ആമ്പലും പാമ്പും പിന്നെ ഞാനും
****** ********* ******** *******
****** ********* ******** *******
ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയം..അതും ഗേൾസ് സ്കൂളിൽ. 20 മിനുട്ട് നടന്നു പോവാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ സ്കൂളിലേക്ക്. ഒട്ടുമിക്ക കുട്ടികളും നടന്നു തന്നെയാണ് എത്താറു.. ചിലർ ഓട്ടോയിലും.
ഞങ്ങളുടെ സ്കൂളിൽ നിന്നും കുറച്ചു ദൂരെയാണ് ബോയ്സ് ഹൈസ്കൂൾ. പോകുമ്പോഴും വരുമ്പോഴും റോഡിന്റെ ഒരു സൈഡ് പെണ്പടകളും മറ്റേ സൈഡ് ആൺപടകളും കയ്യടക്കും.. ചില ലൈൻ അടി വീരന്മാരും വീരത്തികളും സമാന്തരമായി കള്ളക്കണ്ണെറിഞ്ഞു നടക്കും.
ഞങ്ങൾ കൂട്ടുകാരികളുടെ യാത്ര ഒരു വയലിനരികിൽ കൂടെ ആയിരുന്നു. പോവുന്ന വഴിയിൽ വയലിലും തോടിലും ഒരുപാട് ആമ്പൽപൂ ഉണ്ടാകും. ഒരിക്കൽ ഒരു കൗതുകത്തിന് തോട്ടിൽ ഇറങ്ങി ഒരു പൂ പറിച്ചു.
വരും വഴി അതൊരു കുഞ്ഞുവാവയ്ക്ക് കൊടുത്തു.. പിന്നെ എല്ലാ ദിവസവും ആ മോള് ഈ ആമ്പൽ പൂവിനു കാത്തു നിൽക്കാൻ തുടങ്ങി.
വരും വഴി അതൊരു കുഞ്ഞുവാവയ്ക്ക് കൊടുത്തു.. പിന്നെ എല്ലാ ദിവസവും ആ മോള് ഈ ആമ്പൽ പൂവിനു കാത്തു നിൽക്കാൻ തുടങ്ങി.
അങ്ങനെ ഒരു ദിവസം വൈകീട്ട് 5 മണിക്ക് സ്കൂൾ വിട്ട് വരികയാണ്, അന്ന് വയൽ നിറച്ചും ആമ്പൽ!! കുറെ കിട്ടണമെങ്കിൽ വെള്ളത്തിലൂടെ നടു ഭാഗത്തേക്ക് പോവണം.. ചുറ്റും നോക്കി ആരും ഇല്ല പ്രത്യേകിച്ചു വില്ലന്മാർ. ഇതെങ്ങാനും കണ്ടാൽ പിറ്റേന്ന് അതും പറഞ്ഞാവും കളിയാക്കൽ. അതു കൊണ്ടു തന്നെ കൂട്ടുകാരികളിൽ ധൈര്യമില്ലാത്തവരെ കാവലിനും ധൈര്യമുള്ള ഒരാളെ ഞാൻ ചെളിയിൽ താഴ്ന്നു പോവാതിരിക്കാൻ ഞാൻ തന്നെ സഹായത്തിനും നിർത്തി.
ഇറങ്ങി മുന്നോട്ടു പോയപ്പോൾ ശരിക്കും പെട്ടു. മുട്ടു വരെ വെള്ളവും, ചെളിയിൽ കാലും പുതഞ്ഞു. എങ്കിലും തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന വരിയൊക്കെ സ്വയം സമാധാനത്തിനു പാടി ആമ്പൽ ഓരോന്നായി പറിച്ചെടുത്തുകൊണ്ടിരുന്നു.
എന്റെ സഹായിക്ക് സ്നേഹം കൂടിയിട്ടാണെന്നു തോന്നുന്നു അവൾ ആക്രാന്തം പിടിച്ച പോലെ മുന്നോട്ടുള്ള പൂവ് പറിക്ക്, തണ്ട് പൊട്ടാതെ എന്നൊക്കെ പറഞ്ഞു പിശുക്കില്ലാതെ പ്രോത്സാഹനം തന്നു കൊണ്ടേ ഇരുന്നു.
കുറച്ചൂടെ മുന്നോട്ട് നീങ്ങി വയലറ്റ് ആമ്പൽ പൂവ് പറിക്കാൻ പോയി. അതും തണ്ട് ഒടിയാതെ. കുനിഞ്ഞു തണ്ടൊടിയാതെ അതിന്റെ വേരറ്റത്തേക്ക് കൈ കൊണ്ട് പോയി. ഇടത് കൈ നമ്മുടെ സ്വന്തം സഹായി പിടിച്ചു വെച്ചിട്ടുണ്ട്. കിട്ടിയില്ലേ എന്ന അവളുടെ ചോദ്യത്തിന് ഇതിന്റെ തണ്ടിനു നല്ല തടിയാണ്, ഇതിന്റെ അറ്റം മനസിലാവുന്നില്ല എന്നും പറഞ്ഞു തണ്ട് വലിച്ചെടുത്തു ഞാൻ നിവർന്നതും കേട്ടത് ഒരു അലർച്ച ആയിരുന്നു. എന്റെ കയ്യിലെ പിടിത്തം വിട്ട് അവൾ പാമ്പ് എന്നും പറഞ്ഞു ബഹളം വെക്കുന്നു. ആമ്പൽ പൂവിന്റെ തണ്ടിന്റെ കൂടെ എന്റെ കയ്യിൽ അനുസരണയുള്ള സഹജീവിയായി ഒരു നീർക്കോലി (ഞങ്ങളുടെ നാട്ടിലെ ചേരപാമ്പു )പുളയുന്നു. ഓടാൻ ആണെങ്കിൽ കാലു ചെളിയിൽ. ഇവൾ വലിച്ചു കയറ്റാതെ വരില്ല. അവളാണെങ്കിൽ ബഹളവും.. പാമ്പിനെ വലിച്ചൊരെറ് കൊടുത്തു ഉള്ള ധൈര്യത്തിൽ,.. പക്ഷെ കാലു ചെളിയിൽ നിന്നും കയറ്റി എടുക്കാൻ ചില്ലറ പാടൊന്നും അല്ല ഉണ്ടായത്. അറുപത് ആമ്പൽ കിട്ടിയന്ന്. കൂടെ ഒരു നീർക്കോലിയും.
കര കയറി കാലിലെ ചെളി കഴുകി കഴിഞ്ഞപ്പോൾ ആയിരുന്നു എന്റെ ശത്രു ചെക്കൻ പോയത്.കൂട്ടുകാരികൾ വിളിക്കുന്നതാണ് അങ്ങനെ. ഇത്രയും ആമ്പൽ പിടിച്ചു നിൽക്കുന്ന എന്നെ നോക്കി എന്റെ ശത്രു അന്ന് ആദ്യമായി എന്നോട് ചിരിച്ചു.
ആ ആമ്പൽ മുഴുവൻ ആ കുഞ്ഞിനും അവളുടെ ചേച്ചിക്കും കൊടുത്തു. പകരം എനിക്ക് കിട്ടിയത് കഴുത്തടക്കം പിടിച്ചു കവിളിൽ ഒരു ചക്കരയുമ്മ ആയിരുന്നു.പിന്നെ ആ കുഞ്ഞു കണ്ണുകളിലെ ചിരിയും സന്തോഷവും...
ഇന്ന് ആ വയലൊക്കെ നികന്നു.ഇരുനില വീടുകൾ ഉയർന്നു.ആമ്പലും കുളവും തോടും എല്ലാം മുതിർന്നവരുടെ ഓർമ്മകളും പുതുതലമുറയ്ക്ക് കേട്ട് കേൾവി മാത്രവും ആയിമാറി.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക