Slider

ഇങ്ങനെയും ജീവിതങ്ങൾ....

0
ഇങ്ങനെയും ജീവിതങ്ങൾ....
*************************
"ഹായ് ആസിയ... ഒരുപാട് മെസ്സേജുകൾ വരുന്നുണ്ടായിരിക്കും. ഇതിനെ അതുപോലെ കാണരുത്. അവഗണിക്കരുത്. ഈ പ്രൊഫൈലിൽ കാണുന്നതല്ല എന്റെ പേര്. ഞാൻ ഒരു പെണ്ണാണ്‌. വിശ്വാസം ഉണ്ടെങ്കിൽ ആസിയക്ക് എനിക്ക് ഒരു ഹായ് അയക്കാമോ. കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്."
മെസ്സഞ്ചറിൽ ഇങ്ങനെ ഒരു മെസ്സേജ് കണ്ടു. ആദ്യം അത് അത്ര കാര്യമാക്കിയില്ല. എന്നാലും ഒരു ആകാംഷ മനസ്സിലുദിച്ചു. ആരായിരിക്കും. ആണിന്റെ പേരിലുള്ള ഐഡി. പക്ഷെ പെണ്ണാണ്‌. അതെന്തായിരിക്കും അങ്ങനെ. എന്തായിരിക്കും എന്നോട് പറയാനുണ്ടാവുക. ചിലപ്പോൾ ഒരു കഥയ്ക്കുള്ള വകയുണ്ടെങ്കിലോ.. അവസാനം എന്തും വരട്ടെ എന്ന് മനസ്സിലുറപ്പിച്ച് ഒരു ഹായ് തിരിച്ചയച്ചു.
നന്ദി ആസിയ... ഞാൻ വിചാരിച്ചു അയക്കില്ല എന്ന്...
എന്താണ് കാര്യം... എന്താണ് പറയാനുള്ളത്...
അതിന് മുൻപ് ആസിയ എന്നെ പറ്റി അറിയണം.. ഞാൻ വോയിസ് മെസ്സേജ് അയച്ചോട്ടെ...
ശരി...
ഞാൻ രേവതി... 25 വയസ്സ്.. കൊല്ലം ആണ് സ്ഥലം.. ഡിഗ്രി പഠനം പകുതി വെച്ച് ഉപേക്ഷിച്ചു ഇപ്പോൾ ഒരു വീട്ടമ്മയായി കഴിഞ്ഞു പോകുന്നു.
ശരി... ഇനി പറയൂ എന്താണെന്ന്...
ആസിയക്ക് എന്റെ ജീവിതം കഥയായി എഴുതാമോ...
നിങ്ങളുടെ ജീവിതമോ... അതിന് മാത്രം എന്താണ് ജീവിതത്തിൽ സംഭവിച്ചത്..
ഒരുപാട് ഉണ്ട് ആസിയ..
"എനിക്ക് അങ്ങനെ എഴുതാനൊന്നും അറിയില്ല. എന്നാലും നിങ്ങൾ മനസ്സിലുള്ള വിഷമം പറഞ്ഞോളൂ. നിങ്ങൾക്ക് അതൊരു ആശ്വാസമായിരിക്കും."
മറ്റുള്ളവരുടെ വിഷമം കേൾക്കാൻ എല്ലാവരുടെയും മനസ്സിൽ തോന്നുന്ന അതെ ജിജ്ഞാസ എന്നെ അങ്ങനെ പറയാൻ പ്രേരിപ്പിച്ചു.
ഞാനും ഭർത്താവും ഒരു മകനും ഭർത്താവിന്റെ പ്രായമായ അമ്മയും അനിയനും അടങ്ങുന്നതാണ് എന്റെ കുടുംബം. എന്റെ അച്ഛൻ കുഞ്ഞിലേ മരിച്ചുപോയിരുന്നു. അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. കശുവണ്ടി ഫാക്ടറിയിൽ ജോലിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് എന്നെ അമ്മ വളർത്തിയത്. ഞാൻ ഡിഗ്രിയ്ക്ക് പഠിക്കുന്നതിനിടയിൽ ആണ് അമ്മ തളർവാതം വന്ന് കിടപ്പിലായത്. പിന്നെ പഠിത്തം നിർത്തി അതെ ഫാക്ടറിയിൽ ഞാൻ ജോലിയ്ക്ക് പോയി തുടങ്ങി. അവിടെ വെച്ചാണ്‌ ഭർത്താവിന്റെ അമ്മയെ കാണുന്നതും അവർ അവരുടെ മകന് വേണ്ടി എന്നെ കല്യാണം ആലോചിക്കുന്നതും. അമ്മയുടെ നിർബന്ധപ്രകാരം മനസ്സിലുണ്ടായിരുന്ന ഇഷ്ടത്തെ വിഷമത്തോടെ കുഴിച്ചുമൂടി ഞാൻ വിവാഹത്തിന് സമ്മതിച്ചു.
ആ വിവാഹത്തോടെയാണ് എന്റെ ജീവിതം ആകെ മാറിമറിയുന്നത്. ഒരു ഇടത്തരം കുടുംബം.. താഴെക്കിടയിൽ നിന്നും കഷ്ടപ്പാടും ഭാഗ്യവും കൊണ്ട് ഉയർന്നു വന്നവർ. മൂത്തമകൻ, എന്റെ ഭർത്താവ് ടൗണിൽ പച്ചക്കറി കച്ചവടം നടത്തി വരുന്നു. നല്ല ലാഭത്തിൽ നടന്നുവരുന്ന സംരഭം. അനിയൻ അതേ ടൗണിൽ ഒരു മൊബൈൽ ഷോപ്പ് നടത്തുന്നു. അമ്മയെ ഇങ്ങോട്ട് കൊണ്ടുവന്നും ഞാൻ അങ്ങോട്ട് പോയി നോക്കിയുമൊക്കെ കുറച്ചുനാൾ കടന്നുപോയി. പിന്നെ അമ്മ മരണപ്പെട്ടു. അമ്മയുടെ മരണശേഷം എനിക്ക് എന്ന് പറയാൻ ആകെ ഉണ്ടായിരുന്ന ഒന്നര സെന്റും ഓലപ്പുരയും വിൽക്കാനായി ഭർത്താവ് പറഞ്ഞത് ഞാൻ അക്ഷരംപ്രതി അനുസരിച്ചു. ആ പൈസ കൊണ്ട് ഭർത്താവിന്റെ വീട്‌ കുറച്ചുകൂടി മോടി പിടിപ്പിക്കുകയും അദ്ദേഹത്തിന്റെ കട കുറച്ചുകൂടി വിപുലമാക്കുകയും ചെയ്തു.
സ്നേഹമുള്ള ഭർത്താവ്. ഒന്നിനും ഒരു കുറവും വരുത്തിയില്ല. ആഹാരം, വസ്ത്രം എല്ലാം എത്തിച്ചു. പക്ഷെ കിടപ്പറയിൽ ഞങ്ങൾ തികച്ചും അന്യരാണ്. കല്യാണം കഴിഞ്ഞു രണ്ട് വർഷമായി രണ്ട് ദിവസം മാത്രമാണ് ഞങ്ങൾ ഭാര്യാഭർത്താക്കന്മാരായി ജീവിച്ചത്. അദ്ദേഹത്തിന് എന്നോട് സ്നേഹമുണ്ടോ എന്ന് ചോദിച്ചാൽ സ്നേഹമുണ്ട്.. പരിഗണനയുണ്ട്. പിന്നെ എന്താണ് ഒരു ഭാര്യ എന്ന പരിഗണന എനിക്ക് തരാത്തതെന്ന് ഞാൻ ചോദിക്കുമ്പോൾ എല്ലാം അദ്ദേഹം ഒഴിഞ്ഞുമാറും. ഞാനുമൊരു പെണ്ണാണ്‌ വികാരവും വിചാരവും ഉള്ള ഒരു പെണ്ണ്. പക്ഷെ അദ്ദേഹമത് ഒരിക്കലും മനസ്സിലാക്കിയില്ല.
അതുകൊണ്ടായിരിക്കാം എന്റെ പഴയ ഇഷ്ടത്തെ ഞാൻ പൊടി തട്ടിയെടുത്തത്. പിന്നെ ഫോൺ വിളികളും കണ്ട് മുട്ടലുകളും എല്ലാമായി ജീവിതം മാറി. തെറ്റാണെന്ന് മനസ്സിൽ തോന്നുമെങ്കിലും എനിക്ക് ആ തെറ്റിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയുന്നുണ്ടായിരുന്നില്ല. ഒരു പെണ്ണിന് ആവശ്യമുള്ളതെല്ലാം അവൻ എനിക്ക് നൽകിയിരുന്നു. പിന്നീട് എപ്പോഴോ ആണ് ഞാൻ അറിയുന്നത് അവന്റെ കല്യാണം കഴിഞ്ഞെന്ന്. മറ്റൊരു പെണ്ണിന്റെ ജീവിതം കൂടിയാണ് ഞാൻ നശിപ്പിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ ഞാൻ അവനിൽ നിന്നും ഒഴിഞ്ഞുമാറി. പക്ഷെ താമസിക്കാതെ ഞാൻ അറിഞ്ഞു ഞാൻ ചെയ്ത തെറ്റ് തിരുത്താൻ കഴിയാത്ത തെറ്റിലേക്ക് മാറി എന്ന്.
തലകറങ്ങി വീണ എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയത്‌ എന്റെ ഭർത്താവും അമ്മയും കൂടെ ആയിരുന്നു. ഞാൻ ഗർഭിണി ആണെന്ന സത്യം ഡോക്ടർ അവരോട് പറയുമ്പോൾ ആ നിമിഷം ഭൂമിപിളർന്നു താഴേയ്ക്ക് പോയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. അങ്ങനെ പോകാൻ ഞാൻ സ്വഭാവശുദ്ധിയുടെ പര്യായമായ സീതാദേവി അല്ലല്ലോ എന്ന ചിന്ത എന്നെ ചുട്ടുപൊള്ളിച്ചു. അമ്മ പറഞ്ഞതനുസരിച്ചു വീട്ടിലേയ്ക്ക് മധുരവും വാങ്ങി ഓട്ടോയിൽ തിരിച്ചുവരുമ്പോഴും അദ്ദേഹം മൗനി ആയിരുന്നു.
വീട്ടിൽ എത്തി കിടപ്പുമുറിയിലെ കതക് അടച്ചു നേരെ അദ്ദേഹത്തിന്റെ കാലിൽ വീണു. ഒന്നും മിണ്ടാതെ അദ്ദേഹം എന്നെ പിടിച്ചെഴുനേൽപ്പിച്ചു പറഞ്ഞ വാക്കുകൾ എന്റെ ഹൃദയത്തെ കുത്തിമുറിക്കുന്നുണ്ടായിരുന്നു.
" നിന്നെ ഞാൻ ഒരിക്കലും കുറ്റപ്പെടുത്തുകയില്ല. ഒരു പെൺകുട്ടിയുടെ ജീവിതം ഞാനായിട്ട് തകർത്തു എന്ന വിഷമത്തിൽ സ്വയം ഉരുകി തീർന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു ഞാൻ. ആ തീയാണ് നീ ഇന്ന് അണച്ചത്. ഇപ്പൊ എനിക്ക് ഒരു സമാധാനമാണ് തോന്നുന്നത്. നിന്റെ ഇഷ്ടങ്ങൾക്കും സുഖങ്ങൾക്കും ഒരു കുറവും വന്നില്ലല്ലോ. എനിക്ക് ഒരിക്കലും ഒരു പെണ്ണിനോട് നീതിപുലർത്താൻ കഴിയില്ല. അത് സത്യമാണ്. കിടപ്പറയിൽ ബന്ധമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ലല്ലോ.. "
നിർത്താതെ ഉള്ള എന്റെ കരച്ചിലിന്
"ഈ സമയം കരച്ചിൽ നല്ലതല്ല അതുകൊണ്ട് കരയരുത്. ആരാണ് ഈ കുട്ടിയുടെ അച്ഛൻ. ഇഷ്ടമുണ്ടെങ്കിൽ നിനക്ക് അയാളോടൊപ്പം പോകാം. ഞാൻ തടയില്ല. വീട്ടുകാരെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം. "
ഞാൻ കരഞ്ഞുകൊണ്ട് മുഴുവൻ കാര്യങ്ങളും പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ കാലിൽ വീണു.
"ഞാൻ എവിടയെങ്കിലും പൊയ്ക്കോളാം. ഇല്ലെങ്കിൽ എന്തെങ്കിലും ചെയ്തു മരിച്ചോളാം. "
എന്ന എന്റെ മറുപടിയിൽ അദ്ദേഹം നിശബ്ദനായിരുന്നു. രാത്രിയിൽ എല്ലാരും ഉറങ്ങികഴിഞ്ഞു ഒരു ബാഗുമായി പോകാനിറങ്ങിയ എന്നോട്
"നീ പോയാൽ എനിക്ക് ഈ നാട്ടിൽ സ്വസ്ഥമായി ജീവിക്കാൻ കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ... നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈ സമൂഹം എന്നെ വെറുതെ വിടുമോ.. "
അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് ഒന്നും എനിക്ക് മറുപടി ഇല്ലായിരുന്നു.
"നീ പോയി കുറച്ചു നാൾ കഴിഞ്ഞാൽ എന്റെ വീട്ടുകാർ എന്നെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കും. അനിയന്റെ കാര്യം ആത്മഹത്യ എന്നൊക്കെ പറഞ്ഞു നിന്നെ വിവാഹം ചെയ്യാൻ നിർബന്ധിച്ചത് പോലെ. അവളും ഇങ്ങനെ ചെയ്യില്ലേ.. അപ്പൊ എന്റെ ജീവിതം അല്ലേ നശിക്കുന്നത്.. "
"നീ എങ്ങും പോകുന്നില്ല. കിടപ്പറയിൽ നല്ലൊരു ഭർത്താവാകാൻ കഴിയില്ല എന്നേ ഉള്ളൂ. നിന്നെ സ്നേഹിക്കാനും പോറ്റാനും എനിക്ക് കഴിയും. കല്യാണത്തിന് മുൻപ് ഇങ്ങനെ എത്രയോ പെൺകുട്ടികൾ ചെയ്യുന്നു അതൊന്നും ആരും അറിയുന്നില്ലല്ലോ. അങ്ങനെ വിചാരിച്ചു ഞാൻ ഇത് ക്ഷമിക്കും. പൂർണമനസ്സോടെ എന്നോടൊപ്പം ജീവിക്കാമെങ്കിൽ നിനക്ക് ഇവിടെ നിൽക്കാം. എന്റെ ഭാര്യാപദവി അലങ്കരിച്ചു കൊണ്ട്. ഈ ഒരു വിഷയത്തെ പറ്റി ഇനിയൊരു സംസാരം എന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകില്ല. പക്ഷെ ഈ കുട്ടി... അത് അംഗീകരിക്കാൻ എനിക്ക് കഴിയില്ല. ഒരു അമ്മ മനസ്സ് നിന്നിൽ രൂപപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് അറിയാം അതുകൊണ്ട് ഈ കുഞ്ഞിനെ നശിപ്പിക്കുന്നത് നിന്റെ തീരുമാനത്തിൽ ആയിരിക്കണം. ആ തീരുമാനം നീ എടുക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു..."
ഓടി ചെന്ന് ആ നെഞ്ചോട് ചേർന്ന് കരയുമ്പോൾ ആ നെഞ്ച് എന്നേക്കാൾ വേഗത്തിൽ മിടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. പിറ്റേന്ന് ഞങ്ങൾ രണ്ട് പേരും ചേർന്ന് ഹോസ്പിറ്റലിൽ പോയി ആ ജീവൻ വേരോടെ പിഴുതെറിയുമ്പോൾ എനിക്ക് ഒരു വിഷമവും തോന്നിയില്ല. മനസ്സിൽ സന്തോഷമാണ് അലതല്ലിയത്. പിന്നീട് ചികിത്സയുടെയും കൗൺസിലിംഗിന്റെയും ഫലമായി നമ്മുടെ ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായി. എല്ലാ അർത്ഥത്തിലും ഞങ്ങളുടെ ജീവിതം പൂർണമായി. നമ്മുടെ മകന് ഇപ്പോൾ മൂന്ന് വയസ്സായി. ഒരിക്കൽ പോലും അദ്ദേഹം കഴിഞ്ഞ കാലത്തെ പറ്റി സംസാരിച്ചിട്ടില്ല... മുൻപത്തെക്കാളും സന്തോഷത്തിൽ ഇപ്പോൾ നമ്മൾ ഇപ്പോൾ ജീവിക്കുന്നു. എന്റെ ഭാഗ്യമാണ് എന്റെ ഭർത്താവ്. ഈ ലോകത്ത് എന്നെക്കാളും ഭാഗ്യവതി വേറെ കാണുമെന്ന് എനിക്ക് തോന്നുന്നില്ല..
ആസിയ... ഇത് കെട്ടിച്ചമച്ച ഒരു കഥയല്ല... എന്റെ ജീവിതമാണ്.. ആസിയയുടെ തൂലിക അതിന് ജീവൻ നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതാണ് ഞാനും കുടുംബവും. ആസിയയുടെ അഭിപ്രായം എനിക്ക് ഇപ്പോൾ അറിയണ്ട. അതുകൊണ്ട് ഞാൻ ഈ ഫേക്ക് ഐഡി കളയുകയാണ്. ആസിയയുടെ അഭിപ്രായം എന്തെന്ന് ഞാൻ വായിച്ചോളാം... വിശ്വാസത്തോടെ.. രേവതി....
ഒരു കുടുംബഫോട്ടോയും അയച്ചു അവർ എന്നെ ബ്ലോക്ക്‌ ആക്കി. എത്ര തിരഞ്ഞിട്ടും ആ ഐഡി കിട്ടിയില്ല... യഥാർത്ഥ പേരോ സ്ഥലമോ അല്ല ഞാൻ ഇവിടെ പറഞ്ഞത്.
അവരുടെ വരികൾ അതുപോലെ പറയണം എന്ന് തോന്നി. അതുകൊണ്ടാണ് അത് ഒരു കഥയാക്കി മാറ്റാതിരുന്നത്.
ചേച്ചി അറിയുന്നതിനായി. വായിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു. ഇതിന് ഒരു അഭിപ്രായം പറയുന്നതിന് ഞാൻ ആരുമല്ല. നിങ്ങളുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ നിങ്ങൾ ചെയ്തത് ശരിയായി തോന്നുമായിരിക്കാം. പക്ഷെ എന്നെ സംബന്ധിച്ച് എനിക്ക് അത് അംഗീകരിക്കാൻ കഴിയില്ല. നിങ്ങൾക്ക് പൊരുത്തപ്പെട്ട് പോകാൻ കഴിയുമായിരുന്നില്ലെങ്കിൽ പിരിയാമായിരുന്നു. കുടുംബന്ധങ്ങളും സാഹചര്യവുമല്ലല്ലോ ജീവിതം നിർണയിക്കുന്നത്. നിങ്ങൾ ചെയ്തത് എന്നെ സംബന്ധിച്ച് തെറ്റ് തന്നെയാണ്. ചികിത്സയും കൗൺസിലിംഗും ആദ്യം ചെയ്യേണ്ടതായിരുന്നു. ആ ഭാഗത്ത് രണ്ടുപേർക്കിടയിലും തെറ്റുണ്ട്. മനസ്സ് തുറന്നുള്ള സംസാരം ഇല്ലായിരുന്നിരിക്കണം. പിന്നെ ആ ചേട്ടൻ.. അദ്ദേഹം ദൈവമാണ്.. ഇനിയുള്ള കാലം അദ്ദേഹത്തിന്റെ പാദങ്ങൾക്ക് അടിയിലായിരിക്കണം നിങ്ങളുടെ ജീവിതം. അങ്ങനെ ആയിരിക്കും എന്ന് വിശ്വസിച്ചു കൊണ്ട് ഞാൻ നിർത്തുന്നു. എന്റെ അഭിപ്രായം മാത്രം. നിങ്ങൾ എന്നോട് പറഞ്ഞതിനോട് ഞാൻ നീതി പുലർത്തി എന്ന് വിശ്വസിക്കുന്നു... പിന്നെ ഒരു കാര്യം ഇങ്ങനെ ഉള്ള കാര്യങ്ങൾ പറയുമ്പോൾ ഒരിക്കലും ഫോട്ടോസ് അയക്കരുത്.. പിന്നീട് അത് ദോഷം ചെയ്യും. ഞാൻ ഡിലീറ്റ് ചെയ്തുകേട്ടോ... എല്ലാവിധ നന്മകളും...
ആസിയ അൽഅമീൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo