Slider

തിരിച്ചറിവ്

0
തിരിച്ചറിവ്
~~~~~~~
(കുട്ടിക്കാലത്തെ നമ്മുടെ വീരഗാഥകൾ മുതിർന്നവർ പറഞ്ഞു രസിക്കാറുണ്ട്.. എന്നെപ്പറ്റി കുടുംബത്ത് പ്രചരിച്ചിരുന്ന ഒരു കഥയിതാ..)
കുട്ടിക്കാലത്തു വീട്ടിൽ വല്ലപ്പോഴും എത്തുന്ന അതിഥിയായിരുന്നു 'അമ്മ. അമ്മയെന്ന സ്‌ഥാനം അന്ന് അർഹിച്ചിരുന്നതും ഞാൻ "അമ്മേ" എന്ന് വിളിച്ചിരുന്നതും അമ്മമ്മയെയായിരുന്നു.. പിന്നീട് അതങ്ങനെയല്ല എന്നറിഞ്ഞപ്പോൾ ഒത്തിരി സങ്കടപ്പെട്ടിട്ടുണ്ട്. അന്ന്ഞാനും വീട്ടിലെ പശുക്കുട്ടിയും പൂച്ചക്കുട്ടിയും ഒരേ കുപ്പിപ്പാൽ പങ്കുവെച്ചു കുടിക്കുമായിരുന്നത്രെ!! ആരും കാണാതെ അവരെക്കൊണ്ടു ഞാൻ തന്നെയാണത്രെ അത് കുടിപ്പിച്ചിരുന്നത്..പിന്നെ അക്കാലത്തു ഞാൻ വീട്ടിൽ മീൻ കൊണ്ടു വരുമായിരുന്ന മേരിയമ്മയുടെ ഫാൻ ആയിരുന്നു.. വീട്ടിലാണെങ്കിൽ മീൻ കഴിക്കുന്നത് അപ്പൂപ്പനും പിന്നെ ഞാനും മാത്രം..
എന്റെ മീൻകൊതി കണ്ടിട്ട് ഒരിക്കൽ മേരിയമ്മ പറഞ്ഞു.. കൊച്ചിനെ ഞാനെന്റെ ഇളയ മോനെകൊണ്ട് കെട്ടിക്കാം.. അന്ന് എനിക്കുണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു.. പൈസ കൊടുക്കാതെ മീൻ കഴിക്കാമല്ലോ!!
പിന്നെ അമ്മമ്മയ്ക്കു ഞാൻ സമാധാനം കൊടുത്തിട്ടില്ലത്രെ.."എന്നാ എന്റെ കല്യാണം.."അതായിരുന്നു സംശയം..
"പെണ്ണെ മിണ്ടാതിരുന്നോണം.. നാക്കിൽ ഗുളികൻ നിൽക്കുന്ന നേരം ഏതാണെന്നൊന്നും പറയാൻ പറ്റില്ല"..
"അതെന്താ അമ്മെ" എന്ന് ചോദിച്ചപ്പോൾ ആദ്യമായി ഒരു കാര്യം പഠിച്ചു.. അവർ വേറെ ജാതിയാണെന്നും വേറെ മതമാണെന്നുമൊക്കെ..
"അതെന്താ അമ്മെ ജാതി" എന്ന എന്ന ചോദ്യത്തിന് "കഞ്ഞി തിളച്ചുകാണും" എന്ന മറുപടിയാണ് കിട്ടിയത്..
പിന്നെ സ്കൂളിൽ പോയിത്തുടങ്ങിയപ്പോൾ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ വീട്ടിലെ പണിക്കു വന്നിരുന്ന രാഘവൻ ചേട്ടന്റെ മോനായിരുന്നു. ഒരിക്കൽ ഞാനത് ശ്രദ്ധിച്ചു.. രണ്ടാം ഓണത്തിന് പായസം കുടിച്ച ശേഷം രാഘവൻ ചേട്ടൻ ഗ്ലാസ് കഴുകി കമഴ്ത്തി വെക്കുന്നു. സാധാരണ അമ്മമ്മയാണ് പാത്രങ്ങളൊക്കെ കഴുകുന്നത്..
"എന്താ അയാൾ അങ്ങനെ ചെയ്തേ അമ്മെ" എന്ന് ചോദിച്ചപ്പോൾ "പെണ്ണെ നിന്റെ കണ്ണ് എവിടൊക്കെയാ പോകുന്നതെന്ന" ചോദ്യം ഇങ്ങോട്ടു വന്നു.. കൂടാതെ പഴയ ആ പല്ലവി.. അവർ വേറെ ജാതിയാ മോളെ എന്ന്..
ജാതി എന്തായാലെന്താ അമ്മെ ചോരയുടെ നിറം ചുവപ്പല്ലേ എന്ന അഞ്ചു വയസ്സുകാരിയുടെ ചോദ്യത്തിന് മുന്നിൽ അമ്മമ്മ ഒന്ന് പതറിയോ എന്നൊരു സംശയം.. എന്തോ ആവശ്യത്തിന് അടുക്കളഭാഗത്തേക്കു വന്ന അപ്പുപ്പനോട് അമ്മമ്മപാതി കാര്യമായും പാതി തമാശയായും പറയുന്ന കേട്ടു "പെണ്ണിപ്പോളെ കമ്യൂണിസ്ററ് ആയെന്നാ തോന്നുന്നേന്ന്"..
ഞാൻ രണ്ടിലെത്തിയപ്പോൾ അമ്മയ്ക്ക് പത്തനംതിട്ടയിലേക്കു മാറ്റംകിട്ടി.. കൂടെ കൂട്ടാൻ ശ്രമിച്ചെങ്കിലും അന്നൊക്കെ'അമ്മ വീട്ടിലെ ഒരു അതിഥി മാത്രമായിരുന്നു.. കൂടെ ചെല്ലാൻ കൂട്ടാക്കാത്ത എന്നെ നിർബന്ധമായി വലിച്ചിഴച്ചു കൊണ്ടുപോയത് ഇപ്പോഴും ഓർമയുണ്ട്..
അമ്മെ എന്ന് വിളിച്ചു കരഞ്ഞെങ്കിലും അമ്മമ്മ അങ്ങോട്ടേക്ക് വന്നില്ല.. എന്റെ സ്വഭാവം ആകെ മാറാൻ തുടങ്ങിയിരുന്നു...എന്നെ മനസ്സിലാക്കിയിട്ടാകും 'അമ്മ എന്നെ തിരിച്ചു തറവാട്ടിൽ കൊണ്ടുവന്നു അമ്മമ്മയെ ഏൽപ്പിച്ചു.. എനിക്കെന്റെ സ്വർഗം തിരിച്ചുകിട്ടി.
അമ്മമ്മയിൽഞാൻ കണ്ട ഒരേയൊരു കുറവ് ഈ ജാതി പറച്ചിൽ മാത്രമായിരുന്നു.. ഞാൻ രണ്ടിലെത്തിയ സമയം പെൻഷൻ വാങ്ങാൻ പോയ അപ്പൂപ്പന് ഒരു അപകടമുണ്ടായി.. ആശുപത്രിയിലെത്തിയ അമ്മമ്മ ബോധംകെട്ടു വീണു. അപ്പൂപ്പനെ പരിശോധിച്ച ഡോക്ടറുടെ പേര് ജോപ്പൻഎന്നായിരുന്നു.. അപ്പൂപ്പന് രക്തം കൊടുത്തതു രാഘവൻ ചേട്ടനും വേറെ കുറെപേരും..അമ്മമ്മ എല്ലാര്ക്കും പോരാൻ നേരം നന്ദി പറഞ്ഞത് ഓർക്കുന്നുണ്ട്.. അന്നെനിക്ക് ശരിക്കും ചിരിവന്നു.. കാറിൽ വീട്ടിലേക്കു വരും വഴി അപ്പുപ്പൻ ഡോക്ടറെ പുകഴ്ത്തുന്നുണ്ടായിരുന്നു.. "അപ്പൂപ്പാ ഈ ജോപ്പൻ ഏതു ജാതിയാ" എന്ന ചോദ്യത്തിന് പെട്ടന്ന് ഉത്തരം വന്നു "ക്രിസ്ത്യാനി"..
അമ്മമ്മ കാറിലിരുന്ന് രാഘവൻ ചേട്ടനെയും സ്മരിക്കുന്നുണ്ടായിരുന്നു. "അല്ല അമ്മെ.. ഒരു സംശയം.. രാഘവന്റെ ചോര അപ്പൂപ്പന്റെ ഉള്ളിലില്ല? ഇനിയിപ്പോ അപ്പൂപ്പനും പാത്രമൊക്കെ കഴുകി കമഴ്ത്തി വെക്കേണ്ടി വരോ?"
അമ്മുമ്മ ക്രൂരമായി എന്നെയൊന്നു നോക്കി.. പിന്നെ എന്നെ ചേർത്ത് പിടിച്ചു.. ഏതായാലും ആ അപകടത്തിനുശേഷം അമ്മമ്മ ആകെ മാറി.. ജാതി, മതം ഇമ്മാതിരി പറച്ചിലൊക്കെ നിന്നു. രാഘവൻ ചേട്ടനും മകനും വീടിനകത്തും പ്രവേശനം കിട്ടി.. ആ ഒരു കുറവുകൂടി തീർന്നപ്പോൾ എന്റെ അമ്മമ്മ ശരിക്കും ഒരു ദേവതയായി മാറിയിരുന്നു.

Uma
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo