Slider

...മൂന്നാമത്തെ ചോദ്യം..

0
...മൂന്നാമത്തെ ചോദ്യം..
കാർത്ത്യായനിയമ്മയ്ക്കു രോഗം മൂർച്ഛിച്ചതു പെട്ടെന്നായിരുന്നു.. സാധാരണ ഒരസുഖമായിരുന്നില്ല അത്. തികച്ചും വ്യത്യസ്തമായ ഒരസുഖം. വയസ്സായാൽ ഉണ്ടാവുന്ന ഓർമ്മപിശകാണെന്നാണെല്ലാവരും കരുതിയത്. പക്ഷെ വാസ്തവം. അതല്ലായിരുന്നു .
രാജിയുടേയും അരുണിന്റേയും പതിനെട്ടു വർഷത്തെ സന്തോഷകരമായ ദാമ്പത്യ ജീവിതം നഷ്ടപ്പെടുവാൻ കാരണം കാർത്ത്യായനിയമ്മയുടെ മൂന്നാമത്തെ ചോദ്യമായിരുന്നു. മദ്രാസിൽ നിന്നവധിക്കാലം ചിലവഴിക്കാനായി രാജിയും അരുണും നാട്ടിലെത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ രാജിയുടെ അമ്മ ചോദിച്ചു..
നിങ്ങൾക്കു കാർത്ത്യായനി ചേച്ചിയെ ഒന്നു പോയി കണ്ടൂടെ..? ...വയ്യാണ്ടിരിക്കുവല്ലേ.
രാജിയുടെ ബന്ധുവാണ് കാർത്ത്യായനിയമ്മ. രാജി അവരെ വല്യമ്മ എന്നാണു വിളിക്കാറുള്ളത്.
അങ്ങനെ ഒരു വൈകുന്നേരം രാജിയും അരുണും കാർത്ത്യായനി അമ്മയുടെ വീട്ടിലെത്തി.
മോഹനേട്ടാ വല്യമ്മ കെടക്കുവാണോ? രാജി കാർത്ത്യായനി അമ്മയുടെ ഏകമകൻ മോഹനനോടു ചോദിച്ചു.
അതെ.. എണീറ്റിരിക്കില്ല രാജി. ഓർമ്മ കുറവും ഉണ്ട്. മോഹനൻ മറുപടി പറഞ്ഞു.
പടിഞ്ഞാറെ മുറിയിൽ അവർ മയങ്ങുകയായിരുന്നു. മുകളിലെ സീലിങ്ങ് ഫാൻ വല്ലാത്ത ശബ്ദത്തിൽ കറങ്ങുന്നു.
വല്യമ്മേ.... രാജി പയ്യെ വിളിച്ചു
മയക്കത്തിൽ നിന്നു കാർത്ത്യായനിയമ്മ കണ്ണു തുറന്നു. ആ ചുണ്ടുകൾ ചലിച്ചു
....രാജി...
അരുണിന്റെ കൈയ്യിൽ പിടിച്ചു സന്തോഷത്തോടെ രാജി പറഞ്ഞു വല്യമ്മ എന്നെ തിരിച്ചറിഞ്ഞു..
രാജിയ്ക്കു പിന്നിൽ മോഹനനും മോഹനന്റെ ഭാര്യ സരളയും അത്ഭുതപ്പെട്ടു നിന്നു.
നീ എന്നാ മദ്രാസിൽ നിന്നു വന്നത്? കാർത്ത്യായനിയമ്മ ആദ്യത്തെ ചോദ്യം തൊടുത്തു..
ആരാ പറഞ്ഞതു വല്യമ്മയ്ക്കു മറവിയാണെന്നു. സരള അതിനു മറുപടി ഇല്ലാതെ നിന്നു..
കഴിഞ്ഞാഴ്ച വല്യമ്മേ..
നിനക്കു ഒരു മകളല്ലേ ഉള്ളൂ.. അവളിപ്പോ എത്രയിലാ... രണ്ടാമത്തെ ചോദ്യം. മോഹനൻ വീണ്ടും അത്ഭുതപ്പെട്ടു.
ഒൻപതിൽ സ്നേഹത്തോടെ രാജി പറഞ്ഞു.
പിന്നീടാണ് ഏറ്റവും പ്രധാന വഴിത്തിരിവായ ചോദ്യം കാർത്ത്യായനിയമ്മ ചോദിച്ചത്. ആ മൂന്നാമത്തെ ചോദ്യം അരുണിന്റേയും രാജിയുടേയും ദാമ്പത്യം തകർക്കുന്ന ചോദ്യമായിരുന്നു...
കെട്ടിയോൻ ജോലിക്കു പോയി കഴിഞ്ഞു നീ ആരെയാടീ വീട്ടിലേക്കു എപ്പോഴും വിളിച്ചുവരുത്തുന്നത്. അവന്റെ പേരെന്താ..?
രാജി ഞെട്ടി.. അരുൺ രാജിയുടെ മുഖത്തു നോക്കി.. മോഹനൻ ക്ഷമാപണ സ്വരത്തിൽ പറഞ്ഞു.. അമ്മയ്ക്ക് ഓർമ്മയില്ലാഞ്ഞിട്ടാ.
എനിക്കൊരു ഓർമ്മക്കുറവുമില്ല.. എന്താടി അവന്റെ പേര്? സത്യം പറ.
കാർത്ത്യായനിയമ്മ കിടന്ന കിടപ്പിൽ ചോദിച്ചു.
"അലക്സ് " രാജി അറിയാതെ പറഞ്ഞു പോയി.
മുഖം താഴ്ത്തി അവർ അവിടുന്നു നടക്കുമ്പോൾ രാജി ചിന്തിച്ചതു മറ്റൊന്നായിരുന്നു.
" ഇതെങ്ങനെ വല്യമ്മ....?!! "
അന്നു തന്നെ അരുൺ അയാളുടെ വീട്ടിലേക്കു പോയി. ഒളിഞ്ഞു നിന്നു കേട്ട വേലക്കാരി വത്സല അതു നാട്ടിൽ പാട്ടാക്കി.. കാറ്റുപോലെ ആ വാർത്ത നാട്ടിൽ പടർന്നു.. അറിഞ്ഞവർ അറിഞ്ഞവർ മൂക്കത്തു വിരൽ വച്ചു.
അവൾക്കിതെന്തിന്റെ കേടാ..
പിന്നീടൊരിക്കൽ..
മായയും മകൾ അഞ്ജലിയും കല്യാണത്തിനു പോയി വരുന്ന വഴിയാണു കാർത്ത്യായനിയമ്മയെ കാണാൻ ചെന്നത്. ചോദ്യങ്ങളുമായി കാർത്ത്യായനിയമ്മ വല്ലാത്ത ശബ്ദത്തിൽ കറങ്ങുന്ന സീലിങ്ങ് ഫാനിനു താഴെ കാത്തു കിടന്നു..
മായേ ആരുടെ കല്യാണമായിരുന്നു..
മായയ്ക്കും അത്ഭുതം.. സരള പേടിച്ചു വിറച്ചു നിന്നു.. അകത്തു വത്സല ചെവി വട്ടം പിടിച്ചു..
ഗോപേട്ടന്റെ അമ്മാവന്റെ മകളുടെ.
ഇവളെന്തിനാ പഠിക്കുന്നതു. .
ബി സ് ഇ യ്ക്ക്.. അഞ്ജലിയാണ് മറുപടി പറഞ്ഞത്..
കാർത്ത്യായനിയമ്മ ഇടം കണ്ണിട്ടു അഞ്ജലിയെ നോക്കി മൂന്നാമത്തെ ചോദ്യം തൊടുത്തു. സരള കാതു പൊത്തി..വത്സല മുറിയുടെ അടുത്തേക്കു നീങ്ങി നിന്നു.
ക്ലാസ്സുമുറിയിൽ ആരാ നിന്നെ കെട്ടിപ്പിടിച്ചത്... ഉമ്മ വച്ചത്?
അമ്മയ്ക്ക്... ഓർമ്മയില്ലാഞ്ഞിട്ടാ കേട്ടോ.സരള ക്ഷമാപണം ചെയ്തു..
" ഭ്ഫാ" ....നിന്റെ കെട്ടിയോനാടി ഓർമ്മയില്ലാത്തത്..
അഞ്ജലി അഖിലിനെ ഓർത്തങ്ങനെ നിന്നു.. പിന്നെ ഒന്നും മിണ്ടാതെ മായയോടൊപ്പം പുറത്തേയ്ക്കു നടന്നു..
പിന്നീട് പല തവണ ആ മൂന്നാമത്തെ ചോദ്യം ഉയർന്നു.
രമണി മാല മോഷ്ടിച്ചതും, സഹദേവൻ
ഉത്സവ പറമ്പിൽ വച്ചു സത്യഭാമയുടെ ചന്തിയിൽ തോണ്ടിയതും, അരവിന്ദൻ ക്ലാസുകട്ടു ചെയ്തു കള്ളുകുടിച്ചതും, എഴുപതുകാരനായ നാരയണൻ നായർ അശ്ലീല ചിത്രങ്ങൾ കണ്ടതും ഒക്കെ കാർത്ത്യായനിയമ്മ പ്രവചിച്ചു.എല്ലാ പ്രവചനങ്ങൾക്കും മോഹനനും സരളയും ക്ഷമാപണങ്ങൾ നടത്തി. വത്സല പ്രവചനങ്ങളെല്ലാം നാട്ടിൽ പറഞ്ഞു നടന്നു പരസ്യമാക്കി . അങ്ങനെ കാർത്ത്യായനിയമ്മയും മൂന്നാമത്തെ ചോദ്യവും നാട്ടിൽ ചർച്ചയായി. അവരെ ഒറ്റയ്ക്ക് കാണുവാൻ ചെല്ലുന്നവരുടെ എണ്ണം കൂടി
ഭർത്താവ് ഭാര്യയെ കൂടാതെ, അമ്മ മകനെ ഒഴിവാക്കി രഹസ്യമായി കാർത്ത്യായനിയമ്മയെ സന്ദർശിച്ചു.മോഹനൻ രഹസ്യങ്ങൾ പരസ്യമാക്കാതിരിക്കുവാൻ വത്സലയെ പറഞ്ഞു വിട്ടു.
അങ്ങനെയൊരു ദിവസം....
സരള മുറ്റത്തെ ചെടി നനച്ചു കൊണ്ടിരിക്കവേ മതിലിനു പുറത്തു ഒരു ഓട്ടോറിക്ഷ വന്നു നിന്നു. അതിൽ നിന്നും നീളൻ ജൂബയും കണ്ണടയും ധരിച്ച ഒരാൾ ഇറങ്ങി.. സരള ഞെട്ടിപ്പോയി.പ്രശസ്ത സാഹിത്യകാരൻ പങ്കജാക്ഷൻ തെക്കേച്ചിറ..
കാർത്ത്യായനിയമ്മയുടെ വീടല്ലേ..?
ദേശസ്നേഹത്തിന്റെ വരികൾ വിതറി നാടു ത്രസിപ്പിച്ച കഥാകാരൻ.
ആ നീണ്ട വിരലുകളിൽ നിന്നു പിറന്ന എത്ര എത്ര പ്രണയ വരികൾ വായിച്ചു...
മോഹനേട്ടാ.... സരള ഓടുകയായിരുന്നു..
ഉമ്മറത്തു പത്രം വായിച്ചിരുന്ന മോഹനൻ ജൂബാക്കാരനെ കണ്ടു.
ആരാ എന്തു വേണം..?
മോഹനന്റെ ചോദ്യം കേട്ട സരളയ്ക്കു ദേഷ്യം വന്നു.. സാഹിത്യകാരൻമാരെ തിരിച്ചറിയാത്ത .....
മോഹനേട്ടാ... ഇതാണ് പങ്കജാക്ഷൻ തെക്കേച്ചിറ.. പല മാഗസിനുകളിലും എഴുതുന്നയാളാണ്.
തെക്കേച്ചിറ ചിരിച്ചു. മുഖത്തു നോക്കാതെ. ഇടയ്ക്കു സരളയെ ഒളികണ്ണിട്ടു നോക്കി.
സമൂഹത്തിന്റെ ഉയർച്ചയിൽ സാഹിത്യത്തിനു വ്യക്തമായ പങ്കുണ്ട് മോഹനൻ..
ഉവ്വോ...മോഹനൻ ശ്രദ്ധിച്ചു. ഒരു ചൂണ്ടുവിരൽ ഉയർത്തി തെക്കേച്ചിറ സംസാരിക്കുന്നു. സരള എന്തൊക്കെയോ മറുപടി പറയുന്നു.
എഴുത്തിനു പല തലങ്ങളുണ്ട്.. പഴയ ജാതി വ്യവസ്ഥ പോലെ പല തട്ടിലുള്ള എഴുത്തുകൾ.. ഞാനിപ്പോൾ പ്രവചനം എന്നൊരു കൃതി എഴുതി കൊണ്ടിരിക്കുകയാണ്. ചില മാഗസിനുകൾ സമീപിച്ചിട്ടുണ്ട്.. അതുകൊണ്ടാണിവിടെ വന്നത്. കാർത്ത്യായനിയമ്മയെ ഒന്നു കാണാൻ....
വന്നാട്ടെ സാറേ..
മോഹനനും സരളയും പങ്കജാക്ഷൻ തെക്കേച്ചിറയെ പടിഞ്ഞാറെ മുറിയിലേക്കാനയിച്ചു..
മുകളിലെ സീലിങ്ങ് ഫാൻ വല്ലാത്ത ശബ്ദത്തിൽ കറങ്ങുന്നു. കട്ടിലിൽ മയങ്ങുകയായിരുന്ന കാർത്ത്യായനിയമ്മ കണ്ണു തുറന്നു ഒന്നു അവരെ നോക്കി..
അമ്മേ ഇതാരാന്നു നോക്കിയേ...
തെക്കേച്ചിറയെ കാർത്ത്യായനിയമ്മ അടിമുടി ഒന്നു നോക്കി.. പിന്നെ കൈകൂപ്പി തൊഴുതു.. തെക്കേച്ചിറ ഒരു കൈയുയർത്തി ഈശ്വരനെ പോലെ അവരെ അനുഗ്രഹിച്ചു.
അമ്മയ്ക്കു മനസ്സിലായോ? സരള ഉറക്കെ വിളിച്ചു ചോദിച്ചു.
ലൂയി പതിനാലാമനല്ലേ..
അല്ലമ്മേ ഞാൻ പങ്കജാക്ഷൻ തെക്കേച്ചിറ ..പ്രശസ്തനായ എഴുത്തുകാരനാണ്.. തെക്കേച്ചിറ സ്വയം പറഞ്ഞു..
സാറ് സ്വയം പൊക്കണ്ടായിരുന്നു.. ഞങ്ങൾ പൊക്കിയേനേ.. ചിരിച്ചു കൊണ്ടു മോഹനൻ പറഞ്ഞു.
ങ്ങള് ഹെമിങ്ങ് വേയുടെ ആരാ?
തെക്കേച്ചിറ അതിനു മറുപടി പറഞ്ഞില്ല.
മൂന്നാമത്തെ ചോദ്യത്തിനായി പങ്കജാക്ഷനും മോഹനനും സരളയും കാത്തു നിന്നു..
പുസ്തകങ്ങളെ സ്നേഹിക്കുന്ന ഒരു പറ്റം നല്ല വായനക്കാരുടെ മുഖങ്ങൾ മുന്നിൽ കണ്ടു മുകളിലെ മച്ചിൻമേൽ കണ്ണുകളയച്ചു കാർത്ത്യായനിയമ്മ മിണ്ടാതെ കിടന്നു.
മോഹനേട്ടാ ദേ.. അമ്മ കരയുകയാ..
ആ വ്യദ്ധയുടെ കണ്ണുകളിൽ നിന്നും കണ്ണുനീരൊഴുകുന്നു. അവർ വിതുമ്പുന്നു..
ഒന്നും കാണാതേം കേൾക്കാതേം ന്ക്ക് ഒന്നു ചത്താ മതീ ന്റെ മോഹനാ.
ജൂബയുടെ കൈകൾ മുകളിലേക്കു കയറ്റി വച്ചു ഒരു നായകനെ പോലെ തെക്കേച്ചിറ ചോദിച്ചു.
പറയൂ അമ്മേ.. എന്തു പറ്റി? ദേഷ്യത്തോടെ കാർത്ത്യായനിയമ്മ പങ്കജാക്ഷനെ ഒന്നു നോക്കി.. ഒരു കൈ ചൂണ്ടി ചോദിച്ചു..
നിന്റെ കുടുംബസ്വത്തൊന്നും അല്ലല്ലോ സാഹിത്യം ??
വായനക്കാരാ....
ആ ചോദ്യത്തിനു മറുപടി ഈ കഥയിൽ പ്രസക്തമല്ല .
പടിഞ്ഞാറുവശത്തെ ഓലമേൽ അലസനായിരുന്ന കാവടി കാക്ക കാ.. കാ എന്ന ശബ്ദം ഉണ്ടാക്കി ആരെയോ വിരുന്നു വിളിച്ചു.
ഏതോ സ്റ്റേഡിയത്തിൽ കളി കണ്ടു കൊണ്ടിരുന്ന കാണികളിലൊരുവൻ നന്നായി കളിച്ചുകൊണ്ടിരുന്ന ഒരു കളിക്കാരനെ പറ്റി വെറുതെ ഒരഭിപ്രായം പറയാനായി വാ തു റന്നു.
മലയാള സാഹിത്യത്തെ ഓർത്തു നെടുവീർപ്പിട്ടു പങ്കജാക്ഷൻ തെക്കേച്ചിറ തുറന്നിട്ട ജനാലയിലൂടെ പുറത്തേക്കു നോക്കി നിന്നു.
ആ നിമിഷത്തിൽ മോഹനൻ കാണാതെ തെക്കേച്ചിറയുടെ നീണ്ടു മെലിഞ്ഞ വിരലുകൾ ഒന്നു തൊടാനായി സരളയുടെ കൈകൾ
ജനൽ പടിയിലേക്കു നീണ്ടുചെന്നു..
... പ്രേം....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo