Slider

ബുള്ളറ്റ്

0

ബുള്ളറ്റ് ഒരെണ്ണം വാങ്ങണം എന്നു മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു. ആറേഴു വയസ്സു മുതൽ ആ ധക് ധക് ബീറ്റ് മനസ്സിൽ ഇടിച്ചു കയറിയതു കൊണ്ടു മാത്രമായിരുന്നു അത്. പുതിയതു വാങ്ങാൻ അന്നത്തെ നിലയ്‌ക്ക് സാധ്യമായിരുന്നില്ല. അങ്ങനെയിരിക്കെയാണ് പറ്റിക്കാൻ എളുപ്പമുള്ള ഒരുത്തനെ കണ്ടെത്തിയ സന്തോഷത്തിൽ നായർ എന്ന് സ്വയം പരിചയപ്പെടുത്തിയ പേരറിയാത്ത ഒരു ചങ്ങാതി ഒരു ഘടാഘടിയൻ ബുള്ളറ്റുമായി എന്റെ മുന്നിൽ എത്തിയത്.
ബുള്ളറ്റിനെപ്പറ്റി ഒരു കുന്തവും അറിയാത്ത ഞാൻ എല്ലാം അറിയാവുന്ന പോലെയും നായർ ബുള്ളറ്റിനെപ്പറ്റി ഒന്നുമറിയാതെ എനിക്കു ലാഭത്തിനു ഒരു വണ്ടി തന്നിട്ടു പോകാൻ വന്നവനെപ്പോലെയും പരസ്‌പരം സംസാരിച്ചു.
ഇതിനെന്താണ് മിറർ ഇല്ലാത്തതു? ഞാൻ നാലഞ്ചു റൗണ്ട് വണ്ടിക്കു ചുറ്റും നടന്നിട്ട് ചോദിക്കുകയാണ്.
എന്തിനാ സാറേ മിറർ? കംപ്ലീറ്റ് ക്രോം ഫിനിഷല്ലേ? എവിടെ നോക്കിയാലും ബാക് വ്യൂ ക്ലിയർ ആയിട്ടു കിട്ടൂല്ലേ?
ഞാൻ നോക്കി. ശരിയാണ്.
അപ്പോ ഹോണോ?
സാറേ സാറ് പരസ്യം കേട്ടട്ടില്ലേ? ബുള്ളറ്റിന് എല്ലാവരും വഴിമാറും! ഈ ധക് ധക് ശബ്‌ദം കേട്ടാ ആരാ വഴി മാറാത്തെ?
അതും ശരിയാണ്.
അപ്പോ ഈ സീറ്റോ? ആകെ മുഴച്ചിരിക്കുന്നല്ലോ?
അത് സെപറേറ്റ് കുഷൻ പിടിപ്പിച്ചേക്കുന്നതല്ലേ? യാത്രാസുഖം.....
യാത്രാസുഖം വേണം...അത് നിർബന്ധാ...
ചുരുകിപ്പറഞ്ഞാൽ, എന്തായാലും ഞാൻ എടുക്കും എന്നുറപ്പുള്ള വണ്ടി, ഓടും എന്ന ഒരു സമാധാനത്തിൽ നായർ എന്റെ തലയിൽ കെട്ടി വെച്ചു.
ബുള്ളറ്റ് കിട്ടിയതോടു കൂടി രണ്ടടി പത്തിഞ്ചു മാത്രം ഉയരം ഉണ്ടായിരുന്ന ഞാൻ പെട്ടെന്ന് അഞ്ചടിയ്‌ക്കു മേലെ ഉയരം വെച്ചു. പക്ഷെ എത്ര ശ്രമിച്ചിട്ടും എനിക്ക് ബുള്ളറ്റ് ഓടിക്കാൻ അറിയാം എന്ന ധൈര്യത്തിൽ ആരും എന്റെ കൂടെ വണ്ടിയിൽ കയറാൻ തയ്യാറായില്ല.
അങ്ങനെയിരിക്കെ, ആയിടെ ഓഫീസിൽ പുതിയതായി ജോയിൻ ചെയ്ത ഒരുത്തൻ ധൈര്യത്തോടെ എന്റെ പുറകിൽ കയറി പെരുമ്പാവൂർക്കു വരാൻ ആഗ്രഹം പ്രകടിപ്പിച്ചു. ആരും കയറാൻ ധൈര്യം കാണിക്കുന്നില്ല എന്നതു കൊണ്ടുമാത്രം ഇവന് ചില ലക്ഷണപ്രശ്‌നങ്ങൾ ഉണ്ടെന്ന സഹപ്രവർത്തകരുടെ ആരോപണം തൃണവൽഗണിച്ച് അവനെ കൂടെ കൊണ്ടു പോകാൻ ഞാൻ തയ്യാറായി. (അവരെ കുറ്റം പറയാൻ പറ്റില്ല. ആദ്യമായി ഓഫീസിൽ ഈ പറഞ്ഞവൻ ജോയിൻ ചെയ്യാൻ വന്നത് സ്‌പൈഡർമാന്റെ യൂണിഫോം പോലത്തെ ഒരു ഉടുപ്പും നീന്തൽക്കാരുടെ പോലത്തെ ഒരു ഷൂവും ഇട്ടുകൊണ്ടായിരുന്നു. അതും മഞ്ഞ നിറം!)
വൈകീട്ട് അഞ്ചു മണിയ്‌ക്ക് കലൂർ നിന്നും യാത്ര പുറപ്പെട്ട ഞങ്ങൾ കാക്കനാട് വഴി പോയാൽ തിരക്കു കുറയും എന്ന ഇവന്റെ നിർദേശമനുസരിച്ച് സീപോർട്ട് എയർപോർട്ട് റോഡ് വരെ പ്രശ്‌ന രഹിതമായി എത്തി. അപ്പോഴേയ്‌ക്കും എനിക്കു വണ്ടിയോടിക്കാൻ അറിയാം എന്ന് ഇവനും ഇവന് തികച്ചും ലക്ഷണ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നു ഞാനും പരസ്‌പരം നന്നായി മനസ്സിലാക്കി.
ചില ചളി വിറ്റുകൾ ഒക്കെയടിച്ച് ഞങ്ങൾ അങ്ങനെ റോഡിലേക്ക് കടന്നപ്പോൾ റോഡ് സൈഡിലായി താൽക്കാലികമായി കെട്ടി മറച്ചെടുത്ത ഒരു ഹോട്ടലിനു മുൻപിൽ കുറേ ആളുകൾ നിൽക്കുന്നതിനിടയിൽ നിന്നും പെട്ടെന്ന് മുന്നോട്ടു വന്ന ഒരു അപ്പൂപ്പൻ അൽപം മുന്നോട്ട്–അൽപ്പം പുറകോട്ട് എന്ന മട്ടിൽ വൃത്തിയായി ഞങ്ങളുടെ ബുള്ളറ്റിന് വട്ടം വെച്ചു.
എന്തിനേറെ പറയുന്നു... ഇടതും വലതുമായി മാറി മറിഞ്ഞു കിടക്കുന്ന ബുള്ളറ്റിന്റെ ബ്രേക്കും ഗിയറുമൊക്കെ ഓർത്തെടുത്ത് ഇവന്റെ ലക്ഷണക്കേട് ശ്രദ്ധിക്കാഞ്ഞതിന് എന്നെത്തന്നെ പഴി പറഞ്ഞ് ഞാൻ വണ്ടി നിർത്തി വന്നപ്പോഴേയ്‌ക്കും അപ്പൂപ്പൻ മുട്ടു കുത്തി മുന്നോട്ടു വീണിരുന്നു.
ഇതിനോടകം തന്നെ ഹോട്ടലിനു മുൻപിൽ നിന്നിരുന്ന എട്ടുപത്തു പേർ മുന്നോട്ടു വന്നിരുന്നു. പതിവു പോലെ ഞാൻ എന്നെ ന്യായീകരിക്കാൻ ഒക്കെ ശ്രമം ആരംഭിച്ചു.പക്ഷെ അതൊന്നും ചെലവായില്ല. കൂട്ടത്തിൽ തടിമിടുക്കുള്ള ഒരുത്തൻ ഉടനെ തന്നെ തീർപ്പു കൽപ്പിച്ചു.
ഇവൻ ഇവിടെ നിൽക്കട്ടെ. നീ കാർന്നോരെ ആശുപത്രീൽ കൊണ്ടു പോയി റിപ്പയറൊക്കെ ചെയ്ത് വീട്ടിലാക്കിയിട്ട് ഇവനേം വിളിച്ചോണ്ടു പോയ്‌ക്കോ.
ഇതു കേട്ട ഉടനെ ഒരുഗ്രൻ ഐഡിയ കേട്ട പോലെ ഇവൻ എന്നോട്..
ശരിയാ..നീ അപ്പൂപ്പനെ ആസ്‌പത്രീൽ കൊണ്ടു പോയി തിരിച്ചു വരുന്ന വരെ ഞാൻ ഇവിടെ നിന്നോളാം. എനിക്കു തെരക്കൊന്നുമില്ല.
ബുള്ളറ്റിന്റെ ശബ്‌ദത്തേക്കാൾ ഉച്ചത്തിൽ പല്ലിറുമ്മാൻ എനിക്കറിയാൻ മേലായിരുന്നതു കൊണ്ടു മാത്രം അവൻ രക്ഷപ്പെട്ടു.
വണ്ടിയിൽ തത്തിപ്പൊത്തിക്കയറി പോകുന്ന വഴിക്കൊന്നും ഒരക്ഷരവും മിണ്ടാതെ ഞെരക്കവും മൂളലുമായി ഇരിക്കുകയായിരുന്നു അപ്പൂപ്പൻ. കാക്കനാട് ഹെൽത്ത് സെന്ററിൽ ബെഡിലേക്കു കയറ്റിക്കിടത്തി കൂടുതൽ ചികിത്സ ആരംഭിക്കുന്നതിനു മുൻപ് പുറത്തു വന്ന ഒരു നഴ്‌സിനോട് ഞാൻ എന്റെ നിസ്സഹായാവസ്‌ഥ വെളിപ്പെടുത്തി. ആകെ മുപ്പത്തിയഞ്ചു രൂപയേ എന്റെ കൈയിലുള്ളൂ. അതു തന്നെ പന്ത്രണ്ടു രൂപയുടെ ചില്ലറപ്പൈസയാ..കനിയണം.
ഭാഗ്യം. ആകെ രണ്ടു മുട്ട് പൊട്ടിയതല്ലാതെ അപ്പൂപ്പന് വേറെ പരിക്കുകൾ ഒന്നുമില്ല. ഗോസ് ബാൻഡേജ് വെച്ച് ഒന്നു പൊതിഞ്ഞ് കെട്ടിയ ശേഷം ആകെ എന്റെ കൈയിലുണ്ടായിരുന്ന മുപ്പത്തിയഞ്ചു രൂപയും വാങ്ങി അപ്പൂപ്പനെ ഡിസ്‌ചാർജ് ചെയ്തു.
തിരിച്ച് അപ്പൂപ്പനെയും കൊണ്ട് ബുള്ളറ്റിൽ തന്നെ ഞാൻ സംഭവസ്‌ഥലത്തെത്തി. അവിടെ അവനല്ലാതെ ആരുമില്ല. ആ ഹോട്ടലിൽ ഒരു ജീപ്പ് നിർത്തി ഭക്ഷണം കഴിക്കാൻ വന്നവരായിരുന്നു ആ തീർപ്പുകൽപ്പിച്ച പഹയന്മാർ എന്നും അഞ്ചാറു മിനിറ്റിൽ തന്നെ അവർ പോയി എന്നും അവൻ പറഞ്ഞു.
സംഗതി ഇത്രയുമായപ്പോൾ ഞാൻ അപ്പൂപ്പനെ ഒന്നു നോക്കി. ഒരു ചെറിയ ചിരി മുഖത്തുണ്ടോ? ഏയ് ഇല്ല. പാവം. മുഖം ചിരിക്കുന്ന മുഖമാണ് അതു കൊണ്ടായിരിക്കും. കാലിൽ രണ്ടു മുട്ടിലും ബാൻഡേജുണ്ട്. നല്ല വേദന കാണും. റോഡിൽ വീണതല്ലേ. ഞാൻ അപ്പൂപ്പനോട് വീണ്ടും ബുള്ളറ്റിൽ കയറാൻ പറഞ്ഞു. അപ്പൂപ്പൻ കയറി. പതിയെ ഞാൻ അപ്പൂപ്പന്റെ വീടിന്റെ നേരെ വണ്ടി തിരിച്ചു. പോകുന്ന വഴിയിൽ ഒരു വലിയ കയറ്റം ഉണ്ട്. അത് കയറിക്കൊണ്ടിരിക്കേ അപ്പൂപ്പൻ എന്നോട് ആദ്യമായി സംസാരിച്ചു.
മോൻ എങ്ങോട്ടാ എന്നെ കൊണ്ടു പോണെ?
അപ്പൂപ്പന്റെ വീട്ടിലേക്ക്..
എവിടെയാ വീട് എന്നു കരുതിയിട്ടാ?
ഈ കയറ്റം കഴിഞ്ഞാണെന്നല്ലേ വണ്ടി ഇടിച്ചപ്പോ ആ ഹോട്ടലിൽ നിന്നിരുന്നവരോട് പറഞ്ഞെ
അതെ. അവിടെ തന്നെയാ. പക്ഷെ അവിടെ എവിടെയാ വീട് എന്നറിയോ?
ഇല്ല.
എന്നാ നിർത്തിക്കോ. ഞാൻ നടന്നു പോയ്‌ക്കോളാം.
ഏയ്..എനിക്കു ബുധിമുട്ടില്ല. ഞാൻ കൊണ്ടു വിടാം.
കൊള്ളാം. ഞാൻ താമസിക്കണതേയ്..ഒരു ലക്ഷം വീട് കോളനിയിലാ.. ഈ കാലിലെ കെട്ടും വെച്ച് ഞാൻ അവിടെ പോകുവേം മോന്റെ വണ്ടി ഇടിച്ചതാണെന്നു പറയുവേം ചെയ്താൽ മോനെ അവരു പഞ്ഞിക്കിടും. മോൻ തിരിച്ചു പോയ്‌ക്കോ.
സത്യായിട്ടും അപ്പൂപ്പനെ വീട്ടിൽ കൊണ്ടു വിട്ട് അവര് തല്ലിയാൽ കൊണ്ടിട്ടേ പോരാവൂ എന്ന് എന്റെ മനസ്സു പറഞ്ഞു. എങ്കിലും തല്ലു കൊള്ളാനുള്ള പേടി കാരണം അപ്പൂപ്പനെ പെരുവഴിയിൽ ഇറക്കിവിട്ട് ഞാൻ തിരികെ ഹോട്ടലിന്റെ മുന്നിലേക്കു ചെന്നു.
ഹോട്ടൽ അടച്ചിട്ടിരിക്കുന്നു. അതിനു മുന്നിലുള്ള ഒരു മൈൽക്കുറ്റിയിൽ പല്ലും കുത്തിക്കൊണ്ട് അവൻ ഇരിപ്പുണ്ട്.
അൽപ നേരം റോഡിൽ നിന്ന് ബോറടിച്ചപ്പോൾ അവൻ ഹോട്ടലിൽ കയറി ഇരുന്നു പോലും! ഇരുന്നു ബോറടിച്ചപ്പോൾ നാലു പൊറോട്ടയും ഒരു ബീഫ് ഫ്രൈയും കഴിച്ചു പോലും! ഇരുട്ടിയപ്പോൾ ഹോട്ടൽ അടച്ചു പോയി പോലും!
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!

Rajeev

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo