Slider

#നൂപുരധ്വനി

0
തീവണ്ടിയുടെ വേഗം കുറഞ്ഞു ഒടുവിൽ പൂർണ്ണമായും നിലക്കുന്നതറിഞ്ഞപ്പോൾ ധ്വനി പതിയെ കണ്ണു തുറന്നു. പെയ്തു തോർന്ന മഴയുടെ ഈർപ്പം പറ്റിപ്പിടിച്ച ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ പീത വർണ്ണത്തിലുള്ള ബോർഡിൽ കറുത്ത അക്ഷരത്തിൽ, വണ്ടി നിന്ന സ്റ്റേഷന്റെ പേര് ആലേഖനം ചെയ്തു കണ്ടു.
മംഗലാപുരം ജംഗ്ഷൻ!
തല വല്ലാതെ വേദനിക്കും പോലെ അവൾക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. ഇന്നലെ എപ്പോഴാണ് ഉറങ്ങിയത്..രണ്ടു മണിക്കോ, അതോ മൂന്നിനോ..? ഓർമ്മയില്ല. അശാന്തമായ മനസ്സ് പലപ്പോഴും നിദ്രയുടെ പിടിയിൽ വീഴുന്ന നിമിഷങ്ങൾ നമ്മൾ അറിയാതെ പോകാറുണ്ടെന്ന് തോന്നി .
'ചായ , ചായേ..' ഇടനാഴിയിലൂടെ കെറ്റിലുമേന്തി ഒരാൾ വന്നപ്പോൾ ധ്വനി ഒരു ചായ വാങ്ങി. മഴയുടെ കുളിര് വിട്ടു മാറാത്ത ആ പ്രഭാതത്തിൽ പുറം കാഴ്ച്ചകളിലേക്ക് അലസമായി കണ്ണോടിച്ചു കൊണ്ട് അവൾ അത് പതിയെ കുടിച്ചു.
ആ കൂപ്പയിൽ മറ്റു രണ്ടു പേർ കൂടിയെ ഉണ്ടായിരുന്നുള്ളു. മുകളിലെ ബെർത്തിൽ മൂടി പുതച്ചു ഗാഢ നിദ്രയിൽ തന്നെയാണ് അവരിപ്പോഴും.
'' ധ്വനി''
ആരോ തന്റെ പേരെടുത്ത് വിളിക്കുന്നത് കേട്ടപ്പോഴാണ് അവൾ പുറം കാഴ്ച്ചകളിൽ നിന്ന് മുക്തയായി ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയത്. ധ്വനിയുടെ മുഖത്ത് ഒരു തരം അവിശ്വസനീയ ഭാവം കലർന്ന ഞെട്ടലുണ്ടായി. എതിർ വശത്തുള്ള സീറ്റിൽ സമപ്രായക്കാരിയായ ഒരു പെൺകുട്ടി ഇരിക്കുന്നുണ്ടായിരുന്നു, അവളെ തന്നെ ഉറ്റു നോക്കി കൊണ്ട്.
''നൂപുരാ..!! നീ എങ്ങനെ ഇതിൽ...? ധ്വനിയുടെ ശബ്ദം ചിലമ്പിച്ചിരുന്നു. മറുപടിയായി നൂപുരയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
'' എന്തിനായിരുന്നു എന്നെ കൂട്ടാതെയുള്ള ഈ യാത്ര. നമ്മൾ പരിചയപ്പെട്ട നാൾ മുതൽ എല്ലാം ഒരുമിച്ചായിരുന്നില്ലേ..? ഊണും, ഉറക്കവും,യാത്രകളും, നമ്മുടെ ഇഷ്ടങ്ങളും എല്ലാം , എന്നിട്ട്....!! എന്നിട്ടിപ്പോൾ നീയെന്തിനാ എന്നെ ഒറ്റക്കാക്കി പോന്നത്...?'' ആ ചോദ്യത്തിൽ ധ്വനിയുടെ മുഖം താഴ്ന്നു.
തീവണ്ടി പതുക്കെ അതിന്റെ ചലനം ആരംഭിച്ചപ്പോൾ നൂപുര ഇരുന്നിടത്തു നിന്നും എണീറ്റ് ധ്വനിയുടെ അരികിൽ വന്നിരുന്നു. ആ സാമിപ്യം ഭയപ്പെടും പോലെ പുറം കാഴ്ച്ചകളിലേക്ക് ദൃഷ്ടി പായിച്ചു അവൾ.
'' നമ്മൾ തമ്മിൽ ആദ്യമായി കണ്ട ദിവസം നീയോർക്കുന്നോ..? സെന്റ് മേരീസ് ഓർഫനേജിൽ വെച്ച്, അന്ന് നമ്മൾ ഒൻപതിലാണ് പഠിച്ചിരുന്നത്.''
നൂപുരയുടെ കൈകൾ പതിയെ ധ്വനിയുടെ വെളുത്തു മെലിഞ്ഞ കൈതണ്ടയിൽ അമർന്നു, അതിന് വല്ലാത്തൊരു തണുപ്പുള്ളതു പോലെ തോന്നി അവൾക്ക്.
''അന്നു മുതൽ നമുക്ക് രണ്ടുപേർക്കും രഹസ്യങ്ങൾ ഇല്ലായിരുന്നു, നമുക്കിടയിൽ മറ്റൊരു വ്യക്തി ഇല്ലായിരുന്നു. ആ കാര്യത്തിലെല്ലാം എന്നേക്കാൾ നിർബന്ധം നിനക്കായിരുന്നില്ലേ...''
ട്രെയിൻ അതി വേഗത്തിൽ കുതിച്ചു പായുകയായിരുന്നു. ഇരു വശത്തും പച്ചപ്പ് നിറഞ്ഞ പാടങ്ങൾ കണ്ണിന് വല്ലാത്തൊരു ആനന്ദം നൽകുന്നതായിരുന്നെങ്കിലും ധ്വനി അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
അവളോട് ചേർന്നിരുന്നു കൊണ്ട് നൂപുര
തുടർന്നു.
'' നമ്മൾ പ്ലസ് ടൂവിന് പഠിക്കുന്ന സമയം
ഒരു ദിവസം ക്ലാസ് വിട്ട് പോകും വഴി എന്നെ
പതിവായി ശല്ല്യം ചെയ്യാറുള്ള അരുണിനോട് ദേഷ്യപ്പെട്ടതോർക്കുന്നോ , അന്നത്തെ രാത്രി പതിവിനു വിപരീതമായി നമ്മൾ ഹോസ്റ്റൽ മുറിയിൽ ഒരു കട്ടിലിൽ ആയിരുന്നു ഉറങ്ങിയത്. അന്ന് നീ എന്നെ ചേർത്തണച്ചപ്പോൾ പതിവിനു വിപരീതമായി എനിക്ക് മറ്റെന്തോ അനുഭൂതിയായിരുന്നു. നമുക്കിടയിൽ ഒരു പുരുഷനില്ല..എന്റെ പുരുഷൻ നീ ആണെന്നു പറഞ്ഞതും മറന്നോ ...?
അത് കേട്ടപ്പോൾ ഒരു തേങ്ങലോടെ
ധ്വനി അവളെ ചേർത്തണച്ചു. നൂപുരയുടെ കൈകളും അവളെ വലയം ചെയ്തു.
'' അയ്യേ...എന്റെ ചെക്കൻ കരയുന്നോ..?
അവരിരിക്കുന്ന കൂപ്പയിലുണ്ടായിരുന്ന യാത്രക്കാർ ഉറക്കമുണർന്ന് താഴെ സീറ്റിൽ
വന്നിരുന്നിരുന്നു. അവരുടെ ശ്രദ്ധ തങ്ങളുടെ മേൽ പതിയുന്നുണ്ട് എന്ന് മനസ്സിലായ ധ്വനി സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു.
ട്രെയിൻ ''കാർവറാ''സ്റ്റേഷനിൽ എത്തി ചേർന്നപ്പോൾ അവർക്കു മുൻപിൽ ഒഴിഞ്ഞു കിടന്ന സീറ്റിൽ കമിതാക്കളെ പോലെ തോന്നിക്കുന്ന രണ്ടു പേർ സ്ഥാനം പിടിച്ചു. വണ്ടി ചലിച്ചു തുടങ്ങി കുറച്ചു ദൂരം പിന്നിട്ടപ്പോൾ തവിട്ടു നിറമുള്ള മണ്ണ് കൃഷിക്കായി ഒരുക്കി നിർത്തിയിരിക്കുന്നത് ദൂരകാഴ്ച്ചയായി കാണുന്നുണ്ടായിരുന്നു.
കാഴ്ച്ചകളെ മറച്ചു കൊണ്ട് കൂപ്പയിൽ ഇരുൾ വീണപ്പോൾ ധ്വനിക്ക് മനസ്സിലായി കൊങ്കൺ തുരങ്കത്തിൽ പ്രവേശിച്ചെന്ന്. വണ്ടിക്കുള്ളിൽ നിറഞ്ഞ ഇരുട്ടിൽ തങ്ങളുടെ മുന്നിലിരിക്കുന്ന കമിതാക്കൾ അവരുടേതായ സ്വകാര്യ ലോകം തീർക്കുന്നത് രണ്ടു പേരും അറിയുന്നുണ്ടായിരുന്നു . നൂപുരയുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി ആ ഇരുട്ടിലും ധ്വനിക്ക് കാണാമായിരുന്നു.
വീണ്ടും ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്
വണ്ടിയെത്തി. ഇരിപ്പിടങ്ങൾക്കിടയിലൂടെ
ഉള്ള വഴിയിലൂടെ ഒരാൾ ഇരുന്നു കൊണ്ട്
നിരങ്ങി മുന്നോട്ട് വരുന്നതു കണ്ടു. കാലിന് ചലനശേഷി ഇല്ലാത്തൊരാളാണെന്ന് തോന്നി. അതോടൊപ്പം തന്റെ കൈയ്യിലുള്ള തുണി കൊണ്ട് വരുന്ന ഭാഗങ്ങൾ അയാൾ വൃത്തിയാക്കുന്നതും കാണാമായിരുന്നു .അതിനുള്ള പ്രതിഫലമെന്നോണം ആളുകളുടെ അരികിലെത്തുമ്പോൾ കൈ നീട്ടുന്നു.
ആ മുഖത്തേക്ക് നോക്കിയപ്പോൾ ധ്വനി കണ്ടു നെറ്റിയുടെ ഭാഗത്ത് അൽപ്പം മുൻപ് മുറിഞ്ഞ പോലെ തോന്നുന്ന മുറിവിൽ ചോര പറ്റി പിടിച്ചിരിക്കുന്നു. തങ്ങളുടെ മുൻപിലിരുന്ന
കമിതാക്കൾ അയാളുടെ കൈയ്യിൽ പൈസ കൊടുക്കുന്നത് കണ്ടു. അൽപ്പ സമയത്തിനകം വണ്ടി മഡ്ഗോവ സ്റ്റേഷനിൽ എത്തി.
കയറാനും , ഇറങ്ങാനും ആളുകൾ മത്സരിക്കുന്നു. ''ധ്വനി നീ എന്താണ്
ആലോചിക്കുന്നത്?'' ഒന്നുമില്ല എന്ന
അർത്ഥത്തിൽ അവൾ തലയാട്ടി. പെട്ടന്നാണവളത് കണ്ടത് അൽപ്പം മുൻപ് കാലിനു വയ്യാത്ത ആളെ പോലെ പെരുമാറിയ ആൾ ഒരു കുഴപ്പവുമില്ലാതെ പ്ലാറ്റ് ഫോമിലൂടെ വേഗത്തിൽ നടന്നു പോകുന്നു.
നൂപുരയെ നോക്കിയപ്പോൾ അവൾ കണ്ണുകളടച്ച് മയക്കത്തിലാണ്.
ഒൻപതാം ക്ലാസ്സ് മുതലുള്ള ബന്ധം. പ്ലസ്ടുവും, ബിരുദവും ഒരുമിച്ച് ഇപ്പോൾ ജോലി ചെയ്യുന്നതും ഒരേ സ്ഥാപനത്തിൽ. ഈ ഒരു യാത്ര മാത്രമായിരുന്നു അവളില്ലാതെ ഒറ്റക്ക്. ആ കാര്യമോർത്തതും ധ്വനിയുടെ മനസ്സിലേക്ക് ദേഷ്യം ഇരച്ചു കയറി. അത്
മനസ്സിലായതു പോലെ കണ്ണടച്ച് സീറ്റിൽ
ചാരിയിരിക്കുകയായിരുന്നെങ്കിലും നൂപുര അവളുടെ കൈയ്യിൽ മുറുകെ പിടിച്ചു.
ആ കൈ വിടുവിച്ച് അവൾ ഇരിപ്പിടത്തിൽ നിന്നും എണീറ്റപ്പോൾ ''എങ്ങോട്ടാ ടോയ്ലറ്റിലേക്കാണോ?'' എങ്കിൽ ഞാനും വരാം എന്ന് പറഞ്ഞ് നൂപുരയും കൂടെ എണീറ്റു.
വാഷ് ബെയ്സനു സമീപമുള്ള കണ്ണാടിയിൽ സ്വന്തം മുഖം പ്രതി ബിംബിച്ചപ്പോൾ ധ്വനിക്കു മനസ്സിലായി ഒരു രാത്രി കൊണ്ട് താൻ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു എന്ന്.
''നമ്മുടെ കൂടെ ജോലി ചെയ്യുന്ന വിവേകിനെ എനിക്കിഷ്ടമാണെന്നും, ഞാൻ നിന്നെ ഉപേക്ഷിച്ച് അവന്റെയൊപ്പം പോകുമെന്നും നീ കരുതി അല്ലേ ധ്വനി..? പക്ഷെ നീ അറിഞ്ഞില്ല ഒരിക്കലും എനിക്ക് അതിനാവില്ലാന്ന്. കഴിഞ്ഞ ദിവസം ഞാൻ അവനോട് ഒറ്റക്ക് സംസാരിച്ചതും അതു തന്നെ ആയിരുന്നു.''
കേട്ടത് വിശ്വസിക്കാനാകാതെ ധ്വനി
അവളെ നോക്കി. അറിയാതെ കണ്ണുകളിൽ ഈർപ്പം പൊടിയുന്നതറിഞ്ഞു. തീവണ്ടിയപ്പോൾ ''ഉക്ലി'' സ്റ്റേഷനിൽ എത്തിയിരുന്നു . മനോഹരമായൊരു ചെറിയ സ്റ്റേഷൻ. ഒരു വശത്ത് മല മുകളിൽ നിന്ന് ഉദ്ഭവിച്ചു വരുന്ന വെള്ളച്ചാട്ടം യാത്രക്കാർക്ക് ഉന്മേഷം പകരുന്ന കാഴ്ച്ച ആയിരുന്നു. പലരും അവിടെ പോയി
സെൽഫിയെടുക്കുന്നു.
നൂപുരയും ആ ജല കണികകളെ ആമോദത്തോടെ കൈയ്യിൽ ഏറ്റു വാങ്ങി അതിന്റെ കുളിർമ്മ അനുഭവിക്കുന്നത് അവൾ ഈറനണിഞ്ഞ കണ്ണുകളോടെ നോക്കി കണ്ടു. ട്രെയിൻ ചലിച്ചു തുടങ്ങിയപ്പോൾ നൂപുര ധ്വനിയുടെ സമീപം വന്നു നിന്നു. വാതിലിനരുകിൽ നിൽക്കുന്നത് കൊണ്ട് പുറത്തെ കാറ്റ് അവരുടെ മുടിയിഴകളെ പാറി പറപ്പിക്കുന്നുണ്ടായിരുന്നു.
' 'ധ്വനി നീ പറഞ്ഞതു പോലെ എപ്പോഴും നമ്മൾ ഒരുമിച്ചായിരിക്കും , നമ്മുടെ ഇടയിൽ മൂന്നാമതൊരാൾ ഇല്ല. മരണത്തിലും അത് അങ്ങനെ തന്നെ ആയിരിക്കും''. നൂപുര അത് പറഞ്ഞതും ട്രെയിൻ ഒരു തുരങ്കത്തിലേക്ക് പ്രവേശിച്ചു. തുരങ്കം കഴിഞ്ഞ് വെളിച്ചം വീണപ്പോൾ അവർ രണ്ടു പേരും നിന്ന ഭാഗം ശൂന്യമായിരുന്നു.
ട്രെയിനപ്പോളും അതിവേഗത്തിൽ പായുകയായിരുന്നു, അതിന്റെ ലക്ഷ്യം പൂകാൻ.
★★★★★★★★★★
അന്നേ ദിവസം കേരളത്തിലിറങ്ങിയ പത്രങ്ങളിലെല്ലാം ഒരു പ്രധാനപ്പെട്ട
വാർത്തയുണ്ടായിരുന്നു.
''എറണാകുളം നഗരത്തിലെ ഒരു വീട്ടിൽ പേയിംഗ് ഗസ്റ്റുകളായി താമസിച്ചിരുന്ന നൂപുര എന്ന യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൂടെ താമസിച്ചിരുന്ന ധ്വനി എന്ന യുവതിയെ കാൺമാനില്ല...!''
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo