---------------------
കൽക്കത്ത... വീട്ടിലെ ഉപ്പു മാങ്ങ ഭരണി പോലെ മനസ്സിൽ എന്നും പൊടി പിടിച്ച് കിടന്ന ഒരു മോഹം ആയിരുന്നു... എന്നൊക്കെ പൊടി തട്ടി എടുക്കാൻ പ്ലാൻ ചെയ്തപ്പൊഴും പ്ലാൻ ആയി മാത്രം അവശേഷിച്ച കൽക്കത്ത... വൈകുന്നേരം ഒരു ഹിന്ദി ചായയും കുടിച്ച് ഇരിക്കുമ്പോൾ ആണ് മുഖ പുസ്തകത്തിൽ traveler v/s tourist എന്ന ആർട്ടിക്കിൾ വായിക്കുന്നത്... യാത്ര ഇഷ്ടപ്പെടുന്നത് കൊണ്ടോ മനസ്സിൽ കൽക്കത്ത ഉള്ളത് കൊണ്ടോ ആ വായനക്ക് മനസ്സിൽ എവിടെയോ ഒരു സ്പാർക്ക് ഉണ്ടാക്കാൻ പറ്റി എന്നത് സത്യം...വായിച്ചു തീർന്നതും മൈക്രോമാക്സ് ക്യാൻവാസിൽ അങ്ങോട്ടും ഇങ്ങോട്ടും കുത്തി വരച്ച് കൽക്കത്തക്കാരൻ ചങ്ങാതി സന്ദീപ് സിങ്ങിന്റെ നംബർ ഡയൽ ചെയ്ത് ചെവിയോട് ചേർത്തു പിടിച്ചു... 5:45ന് പൂനെ സ്റ്റേഷനിൽ നിന്നും ആസാദ് ഹിന്ദ് എക്സ്പ്രസ്സ് ഉണ്ടെന്ന് പറഞ്ഞു. അപ്പൊ തന്നെ കണ്ടത് എന്തൊക്കെയോ ബാഗിൽ വലിച്ചിട്ട് കൂട്ടുകാരനോട് സ്റ്റേഷനിൽ ഡ്രോപ് ചെയ്യാൻ പറഞ്ഞു.
345 രൂപ കൊടുത്ത് ജനറൽ ടിക്കറ്റും കൊടുത്ത് പ്ലാറ്റ്ഫോമിൽ എത്തിയപ്പോ നാട്ടിലെ ബീവറേജിനു മുന്നിലെ ക്യൂ തോറ്റ് പോകുന്ന ക്യൂ. കുറച്ചു കഴിഞ്ഞാണെങ്കിലും ജനറൽ കമ്പാർട്ട്മെന്റിൽ കയറാൻ ഉള്ള ക്യൂ ആണെന്ന് മനസ്സിലായി. കുറച്ചു നിൽക്കേണ്ടി വന്നെങ്കിലും അവസാനം കയറിപ്പറ്റി. സ്കൂളിൽ പോകാൻ മടിയുള്ള പിള്ളാരെ പോലെ വണ്ടി പതുക്കെ നീങ്ങി തുടങ്ങി.
ആദ്യമായി പെണ്ണ് കാണാൻ പോകുന്ന ഗൾഫ്കാരനെ പോലെ ഫോട്ടോയിൽ മാത്രം കണ്ടിട്ടുള്ള കൽക്കത്തയെ സ്വപ്നം കണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് ആകെ ഒരു ഒച്ചയും ബഹളവും. ക്യാൻവാസിൽ നിന്നും തല പൊക്കി നോക്കിയപ്പോൾ അർദ്ധനാരീശ്വര സങ്കല്പത്തിൽ ഉള്ള 5 പേർ. പക്ഷെ സ്വഭാവം കംസന്റേത് ആയിരുന്നു.. ഒരാളെ പോലും വിടാതെ അടിച്ചും കുത്തിയും വേറെ പലതും ചെയ്തിട്ടൊക്കെ കാശ് വാങ്ങിക്കുന്നു. പാൽ കട്ട പൂച്ചയെ പോലെ പലരും പതുങ്ങി. വാതിലിനോട് ചേർന്ന് നിന്നതിനാൽ മറുവശം മുതലുള്ള എല്ലാം വ്യക്തമായി കാണാമായിരുന്നു. പലതും വായിച്ചും കേട്ടും ഒക്കെ അറിയാമെങ്കിലും ഇതു പോലൊരു ലൈവ് ഷോ ആദ്യമായിരുന്നു. സകല ധൈര്യവും സംഭരിച്ച് നിൽക്കാം എന്നു കരുതിയപ്പോഴായിരുന്നു ഉണ്ടായിരുന്ന ധൈര്യം മുഴുവൻ നേരത്തെ ചോർന്ന് പോയിരുന്നു എന്ന കാര്യം ഓർമ്മ വന്നത്. പൈസ കൊടുത്തവരുടെ തലയിൽ കൈ വെച്ചും അല്ലാത്തവരുടെ മുഖത്ത് കൈ വെച്ചും കൊണ്ട് അവസാനം അവർ എന്റെ മുന്നിലും എത്തി. അതിനിടയിൽ ഞാൻ ഒരു അഞ്ഞൂറിന്റെ ഗാന്ധി അപ്പൂപ്പനെ ഒരു ധൈര്യത്തിന് പോക്കറ്റിൽ കരുതിയിരുന്നു. തല്ല് കൊള്ളാതിരിക്കാൻ ഉള്ള കൈക്കൂലി. പേടിയും ദേഷ്യവും സങ്കടവും സന്തോഷവും എല്ലാം കലർന്ന ചിരിയും കൊടുത്ത് ഒരു ഹായ് പറഞ്ഞു. എന്റെ പ്രാകൃത വേഷവും നീണ്ട് ചുരുണ്ട മുടിയും കണ്ടിട്ടൊക്കെ ആണെന്ന് തോന്നുന്നു, ഒന്നും ചെയ്തില്ല, കാശും പോയില്ല. എവിടേക്കാണെന്നൊക്കെ ചോദിച്ചു. ചിരിച്ച് കൊണ്ട് അവർ പോയപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി, "Respect is all about giving and taking, no matter who the people are."
ട്രെയിനിൽ ഉണ്ടായിരുന്നവർ ഒക്കെ ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരിൽ ഒരാൾ എനിക്ക് ഇരിക്കാൻ വേണ്ടി അല്പം ഒന്നു നീങ്ങിയിരുന്നു. അങ്ങനെ ഏഴ് മണിക്കൂർ നീണ്ട യാത്രക്ക് ശേഷം അദ്ദേഹം എന്നെ ഒന്നിരുത്തി. ഇനിയും ഏതാണ്ട് 28 മണിക്കൂർ യാത്ര ഉണ്ട് എന്റെ പ്രണയിനിയെ കാണുവാൻ. പക്ഷെ ആ ചിന്ത എന്നെ തളർത്തിയില്ല. എല്ലാം ഓരോ പുതിയ അനുഭവങ്ങൾ ആയി ഞാൻ ശരിക്കും ആഘോഷിച്ചു. ക്ഷീണം കാരണം ഉറക്കം കണ്ണുകളെ കവർന്നു തുടങ്ങിയിരുന്നു. നല്ലൊരു മഴ വന്നാൽ വീട്ടിലെ 60 വാട്സ് ബൾബ് പോലെ കണ്ണുകൾ തുറന്നും അടഞ്ഞും കൊണ്ടേയിരുന്നു...
ട്രെയിനിൽ ഉണ്ടായിരുന്നവർ ഒക്കെ ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരിൽ ഒരാൾ എനിക്ക് ഇരിക്കാൻ വേണ്ടി അല്പം ഒന്നു നീങ്ങിയിരുന്നു. അങ്ങനെ ഏഴ് മണിക്കൂർ നീണ്ട യാത്രക്ക് ശേഷം അദ്ദേഹം എന്നെ ഒന്നിരുത്തി. ഇനിയും ഏതാണ്ട് 28 മണിക്കൂർ യാത്ര ഉണ്ട് എന്റെ പ്രണയിനിയെ കാണുവാൻ. പക്ഷെ ആ ചിന്ത എന്നെ തളർത്തിയില്ല. എല്ലാം ഓരോ പുതിയ അനുഭവങ്ങൾ ആയി ഞാൻ ശരിക്കും ആഘോഷിച്ചു. ക്ഷീണം കാരണം ഉറക്കം കണ്ണുകളെ കവർന്നു തുടങ്ങിയിരുന്നു. നല്ലൊരു മഴ വന്നാൽ വീട്ടിലെ 60 വാട്സ് ബൾബ് പോലെ കണ്ണുകൾ തുറന്നും അടഞ്ഞും കൊണ്ടേയിരുന്നു...
അങ്ങനെ 36 മണിക്കൂർ നീണ്ട യാത്രക്ക് ശേഷം വെളുപ്പിന് 5:30ക്ക് തന്റെ വരവറിയിക്കാൻ ഒന്നുറക്കെ ചൂളം വിളിച്ചു കൊണ്ട് ആസാദ് ഹിന്ദ് എക്സ്പ്രസ്സ് ഹൗറ സ്റ്റേഷനിൽ എത്തി. കൂട്ടിക്കൊണ്ട് പോകാൻ സന്ദീപ് വന്നിരുന്നു. എന്നെ ഏറ്റവും സന്തോഷിപ്പിച്ചത് എന്നെ സ്വാഗതം ചെയ്യാൻ അവളും വന്നിരുന്നു. തൂവാനത്തുമ്പികളിലെ ജയകൃഷ്ണന് ക്ലാരയെ പോലെ, എന്റെ രഹസ്യ കാമുകി. മഴ... എന്നെ കണ്ട സന്തോഷം കൊണ്ടാണോ എന്നറിയില്ല, അവൾ തിമിർത്തു ചെയ്യുകയായിരുന്നു. ആ കോരിച്ചൊരിയുന്ന മഴയത്തും അവിടുത്തെ ആൾക്കാർ വളരെ ഉന്മേഷവാന്മാരായിരുന്നു. എല്ലാം കൂടെ ആയപ്പോഴേക്കും മനസ്സിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. കുറച്ചു നേരം അവിടിരുന്ന് സന്ദീപിനൊപ്പം വീട്ടിലേക്ക്. മെട്രോയിലായിരുന്നു യാത്ര. ചരിത്രം ഉറങ്ങാത്ത കൽക്കത്ത... ആ മഹാനഗരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ഇൻഡ്യയിലെ ആദ്യത്തെ മെട്രോ. ഏതാണ്ട് ഒരു പത്ത് മിനിറ്റ് യാത്രക്ക് ശേഷം ലില്വ മെട്രോ സ്റ്റേഷനിൽ ഇറങ്ങി. അവിടുന്ന് പിന്നെയും പോകാൻ ഉണ്ട്. സൈക്കിൾ റിക്ഷയിൽ ആയിരുന്നു സന്ദീപിന്റെ വീട്ടിലേക്ക് പോയത്. ആനക്ക് നെറ്റിപ്പട്ടം പോലെ കൽക്കത്തയുടെ സ്വകാര്യ അഹങ്കാരമായ സ്വന്തം വാഹനം. എന്തായാലും ആ റിക്ഷാ സവാരി വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു. അങ്ങനെ വീട്ടിൽ എത്തി ഒന്നു കുളിച്ച് ഫ്രഷ് ആയി വന്നപ്പോഴേക്കും സന്ദീപിന്റെ അമ്മ ഭക്ഷണം ഉണ്ടാക്കിയിരുന്നു. ഒരു തരം അപ്പവും മീൻ കറിയും. മച്ഛർ ജോൽ എന്നാണ് കറിയുടെ പേര്. കുളിയും ഭക്ഷണവും ഒക്കെ കഴിഞ്ഞപ്പോഴേക്കും യാത്രാ ക്ഷീണം ഒക്കെ മാറി ഒന്ന് ഉഷാറായി. നൂതൻ പാറ, ഹൗറ ബ്രിഡ്ജ് തുടങ്ങിയ സ്ഥലങ്ങൾ ഒക്കെ കറങ്ങി കണ്ടു. പക്ഷെ അപ്പോഴേക്കും തലസ്ഥാന നഗരിയിൽ നിന്നും വിളി വന്നിരുന്നു. പുതിയ ഒരു ഷൂട്ടിങ്ങ് വർക്ക് ഉണ്ടെന്നും പറഞ്ഞു ഡൽഹിക്കാരി സുഹൃത്ത്. യാത്ര പോലെതന്നെ ജോലിയും പ്രധാനമായത് കൊണ്ട് തൽക്കാലം കൽക്കത്തയോട് വിട പറഞ്ഞു. നേരത്തെ പറഞ്ഞ ഗൾഫ്കാരന്റെ അവസ്ഥ തന്നെയായിരുന്നു അപ്പോഴും. കല്യാണം കഴിഞ്ഞ് പിറ്റേ ദിവസത്തെ ഫ്ലൈറ്റ് കയറേണ്ട വേദനാജനകമായ അവസ്ഥ ആയിരുന്നു എന്നു മാത്രം.
-Adarsh P Raj
ചുവരെഴുത്തുകൾ
ചുവരെഴുത്തുകൾ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക