റുള്ളവരുടെ മുന്നിൽ രണ്ടുപേരും’’.
ഒരു പഴയ സുഹൃത്തിനെ കാണുന്നതിലപ്പുറം എന്തോ അവൾ ആഗ്രഹിക്കുണ്ടെന്നു ആ കണ്ണുകളിൽ വിളിച്ചോതുന്നു എന്നാൽ മനസ്സിനെ മതിക്കുന്ന ചിന്തകൾക്ക് ഒരു അതിരുവേണമെന്നു ആഗ്രഹിക്കുന്നുണ്ടന്നു മുഖത്തിന്റെ ഇടക്കുള്ള വെട്ടിക്കലും, ഭാവമാറ്റങ്ങളും വിളിച്ചു പറയുന്നു
''അനിതാ ... നമുക്കൊരുമിച്ചു ജീവിച്ചു കൂടെ...?'' പെട്ടന്നുള്ള തുറന്നു പറച്ചിൽ അവൾ അത്ഭുതത്തോടെ തല ഉയർത്തി എന്റെ കണ്ണുകളിലേക്കു നോക്കി.
''ബിനു.... ഞാൻ... അത് ശെരിയാവുമോ...'' അവൾ നിസ്സംഗഭാവത്തിൽ തല ചുഴറ്റി വിക്കി വിക്കി പറഞ്ഞു. ''രഘുവിന്റെ കൂടെ ജീവിക്കുവാൻ ഒരു പാട് ആഗ്രഹിച്ചിരുന്നു. അവന്റെ ഓർമ്മകളിൽ ജീവിക്കാം....''
''അനിതാ... ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു... നിനക്കറിവുള്ളതല്ലേ. ഇന്നും അതിൽ ഒരു മാറ്റവും ഇല്ല.. നമുക്കൊരുമിച്ചു ജീവിക്കാം... രഘു ഇല്ലാത്ത, ഈ ഒറ്റപെട്ട ജീവിതം എത്ര കാലം.''
അവൾ വിദൂരതയിലേക്ക് നോക്കിയിരുന്നു. ഇടക്കൊന്നു കണ്ണുനീർ ചാലിട്ടു. പെട്ടന്ന് തന്നെ അവൾ സാരി തലപ്പ് കൊണ്ട് തുടച്ചു. ഒരു ഗദ്ഗദത്തോടെ തൊണ്ട ഇടറി അവൾ മെഴിഞ്ഞു.
''ബിനു.. നമ്മൾ സുഹൃത്തുക്കളാണ്... അതങ്ങനെ ഇരിക്കുന്നതല്ലേ നല്ലത്...''
''എന്താണ് നിന്റെ കാരണങ്ങൾ. എന്നെ ഇഷ്ടപെടാതിരിക്കാൻ...''
ഒന്നുമില്ലന്ന ഭാവത്തിൽ അവൾ കണ്ണുകളടച്ചു, ചുണ്ടുകൾ ഉള്ളിലേക്ക് കൂട്ടിപ്പിടിച്ചു തലയാട്ടി.
മേശക്കു മുകളിൽ വിശ്രമിച്ചിരുന്ന അവളുടെ കൈത്തലത്തിൽ അനുവാദം ചോദിക്കാതെ ഞാൻ പിടിച്ചു. അവൾ ഞെട്ടി കണ്ണുകൾ തുറന്നു പിടിച്ചു. പുതുതായി എന്തെങ്കിലും തത്വങ്ങൾ പറഞ്ഞു ഒഴിയുമെന്നു ഞാൻ ഭയപ്പെട്ടു. ''ഈ കുടവയറാണ് നിന്റെ പ്രശനമെങ്കിൽ ഞാൻ എങ്ങനെയെങ്കിലും മാറ്റാൻ ശ്രമിക്കാം..''
അവൾ ചിരിച്ചു. നുണകുഴികൾ വിടർന്നുള്ള പൊട്ടിച്ചിരി.
തോരാതെ മഴ അപ്പോഴും പെയ്തു കൊണ്ടിരുന്നു... കോഫി ഷോപ്പിനു എതിരായുള്ള ബിൽഡിങ്ങിലെ കടയുടെ ഷട്ടറിനു മുകളിൽ നനഞ്ഞു കുതിർന്ന രണ്ടു ഇണ കുരുവികൾ പരസ്പരം കൊക്കുകളാൽ നനവുകൾ തുവർത്തികൊടുക്കുന്നു.
--------------------------------
നിഷാദ് മുഹമ്മദ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo