Slider

ആണും പെണ്ണും കഥ

0
ആണും പെണ്ണും
കഥ
അതൊരു രണ്ടാം കല്യാണത്തിന്റെ ആദ്യരാത്രിയായിരുന്നു.
എന്തു ചെയ്യണമെന്നറിയാതെ രണ്ടു പേരും കട്ടിലിന്റെ വക്കത്ത് കൂട്ടിമുട്ടാതിരിക്കാൻ ,ശ്രദ്ധിക്കുന്നതു പോലെ അറച്ചിരുന്നു. എന്തെങ്കിലും തുടങ്ങി വെയ്ക്കേണ്ടത് തന്റെ കടമയാണെന്ന് ഓർത്തിട്ടാവാം അയാൾ പതുക്കെ അവളുടെ വിരലുകളിൽ തലോടാൻ തുടങ്ങി. ആദ്യത്തെ ആദ്യരാത്രിയിൽ അനുഭവിച്ച വിദ്യുത് പ്രവാഹം പക്ഷെ അവരുടെ വിരലുകളിൽ കമ്പനം കൊണ്ടില്ല.അവ ബന്ധം വിച്ഛേദിക്കപ്പെട്ട വെെദ്യുതക്കമ്പി പോലെ തണുത്ത് എല്ലിച്ചിരുന്നു.
'' നമുക്കുങ്ങാം'' കെെ പിൻ വലിച്ചുകൊണ്ട് അവൾ ആ അനിശ്ചിതത്വത്തിന് വിരാമമിടാൻ ശ്രമിച്ചു. പുരുഷന്റെ കടമ വീണ്ടും അയാളെ ജാഗരൂകനാക്കി. അങ്ങനെ ഉറങ്ങിയാൽ പിന്നെയൊരിക്കലും ഉണർന്നിരിക്കാനാവില്ല.
''ഉറങ്ങാനാണെങ്കിൽ എനിക്ക് എന്റെ വീടും നിനക്ക് നിന്റെ വീടും മതിയല്ലോ. ഒന്നിക്കാനുളളതല്ലെ ഈ കിടപ്പു മുറി?''
മുട്ടിയുരുമ്മിയിരുന്നുകൊണ്ട് അയാൾ പറഞ്ഞത് അവൾക്ക് നിഷേധിക്കാനായില്ല.അതുകണ്ടാവാം തോളോടു തോൾ ചേർന്ന ആ ഇരിപ്പിൽ നിന്ന് നീങ്ങാൻ അവൾക്കായില്ല.
''ഒന്നിച്ചു ജീവിക്കാം എന്നുറപ്പിച്ചുകൊണ്ടാണ് നമ്മൾ ഈ തീരുമാനത്തിലെത്തിയത്.തീരുമാനം തിരുത്തണമെങ്കിൽ തിരുത്താം. പുറപ്പെട്ടിടത്തു തിരിച്ചെത്തി വീണ്ടും മറ്റൊരു കൂട്ടാളിക്കു വേണ്ടി അന്വേഷണം തുടരാം. മറ്റൊരാളെ കണ്ടെത്തിയേക്കാം.പക്ഷെ നിനക്ക് മറ്റൊരാളാവാൻ കഴിയില്ല. ഉറങ്ങണമെങ്കിൽ ഉറങ്ങിക്കോളു. അനുവാദമില്ലാതെ നിന്നെ ഞാൻ സ്പർശിക്കില്ല.'' കട്ടിലിന്റെ അറ്റത്തേക്ക് മാറിയിരുന്നു കൊണ്ട് അയാൾ തന്റെ ഇഷ്ടം വ്യക്തമാക്കി.
കെെപ്പത്തിയിൽ മുഖമൊളിച്ചുകൊണ്ട് അയാൾ പറഞ്ഞതെല്ലാം അവൾ മനസ്സിലിട്ടുരുട്ടി കശക്കി നോക്കി. ശരിയാണ്. ഒന്നിച്ചെടുത്ത തീരുമാനമാണ്.വികാരമല്ല,വിചാരമാണ് ആ തീരുമാനത്തിന് കാരണമായത്.
'' നമുക്ക് അന്യോന്യം തുണയാവാൻ ശ്രമിക്കാം.'' അയാൾ അങ്ങനെയാണ് അന്ന് തുടക്കമിട്ടത്.'' ബെെക്കിൽ എന്റെ പുറകിൽ കയറിയപ്പോൾ പ്രിയ ഓരം തിരിഞ്ഞിരുന്നത് എനിക്ക് ഹൃദ്യമായി. എന്റെ ആദ്യത്തെ കൂട്ടാളി എപ്പോഴും പുറകില്‍ കവച്ചു വെച്ചാണ് ഇരിക്കാറ്. എനിക്ക് അത് അത്ര ഇഷ്ടപ്പെടാറില്ല. ഞങ്ങള്‍ ആണുങ്ങള്‍ അങ്ങനെയാണ് പെണ്ണ് തന്നിലേക്ക് ഒതുങ്ങണമെന്നു മോഹിക്കുന്നു. തെറ്റാവാം. ഒരു പെണ്ണായി നിനക്ക് എന്റെ കൂടെ കൂടാമെങ്കില്‍ പറയൂ. ആലോചിച്ചു പറഞ്ഞാല്‍ മതി. ''
ആലോചിച്ചു.താൻ അയാളിൽ ഒരു ആൺതുണ കണ്ടെത്തിയതു അയാൾ തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ സമ്മതം മൂളി. ഇനി ഈ അറച്ചിരിക്കല്‍ തുടരുന്നത് വഞ്ചനയാവും.
അവള്‍ മുഖമുയര്‍ത്തി അയാളെ നോക്കി. പൗരുഷം ഉറച്ചു ദൃഢമായ പേശികള്‍ അവളുടെയുള്ളിലുറങ്ങി കഴിഞ്ഞിരുന്ന പെണ്ണിനെ ഉണര്‍ത്തുകയായിരുന്നു. പെണ്ണെന്ന വികാരത്തിന്റെ തരംഗവേഗം അവളില്‍ പടര്‍ന്നു കയറി.
അയാളുടെ വിരലുകളിലെ കമ്പനം തന്റെ വിരലുകളില്‍ തരംഗമുണ്ടാക്കുന്നത് അവള്‍ക്ക് തടയാനായില്ല. പിന്നിട്ട പേപിടിച്ച രാത്രികളിലെ കണ്ണീരോ എന്തോ, പുല്‍ക്കൊടി തുമ്പിലെ ഹിമകണം പോലെ സപ്തവര്‍ണ്ണങ്ങളുടെ ഹര്‍ഷാശ്രുവായി അവളുടെ പക്ഷ്മങ്ങളില്‍ ഒളിചിന്നുന്നത് അയാളും കണ്ടു.
'' ഉള്ളിന്റെ ഉള്ളില്‍ പെണ്ണിനുമുണ്ട് ഒരു മോഹം. തലചായ്ക്കാന്‍ ഒരു മാറിടം.'' എന്ന് പറയാന്‍ മോഹിച്ചെങ്കിലും അവള്‍ക്ക് പറയാനായില്ല.പറയാതന്നെ ആ ആഗ്രഹം അയാളിലേക്ക് ഒരു തേങ്ങലോടെ മുഖമമര്‍ത്തി.

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo