Slider

കുട്ടീടെ സങ്കടങ്ങൾ (Part 1)

0

കുട്ടീടെ സങ്കടങ്ങൾ.
ഒരു കുട്ടിയുണ്ടായിരുന്നു.
കണ്ണിൽ കാണുന്നതെല്ലാം ആ കുട്ടിയ്ക്ക് കൗതുകങ്ങളായിരുന്നു.
പ്രകൃതി, മഴ, പൂക്കൾ, പക്ഷി മൃഗാദികൾ.
കുട്ടി ഇവയോടൊക്കെ സംസാരിയ്ക്കുമായിരുന്നു.
വാടിക്കൊഴിഞ്ഞു വീണ ചെമ്പരത്തിപ്പൂവിനോടു, നാളെ നിനക്ക് വീണ്ടും ജീവൻ വയ്ക്കാൻ ഞാൻ ഈശ്വരനോടു പറയാം ട്ടോ എന്നു പറയുകയും വീടിനു മുന്നിലുള്ള ശിവക്ഷേത്രത്തിലെ ഭണ്ടാരത്തിൽ കാണിയ്ക്കയിടുകയും ചെയ്യുമായിരുന്നു കുട്ടി.
സ്ക്കൂളിലും വീട്ടിലും മറ്റു കുട്ടികളെല്ലാം പല തരം കളികളിലേർപ്പെടുമ്പോൾ ഈ കുട്ടി മാത്രം പക്ഷികളോടും അണ്ണാറക്കണ്ണനോടും സല്ലപിച്ചു. പുസ്തകങ്ങളോടു മാത്രം കൂട്ടു കൂടി.
കുട്ടിയെന്തേ ഇങ്ങനെ ആയിപ്പോയതെന്നു വീട്ടുകാർ വേവലാതിപ്പെട്ടിരുന്നു.
അങ്ങനെയിരിയ്ക്കേ കുട്ടിയ്ക്കു ചെറിയൊരു ആഗ്രഹം...
ചിറകുകൾ വേണമെന്ന്....
സ്ക്കൂളിൽ പോകാതെ,
പ്രിയപ്പെട്ട തത്തപ്പെണ്ണിനോടൊപ്പം ആകാശത്തു പറന്നു നടക്കാൻ കുട്ടി വല്ലാതെ ആഗ്രഹിച്ചു. അതിനായി ഒരുപാട് പ്രാർത്ഥിച്ചു.
പക്ഷേ ചിറകുകൾ കിട്ടിയില്ല.
അങ്ങനെ വിഷമിച്ചും സങ്കടപ്പെട്ടും ഇരുന്ന കുട്ടിയോട് അയല്പക്കത്തെ ഷീല
ചേച്ചി ഒരു ഒറ്റമൂലി പറഞ്ഞു കൊടുത്തു.
ഉണങ്ങിയ ആട്ടിൻകാട്ടവും കൽക്കണ്ടവും പൊടിച്ചു വെറും വയറ്റിൽ ഒരാഴ്ച്ച സേവിച്ചാൽ ചിറകുകൾ മുളയ്ക്കും ന്ന്.ഷീലചേച്ചി കുട്ടീടെ നാട്ടിലെ പ്രമുഖ വൈദ്യരുടെ മകളായതിനാൽ കുട്ടി അതപ്പാടെ വിശ്വസിച്ചു. അതിനായുള്ള ശ്രമങ്ങളും തുടങ്ങി. പക്ഷേ, ഒരാഴ്ച്ചയല്ല അതിലേറെ ദിവസങ്ങൾ സേവിച്ചിട്ടും ചിറകു പോയിട്ട് ഒരു തൂവൽ പോലും മുളച്ചില്ല.
ചർദ്ധിയും വയറിളക്കവും കൂട്ടുകാരുടെ നിർലോഭമായ കളിയാക്കലും കാരണം കുട്ടി വല്ലാതെ തളർന്നു പോയി.
അതോടെ കുട്ടി കൂടുതൽ അന്തർമുഖിയായി.
ആരോടും പറയാൻ പറ്റാത്ത സങ്കടങ്ങൾ,
ചിറകുകൾ മുളയ്ക്കാത്തതും ഷീലച്ചേച്ചി പറ്റിച്ചതും പിന്നെ വെൺമേഘമായി മാറാൻ കഴിയാത്തതും കാറ്റായി വീശാനും മഴയായി പെയ്യാനുമൊന്നും പറ്റാത്തതുമായ ഒത്തിരി വിഷമങ്ങൾ കുട്ടിയൊരു പുസ്തകത്തിൽ കുറിച്ചു വച്ചു ; ആരും കാണാതെ.......
പക്ഷേ കുട്ടീടെ ട്യൂഷൻ ടീച്ചർ ഒരു ദിവസം അതൊക്കെ കണ്ടു പിടിച്ചു. അവർ അത്ഭുതപ്പെട്ടു.
"എന്തു രസായിട്ടാ മോളെഴുതണേ, ഇതൊക്കെ എങ്ങന്യാ പറ്റണേ ന്റീശ്വരാ, ആരും കണ്ടില്ല്യേ ദ്...... "
സന്തോഷാധിക്യത്താൽ ടീച്ചർ കുട്ടീടെ അമ്മയെ വിളിച്ചു.
"ഇതു കണ്ടോ കുട്ടീടമ്മേ, എന്ത് രസായിട്ടാ കുട്ടി ഓരോന്ന് എഴുതി വച്ചേക്കണേ, കുട്ടിക്കിനി ബാലരമേം അമ്പിളിമാമനും മാത്രം വാങ്ങിക്കൊടുത്താ പോരാ ട്ടാ, നല്ല നല്ല പുസ്തകങ്ങൾ വാങ്ങിക്കൊടുക്കണം. നല്ലോണം വായിയ്ക്കട്ടെ അത്. "
അമ്മേടെ മനോരമ ആഴ്ച്ചപ്പതിപ്പ് കട്ടെടുത്തു വായിച്ചതിന് തലേന്നു കിട്ടിയ അടിയുടെ പാടിൽ കുട്ടിയപ്പോ വെറുതെ തലോടി.
അമ്മ, സിനിമേലെ തമാശക്കാരി സുകുമാരിയമ്മയെപ്പോലെ അന്നേരം വെളുക്കെ ചിരിച്ചു.
"ശരി ടീച്ചറെ" എന്നും പറഞ്ഞു.
അമ്മയെ നന്നായി അറിയാവുന്ന കുട്ടി പക്ഷേ സന്തോഷിച്ചില്ല.
ടീച്ചർ പോയിക്കഴിഞ്ഞപ്പോ ഒരു മരസ്കെയ്ലുമായി അമ്മ പ്രത്യക്ഷപ്പെട്ടു.
അതാണ് അമ്മേടെ പ്രധാന ആയുധം. അതു വച്ച് ഒന്നു കിട്ടിയാൽ ഈരേഴുലോകവും കാണാം.
" ഇനി നീ എഴുതോടീ "
"ഇല്ലമ്മാ........ ഇല്ല "
കുട്ടി പേടിച്ചു കരഞ്ഞു.
അമ്മ, കുട്ടി എഴുതിയതെല്ലാം എഴുതിയതെല്ലാം വാരിക്കൂട്ടി കത്തുന്ന വിറകടുപ്പിൽ കൊണ്ടിട്ടു.
പാവം കുട്ടി, കുറേ കരഞ്ഞു.
അങ്ങനെ കാലങ്ങൾ പോകേ, കുട്ടി പഠിച്ചു ജയിച്ചു എട്ടാം ക്ലാസ്സിലായി.
ആരും കാണാതെ കുത്തികുറിയ്ക്കുന്ന ശീലം കുട്ടി അപ്പോഴും തുടർന്നു.
ഒരിക്കൽ, പേരെന്റ്സ് മീറ്റിംഗ് നു വന്ന കുട്ടീടെ അമ്മയെ മാറ്റി നിർത്തി ക്ലാസ് ടീച്ചർ സിസ്റ്റർ ഡൊമിനി ഗ്രേയ്‌സ് പറഞ്ഞു.
"കുട്ടിയെ ഒന്നു നല്ലോണം ശ്രദ്ധിക്കണം, അവൾ എന്തൊക്കെയോ എഴുതി വച്ചിരിക്കുന്നു പുസ്തകത്തിനുള്ളിൽ. ക്ലാസ് ലീഡർ കണ്ടു പിടിച്ചതുകൊണ്ട് ഇതിപ്പോ എന്റെ കയ്യിൽ കിട്ടി. ലക്ഷണം കണ്ടിട്ട് ഇവൾ വല്ല മാധവിക്കുട്ടി ആയിപ്പോകുമെന്നു തോന്നുന്നു. അതു കൊണ്ട് ഇപ്പോഴേ കുട്ടീടെ കാര്യത്തിൽ ഒരു ശ്രദ്ധ വേണം. സ്ക്കൂളിൽ വച്ച് ഒന്നുമെഴുതാതെ ഞങ്ങൾ ശ്രദ്ധിച്ചോളാം, കഴിയുന്നതും ഒറ്റയ്ക്ക് ഇരുത്തണ്ട. "
കുട്ടി കണ്ണു മിഴിച്ചു നോക്കി നിന്നു.
മാധവിക്കുട്ട്യാ, അതാരാ എന്ന മട്ടിൽ.
വീട്ടിലെത്തിയ കുട്ടിയെ, കുട്ടീടമ്മ മരസ്‌കെയിലു കൊണ്ടു വീണ്ടും തല്ലി.
"ഇനി നീ വല്ലതും എഴുതിയാൽ നിന്റെ വിരലു ഞാൻ കണ്ടിയ്ക്കും മറക്കണ്ട "
കുട്ടി പിന്നെ പേടിച്ചിട്ടു ഒന്നും എഴുതിയില്ല.
അച്ഛനോട് കുട്ടി കരഞ്ഞു കൊണ്ടു സങ്കടം പറഞ്ഞു.
"കുട്ടി നല്ലോണം പഠിച്ചു പാസ്സായി കോളേജിൽ ചേരില്ലേ അപ്പൊ എഴുതിക്കോളൂ "ന്ന്.
കുട്ടിയ്ക്ക് സന്തോഷായി.
പക്ഷേ പത്താം ക്ലാസ് പാസ്സാവാൻ ഇനീം കുറേ കാലം ണ്ട് ന്ന് ആരോ പറഞ്ഞപ്പോ കുട്ടിയ്ക്ക് വീണ്ടും സങ്കടം വന്നു.
കുട്ടി പിന്നെ അച്ഛനോട് ചോദിച്ചു,
"ആരാ അച്ഛാ മാധവിക്കുട്ടി ?"
അതു പുന്നയൂർക്കുളത്തുള്ള ഒരു സ്ത്രീയാണെന്ന് അച്ഛൻ സാധാരണ മട്ടിൽ പറഞ്ഞു. വല്യ എഴുത്തുകാരിയാണെന്നും.
(കുട്ടീടെ അമ്മ നാടിന്റെ അയൽ നാടാണ് പുന്നയൂർക്കുളം)
"അവർക്കെന്താ കുഴപ്പം" എന്ന ചോദ്യത്തിന് കുട്ടിയ്ക്കു കിട്ടിയ മറുപടി
"മോളു പോയിരുന്നു പഠിച്ചോ" എന്നായിരുന്നു.
കുട്ടിയ്ക്കു പക്ഷേ പഠിക്കാൻ പറ്റിയില്ല.
മാധവിക്കുട്ടിയെ പറ്റി ചോദിച്ചിട്ട് ആർക്കും ഒന്നുമറിയില്ല.
അങ്ങനെയിരിയ്ക്കെ, ഒരു ദിവസം കുട്ടീടെ വീട്ടിൽ ഉണ്ണിയങ്കിൾ വന്നു. കൂട്ടീടച്ഛന്റെ സുഹൃത്ത്.
നന്നായി എഴുതുകയും ഒരുപാട് ആനക്കഥകൾ കുട്ടിയ്ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന ആളാണ്‌ ഉണ്ണിയങ്കിൾ.
കുട്ടി സംശയനിവാരണത്തിനായി അദ്ദേഹത്തെ സമീപിച്ചു.
അദ്ദേഹമാണ് കുട്ടിയ്ക്ക് പറഞ്ഞു കൊടുത്തത്. മാധവിക്കുട്ടി വലിയ എഴുത്തു കാരിയാണെന്നും ഇംഗ്ലീഷിലും മലയാളത്തിലും കഥകളും കവിതകളും എഴുതുമെന്നും ' കണ്ണുനീർത്തുള്ളി ' എഴുതിയ നാലപ്പാട്ട്‌ നാരായണ മേനോന്റെ അനന്തിരവളാണെന്നും (എട്ടാം ക്ലാസ്സിൽ കുട്ടിയ്ക്ക് പഠിയ്ക്കാനുണ്ട് കണ്ണുനീർത്തുള്ളി )
അങ്ങനെ പലതും......
അവർക്കെന്താ കുഴപ്പം ന്നു ചോദിച്ചപ്പോ ഉണ്ണിയങ്കിൾ പറഞ്ഞു.
"അവർക്കു കുഴപ്പമൊന്നുമില്ല, പക്ഷേ അവർ എന്റെ കഥ എന്നൊരു പുസ്തകമെഴുതി. അതു ഭയങ്കര വിവാദമായി അത്രേയുള്ളൂ. "
എനിയ്ക്കതു വായിക്കണം ഉണ്ണിയങ്കിൾ എന്നു കുട്ടി പറഞ്ഞപ്പോ ഉണ്ണിയങ്കിൾ പറഞ്ഞു "കുട്ടി കുറേക്കൂടി വലുതാവട്ടെ എന്നിട്ടു വായിയ്ക്കാം, ഇപ്പൊ അച്ഛൻ വാങ്ങിത്തരുന്ന പുസ്തകങ്ങൾ വായിച്ചാ മതി ട്ട്വോ"
കുട്ടിയെന്താ വലുതാവാത്തത് എന്നു ചിന്തിച്ചു വിഷമിച്ചു കുട്ടി പലപ്പോഴും അമ്പലത്തിൽ കാണിയ്ക്കയിട്ടു.
രണ്ടാഴ്ച്ച കഴിഞ്ഞു വീണ്ടും ഉണ്ണിയങ്കിൾ വീട്ടിൽ വന്നപ്പോൾ കുട്ടിയ്ക്ക് ഒരു പുസ്തകം സമ്മാനമായി നൽകി.
'ബാല്യകാലസ്മരണകൾ'
എഴുതിയ ആളിന്റെ പേരും പടവും കണ്ടപ്പോൾ കുട്ടീടെ മനസ്സിലൊരു കൊള്ളിയാൻ മിന്നി.
മാധവിക്കുട്ടി.
കുട്ടിയപ്പോൾ അമ്മേടെ മരസ്‌കെയിൽ ഓർമ്മിച്ചു.
പക്ഷേ കുട്ടീടെ അച്ഛൻ പറഞ്ഞു "മോള് വായിച്ചോ അതിനെന്താ, പക്ഷേ ഇതൊക്കെ വായിക്കാൻ മാത്രം നീ വല്യ കുട്ടിയായത് ഞാനറിഞ്ഞില്ല. നാളെ മുതൽ നിനക്ക് ബാലരമേം അമ്പിളിമാമനും വേണ്ട ലേ "
നിങ്ങൾക്കു ബോറടിച്ചോ സുഹൃത്തുക്കളെ, കുട്ടീടെ സങ്കടം വായിച്ചിട്ട്.
ഇല്ലെങ്കിൽ ആ കുട്ടിയെക്കുറിച്ചു ഞാൻ ഇനീം പറയാം.
അതല്ലെങ്കിൽ ഇവിടെ നിർത്താം.

Sajna
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo