Slider

വൃദ്ധസദനം

0
വൃദ്ധസദനം
*************
ഇന്നത്തെ ഓട്ടം കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ ആണ് അയാൾ എന്നെ വിളിച്ചിട്ട് പറഞ്ഞു നാളെ രാവിലെ വരണം.... വൃദ്ധസദനത്തിൽ പോകണം അത് കഴിഞ്ഞു എയർപോർട്ട്...
പലപ്പോഴും അയാൾ എൻ്റെ ടാക്‌സി വിളിച്ചിട്ടുണ്ട് കൂടുതലും സിറ്റിയിൽ ഉള്ള ആശുപത്രിയിൽ പോകാനാണ്. പക്ഷേ ഇപ്പോൾ പറഞ്ഞ യാത്ര എന്നെ വളരെ ചിന്താകുലനാക്കി. മുപ്പത് വയസിനോട് അടുത്ത് പ്രായമുണ്ടെങ്കിലും അയാൾ ഇതു വരെ കല്യാണം കഴിച്ചിട്ടില്ല. ആകെ ഒരു അച്ഛൻ മാത്രമേ ഉള്ളു എന്നാണ് എന്നോട് പറഞ്ഞത്. അതുകാരണം ഞാൻ ചിന്തിച്ചു. അച്ഛനെ വൃദ്ധ സദനത്തിലാക്കിയിട്ട് അയാൾക്ക് വിദേശത്ത് പോകാൻ ആയിരിക്കും പ്ലാൻ. എന്ത് വൃത്തികെട്ട മനുഷ്യൻ ആണ് അയാൾ. ഇത്ര കാലം തന്നെ വളർത്തി വലുതാക്കിയ അച്ഛനെ സ്വന്തം സുഖത്തിനായി വൃദ്ധസദനത്തിൽ ആക്കുന്നു. എനിക്ക് അയാളോട് വല്ലാത്ത വെറുപ്പ് തോന്നി.
രാവിലെ ഞാൻ അയാളുടെ വീട്ടിൽ എത്തി. അയാളും അച്ഛനും തയ്യാറായി നിൽക്കുകയായിരുന്നു. ആ അച്ഛനെ കണ്ടാൽ അറിയാം. ആകെ അവശനാണ്. മാത്രമല്ല ഈ മാറ്റം ആ അച്ഛന് ഒരുപാട് വേദനകൾ നൽകുന്നുവെന്ന് മുഖം കണ്ടാൽ തന്നെ അറിയാം. അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി. വൃദ്ധസദനത്തിൽ എത്തി അയാൾ അച്ഛനുമായി അകത്തേക്ക് പോയി. കുറച്ച് കഴിഞ്ഞ് അയാൾ തിരിച്ചു വന്നു കാറിൽ കയറി. ഞങ്ങൾ പോകുന്നതും നോക്കി അയാളുടെ അച്ഛൻ വൃദ്ധസദനത്തിൻ്റെ മുന്നിൽ നില്ക്കുന്നുണ്ടായിരുന്നു.
ഏകദേശം രണ്ട് മണിക്കൂർ യാത്ര ഉണ്ടായിരുന്നു എയർപോർട്ടിലേക്ക്. ഞാൻ ഒന്നും മിണ്ടാതെയിരുന്നത് കാരണം അയാൾ സംസാരിച്ചു തുടങ്ങി...
അയാളുടെ ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ടു. പിന്നെ തന്നെ വളർത്തിയതും പഠിപ്പിച്ചതും എല്ലാം അച്ഛനാണ്. വേറൊരു പെണ്ണ് വന്നാൽ തന്നെ നല്ലത് പോലെ നോക്കില്ല എന്ന് കരുതി വേറൊരു വിവാഹത്തിന് പോലും അച്ഛൻ മുതിർന്നില്ല. അച്ഛന് തന്നോട് അത്ര സ്നേഹമായിരുന്നു. താൻ പഠിക്കാനായി പട്ടണത്തിൽ പോയപ്പോൾ അച്ഛൻ ഒരുപാട് വിഷമിച്ചിരുന്നു. അത് കാരണം പഠിക്കാൻ വയ്യ എന്ന് പറഞ്ഞു വന്ന് അച്ഛൻ്റെ കൂടെ കൃഷിയും നോക്കി നടന്നു.....
നിരന്തരമായ തലവേദന കാരണം താൻ ഒരിക്കൽ ആശുപത്രിയിൽ പോയി...
പരിശോധന ഫലം വന്നപ്പോൾ താൻ സ്തംഭിച്ചു പോയി....
തലയിൽ കാൻസർ ആയിരുന്നു..
ഡോക്ടർ പറഞ്ഞു... "ഇത് ഒരുപാട് വളർന്നു പോയി സർജറി ചെയ്യാൻ പറ്റില്ല.. ചെയ്താലും ജീവൻ നില നിർത്താമെന്ന് ഒരു ശതമാനം ഉറപ്പ് പോലും തരാൻ കഴിയില്ല... ചികിത്സ ചെയ്താലും ഇല്ലെങ്കിലും ഇനി കുറച്ച് മാസങ്ങൾ കൂടിയെ താൻ ജീവിച്ചിരിക്കൂ"
അയാൾക്ക് വാക്കുകൾ ഇടറുന്ന കാരണം ബാക്കി സംസാരിക്കാൻ കഴിഞ്ഞില്ല..
അപ്പോൾ ഞാൻ ചോദിച്ചു... ഇനിയുള്ള കുറച്ച് ദിവസങ്ങൾ അച്ഛനുമായിട്ട് സന്തോഷമായി കഴിഞ്ഞാൽ പോരെ...
അപ്പോൾ അയാൾ പറഞ്ഞു...
അച്ഛന് ആകെ വയസ്സായി..സ്വന്തം കാര്യങ്ങൾ പോലും ചെയ്യാനുള്ള കഴിവില്ല.. അപ്പോൾ താൻ ഒരു ബാധ്യത ആകുമല്ലോ....
വൃദ്ധ സദനത്തിൽ ആകുമ്പോൾ അവർക്ക് വീടും സ്ഥലവും വിറ്റ് കിട്ടിയ കാശ് ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്...
അവിടെ അച്ഛനെ പരിചരിക്കാനും കൃത്യമായി ആരോഗ്യം ശ്രദ്ധിക്കാനും നഴ്സ്മാർ ഉണ്ട്...
മാത്രമല്ല അച്ഛൻ്റെ പ്രായത്തിലുള്ള ഒരുപാട് ആളുകൾ അവിടെയുണ്ട് അവരോട് സംസാരിച്ചും പറഞ്ഞുമൊക്കെ ദിവസങ്ങൾ കഴിഞ്ഞു പോകും...
ഞാൻ പറഞ്ഞിരിക്കുന്നത് വിദേശത്ത് ജോലി കിട്ടി പോകുന്നു എന്നാണ്.. പക്ഷെ ഞാൻ വടക്കേ ഇൻഡ്യയിലേക്ക് ഒരു തീർത്ഥാടന യാത്ര പോകുകയാണ്. ഇനിയുള്ള കുറച്ച് കാലം ദൈവത്തെ വിളിച്ചു ജീവിക്കണം. അപ്പോൾ അടുത്ത ജന്മവും എനിക്ക് ഈ അച്ഛനെ കിട്ടുമല്ലോ...
അപ്പോൾ ഞാൻ ചോദിച്ചു എന്നാലും മകൻ തനിച്ചാക്കി പോയ വിഷമം കാണില്ലേ അദ്ദേഹത്തിന്...?
അയാൾ കരഞ്ഞു കൊണ്ട് പറഞ്ഞു...
"" അച്ഛൻ ജീവിച്ചിരിക്കുമ്പോൾ തൻ്റെ മകൻ മരിച്ചു പോയി എന്ന വേദനയിൽ ജീവിക്കുന്നതിലും നല്ലതല്ലേ മകൻ തിരിച്ചു വരും എന്ന പ്രതീക്ഷയിൽ ജീവിക്കുന്നത്..""
---------------------------------------------------
© MUCHESH
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo