നിയമ പ്രകാരമുള്ള മുന്നറിയിപ്പ്: ഇത് എന്റെ കഥയല്ല,എന്റെ കഥ ഇങ്ങനെയല്ല,ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരോ,മരിച്ചുപോയവരോ ആയി എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കില്‍ അത് തികച്ചും യാദ്രിശ്ചികമല്ല,മനപ്പൂര്‍വമാണ്.......
സ്കൂളില്‍ പഠിക്കുന്ന സമയത്ത് എല്ലാ കാര്യങ്ങളിലും ഒന്നാമനായിരുന്നു ഞാന്‍,പഠനത്തിലോഴികെ.കുഞ്ഞിലേ മുതല്ക്കു തന്നെ സസ്യ ജാലങ്ങലോടും,സഹജീവികളോടും എനിക്ക് വല്ലാത്ത ഒരു അനുകമ്പയായിരുന്നു.ചെടികള്‍ നട്ടു വളര്‍ത്തുന്നതിലും,അവയെ വെള്ളമൊഴിച്ച് പരിപാലിക്കുന്നതിലും ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പൂന്തോട്ടം എന്നൊരു ആശയം ആയിടക്കാണ് സ്കൂളിലെ ഏതോ ഒരു ടീച്ചറുടെ ബുദ്ധിയില്‍ ഉദിച്ചത്.ഓരോ ക്ലാസ്സിനും ഓരോ പൂന്തോട്ടം.എന്റെ ഓര്‍മയില്‍ ഞാന്‍ അന്ന് അഞ്ചാം തരത്തിലാണ് പഠിക്കുന്നത്.ഞങ്ങളുടെ ക്ലാസിനു മുന്നിലുള്ള ചെടികള്‍ക്ക്,സ്കൂള്‍ തുറക്കുന്നതിനും അര മണിക്കൂര്‍ മുന്നേ എത്തി ഞാനായിരുന്നു വെള്ളമോഴിച്ചിരുന്നത്,നേരത്തെ പറഞ്ഞ സഹജീവി അനുകമ്പ ആയിരുന്നു കാരണം.ഇതില്‍ മാത്രം ഒതുങ്ങുന്ന ഒന്നായിരുന്നില്ല എനെറെ സഹജീവി സ്നേഹം..
ഉച്ചക്കഞ്ഞിക്ക് മണി മുഴങ്ങുമ്പോള്‍ എല്ലാ കുട്ടികളും വരിവരിയായി വരാന്തയില്‍ നിരന്നിരിക്കും,പാത്രങ്ങളുമായി.പക്ഷേ മഹാനായ ഞാനോ,കഞ്ഞിപ്പുരയിലേക്കയിരിക്കും ഓടുന്നത്.എന്തിനാണെന്നോ,കഞ്ഞി വിളമ്പുന്നതിനു ടീച്ചര്‍മാരെ സഹായിക്കാന്‍.ചുരുക്കി പറഞ്ഞാല്‍ സേവന പ്രവര്‍ത്തനങ്ങളിലൂടെ ടീച്ചര്‍മാരുടെ കണ്ണിലുണ്ണിയാകുക എന്നുള്ളതായിരുന്നു എന്റെ രഹസ്യ അജണ്ട....
അങ്ങനെ എന്ത് കാര്യത്തിനും മുന്നില്‍ നില്ക്കുന്ന എന്നെ കുറിച്ച് അവര്‍ക്കെല്ലാം നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ.പഠിച്ചിരുന്ന സമയത്ത് ഞാന്‍ തളര്‍ന്നു പോകുമായിരുന്ന ചില വിഷയങ്ങളുടെ ക്ലാസുകള്‍ ഉണ്ട്.ദിവസത്തില്‍ രണ്ടു വീതം ഉണ്ടായിരുന്ന കണക്കു മാഷിന്റെ ക്ലാസ്സുകളായിരുന്നു അവയില്‍ പ്രധാനം.എല്ലാ വിഷയങ്ങളിലും *തത്തി പൊത്തി*ജയിക്കാനുള്ള മാര്‍ക്ക് വാങ്ങുമായിരുന്നെങ്കിലും,കണക്കിന്റെ കാര്യത്തില്‍ എനിക്ക് തന്നെ ഒരു ഉറപ്പുമില്ലയിരുന്നു,ജയിച്ചാല്‍ ജയിച്ചു,അത്ര തന്നെ.അതുപോലെ തന്നെ ബാകി എല്ലാ ടീച്ചര്‍മാരുടെയും അടുത്ത് ഞാന്‍ പതപ്പിച്ചിരുന്ന സോപ്പ്,കണക്കു മാഷിന്റെ അടുത്ത് പതയുമായിരുന്നില്ല...
അഞ്ചാം ക്ലാസ്സിലെ ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് സ്കൂള്‍ തുറന്ന സമയം.പ്രാധനാധ്യാപിക ക്ലാസ്സില്‍ വന്നു പറഞ്ഞു,നാളെ നിങ്ങളുടെ മാതാ പിതാക്കളെ വിളിച്ചു കൊണ്ട് വരണം,പി ടി എ മീറ്റിംഗ് ആണ്.വലിയ സംഭവമായി തോന്നിയില്ല,കാരണം ഇടയ്ക്കു ഇടയ്ക്കു ഇത് നടത്തുന്നതാണ്.എന്നത്തേയും പോലെ ഇത്തവണയും മീറ്റിങ്ങിനായി അമ്മ തന്നെ എത്തി.പതിവുപോലെ എല്ലാ ടീച്ചര്‍ മാര്‍ക്കും എന്നെ കുറിച്ച് നല്ല അഭിപ്രായം മാത്രം.എന്നാല്‍ എന്റെ കണക്കു കൂട്ടലുകള്‍ തെറ്റാന്‍ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ.
സത്യത്തില്‍ മീടിങ്ങിനു പകരം അന്നവിടെ സംഘടിപ്പിച്ചത് പരസ്യമായി മാര്‍ക്ക് വിളിച്ചു പറയുന്ന ഒരു കൂതറ ഏര്‍പ്പാടായിരുന്നു.കണക്കൊഴികെ ബാകിയെല്ലാ മാര്‍ക്കും പറഞ്ഞു കഴിഞ്ഞു.ദൈവം സഹായിച്ച് ഇതുവരെയും പരിക്കൊന്നും പറ്റിയില്ല.അടുത്തതായി കണക്കു മാഷ് എഴുന്നേറ്റു.പേര്,കിട്ടിയ മാര്‍ക്ക് ഈ ക്രമത്തിലാണ് വായന.പേര് വിളിക്കുമ്പോള്‍ കുട്ടി എണീറ്റ് നില്‍ക്കണം.വായന തുടങ്ങി,ശരത് (എന്റെ ഉറ്റ തോഴനാണ് അവന്) അമ്പതിന് നാലര മാര്‍ക്ക്.കൂട്ടച്ചിരി മുഴങ്ങി,വേറാരുമല്ല നമ്മുടെ അച്ഛനമ്മമാര്‍ തന്നെ.കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്നു കേട്ടത് എന്റെ അമ്മയുടെ ചിരി ആയിരുന്നു എന്നാണ് എന്റെ ഓര്മ...
എല്ലാവരുടെ ചിരി തീര്‍ന്നിട്ടും സിനിമയിലെ ശ്രീനിവാസനെപ്പോലെ അമ്മ ചിരിക്കുന്നതിന്റെ ശബ്ദം അപ്പോഴും കേള്‍ക്കാമായിരുന്നു.രണ്ടു മൂന്നു പേരുകള്‍ കൂടി കഴിഞ്ഞു എന്റെ പേര് വിളിച്ചു.വിവേക്,ഞാന്‍ എണീറ്റു.(സ്ഫടികം സിനിമയിലെ ചാക്കോ മാഷിന്റെ വചനങ്ങള്‍ എന്റെ കാതുകളില്‍ അലയടിച്ചു.*വിത്ത് ഔട്ട് മാത്ത മടിക്സ് ഭൂമി ഒരു വട്ട പൂജ്യം*)കാതുകളില്‍ അലയടിച്ച വചനങ്ങളെ അര്‍ത്ഥവത്താക്കിക്കൊണ്ട് മാഷ് ഉച്ചത്തില്‍ പറഞ്ഞു,അമ്പതിന് പൂജ്യം.ഇതുവരെ മുഴങ്ങിയതിനെക്കാള് ഉച്ചത്തിലാണ് ഇപ്പൊ ചിരി കേള്‍ക്കുന്നത്.അമ്മയാണെങ്കിലോ,പ്ലിങ്ങോട് പ്ലിംഗ്.തലകറക്കം അനുഭവപ്പെട്ട അമ്മയെ ഞങ്ങളെല്ലാം കൂടി ചേര്‍ന്ന് താങ്ങിയെടുത്ത് വീട്ടില്‍ എത്തിച്ചു.
അമ്പതിന് നാലര മാര്‍ക്ക് വാങ്ങിയ ശരത്തിന്റെ അമ്മ അന്ന് മുഴുവന്‍ എന്റെ അമ്മയെ അടുത്തിരുന്നു ആശ്വസിപ്പിചതാണ് അന്നത്തെ ഹൈലൈറ്റ്.........
Vivek VR

Mmm
ReplyDeleteSuper.