Slider

വ്യാഴാഴ്ചകൾ

0

വ്യാഴാഴ്ചകൾ
*****************************
കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിൽ തിളങ്ങി നിൽക്കുകയാണ് സ്വപ്ന നഗരി. മെട്രോ സ്റ്റേഷനിൽ നിന്ന് അകത്തേക്കും പുറത്തേക്കും ജനങ്ങൾ ഒഴുകുന്നുണ്ട് നേരം ഇരുട്ടിയിട്ടും ചൂടിന് ഒരു കുറവും ഇല്ല . ചിലർ ഒരു ദിർഹംസിന്റെ കോൺ ഐസ്ക്രീം നുണഞ്ഞു നടക്കുന്നുണ്ട് . ആണായാലും പെണ്ണായാലും മിക്കവരുടെയും തോളിൽ ബാഗുകൾ ഉണ്ട് . ഫിലിപ്പീനി പെൺ കുട്ടികൾ രണ്ടു ബാഗുമായാണ് നടന്നു നീങ്ങുന്നത് . ഒരു ബാഗിൽ മിക്കവാറും മേക്കപ്പ് സാമഗ്രികളാവും. അത് കഴിഞ്ഞിട്ടേ അവർക്കു മറ്റെന്തും ഉള്ളൂ. ഒരു ഫിലിപ്പിനോ പെൺകുട്ടി ചൂട് സഹിക്കാൻ ആവാതെ വിശറിയും വീശി ആണ് നടക്കുന്നത് . പല വേഷത്തിലുള്ളവർ , പല ഭാഷ സംസാരിക്കുന്നവർ എല്ലാവരും തിരക്കിൽ മേഘകീറുകൾ പോലെ ഓടിയകലുന്നു എല്ലാവരും കൂടണയാൻ പരക്കം പായുകയാണ് . നാളെ അവധിയായതിനാൽ ഇന്നത്തെ രാത്രി ആഘോഷമാക്കാൻ ഓടുന്നവരാണ് അവർ. കാമുകിയെ കാണാൻ, ബന്ധുക്കളെ കാണാൻ, സുഹൃത്തുക്കളെ കാണാൻ മനസ്സിൽ തയ്യാറാക്കി വച്ച പ്ലാനുകളുമായി നടന്നകലുകയാണവർ
പതിവ് പോലെ അയാൾ ഇന്നും അവിടെ എത്തിയിട്ടുണ്ട് . റോഡിനു സൈഡിലുള്ള വിളക്കുമരങ്ങളുടെ ചുവട്ടിൽ ഇട്ടിരിക്കുന്ന ബെഞ്ചിൽ അയാൾ ഇരിക്കുന്നുണ്ട് . തന്റെ ഭാര്യയെ കാത്തിരിക്കുകയാണയാൾ ജോലി കഴിഞ്ഞു നേരെ ഇങ്ങോട്ടു വന്നതാണ് . സാധാരണ ഈ മാളിന് പുറത്തുള്ള ഈ ഇരിപ്പിടങ്ങളാണ് അവരുടെ സ്ഥിരം സങ്കേതം. വ്യാഴാഴ്ചകൾ മാത്രം ആണ് അവർ നേരിട്ട് കണ്ടിരുന്നത് . അംബര ചുംബികളായ കെട്ടിടങ്ങളുള്ള നാട്ടിലെ ജോലിത്തിരക്കുകൾക്കിടയിൽ ആഴ്ചയിൽ ഒരിക്കൽ കിട്ടുന്ന വെള്ളിയാഴ്ചയിലെ അവധി ദിവസം. ആ അവധി ദിവസത്തിനു തലേന്നത്തെ വ്യാഴാഴ്ചത്തെ വൈകുന്നേരവും , രാത്രിയും അവർക്കു സ്വന്തമാണ് അവർക്കെന്നല്ല എല്ലാ പ്രവാസികളുടെയും ആഘോഷ രാവുകളാണ് വ്യാഴാഴ്ചകൾ ഒരേ നാട്ടിൽ ജോലി ചെയ്തിട്ടും ഒന്നിച്ചു ജീവിക്കാൻ സാഹചര്യം ഇല്ലാത്ത ഒരുപാടു ഭാര്യാ ഭർത്താക്കന്മാർ ഉണ്ടിവിടെ. അവരൊക്കെ പരസ്പരം കാണുന്നത് വ്യാഴാഴ്ചകളിലെ വൈകുന്നേരങ്ങളിലും വെള്ളിയാഴ്ചയും ആണ് . ചുരുക്കി പറഞ്ഞാൽ പ്രവാസികളായ നാട്ടുകാരും കൂട്ടുകാരും ഒക്കെ ഒന്നിച്ചു കൂടുന്ന ഉത്സവ ദിവസങ്ങളാണ് ഇവ .
അയാൾ ഒരു പെസ്റ്റ് കൺട്രോൾ കമ്പനിയിൽ ജോലി ചെയ്യുന്നു താമസം കമ്പനി വക അക്കമഡേഷനിൽ . ഭാര്യ ഒരു കമ്പനിയിൽ ഒരു റിസെപ്ഷനിസ്റ് ആയി ജോലി നോക്കുന്നു . പെൺകുട്ടികൾ താമസിക്കുന്ന ഒരു റൂമിൽ ബെഡ് സ്പേസിൽ താമസിക്കുന്നു വ്യാഴാഴ്ചകൾ അവർ നഗരത്തിന്റെ തിരക്കേറിയ ഈ കോണിൽ വച്ച് കണ്ടുമുട്ടും , ഒരുമിച്ചിരുന്നു കഥകൾ പറയും, ഒരുമിച്ചിരുന്നു സ്വപ്നങ്ങളെ കുറിച്ച് വാചാലരാകും. അവന്റെ കാത്തിരിപ്പിനു വിരാമമായി അവൾ വന്നു . ഇന്ന് കുറച്ചു അധികം ജോലി തീർക്കാൻ ഉണ്ടായിരുന്നു അത് കൊണ്ടാണ് ഞാൻ ഇത്തിരി വൈകിയത് അവൾ പറഞ്ഞു . അവൾ അവന്റെ അടുത്തേക്ക് ചേർന്നിരുന്നു അവർ അവരുടെ സ്വപ്നങ്ങളെ കുറിച്ച് സംസാരിച്ചു തുടങ്ങി .. നമ്മൾ എപ്പോഴാ ഏട്ടാ ഒരുമിച്ചു ജീവിക്കുക അയാളുടെ കണ്ണുകളിലേക്കു നോക്കി അവൾ ചോദിച്ചു . സലീമിക്കയുടെ ഫാമിലി സ്‌കൂൾ അടച്ചാൽ നാട്ടിലേക്കു പോകും അപ്പോൾ ഒരു മാസം നമ്മളോട് അവരുടെ ഫ്ലാറ്റിൽ താമസിച്ചു കൊള്ളാൻ പറഞ്ഞിട്ടുണ്ട് . കറന്റിന്റെയും വെള്ളത്തിന്റെയും പൈസ മാത്രം അടച്ചാൽ മതി . നമ്മുടെ അവസ്ഥ അറിയുന്നത് കൊണ്ട് വാടക ഒന്നും കൊടുക്കണ്ട എന്ന് പറഞ്ഞു . അങ്ങനെ ഒരു വർഷത്തിന് ശേഷം വീണ്ടും നമ്മൾ ഒന്നിച്ചു താമസിക്കാൻ പോകുന്നു . അവളുടെ മുഖം സന്തോഷം കൊണ്ട് തുടുത്തു . അവളുടെ കണ്ണുകളിലെ തിളക്കത്തിന് സ്ട്രീറ്റ് ലൈറ്റുകളെക്കാൾ തിളക്കമുണ്ടായിരുന്നു.
ഞാൻ സലീമിക്കയെ ഒന്ന് വിളിച്ചു നോക്കട്ടെ. സലീമിക്ക ഇരുപതു കൊല്ലമായി ഇവിടെ ഫാമിലിയുമായി താമസിക്കുന്ന ആളാണ് . ഒരു കമ്പനിയിൽ സെയിൽസ് മാനേജർ ആയി ജോലി ചെയ്യുകയാണ് . അയാൾക്ക്‌ മൂന്നു കുട്ടികളും ഉണ്ട് . അയാൾ സലീമിക്കയെ വിളിച്ചു . എന്തൊക്കെയാ സലീഷ് എവിടെയാ ഉള്ളത് സലീമിക്ക ഞാനും നീലിമയും ഒരുമിച്ചാണ് ഇപ്പോൾ ഉള്ളത് വ്യാഴാഴ്ച ആയതു കൊണ്ട് കുറച്ചു നേരം ഒരുമിച്ചിരിക്കാം എന്ന് കരുതി . നിങ്ങൾ വീട്ടിലേക്കു വരുന്നുണ്ടെകിൽ വാ സലീമിക്ക സലീഷിനെ വീട്ടിലേക്കു ക്ഷണിച്ചു . ഇല്ല സലീമിക്ക പിന്നീടാവട്ടെ പിന്നെ സലീമിക്ക നിങ്ങൾ പറഞ്ഞ കാര്യം മറന്നിട്ടില്ലലോ . നിങ്ങൾ നാട്ടിൽ പോകുമ്പോൾ ഒരു മാസം നിങ്ങളുടെ ഫ്ലാറ്റിൽ താമസിക്കാൻ പറഞ്ഞ കാര്യം
മറന്നിട്ടില്ല സനീഷ് പക്ഷെ ഒരു പ്രശ്നം ഉണ്ട് ഞാൻ നേരത്തെ നാട്ടിലേക്കു പോകണം എന്ന് വിചാരിച്ചതാ . പക്ഷെ ഭാര്യയുടെയും മൂന്ന് കുട്ടികളുടെയും ടിക്കറ്റ് ഫെയർ ഒക്കെ കണ്ടു ഞെട്ടി തരിച്ചു നിൽക്കുകയാ . നിനക്കറിയാലോ സ്‌കൂൾ പൂട്ടുന്ന സമയം എല്ലാ ഫാമിലിയും നാട്ടിലേക്കു തിരിക്കും അത് കൊണ്ട് തന്നെ വിമാന കമ്പനികൾ ആ സമയം മുതലാക്കി ടിക്കറ്റ് ഫെയറും കൂട്ടും . ഇത്രയും പൈസ ഒന്നും ചിലവാക്കി പോകാനുള്ള ബഡ്ജറ്റ് ഒന്നും ഇല്ല സലീഷേ അത് കൊണ്ട് ഇക്കൊല്ലത്തെ അവധിക്ക് നാട്ടിൽ പോകുന്നില്ല എന്ന് തീരുമാനിച്ചു . ഹോ അങ്ങനെയാണോ സലീഷിന്റെ ശബ്ദം ഇടറിയിരുന്നു . സലീഷ് ഒന്നും വിചാരിക്കരുത് . ഏയ് പ്രശ്നം ഒന്നും ഇല്ല സലീമിക്ക.ഒരു മാസത്തെ ഒരുമിച്ചുള്ള താമസത്തെ കുറിച്ച് പറഞ്ഞപ്പോൾ നീലിമ വളരെ ഹാപ്പി ആയിരുന്നു . ഇനിയിപ്പോൾ ഈ കാര്യം അവളോട് പറയുമ്പോൾ അവൾക്കു കുറച്ചു വിഷമം ഉണ്ടാവും . അത്രയേ ഉള്ളു . എന്ന ശരി സലീഷ് ഞാൻ പിന്നെ വിളിക്കാം എന്ന് പറഞ്ഞു സലീമിക്ക ഫോൺ കട്ട് ചെയ്തു .
സലീഷിനെ സലീമിക്കയുമായുള്ള
സംസാരം കേട്ടപ്പോഴും, ഫോൺ കട്ട് ചെയ്തപ്പോൾ സലീഷിന്റെ മുഖ ഭാവം കണ്ടപ്പോഴും നീലിമയ്ക്കു കാര്യങ്ങൾ ഏകദേശം പിടികിട്ടിയിരുന്നു . അവര് അവധിക്കു നാട്ടിലേക്കു പോകുന്നില്ല സലീഷ് പറഞ്ഞു . അത് സാരമില്ല അവൾ പറഞ്ഞു . ഉള്ളിൽ വലിയ സങ്കടം ഉണ്ടായിരുന്നെങ്കിൽ അതൊന്നും നീലിമ പുറത്തു കാണിച്ചില്ല . അല്ലേലും ഈ വ്യഴാഴ്ചയിലെ രാത്രികൾക്കൊക്കെ നല്ല ഭംഗിയാണ് നമുക്ക് ഇനിയും ഈ വ്യാഴാഴ്ചകളുടെ ഭംഗി ആസ്വദിച്ച് ഇങ്ങനെ കുറച്ചു കാലം കൂടി ജീവിക്കാം . എല്ലാം ശരിയാവും ഏട്ടാ അവൾ സലീഷിന്റെ കൈകൾ കൂട്ടിപ്പിടിച്ചു പറഞ്ഞു. ഈ വർഷം എനിക്ക് എന്തായാലും ഒരു പ്രൊമോഷൻ കിട്ടും . അതിന്റെ കൂടെ സാലറിയും കൂട്ടി കിട്ടും അപ്പോൾ നമുക്കൊരു സ്റ്റുഡിയോ ഫ്ലാറ്റ് ഒപ്പിക്കാം അവളെ സമാധാനിപ്പിക്കാൻ അവൻ പറഞ്ഞു .ഇങ്ങനെ കഥ പറഞ്ഞിരുന്നത് മതിയോ നമുക്ക് വല്ലതും കഴിക്കേണ്ടേ എന്ന് ചോദിച്ച് സലീഷ് അവളെയും കൂട്ടി അടുത്തുള്ള റെസ്റ്റോറന്റിൽ കയറി . സലീഷ് അവൾക്കിഷ്ടപെട്ട മസാല ദോശയും ഫലൂദയും ഓർഡർ ചെയ്തു . ഭക്ഷണം കഴിച്ചു അവർ പുറത്തിറങ്ങി . രാത്രി വൈകുന്തോറും സ്വപ്ന നഗരി കൂടുതൽ സുന്ദരി ആയി കൊണ്ടിരിക്കുകയാണ് . രാവും പകലും ഏകദേശം ഒരുപോലെ തന്നെ . ടാക്സിക്കാർ അടുത്തുള്ള ഡാൻസ് ബാറിന് മുന്നിൽ ആളെയും കാത്തിരിപ്പുണ്ട് . ഡ്രൈവർമാർ ടാക്സിയിൽ നിന്നിറങ്ങി കുശലം പറയുന്നുണ്ട് . ഭക്ഷണം ബൈക്കിൽ ഹോം ഡെലിവറി ചെയ്യുന്ന ആളുകൾ റെസ്റ്റോറന്റിന് അകത്തേക്കും പുറത്തേക്കും ഭക്ഷണ പാക്കറ്റുകളുമായി പോകുന്നുണ്ട് . അവർക്കിന്ന് തിരക്കുള്ള ദിവസമാണ് .
സലീഷും നീലിമയും മാളിന് പുറകിലുള്ള വഴിയിലൂടെ നടന്നു . അതിലൂടെ കുറച്ചു നടന്നാൽ നീലിമ താമസിക്കുന്ന ഫ്ലാറ്റിൽ എത്താം . എല്ലാ വ്യാഴാഴ്ചകളും സലീഷ് നീലിമയോടൊപ്പം അവളുടെ ഫ്ലാറ്റിന്റെ അടുത്ത് വരെ പോകും . ഫ്ലാറ്റിനടുത്തു നിന്ന് വീണ്ടും കഥകൾ ഒക്കെ പറയും എന്നിട്ട് പിരിയും. അവസാനത്തെ മെട്രോ പോകുന്നതിനു മുമ്പ് സലീഷിനു മെട്രോ സ്റ്റേഷനിൽ എത്തണം . അതിനിനി അധികം സമയം ഇല്ല അത് കൊണ്ട് യാത്ര പറയാൻ സമയമായപ്പോൾ സലീഷ് അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരു ഒരുമ്മ കൊടുത്തു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു .അവളുടെ വിരലുകൾ അവന്റെ കൈകളെ വിടാൻ കൂട്ടാക്കിയിരുന്നില്ല. അവളെ യാത്രയാക്കി കണ്ണിൽ നിന്ന് അവൾ മായുന്നത് വരെ സലീഷ് അവിടെ തന്നെ നിന്നു . മെട്രോ സ്റ്റേഷനിലേക്ക് നടക്കുമ്പോൾ സലീഷിന്റെയും ലിഫ്റ്റിൽ കയറി റൂമിലേക്ക് പോകുമ്പോൾ നീലിമയുടെയും മനസ്സിൽ ഇന്ന് ചിലവഴിച്ച നല്ല നിമിഷങ്ങളെ കുറിച്ചുള്ള ഓർമ്മകളും ഇനി വരാനിരിക്കുന്ന അടുത്ത വ്യാഴാഴ്ചയെ കുറിച്ചുള്ള പ്രതീക്ഷകളും ആയിരുന്നു . സമയം ഓടിക്കൊണ്ടേയിരുന്നിരുന്നു. നഗരത്തിൽ ആളുകളുടെ എണ്ണം കുറഞ്ഞിരിക്കുന്നു സലീഷും നീലിമയും ഇരുന്ന ഇരിപ്പിടം ഇപ്പോൾ വേറൊരു ആണും പെണ്ണും കയ്യേറിയിരിക്കുന്നു അവരും വ്യാഴാഴ്ചയുടെ ഭംഗി ആസ്വദിച്ച് കൊണ്ടിരിക്കുകയാണ്, സ്വപ്‌നങ്ങൾ പങ്കു വയ്ക്കുകയാണ് ........

Prashanth Nair
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo