Slider

ചുവന്ന സുന്ദരി...!!

0

ചുവന്ന സുന്ദരി...!!
@@@@@@@@@@@@@@@@@@@@@@
സ്കൂളില്‍ പോവാന്‍ നന്ദുവിന് പതിവില്ലാത്ത ഉത്സാഹം. കാരണം തിരക്കിയപ്പോഴാണ്‌ അന്ന് അവന്‍റെ കൂട്ടുകാരന്‍റെ പിറന്നാളാണെന്നും രണ്ട് മിഠായി കൂടുതല്‍ കൊടുക്കാമെന്ന് ആ കുട്ടി വാക്കാല്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നുമുള്ള രഹസ്യം അവന്‍ എന്നോട് പറഞ്ഞത്. അപ്പോഴാണ്‌ ഓര്‍ത്തത്, വരുന്ന തിങ്കളാഴ്ച രേണുവിന്‍റെ പിറന്നാളാണല്ലോ... അവള്‍ക്കു ഒരു സര്‍പ്രൈസ് ഗിഫ്റ്റ് അയച്ചുകൊടുക്കണം എന്ന് മുന്‍പേ തീരുമാനിച്ചതായിരുന്നു.. പക്ഷെ അതിന് അവളുടെ മേല്‍വിലാസം കിട്ടണ്ടേ.... അതിനൊരു മാര്‍ഗ്ഗം ആലോചിച്ച് തലപുകഞ്ഞുക്കൊണ്ടിരിക്കുമ്പോഴാണ്‌ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടിയത്. ചിലപ്പോള്‍ അവളുടെ മേല്‍വിലാസം പഴയ ഓട്ടോഗ്രാഫില്‍ ഉണ്ടെങ്കിലോ?. അങ്ങനെയാണ് ഈ തിരച്ചില്‍ മഹാമഹം തുടങ്ങിയത്. കുന്തം പോയാല്‍ കുടത്തിലും തപ്പണമെന്നാണല്ലോ പക്ഷെ സംഗതി കുന്തം അല്ലാത്തതുക്കൊണ്ട് കുടത്തിന്‍റെ അടുത്ത് പോയില്ല പകരം പെട്ടിയില്‍ തപ്പാമെന്നു വിചാരിച്ചു.
പെട്ടി എന്ന് പറയുമ്പോള്‍ നിധിപ്പെട്ടിയൊന്നുമല്ലാട്ടോ. എന്‍റെ കൂട്ടുകാരുടെ കത്തുകള്‍, ഗ്രീറ്റിംഗ് കാര്‍ഡുകള്‍ അവരുടെ ചെറിയ സ്നേഹ സമ്മാനങ്ങള്‍ , അവരുടെ ഫോട്ടോസ്, ഡയറികള്‍, എന്‍റെ ചെറിയ കലാവിരുതുകള്‍...അങ്ങനെ ചുരുക്കിപ്പറഞ്ഞാല്‍, എന്‍റെ സംഭവബഹുലമായ ഭൂതകാലസ്മരണകള്‍ ഉറങ്ങിക്കിടക്കുന്ന പെട്ടിയാണ് അത്. അങ്ങനെ ആ പെട്ടി തുറന്ന് ഓരോരോ ഓര്‍മ്മകള്‍ അയവിറക്കുമ്പോഴാണ്‌ അറിയാതെ എന്‍റെ കൈ തട്ടി അതില്‍ നിന്ന് ഒരു ചെപ്പ് താഴെ വീണ് അതില്‍ സൂക്ഷിച്ചിരുന്ന കുന്നിക്കുരു അവിടമാകെ ചിതറിത്തെറിച്ചത്.
ഞാന്‍ അവയെ നോവിക്കാതെ ഓരോന്നായി പെറുക്കിയെടുത്തു. വളരേ സ്നേഹത്തോടെ മേശയുടെ മേലെ വച്ചു കുറെ നേരം നോക്കിയിരുന്നു. അല്ലെങ്കിലും ഈ കുന്നിക്കുരു പണ്ടേ എനിക്ക് പെരുത്തിഷ്ട്ടമാണല്ലോ. സ്കൂളില്‍ പഠിക്കുന്ന കാലത്തേ ഉള്ളതാണ് എനിക്ക് കുന്നിക്കുരുവിനോടുള്ള ഇഷ്ട്ടം. സുന്ദരിയായ യുവതിയുടെ കറുകറുത്ത കൃഷ്ണമണിയും ചുവന്നുതുടുത്ത അധരങ്ങളും അവളുടെ മൂക്കുത്തിയിലെ വെള്ളക്കല്ലില്‍ തട്ടി പ്രതിഫലിച്ചപ്പോള്‍ കുന്നിക്കുരു പോലെ തിളങ്ങി എന്ന് ഞാന്‍ പണ്ടെവിടെയോ വായിച്ചിട്ടുണ്ട്. പക്ഷെ സംഗതി അതൊന്നുമല്ലാട്ടോ ഈ ഇഷ്ട്ടത്തിനു പിന്നില്‍. ആ കഥ തുടങ്ങുന്നത് ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. അന്ന് ഞങ്ങളുടെ സ്പോര്‍ട്സ് ഡേ ആയിരുന്നു.
എല്ലാവരും സ്കൂള്‍ഗ്രൗണ്ടില്‍ കൂട്ടം കൂടി നില്‍പ്പാണ്. മത്സരഇനങ്ങള്‍ ഓരോന്നായി വന്നുക്കൊണ്ടിരുന്നു. ആദ്യം ഓട്ടമത്സരം. എല്ലാവരും പങ്കെടുക്കണമെന്ന് നിര്‍ബന്ധം. രണ്ട് റൗണ്ട് മത്സരം കഴിഞ്ഞപ്പോള്‍ ഫൈനല്‍ റൗണ്ടിലേക്ക് സെലക്ട്‌ ആയി. ഫൈനല്‍ റൗണ്ട് കഴിഞ്ഞപ്പോള്‍ നമ്മള്‍ മൂന്നാം സ്ഥാനത്ത്. അല്ലെങ്കിലും നമ്മള് പി.ടി ഉഷയ്ക്ക് പഠിക്കല്ലല്ലോ എന്ന് സമാധാനിച്ചു. അടുത്തത് സ്പൂണ്‍ റേയ്സ്. നാലടി നടന്നതേ ഉള്ളൂ. ദേ കിടക്കുന്നു നാരങ്ങ താഴത്ത്. ഹോ എന്തിനാ എന്‍റെ ദൈവമേ ഈ നാരങ്ങ ഉരുണ്ട ഷേയ്പില്‍ ഉണ്ടാക്കിയത് എന്ന് ഞാന്‍ ഒരു നിമിഷം ഓര്‍ത്തു. അല്ലെങ്കില്‍ തന്നെ നാരങ്ങയെ എന്തിനാ കുറ്റം പറയണേ, അത് ശരിക്ക് വച്ച് തരാതിരുന്ന ടീച്ചറെ പറഞ്ഞാല്‍ മതിയല്ലോ എന്‍റെ കുറ്റമല്ല അതെന്ന് സ്വയം ആശ്വസിപ്പിച്ചു.
അങ്ങനെ ഓരോരോ ഇനങ്ങള്‍ കഴിഞ്ഞു. ഒന്നും കിട്ടിയില്ലെങ്കില്ലും ഞങ്ങള്‍ വളരേ ഹാപ്പി ആയിരുന്നു. പഠിക്കണ്ടല്ലോ, ഞങ്ങള്‍ നാല് കൂട്ടുകാര്‍ മറ്റുള്ളവരുടെ കളി കണ്ടും കത്തിവച്ചും ഇരിക്കുമ്പോഴാണ് കൂട്ടത്തില്‍ ഒരുത്തി ഈ കുന്നിക്കുരു കൊണ്ട് വന്നത്. "ഡീ, ഇത് കഴിക്കാന്‍ പറ്റും. നമ്മുക്ക് കഴിച്ചാലോ" എന്ന് ഒരുവള്‍. പണ്ടേ നമ്മുക്ക് നല്ല വിവരമുള്ളതുക്കൊണ്ടും അത് വിഷമാണെന്ന് അച്ഛന്‍ പറഞ്ഞു തന്ന ഓര്‍മ്മയുള്ളതുക്കൊണ്ടും ഞാന്‍ അത് തടഞ്ഞു. ഇല്ലാ, ഒരു കുഴപ്പവുമുണ്ടാവില്ലെന്ന് അടുത്ത ആള്‍. അപ്പോഴേക്കും മൂന്നാമത്തെ ആള്‍ അത് വാങ്ങി കഴിച്ചു. എല്ലാവരുടെയും ഊഴം കഴിയുന്നത്‌ വരെ ക്ഷമയോടെ ഞാന്‍ കാത്തിരുന്നു. സംഗതി വേറെ ഒന്നുമല്ലാട്ടോ എന്തെങ്കിലും പറ്റുന്നുണ്ടോ എന്ന്‍ നോക്കിയിട്ട് പോരെ നമ്മള് കഴിക്കുന്നത്‌. നമ്മളാരാ മോള്. പക്ഷെ കുന്നിക്കുരു കഴിച്ചിട്ട് ആര്‍ക്കും ഒരു കൂട്ടവുമില്ല. എന്നാലും എന്‍റെ അച്ഛന്‍ ഇങ്ങനെ പറ്റിച്ചല്ലോ എന്ന്‍ വെറുതെ ഓര്‍ത്തുക്കൊണ്ട് നില്‍ക്കുമ്പോഴാണ് കൂട്ടുകാരികളുടെ പ്രോത്സാഹനം. നീയും കഴിച്ചോ, ഒരു കുഴപ്പവും ഇല്ലെന്ന്. പണ്ടേ കൂട്ടുക്കാര്‍ എന്ന് വച്ചാല്‍ നമ്മുടെ ജീവനാണ്. പിന്നെ ഒന്നും ആലോചിച്ചില്ല.
ഒരെണ്ണം എടുത്തു കടിച്ചപ്പോള്‍ നല്ല കയ്പ്. ഞാന്‍ അവരെയൊക്കെ നോക്കി. ആര്‍ക്കും ഒരു ഭാവഭേദവുമില്ല. എന്തായാലും നമ്മള്‍ തോറ്റുകൊടുക്കാന്‍ പാടില്ലല്ലോ. പാവയ്ക്ക, ആര്യവേപ്പ്, കാഞ്ഞിരക്കുരു ഇത്യാദികളെ മനസ്സില്‍ ധ്യാനിച്ചു. രണ്ടെണ്ണം കൂടുതലെടുത്തു (ഒന്നിലും നമ്മള്‍ പുറകിലാവാന്‍ പാടില്ലല്ലോ) നല്ല അസ്സലായി ചവച്ചരച്ചു കഴിച്ചു. ഉണ്ണിക്കണ്ണന്‍ യശോദയുടെ മുന്നില്‍ വായതുറന്ന് കാണിച്ചതുപോലെ ഞാനും അവരുടെ മുന്നില്‍ ഞെളിഞ്ഞുനിന്നു.
ഉച്ചക്ക് ചപ്പാത്തിക്കഴിച്ചു. സ്പോര്‍ട്സിനോട് തല്‍ക്കാലം വിട പറഞ്ഞു. അല്ലെങ്കിലും പാട്ട്, നൃത്തം, അഭിനയം, പ്രസംഗം, ഇവയോടോക്കെയായിരുന്നു അന്നേ എനിക്കിഷ്ട്ടം. അങ്ങനെ ഞങ്ങള്‍ കൂട്ടുകാരൊക്കെ കൂടി നല്ല കളി. നാഗവല്ലിയായിരുന്നു അന്നത്തെ ആരാധനാപാത്രം. ഞാന്‍ തന്നെ ആ റോള്‍ ഏറ്റെടുത്തു. അങ്ങനെ നാഗവല്ലിയായി തകര്‍ത്താടി കൂട്ടുകാരെ പേടിപ്പിക്കുമ്പോള്‍, പെട്ടന്നൊരു തോന്നല്‍. നാഗവല്ലിക്ക് ഓക്കാനിക്കാന്‍ വരുന്നുണ്ടോ? ഏയ്‌ ഇല്ല ശരീരത്തില്‍ നാഗവല്ലി കയറിയതല്ലേ അതിന്‍റെയാവും എന്ന് വിചാരിച്ച് കളി തുടര്‍ന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ പിന്നേം സംശയം, അല്ല ഇത്തവണ കാര്യമായിട്ടായിരുന്നു. നിര്‍ത്താതെയുള്ള ഛര്‍ദ്ദി. ഒടുവില്‍ നാഗവല്ലിയും പോയി, കൂട്ടുകാരും പോയി.
സിസ്റ്റര്‍ എന്നെ അടുത്തുള്ള ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി. ഉച്ചക്ക് എന്താ കഴിച്ചതെന്ന് ഡോക്ടര്‍. ചപ്പാത്തി എന്ന് നിഷ്കളങ്കമായ എന്‍റെ മറുപടി. ഡോക്ടര്‍ മരുന്ന് തന്നു. എന്നിട്ടും കുറവില്ല. സിസ്റ്റര്‍ പിന്നേം കൊണ്ടുപോയി. വേറെ എന്തെങ്കിലും കഴിച്ചോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലാ എന്ന് വീണ്ടും പറഞ്ഞു. സത്യത്തില്‍ വേറെ ഒന്നും ഓര്‍മ്മയില്ലായിരുന്നു. വീട്ടിലെത്തി ഇത് തന്നെ അവസ്ഥ. നിര്‍ത്താതെയുള്ള ഛര്‍ദ്ദി. അച്ഛന്‍ വന്ന്‌ അടുത്തുള്ള ഡോക്ടറെ കാണിച്ചു. അതേ ചോദ്യം, ചപ്പാത്തി കഴിച്ചെന്ന് ഞാന്‍ അവിടേം ആവര്‍ത്തിച്ചു.
അങ്ങനെ നാലാമത്തെ തവണയും ഡോക്ടറുടെ അടുത്ത് പോയിരിക്കുമ്പോള്‍ അച്ഛന്‍റെ ഉപദേശം. മോള് ശരിക്ക് ആലോചിച്ചു നോക്ക്, അച്ഛന്‍ വഴക്കു പറയില്ല, എന്തെങ്കിലും കഴിച്ചോ? ഞാന്‍ പതുക്കെ ഫ്ലാഷ്ബാക്കിലേക്ക് പോയി. പെട്ടന്ന് ഓര്‍മ്മ വന്നു. "അച്ഛാ കുന്നിക്കുരു കഴിച്ചു". " അയ്യോ ന്‍റെ മോളെ " എന്ന് അച്ഛന്‍ ഉറക്കെ നിലവിളിച്ചു പോയി. സംഗതി ഏതാണ്ട് പന്തിയല്ലാന്നുമാത്രം എനിക്ക് മനസ്സിലായി. പിന്നെ അച്ഛന്‍ എന്നേം കൊണ്ട് ഒരു ഓട്ടമായിരുന്നു ഡോക്ടറുടെ റൂമിലേക്ക്‌. വേഗം ഹോസ്പിറ്റലില്‍ കൊണ്ടുപോയി വയറു കഴുകണം എന്ന് പറഞ്ഞതും അച്ഛന്‍ എന്നെ എടുത്തുക്കൊണ്ട് ഓടി. ഞാന്‍ പിന്നെ ഒന്നും പറഞ്ഞില്ല. എന്ത് പറയാനാണ്. ഏതാണ്ടൊക്കെ തീര്‍ന്നു എന്ന് ഉറപ്പായി.
തൃശൂര്‍ മെഡിക്കല്‍കോളേജില്‍ പോയപ്പോള്‍ കുറച്ചും കൂടി നേരത്തേ വന്നിരുന്നെങ്കില്‍ എന്തെങ്കിലും ചെയ്യാമായിരുന്നു. ഇതിപ്പോ ബ്ലഡില്‍ കലര്‍ന്നിട്ടുണ്ടാവും എന്ന് ഡോക്ടര്‍മാര്‍ കൈ മലര്‍ത്തി. ഏതായാലും ഇവിടെ അഡ്മിറ്റ്‌ ചെയ്യു എന്ന് പറഞ്ഞു. അന്ന് വിവരം അറിയിക്കാന്‍ ഫോണ്‍ ഇല്ലല്ലോ. അങ്ങനെ എന്നേം കൊണ്ട് പിന്നേം അച്ഛന്‍ വീട്ടിലേക്കു ഓടി. അമ്മയോട് വിവരം പറഞ്ഞ്, അത്യാവശ്യം വേണ്ട സാധനങ്ങളൊക്കെ എടുത്ത് ഹോസ്പിറ്റലില്‍ അഡ്മിറ്റായി. അങ്ങനെ ഒ.ആര്‍.എസ്. ലായിനിയുടെ ഉപ്പും മധുരവും വേണ്ടുവോളം അറിഞ്ഞു. ഒടുവില്‍ പിറ്റേ ദിവസം ഉച്ചയോടെ ശരീരത്തില്‍ കയറിയ ബാധ മുഴുവനായും പോയി.
സ്കൂളില്‍ പോയപ്പോള്‍ സിസ്റ്റര്‍ ഞങ്ങളെ നാലാളെയും പൊക്കി. എല്ലാവരും കഴിച്ചിട്ടും എനിക്ക് മാത്രം എന്തെ ഇങ്ങനെ പറ്റിയതെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം അവളുമാര്‍ വെളിപ്പെടുത്തിയത്. അവരൊക്കെ കുന്നിക്കുരു വിഴുങ്ങിയതെ ഉള്ളൂ. ഞാന്‍ മാത്രമേ അത് ചവച്ചരച്ചു കഴിച്ചുള്ളൂ. 'പാവം ഞാന്‍'. അല്ലെങ്കിലും വളഞ്ഞ വഴിയൊന്നും നമ്മുക്ക് പണ്ടേ അറിയില്ലല്ലോ. സംഗതി എന്തായാലും അതോടെ നല്ലൊരു വിളിപേര് കിട്ടി.. "കുന്നിക്കുരു".
അങ്ങനെ ഞാന്‍ രണ്ട് നല്ല പാഠം പഠിച്ചു. ഒന്ന്, നമ്മുടെ അച്ഛനും അമ്മയും പറയുന്നതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടായിരിക്കും. രണ്ട്, ഈ കൂട്ടുകാര്‍ എന്ന വര്‍ഗ്ഗത്തിനെ കണ്ണടച്ച് വിശ്വസിക്കരുത്. സോറി ഫ്രണ്ട്സ്, നിങ്ങളെ ഉദ്ദേശിച്ചല്ലാട്ടോ.

Melby
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo