Slider

ഗർഭപാത്രം വാടകയ്ക്ക്

0
ഗർഭപാത്രം വാടകയ്ക്ക്
************* **************
"രേവതി ...നീ ഒന്നാലോചിക്ക്‌ ..ഇപ്പോഴത്തെ നിന്റെ എല്ലാ പ്രശ്നങ്ങളും ഇതോടെ തീരും ..ഇവിടെ നിന്ന് മാറി നിന്നാൽ ഇതൊക്കെ ആരറിയാനാ ..നിന്റെ മോളോട് പുതിയൊരു ജോലി കിട്ടി എന്ന് പറഞ്ഞാ മതീലോ ..അവളാണേൽ ഹോസ്റ്റലിൽ നിന്ന് പഠിക്കുവല്ലേ .."
"എന്നാലും ചേച്ചീ ..അത് വേണോ മോളറിഞ്ഞാൽ ആകെ നാണക്കേടാ .."
"ഒരു പത്തു മാസത്തേക്ക് നിന്റെ ഗർഭപാത്രം വാടകക്ക്‌ കൊടുക്കുന്നൂന്ന് കരുതി നീ തെറ്റൊന്നും ചെയ്യുന്നില്ലല്ലോ ...കുഞ്ഞില്ലാത്ത ആ കുടുംബത്തെ ഒന്നു സഹായിക്കുന്നു ..ഒരു കണക്കിന് അതൊരു നല്ല കാര്യം അല്ലേ ന്റെ രേവതി ...നിന്റെ കെട്ടിയോനാണേൽ വേറൊരുത്തീടെ കൂടെ പോയി ..നിന്റെ വീട്ടാരാണേൽ തിരിഞ്ഞു നോക്കുന്നും ഇല്ല്യാ ...എനിക്കറിയാവുന്ന കുടുംബം ആണത് ..രണ്ടു പേരും വിദേശത്താ ..നേർച്ചയും വഴിപാടുകളും ആയി ഒത്തിരി ചിലവാക്കി ..ഒടുക്കം ഇനി ഇതേ ഒരു മാർഗ്ഗം ഒള്ളൂ ...ആരേലും ഉണ്ടോന്നു നോക്കാൻ ന്നോട് പറഞ്ഞായിരുന്നു ..എത്ര പൈസ വേണേലും തരും ..ഞാനൊന്നാലോചിച്ചപ്പോൾ നിന്റെ കാര്യാ ഓർമ വന്നേ ....നിന്റെ പെണ്ണും വളർന്നു വരുവല്ലേ ..നാളെ അവളൊരുത്തന്റെ കയ്യിൽ നല്ല രീതിയിൽ ഏൽപ്പിക്കണ്ടെ നിനക്ക് "
"ചേച്ചീ ...ഞാനൊന്ന് ആലോചിക്കട്ടെ ..നാളെ പറയാം "
തുണിക്കടയിലെ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോഴാണ് നാണി ചേച്ചിയെ കണ്ടത് ....തന്നെ നോക്കി നിൽക്കായിരുന്നുന്ന്‌ പറഞ്ഞപ്പോ മൂപ്പത്തിയാരുമായി വർത്താനം പറഞ്ഞു നിന്ന് ..ഗൾഫിൽ ഏതോ വീട്ടിൽ കുട്ടികളെ നോക്കുന്ന ജോലിയാണ് അവർക്ക് ...ഓരോ വിശേഷങ്ങൾ പറഞ്ഞു നിൽക്കുന്നതിനിടയിലാണ്‌ 'ഗർഭ പാത്രം വാടകയ്ക്ക് ' കൊടുക്കുന്നോ എന്നവരു ചോദിച്ചത് ...കൈ നിറയെ കാശ് കിട്ടുംന്ന്‌ ..പക്ഷേ ന്തോ ഒരു വല്ലായ്മ ആ ചോദ്യത്തിൽ നിന്നും രേവതിയെ പിടിക്കൂടിയിരുന്നു ..
വീട്ടിലെത്തിയപ്പോഴും ആ ചിന്ത അവരെ വിട്ടു പോയില്ലായിരുന്നു ..മകളുടെ ഫോൺ വന്നപ്പോഴാണ് തന്റെ ചിന്തകളിൽ നിന്നവൾക്കൊരു മോചനം ലഭിച്ചത്‌
"ഹ ...ഹലോ .."
"അമ്മ എവിടെ പോയി കിടക്കായിരുന്നു ..എത്ര നേരായി വിളിക്കുന്നൂന്നറിയോ "
"അത് ...ഞാൻ ..ഇപ്പോ എത്തിയെ ഒള്ളൂ മോളേ ..അതോണ്ടാ .."
"ഹ്മ്മ്....പിന്നേയ് ഫീസ്‌ ഇനിയും കെട്ടിയില്ലെങ്കിൽ ഹോസ്റ്റലിൽ നിൽക്കാൻ പറ്റില്ലമ്മേ ..മാത്രല്ല എക്സാം എഴുതാനും സമ്മതിക്കില്ല ..ഡോക്ടർ ആവാനുള്ള ഭാഗ്യം ഒന്നും അമ്മേടെ മോൾക്കില്ല ...നാളെ ഞാനങ്ങു വരുന്നുണ്ട് ഇനി ഇവിടെ നിന്നിട്ട് കാര്യം ഇല്ല്യാ ..അവിടെ അമ്മേടെ കൂടെ തുണിക്കടയിലേക്ക് ഇനി ഞാനും ണ്ടാവുംട്ടോ "
മറുപുറത്ത് മകളുടെ തേങ്ങൽ പതിച്ചത്‌ രേവതിയുടെ ഹൃദയത്തിലായിരുന്നു ..അവളൊരുപാട് ആഗ്രഹിച്ചതായിരുന്നു ഒരു ഡോക്ടർ ആകാൻ ..അതുകൊണ്ടാണ് ഇല്ലാത്ത കാശുണ്ടാക്കി അവളെ പ്ലസ്‌ടു കഴിഞ്ഞ ഉടനെ മെഡിക്കൽ എൻട്രൻസിന് ചേർത്തത്‌ ..നല്ല മാർക്കോട് കൂടെ പാസ്സാവുകേം ചെയ്തു ..അഡ്മിഷൻ കിട്ടിയ മെഡിക്കൽ കോളേജിൽ ലക്ഷങ്ങൾ കൊടുത്തു സീറ്റ് വാങ്ങിക്കാൻ ഓരോരുത്തരും മത്സരിക്കുന്ന സമയത്ത് ഉള്ള കിടപ്പാടം വിറ്റാണ് മോളേ ചേർത്തത്‌ ...തികയാത്തത്‌ ഓരോരുത്തരുടെ കയ്യിൽ നിന്ന് കടം വാങ്ങിയും ...ഇപ്പോഴും വാങ്ങിയ ക്യാഷ് തിരിച്ചു ചോദിക്കാൻ വരുന്ന നോട്ടവും വാക്കുകളും പലപ്പോഴും അറപ്പുള്ളതാക്കിയിട്ടുണ്ട് ..ഇനിയും അതെല്ലാം സഹിക്കുന്നതിനേക്കാൾ നാണി ചേച്ചി പറഞ്ഞതാണ്‌ ശരിയെന്ന് രേവതിയുടെ മനസ്സ് മന്ത്രിച്ചുക്കൊണ്ടേയിരുന്നു ...
"മോളു വിഷമിക്കണ്ടട്ടോ ..ഫീസ്‌ രണ്ടു ദിവസത്തിനുള്ളിൽ കെട്ടാന്ന്‌ പറ "
"എ..എന്താമ്മേ ഈ പറയ്ണ്..ഒന്നും രണ്ടും രൂപ അല്ലല്ലോ ..ഇതുവരെ അമ്മ എനിക്ക്‌ വേണ്ടി വാങ്ങിച്ച കടം തന്നെ തിരിച്ചു കൊടുത്തിട്ടില്ല ..പിന്നെ ഇത്രേം വല്ല്യ തുക രണ്ടു ദിവസംക്കൊണ്ട് അമ്മ എവിടെ പോയി ഉണ്ടാക്കാനാ "
അവളുടെ സംശയങ്ങൾക്കുള്ള ഉത്തരം ഒരു പക്ഷേ സ്വന്തം അമ്മയെ വെറുക്കാൻ കാരണമായേക്കാം എന്നുള്ളത്ക്കൊണ്ട് രേവതി പഠിച്ചു വെച്ച നുണ അവളോട് പറഞ്ഞു ..
"അമ്മക്കൊരു ജോലി കിട്ടിയിട്ടുണ്ട് ..വിദേശത്ത് ഒരു വീട്ടുജോലിക്കാരി ആയിട്ട് ..നമ്മുടെ കഷ്ടപ്പാടൊക്കെ തീരും ..ന്റെ മോളു ഡോക്ടർ ആവും "
"അമ്മേ ..നല്ലോണം ആലോചിച്ചന്നെ ആണോ പോണെ ?...വീട്ടുജോലിക്കെന്ന്‌ പറഞ്ഞു പാവപെട്ട ഒത്തിരി സ്ത്രീകളെ വിൽക്കപ്പെടുന്ന സംഭവങ്ങൾ നിരന്തരം കേട്ടോണ്ടിരിക്കാ...ഡോക്ടർ ആയില്ലേലും വേണ്ടമ്മേ ..എനിക്കെന്റമ്മയെ എപ്പോഴും കണ്ടോണ്ടിരിക്കണം ..."
"ന്റെ ..മോളേ ..ഇയ്യിങ്ങനെ അമ്മയെയും കൂടി പേടിപ്പിക്കല്ലേ ..മ്മടെ നാണി ചേച്ചിക്കൊണ്ടോന്ന പണിയാ ..അവരറിഞ്ഞുക്കൊണ്ട് നമ്മളെ കുരുതിക്ക്‌ കൊടുക്കൊന്നും ഇല്ല്യാ ..."
"ആഹ്ഹ ..ന്നാ ശരി അമ്മേ ..പിന്നെ വിളിക്കാം ...പോകാൻ തീരുമാനം ആയാൽ എന്നേ വന്ന് കാണണേ..."
"മ്...ശരി "
ഫോൺ വെച്ചതും എന്തോ ഒരാശ്വാസം മനസ്സിനെ തലോടുന്നതായി അവർക്കു തോന്നി ..പതിയെ തന്റെ വയറിനു മീതെ അവർ കൈ വെച്ചു നോക്കി ...ഒരു ജീവന്റെ ആഗമനത്തിനായി അവിടെ തുടിക്കുന്നത്‌ പോലവൾക്ക് തോന്നി .നാളെ പോയി നാണി ചേച്ചിയോട് സമ്മതം അറിയിക്കണം ...എന്റെ മോൾക്ക് വേണ്ടി എന്റീ ഗർഭപാത്രം വാടകക്ക്‌ കൊടുക്കണം ....
ശുഭം
(ലക്ഷ്യം തേടിയുള്ള യാത്രയിൽ കണ്ടു മുട്ടിയ ആ അമ്മക്കും മകൾക്കും വേണ്ടി സമർപ്പിക്കുന്നു )
____________________
ഫർസാന .വി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo