വിൻസെന്റിന്റെ അന്വേഷണങ്ങള്‍
***************************************************
ഈ യാത്രയുടെ കാരണം ഒരു ഇ മെയിലാണ്.വിൻസെന്റ് മാത്യു എനിക്ക് അയച്ച ,ഒരു പക്ഷെ അവന്റെ അവസാന ഇ-മെയില്‍.
അഞ്ചു വർഷത്തിന്റെ ഇടവേളയ്ക്കു ശേഷം ആദ്യമായി വിന്‍സെന്റിന്റെ ഒരു സന്ദേശം കുറച്ചു ദിവസങ്ങൾക്കു മുൻപ് കിട്ടി.മുപ്പത്തിയാറാം വയസ്സിലെ,വിരസമായ ഒരു ഓഫീസ് പകലിലെ ,നിശബ്ദമായ ഒരു ഉച്ച ഭക്ഷണ ഇടവേളയില്‍ , ആ ഇ-മെയില്‍ സന്ദേശം ,എന്റെ കമ്പ്യൂട്ടര്‍ മോണിട്ടറില്‍ തെളിയുമ്പോള്‍, കാലം എത്ര മുന്നോട്ട് കുതിച്ചു എന്ന് ഞാന്‍ അറിയാതെ ആലോചിച്ചു.നീണ്ട ഇരുപതു വർഷങ്ങൾക്കു മുൻപ്,ആ ഗ്രാമപ്രദേശത്തെ ,പഴയ പള്ളി വക സ്കൂളിനു സമീപത്തെ ,വിജനമായ പാറക്കെട്ടിനു മുകളില്‍,ഒരു മധ്യവേനലവധിയില്‍ ഞങ്ങള്‍ നടത്തിയ സംഭാഷണങ്ങള്‍ ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു.
അച്ഛന് പോലീസ് വകുപ്പിലായിരുന്നു ജോലി.അത് കൊണ്ട് തന്നെ സ്ഥിരം സ്ഥലംമാറ്റങ്ങള്‍ കാരണം എന്റെ സ്കൂള്‍ കാലഘട്ടം പല സ്ഥലങ്ങളിലായിട്ടായിരുന്നു.
ഒന്പതാം ക്ലാസില്‍ ,ഒരു ഉൾനാടന്‍ ഗ്രാമത്തില്‍ അത്ര അറിയപെടാത്ത ,പള്ളി വക സ്കൂളിലായിരുന്നു പഠനം.ആ വേനല്‍ അവധിക്കാണ് വിന്‍സെന്റിനെ കാണുന്നത്.അവന്‍ അന്ന് പതിനൊന്നാം ക്ലാസിലായിരുന്നു.
ഒന്പതാം ക്ലാസില്‍ ,ഒരു ഉൾനാടന്‍ ഗ്രാമത്തില്‍ അത്ര അറിയപെടാത്ത ,പള്ളി വക സ്കൂളിലായിരുന്നു പഠനം.ആ വേനല്‍ അവധിക്കാണ് വിന്‍സെന്റിനെ കാണുന്നത്.അവന്‍ അന്ന് പതിനൊന്നാം ക്ലാസിലായിരുന്നു.
പരിചയപ്പെട്ടപ്പോള്‍ മുതല്‍ എനിക്ക് തോന്നിയിരുന്നു.വിന്സെന്റ് ഒരു ക്രിസ്ത്യാനി ആണെങ്കിലും ,അവന്‍ ഒരു പക്ഷെ ഒരു സന്യാസി ആയിത്തീർന്നേക്കും.
കാരണം ,അന്ന് മുതലേ അവന്‍ ഒരു അന്വേഷണത്തിലായിരുന്നു.
ഒരു വൈകുന്നേരം നാല് മണി കുര്ബാനന കഴിഞ്ഞു പള്ളി വക സ്കൂളിനു പുറകിലെ പാറക്കെട്ടില്‍ ,ദൂരെയുള്ള കുന്നുകളില്‍ സൂര്യന്‍ മറയുന്നത് നോക്കി നില്ക്കെ വിന്സെന്റ് പറഞ്ഞു.
“ഇതെല്ലം തമ്മില്‍ ബന്ധമുണ്ട്.ഒന്നും ചുമ്മാ സംഭവിക്കുന്നതല്ല.”
“ഏതൊക്കെ.?”
“എല്ലാം.എല്ലാ ജീവികളും തമ്മില്‍.പ്രപഞ്ചത്തിലെ ,നമ്മള്‍ കാണുന്ന വസ്തുക്കളില്‍,ജീവികളില്‍ എല്ലാം ഒരു അദ്രശ്യമായ കണക്ക് ഒളിഞ്ഞു കിടക്കുന്നു..ഒരു ബസ്സില്‍ നാം സഞ്ചരിക്കുകയാണ് എന്ന് വയ്ക്കുക.അപരിചിതരായ ആളുകളാണ്,നമ്മുടെ ചുറ്റിലും എന്ന് നമ്മുക്ക് തോന്നുമെങ്കിലും,നാമും അവരും തമ്മില്‍,ഏതോ ജന്മത്തെ ,ഏതോ മൃതിയിലെ ഒരു ബന്ധമുണ്ട്.ഒരു വ്യക്തമായ കണക്കിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ബന്ധങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുനത്.
ഞാന്‍ ഒന്നും മനസ്സിലാകാതെ അവനെ മിഴിച്ചു നോക്കി.
പാറയുടെ അറ്റത്തു ഒരു ചെറിയ കമ്മ്യൂണിസ്റ്റ് പച്ച വാടി നിന്നു.അത് ചൂണ്ടി കാണിച്ചു വിന്സന്റ് പറഞ്ഞു.
“അതിന്റെ ഇലകള്‍ എണ്ണി നോക്ക്...”
ഞാന്‍ നോക്കി.ഏറ്റവും മുകളില്‍ ഒരു കൂമ്പ്,അതിനോട് ചേർന്ന് ഒരു ചെറിയ കുരുന്നില,അതിന്റെ കാവലായി,രണ്ടു ചെറിയ ഇലകള്‍,അതിനു താഴെ മൂന്ന്,അതിനും താഴെ അഞ്ചു ഇലകള്‍...
"ഒന്ന്,ഒന്ന്,രണ്ടു,മൂന്ന്,അഞ്ചു,....ഞാന്‍ എണ്ണി.
“നീ ഇപ്പൊ എണ്ണിയത് ഒരു ഗണിത ശ്രേണിയാണ് .മുന്പിലത്തെ രണ്ടു സംഖ്യകളുടെ സമം ആയിരിക്കും ആ ശ്രേണിയിലെ ഓരോ സംഖ്യയും.ഫിബനോസി സീരിസ് എന്നാണ് ഇതിനു പറയുന്നത്.ഈ വർഷം ഞങ്ങൾക്ക് കണക്കില്‍ ഇതിനെ കുറിച്ച് പഠിക്കാന്‍ ഉണ്ടായിരുന്നു.” വിന്സെനന്റ് പറഞ്ഞു.
ഞാന്‍ അത്ഭുതതോടെ വിന്സന്റിനെ നോക്കി.പത്താം ക്ലാസില്‍ സ്കൂളില്‍ മൂന്നാം റാങ്ക് ,അവനായിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു. കാര്യമായ പ്രയത്നം ഒന്നുമില്ലാതെ തന്നെ,നിശബ്ദമായി ,ക്ലാസ്സുകളില്‍ ഉന്നത മാർക്ക് വാങ്ങുന്ന കുട്ടി.അവന്‍ എല്ലാവർക്കും അത്ഭുതമായിരുന്നു.
“പൂക്കളുടെ ഇതളുകളുടെ എണ്ണം,പഴത്തിന്റെ ഉള്ളിലെ വിത്തുകളുടെ എണ്ണം,അങ്ങനെ പ്രകൃതിയിലെ എണ്ണങ്ങള്‍ എല്ലാം തന്നെ ഈ ശ്രേണിയുമായി ബന്ധപ്പെട്ടിരിക്കുന്നു.” വിന്സെ്ന്റ് പറഞ്ഞു.
എനിക്ക് മുഴുവന്‍ മനസ്സിലായില്ലെങ്കിലും ഞാന്‍ വിന്സെന്റിനെ ബഹുമാനത്തോടെ നോക്കി.
അവന്‍ തല പുറകോട്ടു ചായിച്ചു കരങ്ങള്‍ കഴുത്തിന് ചുറ്റും കോർത്ത് ദൂരേക്ക് നോക്കി.ആലോചനയില്‍ ഏകാഗ്രത കൂടുമ്പോള്‍ അവന്‍ സ്ഥിരമായി അങ്ങനെ ചെയ്യുമായിരുന്നു. വർഷങ്ങള്ക്ക് ശേഷവും എനിക്ക് അവന്റെ ആ പ്രത്യേക ശരീര ചലനം ഓർമ്മയില്‍ ഉണ്ടായിരുന്നു.
മലകള്ക്ക് അപ്പുറത്തെ അസ്തമനത്തിന്റെ ചുവന്ന വെളിച്ചം ,അവന്റെ മുഖത്ത് വീണു.അലക്ഷ്യമായി നെറ്റിയിലേക്ക് വീണു കിടന്ന ആ മുടിയിഴകള്‍ കാറ്റില്‍ പറന്നു.അപ്പോള്‍ അവനു ഒരു ,അന്വേഷകന്റെ കണ്ണുകളായിരുന്നു.
അല്പം മൗനത്തിനു ശേഷം വിന്സെന്റ് വീണ്ടും പറഞ്ഞു.
“അതാണ് ഞാന്‍ പറഞ്ഞത്,മനുഷ്യര്‍ തമ്മില്‍ ഉള്ള ബന്ധം,സ്വപ്നം പോലെ ഉള്ള ഈ ജീവിതത്തില്‍ മരിച്ചതിനു ശേഷം മനുഷ്യര്‍ പുനർജനിക്കുന്നുണ്ടോ,ആത്മാവ് എന്നത് ഉണ്ടോ,എന്നൊക്കെ ഉള്ള ചോദ്യങ്ങള്‍...എല്ലാം ഒരു ഗണിത സമസ്യ പോലെ ,പോലെ ഉള്ള ഒരു ചോദ്യങ്ങളാണ്.അതിനുള്ള ഉത്തരം ആ ഗണിത ശ്രേണി പോലെ നമ്മുടെ ചുറ്റിനും ഒരു പക്ഷെ ഉണ്ടായിരിക്കും.നമ്മള്‍ കണ്ടെത്തുന്നത് വരെ അത് നമ്മെ കാത്തിരിക്കും.നിനക്കറിയുമോ,ഒരു പക്ഷെ മനുഷ്യര്‍ ജനിക്കുന്നത് തന്നെ ,ഒരു പക്ഷെ ഈ അന്വേഷണത്തിന് ഉത്തരം കണ്ടെത്താനായിരിക്കും.കോടിക്കണക്കിനു മനുഷ്യര്‍ ജനിച്ചു മരിക്കുന്നു.ഈ ആയുസ്സ്,ഒരു പക്ഷെ അത് കണ്ടുപിടിക്കാന്‍ ഉള്ള സമയം ആയാണ് എനിക്ക് തോന്നുന്നത്.”
“ആരെങ്കിലും അത് കണ്ടുപിടിച്ചാല്‍ ...”ഞാന്‍ വീര്പ്പളടക്കി ചോദിച്ചു.
“അറിയില്ല..ഒരു പക്ഷെ സിനിമയുടെ അന്ത്യം പോലെ..മനുഷ്യന്റെ ജനിമൃതികളുടെ അവസാനം ആയിരിക്കും അതോടെ...”.വിന്‍സെന്റ് ദൂരേക്ക് നോക്കി പറഞ്ഞു
.
പലപ്പോഴും ഞങ്ങള്‍ അത്തരം കാര്യങ്ങളെ ക്കുറിച്ച് സംസാരിച്ചു.വിന്‍സെന്റ് ,അത്തരം അന്വേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും പുറകെയായിരുന്നു.അവന്റെ മാതാപിതാക്കള്‍ ചെറുപ്പത്തിലെ മരിച്ചു പോയിരുന്നു.ധനിക കുടുംബം.റബ്ബര്‍ തോട്ടത്തിലെ , ശൂന്യമായ അനേകം മുറികളും,പഴയ കാലത്തെ തടിച്ച പുസ്തകങ്ങള്‍ ഉള്ള വലിയ ലൈബ്രറിയും ,മുന്‍ തലമുറയിലെ പിതാമഹന്മാരുടെ ച്ഛായാചിത്രങ്ങള്‍ തൂങ്ങുന്ന നീണ്ട സ്വീകരണ മുറിയും,ഉള്ള പഴയ ബംഗ്ലാവില്‍ അവന്‍ വലിയമ്മയോടൊപ്പം ആണ് കഴിഞ്ഞത്.
.
പലപ്പോഴും ഞങ്ങള്‍ അത്തരം കാര്യങ്ങളെ ക്കുറിച്ച് സംസാരിച്ചു.വിന്‍സെന്റ് ,അത്തരം അന്വേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും പുറകെയായിരുന്നു.അവന്റെ മാതാപിതാക്കള്‍ ചെറുപ്പത്തിലെ മരിച്ചു പോയിരുന്നു.ധനിക കുടുംബം.റബ്ബര്‍ തോട്ടത്തിലെ , ശൂന്യമായ അനേകം മുറികളും,പഴയ കാലത്തെ തടിച്ച പുസ്തകങ്ങള്‍ ഉള്ള വലിയ ലൈബ്രറിയും ,മുന്‍ തലമുറയിലെ പിതാമഹന്മാരുടെ ച്ഛായാചിത്രങ്ങള്‍ തൂങ്ങുന്ന നീണ്ട സ്വീകരണ മുറിയും,ഉള്ള പഴയ ബംഗ്ലാവില്‍ അവന്‍ വലിയമ്മയോടൊപ്പം ആണ് കഴിഞ്ഞത്.
അവിടുത്തെ പഴയ പള്ളിയുടെ ഓടിട്ട മണി മാളികയുടെ മുകളില്‍ കൂട് കൂട്ടാന്‍ എത്തുന്ന വെളുത്ത പ്രാവുകളെ പോലെ ,ഏകാന്തത വിന്സെന്റിന്റെ വലിയ വീട്ടില്‍ കൂട് കൂട്ടിയിരുന്നു.
“നിനക്കറിയുമോ,ഇവിടിടുത്തെക്കാള്‍ കൂടുതല്‍ ഏകാഗ്രത ലഭിക്കുനത്,നെടുംകണ്ടത്തെ എന്റെ എലത്തോട്ടത്തിലാണ്.അവിടുത്തെ നോട്ടക്കാരന്‍ ,വളരെ പ്രായം ചെന്ന ഒരാളാണ്.പാപ്പി ചേട്ടന്.എന്റെ പരീക്ഷണങ്ങളും അന്വേഷണവും ഒക്കെ ഞാന്‍ ഏറ്റവും കൂടതല്‍ പങ്കു വയ്ക്കുന്നത് പുള്ളിക്കാരനുമായാണ്.”
“എത്ര വയസ്സുണ്ട് പാപ്പി ചേട്ടന്?
“എന്റെ വലിയപ്പന്റെ പ്രായം.ഇപ്പൊ ഒരു തൊണ്ണൂറു വയസ്സ് കാണും.പക്ഷെ കണ്ടാല്‍ ഒരു അറുപതു വയസില്‍ കൂടുതല്‍ തോന്നില്ല.ആരോഗ്യത്തിനു ഒരു കുഴപ്പവുമില്ല.ബുദ്ധിക്കും.മണ്ണില്‍ പണിയെടുത്തും,പ്രകൃതിയെ നിരീക്ഷിച്ചും നല്ല അറിവുള്ളയാള്‍.ആ തോട്ടം നോക്കി ഒറ്റയ്ക്ക് താമസിക്കുന്നു.കല്യാണം കഴിച്ചിട്ടില്ല.കുടുംബവുമില്ല.നിന്നെ പോലെ എന്നെ മനസ്സിലാക്കുന്ന വേറെ ഒരു വ്യക്തി പാപ്പിചേട്ടനാ.”
പിറ്റേ വർഷം ഞാന്‍ പത്താം ക്ലാസിലായി.അവന്‍ പന്ത്രണ്ടിലും.അവനെ പോലെ ,പഠനം എന്നത് എനിക്ക് അത്ര എളുപ്പം അല്ലാത്തത് കൊണ്ട് എന്റെ ഒഴിവു സമയങ്ങള്‍ കുറഞ്ഞു.എങ്കിലും ഇടക്ക് ഞങ്ങള്‍ കാണാറുണ്ടായിരുന്നു.ആ വർഷം ക്രിസ്തുമസ്സിനു ഇടവക ജീസസ് യൂത്തിലെ കുട്ടികള്ക്കൊപ്പം ഞങ്ങള്‍ പള്ളിയില്‍ പുല്ക്കൂട് ഉണ്ടാക്കാന്‍ കൂടി.
പള്ളിയുടെ പടിക്കെട്ടില്‍ ഇരുന്നു കൊണ്ട്,ഞങ്ങള്‍ രണ്ടു പേരും കൂടി ,ഇല്ലിക്കമ്പ് മുറിച്ചു ചെറിയ നക്ഷത്രങ്ങള്‍ ഉണ്ടാകുകയായിരുന്നു.ഇല്ലി മുറിച്ചു,ചെറിയ കഷണങ്ങള്‍ ആക്കി അതിന്മേല്‍ നാട്ടില്‍ സുലഭമായി കിട്ടുന്ന റബ്ബര്‍ പാല്‍ തേച്ചു പിടിപ്പിച്ചതിന് ശേഷം നിറമുള്ള നക്ഷത്ര കടലാസ്സ് ഒട്ടിച്ചു ചേര്ക്കുംക .ഞങള്ക്കു അരികിലായി വിന്സെന്റിന്റെ ക്ലാസിലെ പെണ്കുട്ടികള്‍ ക്രിസ്തുമസ് രാത്രിയിലെ പള്ളിയില്‍ നടക്കുന്ന കരോള്‍ മത്സരത്തിനു പങ്കെടുക്കാന്‍ ഉള്ള ഗാനം പ്രാക്ടീസ് ചെയ്യുകയാണ്.
അതില്‍ ഒരു പെണ്കുട്ടി വിന്സെന്റിനെ ഇടയ്ക്കിടെ ആരാധനയോടെ നോക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു.
“ആരാധനാ,നിശാസംഗീത വേള....വരൂ...വരൂ...ദേവാ...”
അവരുടെ പാട്ടില്‍ ആ കുട്ടി പാടുന്ന വരികള്‍ വിന്‍സെന്റിന് വേണ്ടിയാണോ എന്ന് വരെ ഞാന്‍ ആലോചിച്ചു.ആ നോട്ടം ,ക്രിസ്തുമസ് കാലത്ത്,മാത്രം ഹൈറെഞ്ചിലെക്ക് ഉള്ള വഴിയോരങ്ങളില്‍ പൂക്കുന്ന ചുവന്ന ഇലകള്‍ ഉള്ള ചെടിയെ ഓർമ്മിപ്പിച്ചു.
അവന്‍ പക്ഷെ വർണ്ണക്കടലാസ്സ് യാന്ത്രികമായി മുറിച്ചു ,വേറെ എന്തോ ആലോചിക്കുകയായിരുന്നു.
“ഞാന്‍ ഒരു പരീക്ഷണം നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.നിനക്കറിയാമോ,ഈ അടുത്തക്കാലത്ത് ,ഞാന്‍ വീട്ടിലെ ലൈബ്രറിയിലെ ഒരു പഴയ പുസ്തകം വായിച്ചു.ഏതാണ്ട് അമ്പതു കൊല്ലം മുന്പു, ഒരു ബ്രിട്ടീഷുകാരന്‍ എഴുതിയ പുസ്തകം.അതില്‍ പറഞ്ഞിരിക്കുന്നത് ആത്മാവിനു ഭാരം ഉണ്ടെന്നാണ്.പക്ഷെ തെളിവുകള്‍ ഒന്നുമില്ല."
“പക്ഷെ ..പരീക്ഷണം...എന്തു പരീക്ഷണം ...?”
“അതൊക്കെ പറയാം...അപ്പുറത്തു പാടുന്ന കട്ടികളില്‍ ആരെങ്കിലും എന്നെ നോക്കുന്നുണ്ടോ...”ഗാഡമായ ആലോചനയില്‍ തല കുനിച്ചിരിക്കുന്നതിനിടയില്‍ മന്ത്രിക്കുന്നത് പോലെ വിന്സെ്ന്റ് ചോദിച്ചു.
“ഉണ്ട്...അതെങ്ങനെ മനസ്സിലായി..”..ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു.
“അറിയാം..ആരോ നോക്കുന്നത് പോലെ എനിക്ക് ഫീല്‍ ചെയ്തു.ആരെങ്കിലും നമ്മളെ ശ്രദ്ധിച്ചാല്‍ നമ്മുടെ അബോധ മനസ്സ് അത് കാണും.അത് കൊണ്ടാണ് നമ്മള്‍ അറിയാതെ തല ഉയര്ത്തു മ്പോള്‍ ,നമ്മളെ നോക്കി നില്ക്കുന്ന ആളെ നാം കാണുന്നത്.”അവന്‍ പറഞ്ഞു.
ഞാന്‍ അപ്പുറത്തേക്ക് നോക്കി.അവള്‍ അപ്പോഴും വിന്‍സെന്റിനെ നോക്കുന്നുണ്ടായിരുന്നു.
ക്രിസ്തുമസിന്റെ പിറ്റേന്ന് വിന്സെന്റിന്റെ വലിയമ്മ മരിച്ചു.ഞാന്‍ കാണാന്‍ ചെന്നപ്പോള്‍ അവന്റെ ശൂന്യമായ മുഖത്ത് പ്രസന്നത പരന്നു.മൃതശരീരം ,ആ ബംഗ്ലാവിന്റെ നടുത്തളത്തില്‍ ആയിരുന്നു വച്ചിരുന്നത്.ആളുകള്‍ കുറവായിരുന്നു.
അവന്‍ എന്നെ അവന്റെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി. ഒരു ചെറിയ സ്ഫടിക കുപ്പി എന്റെ കയ്യില്‍ തന്നു.
“വലിയമ്മച്ചിയുടെ ശിരസ്സിനു പുറകില്‍ സാംബ്രാണിത്തിരി കത്തിച്ചു വച്ചിട്ടുണ്ട്.ശിരസ്സിനു ചുറ്റുമാണ് ആത്മാവിന്റെ പ്രഭാവലയം(ഓറാ) ശക്തിയായി ഉണ്ടാവുക.നീ ആളുകള്‍ അധികം ഇല്ലാത്തപ്പോള്‍ ,ഈ കുപ്പിയില്‍ ആ പുക കുറച്ചു ശേഖരിക്കണം.കഴിഞ്ഞ ദിവസം ഞാന്‍ ഒരു പരീക്ഷണത്തിന്റെ കാര്യം പറഞ്ഞില്ലേ....അതിനു വേണ്ടി.”
എനിക്ക് ഭയം തോന്നി.
ഞങള്‍ മൃതുശരീരം വച്ചിരിക്കുന്ന മുറിയില്‍ തിരിച്ചു വന്നു.കുറച്ചു പ്രായമായവര്‍ മുറ്റത്ത് കസേരകളില്‍ ഇരിക്കുന്നുണ്ട്.മുറിയില്‍ ബാക്കി ഉണ്ടായിരുന്നവര്‍ ഇറങ്ങിയപ്പോള്‍,ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പായപ്പോള്‍ ,ഞങള്‍ വലിയമ്മച്ചിയുടെ ശിരസ്സിനു പുറകില്‍,കത്തിച്ചു വച്ച തിരികളുടെ ഇടയിലെ സാംബ്രാണിത്തിരികള്‍ കത്തിച്ചു.ഉയര്ന്നു പൊങ്ങിയ പുക,ആ സ്ഫടിക കുപ്പിയില്‍ ശേഖരിച്ചു.ആരും കാണാതെ ഇരിക്കുവാന്‍ ,വിൻസെന്റ് ഒരു മറ പോലെ എന്റെ മുന്നില്‍ നിന്നു.
പിന്നീട് പരീക്ഷാ ദിവസങ്ങള്‍ വന്നു.വിൻസെന്റിന്റെ വീട്ടില്‍ പോകാന്‍ കഴിഞ്ഞില്ല.പരീക്ഷ കഴിഞ്ഞു.അച്ഛന് അവിടുന്ന് മാറ്റം ആയി.ആ സ്ഥലം വിട്ടു പോകുന്നതിനു മുന്പ് ഞാന്‍ അവന്റെ വീട്ടില്‍ എത്തി.
വിന്സെന്റ് മുറിക്കുള്ളില്‍ ഉണ്ടായിരുന്നു.അവന്റെ മുറിയില്‍ വലിയ ബോർഡില്‍ ,ആളുകളുടെ പേരും,ജനന തീയതികളും,അവ തമ്മില്‍ ബന്ധിക്കുന്ന ചിലന്തി വല പോലെ ഉള്ള വരകളും കൊണ്ട് നിറഞ്ഞിരുന്നു.ചെറിയ ഒരു ബ്ലാക്ക് ബോർഡി ല്‍ ,സങ്കീർണ്ണമായ ഗണിത സമവാക്ക്യങ്ങള്‍ എഴുതിയിട്ടിരുന്നു.
“അത് ഞങ്ങളുടെ കുടുംബത്തിന്റെ വംശാവലിയുമായി ബന്ധപ്പെട്ട ഒരു ഗവേഷണമാണ്.ഇടവകപള്ളിയില്‍ നിന്ന് ഇവിടുത്തെ പുരാതന കുടുംബങ്ങളുടെ കുറച്ചു ചരിത്രം കൂടി ശേഖരിച്ചു.”
വിൻസെന്റ് പറഞ്ഞു.അവന്റെ മുഖം ഉറക്കക്ഷീണം കൊണ്ട് തളര്ന്നി രുന്നു.
“എന്നിട്ട്...എന്തെങ്കിലും പുതിയ വിവരം?ആ സ്ഫടിക കുപ്പി കൊണ്ട് എന്തേലും പ്രയോജനം ഉണ്ടായോ...” ഞാന്‍ ചോദിച്ചു.
“ഉവ്വ്...ചില കണ്ടെത്തലുകള്‍ ഉണ്ട്..ഉദാഹരണത്തിന് ഞങളുടെ കുടുംബത്തിലെ ഓരോ തലമുറയിലെയും പുരുഷന്മാരുടെ എണ്ണം...ഒരു പ്രത്യേക ശ്രേണിയായി കാണുന്നുണ്ട്.അത് ശരിയാണെങ്കില്‍...”അവന്‍ ഒരു നിമിഷം നിശബ്ദനായി.
“ചിലപ്പോള്‍ എന്റെ കാലം വരെയേ ഈ കുടുംബം നിലനില്ക്കൂ ..”
അത് ഒരു സാധാരണ കാര്യം പോലെ പറഞ്ഞതിന് ശേഷം അവന്‍ ആ സ്ഫടിക കുപ്പികള്‍ എടുത്തു കൊണ്ട് വന്നു.സ്കൂളിലെ ഫിസിക്സ് ലാബില്‍ ഇരിക്കുന്നത് പോലെ ഉള്ള ഒരു ചെറിയ ത്രാസില്‍ രണ്ടു കുപ്പികളും അവന്‍ എടുത്തു വച്ചു.മില്ലിഗ്രാം അളക്കാന്‍ സാധിക്കുന്ന ആ ചെറിയ ത്രാസ്,ഒരു വശത്തേക്ക് പൊടുന്നനെ താഴ്‌ന്നു.
“ഭാരം കൂടുതല്‍ ഉള്ളത് ....വലിയമ്മച്ചിയുടെ ശിരസ്സിനു അരികില്‍ നിന്ന് ശേഖരിച്ച പുക അടങ്ങിയ കുപ്പി ആണോ..”? ഞാന്‍ ചോദിച്ചു.
വിന്സെന്റ് തല പുറകോട്ടു ചായിച്ചു.കൈകള്‍ ശിരസ്സിനു പുറകില്‍ കോർത്തു ...എന്നിട്ട് പറഞ്ഞു.
“അതെ.”
“ഒരു പക്ഷെ ഇത് ഒരു പൊട്ട പരീക്ഷണം ആയിരിക്കാം.ഈ ഗവേഷണവും..പക്ഷെ അതിനൊക്കെ അപ്പുറത്ത് ഒരു ഉത്തരം ഉണ്ടെന്നു എനിക്ക് തോന്നുന്നു...ഈ ശ്രേണിയുടെ അവസാനമായി സ്വയം തീരുന്നതിന് മുന്പ് എനിക്കത് കണ്ടെത്തണം..അതിനു വേണ്ടി ഒരുപാട് യാത്ര ചെയ്യണം...വായിക്കണം..അറിവുള്ള ആളുകളുമായി സംസാരിക്കണം..”
വിൻസെന്റ് അവന്റെ ലക്ഷ്യങ്ങള്‍ എന്നോട് പറഞ്ഞു.എനിക്ക് ഒന്നും പറയാന്‍ ഇല്ലായിരുന്നു.
ഞാന്‍ ആ നാട് വിട്ടു.പഠിക്കുവാനായി ദൂരേക്ക് പോയി.ഇടക്ക് അവന്റെ കാർഡ് വരുമായിരുന്നു.വല്ലപ്പോഴും ഇ-മെയില്‍.ഞങ്ങള്‍ തമ്മില്‍ ഉള്ള സമ്പർക്കം കുറവായിരുന്നു എങ്കിലും അവന്റെ വല്ലപ്പോഴുമുള്ള സന്ദേശങ്ങള്‍,ദീർഘമായിരുന്നു.ഓരോ തവണയും ഓരോ സ്ഥലത്ത് നിന്ന്.ഒരിക്കല്‍ ഹിമാലയത്തില്‍ നിന്ന്.പിന്നീടൊരിക്കല്‍ ടിബറ്റിലെ മലനിരകളിലെ ഏതോ ആശ്രമത്തില്‍ നിന്ന്.പിന്നീട് അഫ്ഘാന്‍ മരുഭൂമിയിലെ ,ഏതോ അറബ് മന്ത്രവാദിയുടെ കൂടാരത്തില്‍ നിന്ന് ...ഒക്കെ അവന്റെ കത്തുകള്‍ വന്നു.
പിന്നെ ആ വിനിമയം കുറഞ്ഞു വന്നു.ഇടക്ക് കാരണം ഒന്നുമില്ലാതെ തന്നെ അവന്‍ പണം അയച്ചു.എന്റെ സഹോദരിയുടെ വിവാഹത്തിന്റെ സമയത്തും,അച്ഛന്റെ സർജറിയുടെ സമയത്തും,കൃത്യമായി അവന്റെ സഹായം എന്നെ തേടി വന്നു.എങ്ങനെ അവന്‍ അത് അറിഞ്ഞു എന്ന് എനിക്ക് അറിയില്ല.
വർഷങ്ങൾ .സമയം വേഗം കടന്നു പോയി.
അവന്റെ കത്തുകള്‍ വല്ലപോഴുമായി.ഒരിക്കല്‍ ഒരു കത്ത് വന്നു.കൊച്ചി നഗരത്തിലെ ഒരു പെൺകുട്ടിയെ പോയി കാണാന്‍ ആവശ്യപെട്ടു കൊണ്ടായിരുന്നു അത്.ഒപ്പം അവൾക്കു കൊടുക്കാന്‍ ഒരു പാഴ്സലും.
ഞാന്‍ ആ പെൺകുട്ടിയെ തേടി നഗരത്തില്‍ എത്തി.കഫെയില്‍ അവളെ കാത്തിരുന്നു.ചില്ല് ഭിത്തികള്‍ ഉള്ള ഫെയില്‍ ഇരുന്നു ഞാന്‍ വിൻസെന്റിനെയും അവന്റെ വിചിത്ര വഴികളെയും കുറിച്ച് ആലോചിച്ചു.
അപ്പോള്‍ ആ പെൺകുട്ടി വന്നു.എവിടെയോ വച്ച് കണ്ട പരിചയം.ഓർമ്മ വന്നു.ഹൈറേഞ്ചിലെ വഴികളില്‍ വിടരുന്ന ചുവന്ന ഇലകള്‍ ഉള്ള ചെടികള്‍.അത് അവള്‍ തന്നെയായിരുന്നു.
ഞാന്‍ സ്വയം പരിചയപെടുത്തി.ഞങ്ങള്‍ ഓരോ കപ്പു കാപ്പി പറഞ്ഞു.
“ഞാന്‍ വിന്സെന്റിന് വേണ്ടി ഒരു പാട് കാത്തിരുന്നു.”കുറെ നേരത്തെ മൌനത്തിനു ശേഷം അവള്‍ പറഞ്ഞു.ചില്ല് ഭിത്തിക്കപ്പുറത്തു നഗരത്തിനു മുകളിലെ ആകാശത്തില്‍ വരച്ചു വച്ചത് പോലെ ഒന്ന് രണ്ടു ചെറു മേഘങ്ങള്‍ നിശ്ചലമായി നിന്നു.
ഞാന്‍ ആ പാർസൽ അവൾക്കു കൊടുത്തു.
“നന്ദി...ഇവിടെ വന്നതിനു..ഇത് തന്നതിന്...നാളെ എന്റെ വിവാഹമാണ്...”അവള്‍ പറഞ്ഞു.
എനിക്ക് ആദ്യമായ് വിൻസെന്റിനോട് ദേഷ്യം തോന്നി.
“ക്ഷമിക്കണം.എനിക്ക് അറിയില്ലായിരുന്നു..എല്ലാ ആശംസകളും...”ഞാന്‍ പറഞ്ഞു.
“നന്ദി.സാരമില്ല.വിൻസെന്റിന്റെ രീതികള്‍ നിങ്ങള്ക്കും അറിയാവുന്നതാണല്ലോ..ആ അന്വേഷണം അയാള്‍ വിജയകരമായി തീർക്കട്ടെ .”
ആ കൂടിക്കാഴ്ച അഞ്ചു കൊല്ലം മുന്പായിരുന്നു.അതിനു ശേഷം ,കഴിഞ്ഞ ദിവസമായിരുന്നു അവന്റെ മെയില്‍ വന്നത്.
“അന്വേഷണം ഏകദേശം അവസാനിക്കാറായി.ഞാന്‍ കുറച്ചു കൂടി ഏകാഗ്രത കിട്ടുന്ന സ്ഥലത്തേക്ക് പോവുകയാണ്.എന്നെ അന്വേഷിച്ചു വരണ്ട.വക്കീല്‍ നിന്നെ വിളിക്കും.”
ഇത്രയുമായിരുന്നു ആ സന്ദേശം.അവന്‍ പറഞ്ഞത് പോലെ അവന്റെ വക്കീല്‍ എന്നെ വിളിച്ചു.അവന്റെ സ്വത്തുക്കള്‍ എന്റെ പേരില്‍ എഴുതി വച്ചെന്നും അതിന്റെ ചില ഫോർമാലിറ്റികൾ തീർക്കാൻ അവന്റെ സ്ഥലം വരെ വരണം എന്നുമായിരുന്നു വക്കീല്‍ വിളിച്ചു പറഞ്ഞത്.
ഞാന്‍ ഞെട്ടി.പിറ്റേന്ന് ഞാന്‍ ആ പഴയ സ്ഥലത്തേക്ക് യാത്രയായി.ഞാനും വിന്സെന്റും കണ്ടു മുട്ടി ഒരുമിച്ചു പഠിച്ച സ്ഥലം.വക്കീലിനെ കണ്ടു.അയാള്‍ കടലാസ്സുകള്‍ എല്ലാം ശരിയാക്കിയിരുന്നു.
“വിൻസെന്റ് കുറച്ചു ദിവസം മുന്പ് ഇവിടെ വന്നിരുന്നു.പിന്നെ എങ്ങോട്ടോ പോയി.”വക്കീല്‍ പറഞ്ഞു.ഒരിക്കലും ഫോണ്‍ ഉപയോഗിക്കാത്തത് കൊണ്ട് അവനെ ബന്ധപെടാന്‍ ഒരു മാർഗ്ഗവും ഇല്ലായിരുന്നു.
ഞാന്‍ ആലോചിച്ചു.ഏറ്റവും ഏകാഗ്രത കിട്ടുന്ന സ്ഥലം.ചെറുപ്പത്തില്‍ അവന്‍ പറഞ്ഞ ആ സ്ഥലം ഓര്മ്മ വന്നു.നെടുങ്കണ്ടത്തെ തോട്ടം.വക്കീലിന്റെ കയ്യില്‍ നിന്ന് ആ സ്ഥലത്തേക്കുള്ള വഴി മനസ്സിലാക്കിയ ശേഷം ഞാന്‍ പുറപ്പെട്ടു.
മണിക്കൂറുകള്‍ നീണ്ട യാത്ര.മഞ്ഞില്‍ മറഞ്ഞു കിടക്കുന്ന സമതലങ്ങള്‍.വിജനമായ പാറക്കെട്ടുകള്‍.ജീപ്പ് മാത്രം പോകുന്ന ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന വഴിയിലൂടെ ,സന്ധ്യയോടെ ഞാന്‍ ആ തോട്ടത്തില്‍ എത്തി.അത് ഒരു കുന്നിന്‍ പ്രദേശമായിരുന്നു. മഞ്ഞുണ്ടായിരുന്നു എല്ലായിടത്തും ,ചെമ്പരത്തി വേലി കെട്ടി തിരിച്ച വിജനമായ മലഞ്ചെരിവുകള്‍.
ബംഗ്ലാവില്‍ ആരുമില്ലായിരുന്നു.ഞാന്‍ വാതിലില്‍ മുട്ടി.അപ്പോള്‍ അരികില്‍ ആരോ നടന്നു വരുന്ന ശബ്ദം കേട്ടു.അത് ഒരു പൊക്കം കുറഞ്ഞ വൃദ്ധന്‍ ആയിരുന്നു.പക്ഷെ അയാള്‍..അയാള്‍ എങ്ങനെ ഇപ്പോഴും ജീവനോടെ ഇരിക്കുന്നു.?അന്ന് തന്നെ ഏകദേശം തൊണ്ണൂറു വയസ്സ് അടുത്ത് ഉണ്ടെന്നാണ് വിൻസെന്റ് പറഞ്ഞത്.അത് ഏകദേശം ഇരുപതു കൊല്ലം മുൻപാണ്.!
മഞ്ഞു പോലെ വെളുത്ത താടിയും,തിളങ്ങുന്ന കണ്ണുകളുമായി അയാള്‍ അരികില്‍ വന്നു.
“ഞാന്‍ പാപ്പി.ഈ തോട്ടം നോക്കുന്നത് ഞാനാണ്.വിൻസെന്റ് കൊച്ചു മുതലാളി ഇവിടെ വന്നിട്ടില്ല ..”വൃദ്ധന്‍ പറഞ്ഞു.അയാളുടെ സ്വരത്തില്‍ അനിഷ്ടം ഉണ്ടായിരുന്നോ?
പക്ഷെ ഞാന്‍ ഞെട്ടി.അയാള്ക്ക് എന്താണ് പ്രായം കൂടാത്തത്..ഒരു പക്ഷെ ഈ വിജനമായ മലഞ്ചെരിവില്‍ മരണം വരാന്‍ മറന്നതാവുമോ?
ഞാന്‍ ചുറ്റും നോക്കി.ബംഗ്ലാവിന്റെ തുറന്നു കിടന്ന ജനാലയിലൂടെ ഞാന്‍ അകത്തെ മുറി കണ്ടു.അടുക്കി വൃത്തിയാക്കിയ മുറി.ടേബിളില്‍ ആരോ വായിച്ച ശേഷം മടക്കി വച്ച പുസ്തകം.അതിനു അരികില്‍ ഒരു കണ്ണട.വിൻസെന്റ് അവിടെ ഉണ്ടായിരുന്നു എന്ന് എന്ന് വ്യക്തം.
“വിൻസെന്റ് വരട്ടെ.ഞാന് അവനെ കണ്ടിട്ടേ പോവുകയുള്ളൂ.”
അയാള്‍ ഒന്നും പറഞ്ഞില്ല.അയാള്‍ വാതില്‍ തുറന്നു തന്നു.ഞാന്‍ അകത്തു കയറി.
ഒരു മുറി മാത്രം അടഞ്ഞു കിടക്കുന്നു.വേറെ ഒരു മുറി നിറയെ പുസ്തകങ്ങള്‍.അടുക്കളയില്‍ അടുത്തിടെ വാങ്ങിയ ഭക്ഷണ സാധനങ്ങള്‍...വിൻസെന്റ് മാത്രമില്ല.
ഒരു മുറി മാത്രം അടഞ്ഞു കിടക്കുന്നു.വേറെ ഒരു മുറി നിറയെ പുസ്തകങ്ങള്‍.അടുക്കളയില്‍ അടുത്തിടെ വാങ്ങിയ ഭക്ഷണ സാധനങ്ങള്‍...വിൻസെന്റ് മാത്രമില്ല.
വല്ലാത്ത ക്ഷീണം തോന്നി.ഒരു കസേരയില്‍ ഇരുന്നു.വൃദ്ധന്‍ പുറം തിണ്ണയില്‍ ഇരുന്നു എന്നെ നോക്കി.
“വിൻസെന്റ് ഇവിടെ വന്നിരുന്നോ ?” ഞാന്‍ വീണ്ടും ചോദിച്ചു.
വൃദ്ധന്‍ കുറച്ചു നേരം എന്നെ നോക്കി.പിന്നെ ശിരസ്സ് പുറകോട്ടു ചായിച്ചു.കരങ്ങള്‍ കഴുത്തിന് ചുറ്റും കോർത്ത് പുറകോട്ടു ചാഞ്ഞിരുന്നു.മലങ്കാറ്റില്‍ തേയിലത്തോട്ടങ്ങളിലെ ചൂള ചില്ലകള്‍ ചലിക്കുന്നത് പോലെ അയാളുടെ നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴകള്‍ ഇളകി.
“ഞാന്‍ നുണ പറയുകയല്ല.നിങ്ങള്‍ തിരിച്ചു പോവുന്നതാണ് നല്ലത്.വിൻസെന്റ് മുതലാളി ഇവിടെ വരില്ല.വെറുതെ എന്തിനാണ് വാശി.”?
എന്റെ കണ്ണുകള്‍ മുറ്റത്ത് വളർന്നു നില്ക്കുന്ന ആ പൂചെടിയില്‍ പതിഞ്ഞു.ചുവന്ന ഇലകള്‍ ഉള്ള ചെടി .വർഷങ്ങള്‍ വെറുതെ ആർക്കോ വേണ്ടി കാത്തിരുന്ന ആ പെണ്കുട്ടിയുടെ കണ്ണുകള്‍.എന്നിലേക്ക് ദേഷ്യം പതഞ്ഞു കയറി.മേശയില്‍ ഇരുന്ന ഒരു പാത്രം ഞാന്‍ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു.
“ഞാന്‍ അവനെ കണ്ടിട്ടേ പോവുകയുള്ളു.”ആക്രോശിച്ചു കൊണ്ട് ഞാന്‍ ആ വാതില്‍ കൊട്ടിയടച്ചു.
ഞാന്‍ മുറിക്കുള്ളില്‍ കയറി.ജനാലകള്‍ തുറന്നു.കടുത്ത ക്ഷീണം തോന്നിയത് കൊണ്ട്,കട്ടിലില്‍ കയറി കിടന്നു ഉറങ്ങി.ഉണർന്നപ്പോള്‍ നേരം രാത്രിയായി.പുറത്തു മഴക്കുള്ള ഒരുക്കം എന്നത് പോലെ മിന്നലുകള്‍ പുളയുന്നു.അല്ല.ഒരു ചാറ്റല്‍ മഴ പെയ്യുന്നുണ്ട്.
ഞാന്‍ ഹാളിലേക്ക് വന്നു.അടഞ്ഞു കിടന്ന മുറിയുടെ വാതിലില്‍ തള്ളി.അത് മെല്ലെ തുറന്നു.വിശാലമായ മുറിയില്‍ ,ഒരു റാക്കില്‍ നിര നിരയായി വെളുത്ത സ്ഫടിക കുപ്പികള്‍ ഇരിക്കുന്നുണ്ടായിരുന്നു.മുറിയില്‍ എല്ലായിടത്തും പുസ്തകങ്ങളും വിചിത്ര വസ്തുക്കളും ചിതറി കിടന്നു.മേശയില്‍ ഒരു ഡയറിയും.
പുറത്തു മഴ കനക്കുകയാണ്.ഞാന്‍ റാക്കില്‍ നിന്ന് അകന്നു മാറി മേശയുടെ അരികില്‍ ഇരിക്കുന്ന ഒരു കുപ്പി എടുത്തു.അതിന്റെ അടപ്പിനോട് ചേർന്ന് ഒരു ചെറു പേപ്പര്‍ കഷണം ചുറ്റി വച്ചിട്ടുണ്ടായിരുന്നു.
ഞാന്‍ ആ ചുരുള്‍ നിവര്ത്തി വായിച്ചു.
പാപ്പി!
ഞാന്‍ അതിന്റെ അടപ്പ് തുറന്നു.മുറിക്കുള്ളിലെ തണുപ്പ് പതുക്കെ ഉയരുന്നത് പോലെ...
ആ ഡയറി തുറന്നു.അതിലെ ആദ്യത്തെ പേജില്‍ “എന്റെ കണ്ടെത്തലുകള്‍ ‘എന്ന തലക്കെട്ട്,അതിന്റെ കീഴെ വിൻസെന്റ് എന്ന പേരും ഒപ്പും.
ഞാന്‍ ആ പേജ് മറിക്കാന്‍ തുടങ്ങി.അപ്പോള്‍ വാതിലില്‍ ഒരു മുട്ട് കേട്ടൂ.
“ഞാന്‍ വിന്സെന്റാണ്...കടന്നു വരട്ടെ...”പുറത്തു നിന്ന് ശബ്ദം.
ഞാന്‍ വാതിലിലേക്ക് നോക്കി ഹാളിനു അപ്പുറം വാതില്‍ മെല്ലെ തുറന്നു വന്നു.പുറത്തു കനത്തു പെയ്യുന്ന മഴയില്‍,ഇടി മിന്നലുകളുടെ വെളിച്ചത്തില്‍,വിന്സെന്റിന്റെ നിഴല്‍ നില്ക്കുന്നത് ഞാന്‍ കണ്ടു.
“വരൂ..ഇത് നിന്റെ വീടല്ലേ...” ഞാന്‍ പറഞ്ഞു.
അവന്റെ നിഴല്‍ അകത്തേക്ക് കയറി ഹാളില്‍ ഇരുന്നു.വീടിനുള്ളിലെ തണുപ്പ് വല്ലാതെ കൂടി.ഞാന്‍ മുറിയിലും.അവന്‍ എനിക്ക് പുറം തിരിഞ്ഞു ഇരുന്നു.
“നിനക്ക് എന്നോട് നല്ല ദേഷ്യമുണ്ടെന്നു എനിക്ക് അറിയാം...പക്ഷെ നിന്റെ വാശി എന്നെ തോല്പ്പി ച്ച്..നിനക്ക് എങ്ങനെ മനസ്സിലായി...?” വിന്സെന്റ് ചോദിച്ചു.
“എന്ത് മനസ്സിലായോ എന്ന് ?നീ മരിച്ചു എന്ന കാര്യമോ...?ആ വൃദ്ധന്റെ ശരീരഭാഷ കണ്ടപ്പോള്‍ തന്നെ അത് നീ ആണെന് എനിക്ക് മനസ്സിലായി...ഒന്നുമല്ലെങ്കിലും നിന്റെ കൂടെ കുറെ നാള്‍ ഉണ്ടായതിന്റെ ഗുണം എനിക്ക് കാണാതിരിക്കുമോ ?” ഞാന്‍ ചോദിച്ചു.
അവന്‍ പൊട്ടിച്ചിരിച്ചു.ഞാനും.
“നിന്റെ അന്വേഷണം ഒക്കെ തീർന്നു എന്ന് ഞാന്‍ കരുതുന്നു...”ഞാന്‍ പറഞ്ഞു.
“ശരിയാണ്.എല്ലാം കണ്ടെത്തി.എന്റെ വംശത്തിന്റെ ശ്രേണിയില്‍ അവസാനമായി ഞാനും കഴിഞ്ഞു അതോടു കൂടി.കണ്ടെത്തിയത് ആ ഡയറിയില്‍ ഉണ്ട്.പക്ഷെ നീ അത് നശിപ്പിക്കണം.ഏറ്റവും പ്രധാനപ്പെട്ടത് ,ജീവിതം തന്നെയാണ്,അതിനു അപ്പുറമോ,ഇപ്പുറമോ ഉള്ളത് തിരയുന്നത് വ്യർത്ഥമാണ് .പക്ഷെ എനിക്ക് അത് മനസ്സിലാക്കാന്‍,ഒരു ജന്മം വേണ്ടി വന്നു.പക്ഷെ സാരമില്ല...പണ്ടൊരു ക്രിസ്തുമസ്സിനു ആ പഴയ പള്ളിയുടെ പടികളില്‍ ഇരുന്നു ,നമ്മള്‍ നക്ഷത്രം ഉണ്ടാക്കിയതു പോലെ,ഒരിക്കല്‍ കൂടി,എന്നെങ്കിലും ഒരിക്കല്‍ കൂടി..ആ ദിവസത്തിലേക്ക് തിരിച്ചു വരാന്‍ ഞാന്‍ ഇപ്പോള്‍ ആശിക്കുന്നു...”
ഒരു നിമിഷം നിർത്തി അവന്‍ പറഞ്ഞു.
“ഞാന്‍ പോകുന്നു.സമയമായി.ഇനി നമ്മള്‍ കാണില്ല...നീ എന്നും എന്റെ നല്ല സുഹൃത്തായിരുന്നു...”
ഞാന്‍ ഹാളിലേക്ക് ചരിഞ്ഞു നോക്കി.സ്വീകരണ മുറിയില്‍ നിന്ന് ഒരു കാറ്റ് പോലെ ആ നിഴല്‍ പുറത്തേക്കു ഒഴുകി. ഇടിമിന്നലുകളുടെ വെളിച്ചത്തില്‍ വാതില്ക്കല്‍ ആ നിഴല്‍ ഒരു നിമിഷം എന്തോ ഓർത്തു നിശ്ചലമായി നിൽക്കുന്നതും പിന്നെ ഇരുളില്‍ അലിയുന്നതും ഞാന്‍ കണ്ടു നിന്നു.
ഞാന്‍ പിന്നെ തിരികെ മുറിയിലേക്ക് നടന്നു.പിന്നെ മേശയില്‍ ഇരുന്ന ആ ഡയറി കയ്യില്‍ എടുത്തു.ഒരു നിമിഷം എന്തൊക്കെയോ ചിന്തകള്‍ എന്റെ മനസ്സിലൂടെ കടന്നു പോയി.ഇത് നശിപ്പിക്കാനാണ് വിൻസെന്റ് പറഞ്ഞത്..പക്ഷെ ഇത് അവന്റെ ഒരു ജന്മത്തെ അന്വേഷണമാണ്...
സത്യങ്ങള്‍ കണ്ടെത്താതെ ,അല്ലെങ്കില് അതിനു മിനക്കെടാതെ ,ജീവിതം ആസ്വദിച്ചു മരിച്ച ആത്മാക്കളുടെ സ്ഫടിക സാന്നിധ്യത്തില്‍ ഞാന്‍ ആ ഡയറി തുറന്നു വായിക്കാന്‍ ആരംഭിച്ചു.
(അവസാനിച്ചു)
Anish Francis

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക