Slider

ഒരു കൊഴുക്കട്ടയുടെ ഓർമകൾക്ക് മുന്നിൽ (കഥയല്ലിത് ജീവിതം )

0
ഒരു കൊഴുക്കട്ടയുടെ ഓർമകൾക്ക് മുന്നിൽ (കഥയല്ലിത് ജീവിതം )
സത്യക്രിസ്ത്യാനികളായ ഞങ്ങൾ ഓശാനയുടെ തലേന്ന് കൊഴുക്കട്ട യുണ്ടാക്കാറുണ്ട്..ആവശ്യത്തിനുള്ള തേങ്ങാ ചിരവി കൊടുക്കുക യെന്നല്ലാതെ ഇതിന്റെ കാര്യമായ നിർമാണ പ്രക്രിയകളിൽ ഞാൻ പങ്കെടുക്കാറില്ല.
തേങ്ങാ ചിരവുകയെന്നത് എന്റെ പ്രിയപ്പെട്ട ജോലിയാണ് .അടുക്കളയിലെ ബഹളങ്ങളിൽ നിന്നും മാറി വർക്ക് ഏരിയയുടെ ഏകാന്തതയിലങ്ങിനെ തേങ്ങയും ചിരവി സ്വപ്ന ലോകത്തു യഥേഷ്ടം വിഹരിക്കുമ്പോഴാണ് പിൽക്കാലത്തു “ലോക പ്രശ്തങ്ങളായ” എന്റെ പല സൃഷ്ടികളും പിറവി കൊണ്ടത് .. ( ആ ചിരവയെ കുറിച്ച്.. ഞാനെഴുതിയിട്ടുണ്ട് .ഏതെങ്കിലും ഒരു ദിവസം ഫേസ് ബുക്കിലെ ഓർമകളെ ചിക്കി പെറുക്കി ചിരവ പൊങ്ങി വരും.. അപ്പോൾ വായിക്കാത്തവർക്കു വായിക്കാനുള്ള സുവർണ്ണാവസരം ലഭിക്കുന്നതായിരിക്കും....സംഭവം ഒന്നൊന്നര ചിരവ യാണ് )
അമ്മയുണ്ടാക്കി വെക്കുന്ന കൊഴുക്കട്ടകളുടെ “അന്ത്യ കൂദാശ കർമങ്ങൾ” എന്തായാലുമെന്റെ കൈ കൊണ്ട് തന്നെ... അതായതു അവ തിന്നു തീർക്കുക യെന്ന ജോലി .ഇതു വര്ഷങ്ങളായി നിർലോഭം തുടരുന്നു..
ഈ കഴിഞ്ഞ ഓശാനയ്ക്കു കൊഴുക്കട്ട യുണ്ടാക്കാൻ എല്ലാവരും റെഡി യായി.. ഇത്തവണ ചേച്ചിയും കുട്ടികളും വീട്ടിലുണ്ട് . കുട്ടികളെന്നു പറഞ്ഞാൽ “ഇമ്മിണി ബല്യ” കുട്ടികൾ ...തേങ്ങാ ചിരവി കൊടുത്തു സത്യ സന്ധമായി ഞാനൊരു കാര്യം പറഞ്ഞു.. “മാവു കുഴച്ചു തരാം.. ഉണ്ട ഉരുട്ടി തരാം.. ശർക്കര നിറച്ചു കൊഴുക്കട്ടകളാക്കി നിങ്ങൾ മാറ്റുക. കാരണം അതെനിക്ക് വലിയ പിടിയില്ല..” ഞാൻ പീലാത്തോസിനെ പോലെ കൈ കഴുകി.
..പിന്നീട് കൊഴുക്കട്ടകൾ തങ്ങൾക്കു സംഭവിച്ച മാനഹാനിക്ക് കേസിനു പോയാൽ അതിൽ നിന്നും ഊരിപ്പോരാനുള്ള തന്ത്രപരമായ മുൻ കൂർ ജാമ്യം..
അങ്ങിനെ മിടു മിടുക്കികളായ അമ്മയുടെയും ചേച്ചിയുടെയും നേതൃത്വത്തിൽ ഈ കൊച്ചു മിടുക്കി ശർക്കരയും തേങ്ങയും വിളയിച്ചു.
'അമ്മ പള്ളിയിൽ പോയ നേരത്തു ഞങ്ങൾ കൊഴുക്കട്ട നിർമാണ പ്രക്രിയ ആരംഭിച്ചു..
അൽപ സമയത്തിനുള്ളിൽ ശർക്കര നിറച്ച കൊഴുക്കട്ടക്കൾ ഞങ്ങളെ നോക്കി കൊഞ്ഞനം കുത്തി തുടങ്ങി.. ശർക്കര കുത്തി നിറക്കുമ്പോൾ പള്ള പൊട്ടി പുറത്തേക്കു ചാടുന്ന കൊഴുക്കട്ടക്കൾ .. പിന്നെ പൊടി യെടുത്തു അവിടെയും ഇവിടെയും തൊട്ടും പൂശിയും ഒരു കണക്കിന് ഉരുട്ടി പെരട്ടിയെടുത്തു. സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ അവറ്റകൾ തെറിയഭിഷേകം ചെയ്തേനെ.. അത്രക്കും അവലക്ഷണം കെട്ട മോന്ത കുട്ടന്മാർ.....
പള്ളിയിൽ നിന്ന് വന്ന അമ്മ കൊഴുക്കട്ടകളുടെ മുന്നിൽ അടിയറവു പറഞ്ഞു, പരുങ്ങി നിൽക്കുന്ന മക്കളുടെ കൈ സഹായത്തിനെത്തി... ഒടുവിൽ സാധാരണ വീട്ടമ്മമാരുടെ എസ്‌കേപ്പ് തന്ത്രങ്ങൾ ഞങ്ങളും ഗത്യന്തരമില്ലാതെ പയറ്റി . പൊടിയെ കുറ്റം പറഞ്ഞു തത്കാലം പൊടി തട്ടി.. “ഈ പൊടി ശരിയല്ല.”.
കുറച്ചു പൊടി മാത്രം ബാക്കി നിൽക്കേ എന്റെ ബുദ്ധിയുണർന്നു പ്രവര്ത്തിച്ചു.. അല്ലേലും വീട്ടിൽ എനിക്ക് മാത്രമേയിച്ചിരി ബുദ്ധിയുള്ളു ..അതാണേൽ ആരും സമ്മതിച്ചു തരികയുമില്ല .
“നമ്മുക്ക് അല്പം മാത്രം ഫില്ലിംഗ് കൊടുത്തു നോക്കാം “
എന്റെ വൈകിയെത്തിയ ബുദ്ധിയെ ചേച്ചി പിന്താങ്ങി “ശരിയാണ് കടയിൽ നിന്നും വാങ്ങുന്നതിൽ ശർക്കരവളരെ കുറവാണു.”
അങ്ങിനെബുദ്ധിപരമായ എന്റെ ഇടപെടലുകൾ കൊണ്ട് വലിയ പേരുദോഷം ഇല്ലാതെ അവസാന ഉണ്ടകൾ സുന്ദര കുട്ടപ്പന്മാരായി...
ബാക്കിയുള്ളവയുടെ കാര്യം കഷ്ടം.. വെന്തു കഴിഞ്ഞപ്പോൾ ചിലതു കണ്ണിൽ നിന്നും മൂക്കിൽ നിന്നും നീരൊലിപ്പിച്ചു . ..മറ്റു ചിലതു പിറന്നു വീണ കുഞ്ഞുങ്ങളെ പോലെ വാ കീറിയും ...
കുറച്ചു ദിവസം കഴിഞ്ഞു “ഇമ്മിണി ബല്യ കുട്ടികളെ” എന്റെ ഫ്രീയായിരിക്കുന്ന ഇരുകൈകളിലും ഏല്പിച്ചു ചേച്ചി ദുബൈക്ക് പോയി...ഈ കുട്ടികളെ പറ്റിക്കാനായി കൊഴുക്കട്ട ഉണ്ടാക്കാൻ ഞാൻ തീരുമാനിച്ചു... യാതൊരു ബുദ്ധിമുട്ടും കൂടാതെ അതി മനോഹരങ്ങളായ കൊഴുക്കട്ട കുട്ടന്മാരെ ഞാനുണ്ടാക്കി..
അവറ്റകളെ ഫോട്ടോയെടുത്തു ഞാൻ വാട്ടീസ് അപ്പ് വഴി ചേച്ചിക്ക് അയച്ചു കൊടുത്തു.....
ചുമ്മാ ഒന്ന് കൊതിപ്പിക്കുക എന്ന എന്റെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്തു കൊണ്ട് പണി പാലിന് വെള്ളത്തിൽ കിട്ടി.. “അടുത്ത തവണ എല്ലാവർക്കുമുള്ള കൊഴുക്കട്ട നീ തന്നെ ഉണ്ടാക്കണം.. കഴിക്കാൻ ഞങ്ങൾ വരും.”
അതായതു ഒരു കൊഴുക്കട്ട ഫാക്ടറി ഉടനടി തുടങ്ങേണ്ടി വരുമെന്നർത്ഥം..
കൊഴുക്കട്ട യുണ്ടാക്കാൻ പഠിച്ച സ്ഥിതിക്ക്, ചേച്ചി മടങ്ങി വന്നപ്പോൾ അത് കഴിച്ചു നിർവൃതി അടയാനുള്ള അവസരം കൂടി കൊടുക്കണ്ടേ ?അതല്ലെ സഹോദര സ്നേഹം?
പതിവുപോലെ രണ്ടു തേങ്ങാ ചിരവി... ..
ശർക്കരയും തേങ്ങയും വിളയിച്ചു, ഇന്നലെ വീണ്ടും ഞാൻ കൊഴുക്കട്ട ഉണ്ടാക്കി.. ..സ്വയം പുകഴ്ത്തുക യാണെന്ന് തോന്നരുതേ.. അതി മനോഹരമെന്നു പറഞ്ഞാൽ പോരാ... എല്ലാവരുമെന്നെ പോലെ ശാന്ത ശീലർ .. സുശീലകൾ... സുന്ദരിമാർ..
പിറ്റേന്നും ഡബ്ബയിലിരിക്കുന്ന അരിപൊടി എന്നെ മാടി വിളിച്ചു.. “അമ്മേ നിന്റെ മനോഹരങ്ങളായ വിരലുകൾ കൊണ്ട് കുഴച്ചു മറിച്ചു, ഉരുട്ടി പിരട്ടിഞങ്ങളെ കൊഴുക്കട്ടകളാക്കി മാറ്റു ..ജന്മം സഫലമാക്കു ” ..
തരളിതമായ മാതൃ ഹൃദയം രണ്ടാമതൊന്നു ആലോചിച്ചില്ല
ഇന്നും കൊഴുക്കട്ടയുണ്ടാക്കി... വീട്ടിലുള്ളവർ ഓന്തുകളായി മാറാൻ അധിക സമയം വേണ്ടി വന്നില്ല “ഓ.. ഇന്നും കൊഴുക്കട്ടയോ...?”
അറിയാവുന്ന കാര്യം നന്നായി ചെയ്തു നല്ല പേര് വാങ്ങാൻ ആരും സമ്മതിക്കില്ലേൽ എങ്ങിനെയീ ലോകത്തു ജീവിക്കും?

SaneeJohn
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo