Slider

#എട്ടിന്റെപണി

1
കുറേശ്ശേ ഓരോന്ന് കുത്തിക്കുറിക്കുന്നതോണ്ട് ഫേസ്ബുക്കിൽ അല്പം സജീവമാണിപ്പോ... സാധാരണ എന്റെ കൂട്ടുകാരുടെ ലിസ്റ്റിൽ എന്റെ ബന്ധുക്കളും, സഹപാഠികളും, നാട്ടുകാരും പരിചയക്കാരും മാത്രമേ ഉണ്ടാവാറുള്ളൂ... ഇപ്പൊ കുറച്ച് എഴുതിത്തുടങ്ങിയപ്പോ അവിടത്തെ പരിചയം വെച്ച് ഒരു പിടി നല്ല സൗഹൃദങ്ങൾ കൂടി എനിക്കു കിട്ടി... അങ്ങനെ ജീവിതം സ്വസ്ഥമായി മുന്നോട്ടു പോവുന്ന കാലം...
ഇടക്കെപ്പോഴെങ്കിലും ഓരോ സൗഹൃദ അപേക്ഷകൾ കിട്ടുകയും, കുറച്ചുകാലം നിരീക്ഷിച്ച ശേഷം സുഹൃത്ത് വലയത്തിലേക്ക് താൽക്കാലിക നിയമനം കൊടുക്കുകയും.. എന്തെങ്കിലും കുരുത്തക്കേട് കണ്ടാൽ യാതൊരു ദാക്ഷിണ്യവുമില്ലാതെ വലിച്ചു പുറത്തേക്കെറിയുകയും ചെയ്തു പോന്നു...
അങ്ങനെ ഇരിക്കെ.... പെട്ടെന്നു രണ്ട് നാൾ കൊണ്ട് ഞാൻ പോലും ഞെട്ടിപ്പോകുന്ന വിധത്തിൽ എനിക്ക് ഫ്രണ്ട് റിക്വസ്റ്റ്കൾ വരാൻ തുടങ്ങി...
കഥ വായിക്കാനായിരിക്കും... എന്നൊരു ചിന്തയിൽ ഞാൻ കുറച്ചു പേരെ താൽക്കാലികമായി നിയമിച്ചു... അപ്പോളതാ... അവരൊക്കെ ഞങ്ങടെ കൂട്ടുകാരാ... ഞങ്ങളെ ക്കൂടി... എന്ന അപേക്ഷയിൽ കുറേ പേര്... വേണ്ടാ വേണ്ട... നിങ്ങളവിടെ നിലക്ക്.... എന്നിട്ട് നിങ്ങള് നിങ്ങടെ കൂട്ടുകാരേം കൊണ്ടു വരാനല്ലേ... വേണ്ട... വേണ്ട... ഞാൻ മനസ്സിൽ പറഞ്ഞു...
പുതിയ കുറച്ചു പേര് വന്നതിനു ശേഷം ഉണ്ടായ അത്ഭുത പ്രതിഭാസം എന്താന്നു വെച്ചാ.... എന്റെ inbox നോട്ടിഫിക്കേഷൻ മണിയടി ഭയങ്കര ഓവർ ആയോന്നൊരു സംശയം !!! സ്കൂളിൽ പഠിക്കണ കാലത്ത് ഈ കൂട്ടമണിയോട് വല്ലാത്തൊരു അഭിനിവേശം ഉണ്ടായിരുന്നു... ഇപ്പൊ അതില്ല... തീർത്തും ഇല്ല !!!!
ഒന്നു inbox ചെന്നു നോക്കിപ്പോ നമ്മടെ M80 മൂസ സുരഭി പറയണപോലെ " കച്ചറ പിച്ചറ കുറ്റിച്ചിറ വരാച്ചിറ ചറ പറ മുസ്സേജുകൾ തുരു തുരാ വന്നു കിടക്കാണ്....
പരിചയക്കാർക്കൊക്കെ മറുപടി കൊടുത്തു...
പിന്നേം കിടക്കാന് കുറേ... എല്ലാം ഒന്നോടിച്ചു നോക്കി...
Hi, Hlo, hi,കൂയ്, hello,... അങ്ങനെ തുടങ്ങി പല പല വെറൈറ്റി msg കള്... ഏതെടുത്താലും പത്തുരൂപ.... ആടി ഓഫർ പോലെ!!!!!!!.
ഞാനൊക്കെ ഡിലീറ്റ് ചെയ്തിങ്ങു പോന്നു...
അവരോടൊക്കെ മറുപടി പറഞ്ഞിരുന്നാൽ ശരിയാവില്ല... ഞാൻ നേരാ നേരത്ത് കഞ്ഞിയും കറിയും ഉണ്ടാക്കിതരും എന്നൊരു വിശ്വാസത്തിൽ, ഉണ്ണിക്കണ്ണന്റെ നടയിൽ വെച്ച് എന്റെ കഴുത്തിൽ താലിചാർത്തി കൈപിടിച്ച് കൂടെ ജീവിക്കാൻ ചങ്കുറപ്പ് കാട്ടിയ എന്റെ ചങ്ക്, പണിയെടുത്ത് ക്ഷീണിച്ചു വരുമ്പോ വായ്ക്ക് രുചിയായിട്ട് ( പിന്നെ എന്തുണ്ടാക്കിയാലും നല്ല ടേസ്റ്റ് ഗ്യാരണ്ടി യാണ് ) വല്ലോം വെച്ചുണ്ടാക്കി കൊടുക്കണ്ടേ...
മെസ്സേജ് ഉലത്തിയത്,
ലൈക്ക് പുഴുങ്ങിയത്,
കമന്റ് വരട്ടിയത്...
ഒന്നും ആരും കഴിക്കില്ലെന്നേ...
അപ്പൊ ഞാൻ എന്റെ ഈ ദുരവസ്ഥ യൊക്കെ fb പോസ്റ്റിട്ട് ഞാൻ സാൾട്ട് & പെപ്പർ ബാബുരാജ് നെപ്പോലെ അടുക്കളയിലേക്ക് പോന്നു.. അത്താഴത്തിനുള്ള ഇടിവെട്ട് വിഭവങ്ങൾ നറുമണം പരത്തിക്കൊണ്ട് തയ്യാറായികൊണ്ടിരുന്നു...
മാളു പഠിക്കുന്നു... മോൻ കളിക്കുന്നു... മൊബൈൽ കിടന്നു ചിലക്കുന്നു... "
കരയുന്ന കുഞ്ഞിനേ പാലുള്ളൂ... " എന്നപോലെ കിടന്നു കരയുന്നു.... കരയണ്ട കുഞ്ഞേ... നിനക്ക് തരാൻ ഇവിടെ പാലില്ല എന്ന് ഞാനും !!!
കറിയൊക്കെ വെച്ചു, ദോശക്ക് മാവരച്ചു... പത്രമൊക്കെ കഴുകി യഥാസ്ഥാനത്തു വെച്ചു... അവിടൊക്കെ തുടച്ചു ക്ലീൻ ആക്കി ഇട്ടു.. മണി 7.30 !! പിള്ളേരെ വിളിച്ചു ഭക്ഷണം കഴിച്ചു ഞാനും വിശ്രമിക്കാനിരുന്നു...
രണ്ടുപിള്ളേരുടെ കാര്യം കഴിഞ്ഞില്ലേ... ഇനി നമ്മുടെ മൂന്നാമത്തെ കുഞ്ഞിനെ(അതാണേൽ കൈക്കുഞ്ഞല്ലേ... എപ്പോഴും തൊട്ടു തലോടി ഇരിക്കണം ) ഒന്നു നോക്കിക്കളയാം എന്ന് കരുതി ഫോൺ കൈയിലെടുത്തു.....
ഇട്ട പോസ്റ്റിനൊക്കെ രസകരമായ മറുപടികൾ.. നിർദേശങ്ങൾ... അപ്പഴതാ വീണ്ടും.....
"വിഷുപ്പക്ഷി ചിലച്ചു....
നാണിച്ചു ചിലച്ചു..."
.
എന്ന പോലെ inbox പക്ഷി ചിലക്കുന്നു... ചെന്നു നോക്കിയപ്പോ... പഴയ പോലെ ത്തന്നെ...
Halo...
Hai...
hi...
അങ്ങനെ...
പിന്നെ താഴെ മിണ്ടിക്കൂടെ, മിണ്ടൂലെ, കോമഡി ആണല്ലോ കഥകൾ .. എന്നിങ്ങനെ
ഞാനാണേൽ കഥകളിൽ കോമഡി ആണേലും, ഇന്ബോക്സില് ചൊറിയാൻ വന്നാൽ കാലകേയന്റെ ഭാഷയാണ് പഥ്യം !!
ഇതിനൊരു പരിഹാരമില്ലേ സാമി.... എന്നാലോചിച്ചപ്പോൾ എനിക്കൊരു സാമിയെ ഓർമവന്നു... മുട്ടൻ മുട്ടൻ ഐഡിയകൾ മാത്രം തലയിലുള്ളൊരു സാമിയെ .. അങ്ങോരെ മനസ്സിൽ ധ്യാനിച്ച് ഞാൻ രണ്ടും കൽപ്പിച്ചങ്ങ് ഇളകിയിരുന്നു... Inbox തുറന്നു ...
ആദ്യം കിട്ടിയ msg അങ്ങ് തുറന്നു...
Hai...
hai....
സുഖമാണോ... (സ്വന്തം പെറ്റ തള്ളയോട് ചോദിച്ചിട്ടുണ്ടോ എന്തോ ?)
എന്താ മറുപടിയില്ലേ ?
Hey?
വല്ലതും കഴിച്ചോ ?........
(മൂന്നിന് നാല് നേരം കഴിക്കുന്ന എന്നോടോ ബാലാ ?........ )
(എന്റെ കണ്ണു നിറഞ്ഞു )
അവന് റിപ്ലെ കൊടുക്കാൻ തന്നെ തീരുമാനിച്ചു ...
Hi...
ഒരു സ്മൈലി (പുട്ടിന് പീര പോലെ, കെടക്കട്ടെ !!)
X :സുഖമാണോ ?
ഞാൻ :സുഖം..
X : പറ വിശേഷങ്ങൾ...
ഞാൻ : ഒരു കാര്യം പറഞ്ഞാൽ വല്ലതും തോന്നോ ?
X :ഒരിക്കലും ഇല്ല, പറയൂ
ഞാൻ : വയ്യാ ന്ന് പറയരുത്... സമ്മതിക്കണം..
X : സമ്മതം.. പറയ്, എന്താ കാര്യം?

ഞാൻ : പറയും
X: പറയ്, ക്ഷമയില്ല...
ഞാൻ : ആ, പറയാം
(ഇഷ്ടത്തിലെ നവ്യയും, ജ്യോതിർമയിയും ലാലപ്പന് പ്രതീക്ഷ കൊടുത്ത പോലെ ഞാനും )
ഞാൻ : പറയട്ടെ..
X: M
ഞാൻ : ഞാനേ ഒരു L.I.C ഏജന്റ് ആണേ... ഇപ്പൊജോയിൻ ചെയ്തേ ഉള്ളൂ, അപ്പൊ സ്റ്റാർട്ടിങ്ങിൽ അവര് പറയണ അത്രേം ടാർജറ്റ് അച്ചീവ് ചെയ്യണം... അതോണ്ട് നീ രണ്ട് പോളിസി എടുക്ക്വോ...
എന്തു പറഞ്ഞാലും അനുസരിക്കും ന്ന് വാക്ക് തന്നതാ...
രണ്ടു പോളിസി എടുത്താൽ മതി.. മാസം 30,000 വെച്ചു അടച്ചാൽ മതി...
X ന്റെ പ്രൊഫൈൽ pic, കടുക്മണി പോലെ ടിക് എന്ന് ഈ msg ന്റെ അടുത്തേക്ക് ഉരുണ്ടു വീണതാ...
( അത് ഞാൻ എന്റെ രണ്ട് കണ്ണോണ്ടും കണ്ടതാ.... )
"എന്താ മിണ്ടാത്തെ "....ഞാൻ പുതിയ msg സെന്റ് ചെയ്യാൻ നോക്കിപ്പോ സുക്കറണ്ണൻ പറയാ... You can't sent this msg... എന്ന്
പുള്ളി ബ്ലോക്കി പോയി എന്ന് സാരം....
ഞാൻ തുള്ളിച്ചാടി !!!
LIC msg അങ്ങ് കോപ്പി ചെയ്ത് എല്ലാ വെയ്റ്റിംഗ് കക്ഷികൾക്കും.... സദ്യക്ക് ഉപ്പേരി വിളമ്പണ പോലങ്ങ് എല്ലാ ഇലയിലും വിളമ്പി ഞാൻ ഇറങ്ങിപ്പോന്നു...
കാളിങ് ബെൽ അടിച്ചതും ( ബെല്ലല്ല... വീട്ടിൽ കെട്ടിത്തൂക്കണ അമ്പലമണി ആണ് ) ഓടിച്ചെന്ന് വാതിൽ തുറന്നു... മ്മ്‌ടെ ഗൃഹനാഥനാണ്... പിന്നെങ്ങനെ സംസാരോം, ടീവി കാണലും പിള്ളേർക്ക് കിടക്കയൊരുക്കലും എല്ലാമായി തിരക്കിലായി...
ഊണും കഴിഞ്ഞു... പാത്രം കഴുകി... പണിയൊക്കെ ഒതുക്കി കിടക്കാൻ നേരം അലാം വെക്കാൻ മൊബൈലെടുത്തപ്പോൾ....
എന്തായി എന്നറിയാൻ ഒരാകാംക്ഷ !!
എന്തായിക്കാണും ???
എത്ര പേര് പോളിസി എടുക്കും....
Inbox മെല്ലെ തുറന്നു....
ഒരു വിധം എല്ലാരും വായിച്ചിട്ടുണ്ട്... വായിച്ചവരൊക്കെ ജീവനും കൊണ്ടോടിയിരിക്കുന്നു... പിന്നെ മറുപടിയൊന്നും ഇല്ല... ചിലര് unfriend, ചിലര് ബ്ളോക്കിട്ടുണ്ട്.... ചിലര് ജീവനും കൊണ്ടോടുന്ന വെപ്രാളത്തിൽ ഒക്കെ മറന്നു....ആകെയൊരു കൂട്ടയോട്ടം നടന്ന ലക്ഷണം... (ആന വിരണ്ട പൂരപ്പറമ്പ് പോലെ )എല്ലാം ഓടിക്കളഞ്ഞു....
ജീവൻ കിട്ടിയല്ലോ അത് മതി എന്ന ഭാവത്തിൽ....
ബാക്കിയുള്ളോരേ ഞാനും ബ്ലോക്കി,എല്ലാരേം അൺഫ്രണ്ട്‌ ചെയ്തു... ഡിലീറ്റ് ചെയ്യുന്ന കൂട്ടത്തിലാ കണ്ടത്...
You missed a video call from.....,......,.....
അങ്ങനെ രണ്ട് മൂന്നെണ്ണം... അയ്യോ ഇതും മിസ്സ് ആയോ ?
(ഒന്നാം സമ്മാനം അടിച്ച ഓണം ബമ്പർ ടിക്കറ്റ് കളഞ്ഞു പോയപോലെ എനിക്ക്‌ തോന്നി...).
എല്ലാ മെസ്സേജും ഡിലീറ്റ് ചെയ്തു....
പണ്ട്, കുട്ടിക്കാലത്ത്.. വേനൽക്കാലത്ത് വീട്ടിൽ വിറക് വാങ്ങും... അത് മുറ്റം നിറയെ രണ്ട് ദിവസം നല്ലോണം വെയിൽ കൊള്ളിക്കും 'അമ്മ. അന്നേരം വിറകുപുര അടിച്ചു വൃത്തിയാക്കി ചിതലിനെ ഒക്കെ അടിച്ചു ദൂരെ കൊണ്ടു കളയും... എന്നിട്ടേ പുതിയ വിറക് അടുക്കൂ... അതുപോലെ ഞാനും എല്ലാം അടിച്ചു തളിച്ച് ശുദ്ധി വരുത്തി വൃത്തിയാക്കി .....
എല്ലാം ശുദ്ധിയാക്കി inbox വാതിലടക്കാൻ നേരം ഞാൻ മൂന്ന് വട്ടം വിളിച്ചു ചോദിച്ചു...
"പോളിസി പഷ്ണിക്കാറുണ്ടോ" ?
പോളിസി പഷ്ണിക്കാറുണ്ടോ "?
"പോളിസി പഷ്ണിക്കാറുണ്ടോ "?
(ഇല്ല... അവിടെങ്ങും ഒരാളുടെ പൊടി പോലും ഇല്ലായിരുന്നു...)
ചിങ്ങം വരുകല്ലേ ...ഐശ്വര്യം നിറയട്ടെ... പൂക്കൾ വിരിയട്ടെ... എല്ലാവർക്കും ഈശ്വരൻ നല്ല വഴി കാണിക്കട്ടെ...
1
( Hide )
  1. ആദ്യമായാണ് ഈ പേജിലെത്തുന്നത്. കൊള്ളാം നല്ല എഴുത്ത്.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo