നിറങ്ങൾ
.....................................
.....................................
കടൽ…….! ഇതിന് ഒരു തുടക്കമുണ്ടോ അതോ ഒരു അവസാനമുണ്ടോ. എന്തുകൊണ്ടോ എനിക്കപ്പോൾ വെറുതെ അങ്ങനെ തോന്നി. ചില ചോദ്യങ്ങൾ നമ്മൾ വെറുതെ ചോദിക്കുന്നതാണ്. ഉത്തരങ്ങൾ തേടാൻ മിനക്കെടാറില്ല. അല്ലെങ്കിൽ തന്നെ ഉത്തരം കണ്ടു പിടിക്കുന്നവരെല്ലാം വിജയികളാണോ. അങ്ങനെയാവാൻ വഴിയില്ല. ഒരു പക്ഷേ കൂടുതൽ ദു:ഖാകുലരും നിസ്സഹയരുമായിത്തീർന്നേക്കാനും മതി. ചിന്തകൾ അത്രയുമായപ്പോഴാണ് എന്റെ തോളിൽ അവന്റെ തണുത്ത കൈ അമർന്നത്.മുഖത്തേയ്ക്ക് വീണു കിടക്കുന്നമുടിയിഴകളെ ചെവിയുടെ പുറകിൽ ഒതുക്കി വച്ച് കവിളിൽ ചുംബിക്കാനൊരുങ്ങുകയായിരുന്നു അവൻ. അപ്പോഴാണ് എനിക്ക് പരിസരബോധമുണ്ടായത്. കടൽത്തീരത്തെ ആളൊഴിഞ്ഞ ആ കോണിൽ ഞങ്ങൾ തനിച്ചിരിക്കുകയാണെന്നും സൂര്യൻ കടലിലേക്ക് പകുതിയിലധികം വീണു കഴിഞ്ഞെന്നും. പെട്ടെന്നുണ്ടായ ഭാവ വ്യത്യാസം എന്റെ മുഖത്ത് പ്രകടമായിട്ടുണ്ടാവണം. തോളിൻ മേലുള്ള വരുണിന്റെ പിടി അയഞ്ഞു. അവന്റെ മുഖം ചുവന്നു. ദേഷ്യത്തോടെ എതിർവശത്തോട്ട് തിരിഞ്ഞ് കടലിലേക്ക് നോക്കി ഇരുന്നു.
എനിക്കു പെട്ടെന്ന് കുറ്റബോധം തോന്നി.
എനിക്കു പെട്ടെന്ന് കുറ്റബോധം തോന്നി.
"സോറി വരുൺ... ഞാൻ പെട്ടെന്ന് എന്തോ ചിന്തിച്ച് ഇരുന്നു പോയി “
" അല്ലെങ്കിലും ചിന്തകൾ ഇപ്പോൾ കുറച്ചു കൂടുതലാ. പല തവണയായി ഞാൻ ശ്രദ്ധിക്കുന്നു നീ ഈ ലോകത്തൊന്നുമല്ല “ ശബ്ദത്തിൽ പ്രകടമായ നീരസം.
അപ്പോൾ എനിക്കു എന്തുകൊണ്ടോ ചിരി വന്നു. ഗൗരവമായ സമയങ്ങളിൽ അറിയാതെ ചിരിച്ചു പോവുന്നത് എന്റെ ഒരു ദുശ്ശീലമാണ്. അതുകൂടി കണ്ടപ്പോൾ അവന്റെ ദേഷ്യം കൂടുകയാണ് ചെയ്തത്. ഗൗരവത്തോടെ ഇരിക്കുന്ന സമയത്ത് ഫോർമലായി സംസാരിക്കുന്നതാണ് വരുണിന്റെ സ്വഭാവം. കളിതമാശകൾ എന്തെങ്കിലും പറയാൻ പോയാലോ ചിരിച്ചു പോയാലോ പിന്നെ ദേഷ്യം കൂടും. ഞാൻ സ്വയം ശാസിച്ച് ഗൗരവം വീണ്ടെടുത്തു. ഇനി കുറച്ചു നേരത്തേയ്ക്ക് രക്ഷയില്ല.
വെറുതെ മൊബൈൽ അൺലോക്ക് ചെയ്തു എന്തോ നോക്കാൻ തുടങ്ങുമ്പോഴാണ് അച്ഛൻ ഇൻവിറ്റേഷൻ കാർഡിന്റെ കുറച്ചു മോഡൽസ് മെയിൽ ചെയ്തു തന്നിരിക്കുന്നത് കണ്ടത്.
വെറുതെ മൊബൈൽ അൺലോക്ക് ചെയ്തു എന്തോ നോക്കാൻ തുടങ്ങുമ്പോഴാണ് അച്ഛൻ ഇൻവിറ്റേഷൻ കാർഡിന്റെ കുറച്ചു മോഡൽസ് മെയിൽ ചെയ്തു തന്നിരിക്കുന്നത് കണ്ടത്.
" നോക്കു വരുൺ, ഇത് നന്നായിരിക്കുന്നുണ്ടല്ലേ "
പതുക്കെ ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചു. അവൻ ഒന്നു പാളി നോക്കി. പിന്നെ പറഞ്ഞു.
പതുക്കെ ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചു. അവൻ ഒന്നു പാളി നോക്കി. പിന്നെ പറഞ്ഞു.
" അത്ര പോര.ഒരു പഴയ സ്റ്റൈൽ “ പതുക്കെ അവന്റെ ദേഷ്യം കുറയുന്നതും അത് ഓരോന്നും ശ്രദ്ധിച്ചു നോക്കി അഭിപ്രായം പറയുന്നതും കണ്ടപ്പോൾ എന്തോ ഒരു വല്ലാത്ത സ്നേഹം തോന്നി. ഞാൻ കുറച്ചു കൂടി അവനോട് ചേർന്നിരുന്നു.
"നീ വിഷയം മാറ്റാൻ നല്ല മിടുക്കിയാ കേട്ടോ ഗോപു " അവൻ ചിരിച്ചു. ഗോപിക എന്ന എന്റെ പേരിനെ ചുരുക്കി ഗോപു എന്ന് അവൻ വിളിക്കുമ്പോഴാണ് ആ പേരിന് ഇത്രയും ഭംഗിയുണ്ടല്ലോ എന്ന് ഓർക്കുക.
"നിനക്കറിയാമോ.. എന്തിന്റെ പേരിലാണെങ്കിലും നിന്നോട് അധികനേരം പിണങ്ങിയിരിക്കാൻ എനിക്കു പറ്റില്ല . എന്നാലോ ചില പുളുന്താൻ ആണുങ്ങളെപ്പോലെ ഒലിപ്പിച്ചു കൊണ്ടു പുറകെ വരാനും വയ്യ. ഇനി കല്യാണം കഴിഞ്ഞാലും ശരി, ഞാൻ പിണങ്ങുമ്പോഴൊക്കെ ഇങ്ങനെ എന്റെ പുറകെ വന്ന് കൂട്ട് കൂടിക്കോളണം”
ഞാൻ വെറുതെ ആ മുഖത്തേക്ക് നോക്കി കൊണ്ടിരുന്നു. അവന്റെ പരുപരുത്ത രൂപത്തിനും സ്വഭാവത്തിനും അത്തരം സംഭാഷണങ്ങൾ ഇണങ്ങുമോ എന്ന് വെറുതെ ആലോചിക്കുകയായിരുന്നു ഞാൻ അപ്പോൾ. ആദ്യമായി പരിചയപ്പെടുമ്പോഴും പിന്നീട് സഹപ്രവർത്തകരും സുഹൃത്തുമായി മാറിയപ്പോഴും വരുൺ തികഞ്ഞ ഗൗരവക്കാരനായിരുന്നു. പക്ഷേ ഇപ്പോൾ പ്രണയത്തിൽ പെട്ട ഒരു കൗമാരക്കാരന്റെ രീതിയിലായിത്തുടങ്ങിയിരിക്കുന്നു.
ഞാൻ വരുണിനോട് കൂടുതൽ ചേർന്നിരുന്ന് സംസാരിക്കാൻ തുടങ്ങി. കല്യാണത്തെക്കുറിച്ചും പിന്നീടുള്ള ജീവിതത്തെ കുറിച്ചുമെല്ലാം അവന് വ്യകതമായ സങ്കല്പങ്ങളുണ്ടായിരുന്നു. ഞാനാണെങ്കിൽ വീണിടം വിഷ്ണുലോകം എന്ന് പറഞ്ഞത് പോലെ ഒഴുക്കിനൊത്ത് നീന്തുന്ന ഒരാളും.
കടൽത്തീരത്തെ തിരക്ക് കുറഞ്ഞ് തുടങ്ങിയിരിക്കുന്നു. കളിച്ച് മതിയാവാത്ത ഒരു കുട്ടിയെ അവന്റെ അമ്മ വഴക്കു പറഞ്ഞ് വലിച്ചുകൊണ്ടു പോവുന്നു. നിലക്കടല വിൽക്കാൻ നടക്കുന്ന ഒരു ചെറിയ പയ്യൻ ഒന്നു രണ്ട് തവണ അറിയാത്ത മട്ടിൽ ഞങ്ങളുടെ നേരെ ഒന്നു പാളി നോക്കിയിട്ടു പോവുന്നു.
പെട്ടെന്നാണ് മൊബൈൽ ബെല്ലടിച്ചത്.
മൊബൈൽ സ്ക്രീനിൽ നീതുവിന്റെ പേര് തെളിഞ്ഞപ്പോൾ പെട്ടെന്ന് എനിക്ക് എന്തോ വല്ലായ്മ തോന്നി. മുഖത്തെ ചിരി മാഞ്ഞു. ആ ഭാവമാറ്റം വരുണിലേക്കും പടർന്നു.
മൊബൈൽ സ്ക്രീനിൽ നീതുവിന്റെ പേര് തെളിഞ്ഞപ്പോൾ പെട്ടെന്ന് എനിക്ക് എന്തോ വല്ലായ്മ തോന്നി. മുഖത്തെ ചിരി മാഞ്ഞു. ആ ഭാവമാറ്റം വരുണിലേക്കും പടർന്നു.
"ഗോപു....നീലയാണോ മഞ്ഞയാണോ നിനക്കിഷ്ടപ്പെട്ട നിറം” ഫോൺ എടുത്ത ഉടനെ തിരക്കുകൂട്ടിയ മട്ടിൽ നീതുവിന്റെ ശബ്ദം.
"എന്ത് " ഞാൻ ഒന്നു അമ്പരന്നു.
"നീല വേണോ മഞ്ഞ വേണോ എന്ന് “
" അത്….എന്താ കാര്യം എന്നു അറിയാതെ ഞാൻ ഇപ്പൊ എന്തു പറയാനാ നീതു “ഞാൻ താൽപ്പര്യമില്ലാത്ത മട്ടിൽ സംസാരിച്ചു.
" ഓഹ്...അതോ... ഞാൻ ഒരു പുതിയ പെയിന്റിംഗിലാ... ഞങ്ങളുടെ വീട്.. എന്റെയും വരുണിന്റേയും... ഇനി പറ നീലയോ
മഞ്ഞയോ” അവളുടെ ശബ്ദം.
മഞ്ഞയോ” അവളുടെ ശബ്ദം.
പെട്ടെന്ന് എനിക്ക് ദേഷ്യം വന്നു.
"നീയിങ്ങനെ സ്വപ്നം കണ്ടിരുന്ന് സമയം കളഞ്ഞോ. നാളെ സബ്മിറ്റ് ചെയ്യേണ്ട പ്രൊജക്ടിന്റെ കാര്യം എന്തായി. ടീം വർക്കാണെന്ന് പറഞ്ഞ് എല്ലാം കൂടി എന്റെ തലയിലേക്കിട്ട് നിനക്ക് ഇങ്ങനെ നടന്നാൽ മതിയല്ലോ. നാളെ ആ ചില്ലുകൂട്ടിൽ കയറി നിന്ന് മാഡത്തിന്റെ ചീത്ത മുഴുവൻ ഞാൻ തന്നെ കേൾക്കണമല്ലോ”
"നീയിങ്ങനെ സ്വപ്നം കണ്ടിരുന്ന് സമയം കളഞ്ഞോ. നാളെ സബ്മിറ്റ് ചെയ്യേണ്ട പ്രൊജക്ടിന്റെ കാര്യം എന്തായി. ടീം വർക്കാണെന്ന് പറഞ്ഞ് എല്ലാം കൂടി എന്റെ തലയിലേക്കിട്ട് നിനക്ക് ഇങ്ങനെ നടന്നാൽ മതിയല്ലോ. നാളെ ആ ചില്ലുകൂട്ടിൽ കയറി നിന്ന് മാഡത്തിന്റെ ചീത്ത മുഴുവൻ ഞാൻ തന്നെ കേൾക്കണമല്ലോ”
നീതുവിന്റെ മറുപടിക്കു കാക്കാതെ കാൾ കട്ട് ചെയ്യുമ്പോൾ വല്ലാത്ത കുറ്റബോധം തോന്നി. എല്ലാം കേട്ട് മിണ്ടാതെ ഇരിക്കുകയായിരുന്ന വരുൺ എന്റെ അടുത്ത പ്രതികരണം എന്തായിരിക്കുമെന്ന് അറിഞ്ഞ മട്ടിൽ വെറുതെ കടലിലേക്ക് നോക്കി.
" വരുൺ... ഇനിയെങ്കിലും ഇതൊന്ന് അവസാനിപ്പിക്കു. നീതുവിനോട് എല്ലാം തുറന്നു പറയു” എന്റെ ശബ്ദം അറിയാതെ തന്നെ കുറച്ചു കടുത്തു പോയി.
"പലതവണ ഞാൻ പറയാൻ ഒരുങ്ങിയതല്ലേ, നീ തന്നെ അല്ലേ തടഞ്ഞത് “ വരുൺ പതിഞ്ഞ ശബ്ദത്തിലാണ് അത് പറഞ്ഞത്.
ശരിയാണ്. ഓരോ തവണയും ഞാൻ തന്നെയാണ് അവനെ തടഞ്ഞത്. പറഞ്ഞു കഴിയുമ്പോൾ അവളുടെ പ്രതികരണം എന്തായിരിക്കുമെന്ന് ഊഹിക്കാൻ കൂടി വയ്യ. എന്റെ സ്നേഹം പിടിച്ചു പറ്റാൻ വേണ്ടി മാത്രമാണ് വരുൺ അവളോട് അടുപ്പം ഭാവിച്ചതെന്ന് അറിയുമ്പോൾ അവൾ തകർന്നു പോവും.വരുണുമൊത്തുള്ള ഒരു ജീവിതം അവൾ അത്രയധികം സ്വപ്നം കാണുന്നു. കഴിഞ്ഞ ആറുമാസമായി ഞങ്ങൾ പ്രണയത്തിലാണെന്നും അടുത്ത മാസം വിവാഹം വരെ തീരുമാനിച്ചിരിക്കുകയാണെന്നും അറിയുമ്പോൾ ഒരു പക്ഷേ അവളുടെ സമനില വരെ തെറ്റിയേക്കാം. ഒരു ആത്മാർത്ഥ സുഹൃത്തിനോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒന്നാണ് ഞാനിപ്പോൾ അവളോട് ചെയ്തു കൊണ്ടിരിക്കുന്നത്.
"എടോ “ എന്റെ ചിന്തകൾ കാടു കയറുന്നത് കണ്ടിട്ടാവണം വരുൺ തോളിൽ പതുക്കെ ഒന്നു തട്ടി. ഞാൻ ഞെട്ടിയുണർന്നു.
"എനിക്കിപ്പൊ പേടി ചില പൈങ്കിളി സീരിയലിൽ ഒക്കെ കാണുന്നത് പോലെ അവളെ കല്യാണം കഴിക്കാൻ നീ എന്നോടു പറയുമോ എന്നാ.” വരുൺ പകുതി കാര്യവും പകുതി തമാശയും എന്ന മട്ടിൽ പറഞ്ഞു. ഞാൻ വെറുതെ ചിരിച്ചു.
ഇരുട്ടാവാൻ തുടങ്ങിയിരുന്നു. കടൽ ശാന്തയായ ഒരു പെണ്ണിനെപ്പോലെ മൗനിയായിരിക്കുന്നു. ഒന്നു കൂടി വരുണിനോട് ചേർന്നിരിക്കുമ്പോൾ വെറുതെ ഞാൻ ഒന്ന് ആലോചിച്ചു. നീതുവിന് വേണ്ടി വരുണിനെ വിട്ടുകൊടുക്കാൻ ഞാൻ തയ്യാറാവുമോ. എത്ര തിരിച്ചും മറിച്ചും ചിന്തിച്ചാലും കിട്ടുന്ന ഉത്തരം ഒന്നു തന്നെ. ഇല്ല; ഒരിക്കലുമില്ല! എന്റെ സ്വപ്നങ്ങളേക്കാളും ജീവിതത്തേക്കാളും വലുതല്ല എനിക്ക് മറ്റൊന്നും. ഇത്ര സ്വാർത്ഥമായി ചിന്തിക്കുവാൻ എനിക്കു കഴിയുന്നുണ്ടല്ലോ എന്ന് ആലോചിച്ചപ്പോൾ അത്ഭുതം തോന്നി. ചെറുതായിരുന്നപ്പോൾ ഒരിക്കൽ അറിയാതെ ഞാൻ ചെയ്ത തെറ്റിന്റെ പേരിൽ ടീച്ചറുടെ അടി കൊണ്ട ഒരു കൂട്ടുകാരിയെ കുറിച്ചോർത്ത് രണ്ടു ദിവസം മുഴുവൻ ഞാൻ കരഞ്ഞിരുന്നു. ആ മനസ്സ് എവിടെ വച്ചാണ് ഞാൻ നഷ്ടപ്പെടുത്തിയത്.
വരുണിന്റെ കൈകൾ എന്റെ അരക്കെട്ടിൽ വീണ്ടും ചുറ്റിപ്പിടിക്കാൻ തുടങ്ങിയിരുന്നു. പകുതി വച്ച് അവസാനിപ്പിച്ച ആ ചുംബനം വീണ്ടും ആരംഭിക്കാൻ തുടങ്ങിയതായിരുന്നു അവൻ. അപ്പോഴാണ് അപ്രതീക്ഷിതമായി ഞാനത് ചോദിച്ചത്.
"വരുൺ…. നമ്മുടെ വീടിന് നീല നിറമാണോ അതോ മഞ്ഞ നിറമാണോ കൂടുതൽ ചേരുക”
"വരുൺ…. നമ്മുടെ വീടിന് നീല നിറമാണോ അതോ മഞ്ഞ നിറമാണോ കൂടുതൽ ചേരുക”
അവൻ ഒരു നിമിഷം നിന്നു. അപ്പോൾ എന്തിനാണ് ഞാൻ അങ്ങനെ ഓർത്തതെന്ന് അവൻ ചോദിച്ചില്ല.പകരം രണ്ടു കൈകൾ കൊണ്ടും എന്റെ മുഖം വാരിയെടുത്തു.എന്നിട്ട് പറഞ്ഞു.
"നമുക്ക് വീട് ഉണ്ടാവില്ല. രാത്രിയുടെ ഇരുട്ട് പുതച്ച് ഒരു കടൽത്തീരത്ത് നമ്മൾ പ്രണയം പങ്കുവച്ചു കൊണ്ടിരിക്കും ഈ ജീവിതം മുഴുവൻ “
പിന്നെയും എന്തോ ചോദിക്കാൻ തുടങ്ങുന്നതിനു മുമ്പേ ഒരു ചുംബനത്തിൽ ഞാൻ അമർന്നു പോയിരുന്നു. തിരകൾ തീരത്തിലേക്ക് ഓടി വന്ന് നുരയും പതയും ബാക്കി വച്ച് തിരിച്ചുപോയി. എന്തോ പറയാൻ ശ്രമിച്ച് പരാജയപ്പെട്ട ഒരു കാറ്റ് മാത്രം അവിടെ ബാക്കിയായി. നീതു ഇപ്പോൾ ആ വീടിന്റെ ചിത്രം വരച്ചുകൊണ്ടിരിക്കുകയായിരിക്കും. നീലയോ അതോ മഞ്ഞയോ ഏത് നിറമായിരിക്കും അതിന്? ആകാശവും ഭൂമിയും കറുത്തു തുടങ്ങിയിരുന്നു..!!
Resmi

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക