Slider

ജാതകദോഷം

0
ഇന്നാണ് ആ ദിവസം..അച്ഛമ്മയുടെ രീതിയിൽ പറഞ്ഞാൽ കണിയും കണ്ടു ഭഗവാൻ തന്ന കൈനീട്ടം, 
ആവശ്യത്തിനും അനാവശ്യത്തിനും വികൃതി കാട്ടി കുഞ്ഞുന്നാളിലെ അമ്മയ്ക്ക് തലവേദനയാവുമ്പോൾ വിഷുനാളിലായത് ആയതു കൊണ്ടാ കുരുത്തക്കേട് എന്നു അമ്മയുടെ പരാതി...
കൂടെ നിഴലുപോലെ ഒരു ജാതകദോഷവും ഉണ്ടായിരുന്നു ജനനത്തിന്റെ കൂടെ..
നാട്ടിന്പുറത്തുക്കാരി അമ്മയ്ക്ക് ജാതക വിശ്വാസം കുറച്ചേറെ..അമ്മയുടെ ബന്ധു പറഞ്ഞു പോലും കറുത്തപക്ഷമാണ്..ദോഷമുണ്ടോ എന്നു നോക്കണം...
കേട്ടപാടെ അമ്മ അച്ഛമ്മയെ പറഞ്ഞു വിട്ടു പോലും..
അച്ഛമ്മയ്ക്ക് ഇതിലൊന്നും വിശ്വാസമില്ല. അച്ഛമ്മ വേറെ ആരെയോ പറഞ്ഞു വിട്ടു..
ജ്യോത്സ്യൻ പറഞ്ഞു പോലും പാദ ദോഷമുണ്ട്.അമ്മാവന് ദോഷം.
അമ്മയ്ക്ക് പേടി കൂടി പോലും.അനിയന്മാർ രണ്ടാൾ ഉണ്ടേ. ആർക്കാണാവോ..
ഇഷ്ടസന്താനത്തിന്റെ ആദ്യ സന്താനം ആയതു കൊണ്ടാവും അച്ഛമ്മയുടെ പ്രിയപ്പെട്ടവൾ ആയി വളർന്നു. ഒപ്പം അമ്മയുടെ ആധിയും...
അങ്ങനെ വീട്ടിലെ കുരുത്തംകെട്ട പെണ്ണായ എന്നെ LKG ചേർത്തു. അപ്പോഴേക്കും രണ്ടാമത്തെ അനിയത്തി ഉണ്ടായിരുന്നു.2 വയസ്സുകാരി.
എന്റെ നഴ്സറികാലം മാമന്മാർ മത്സരമായിരുന്നു എന്നെ നഴ്സറിയിൽ കൊണ്ട് പോവനും കൂട്ടി കൊണ്ട് വരാനും. അങ്ങനെ പാറു എന്ന പാർവ്വതികുട്ടി അച്ഛമ്മയുടെയും മാമന്മാരുടെയും എല്ലാം ഓമനപുത്രി ആയി വളർന്നു.
ഒടുവിൽ ആ ദിവസം എത്തി.എന്റെ ജീവിതത്തിന്റെ രൂപവും ഭാവവും മാറ്റാൻ ഇടയാക്കിയ ആ കറുത്ത ദിവസം
അന്ന് ഒരു ഓണക്കാലമായിരുന്നു
അമ്മ ഞങ്ങൾ മക്കളെയും കൂട്ടി അച്ഛന്റെ വീട്ടിൽ പോയിരുന്നു. ഓണം കഴിഞ്ഞു തിരിച്ചു വന്ന അമ്മ കണ്ടത് മേശപ്പുറത്തിരിക്കുന്ന പായസത്തിന്റെ ഗ്ലാസ് ആയിരുന്നു.
ശത്രുതയിൽ ഉള്ള വീട്ടിലെ പെണ്കുട്ടി എത്തിച്ചു കൊടുത്തതായിരുന്നു അത്.
അവരാണെങ്കിൽ പ്രായം കൊണ്ടു മാമനേക്കാൾ മൂത്തത്.പോരെങ്കിൽ ഹൃദ്രോഗിയും.
അവർ തമ്മിൽ പ്രണയത്തിന് ചാൻസ് കണ്ട അമ്മ എതിർത്തു. രൂക്ഷമായി പ്രതികരിച്ചു.
അന്നവിടെ വലിയ വഴക്കായി.എല്ലാത്തിനും മൂക സാക്ഷി നാലു വയസ്കാരി ഞാനും.
പിറ്റേന്ന് ഒരു ചതയദിനമായിരുന്നു. ഞാൻ അനിയത്തിയെ എടുത്തു കളിക്കാനായും 'അമ്മ അടുത്ത വീട്ടിലെ ചേച്ചിയുമായി സംസാരത്തിലും. ഞങ്ങൾ ഒരു ചെറിയ കുടിൽ പോലെയുള്ള വീട്ടിലായിരുന്നു അന്ന് താമസം.
ആ സമയത്തായിരുന്നു മുറ്റത്തൂടെ വേറൊരു ചേച്ചി പോയത് .
അകത്തേക്ക് നോക്കിയ അവർ കണ്ടത് തൂങ്ങിയാടുന്ന ഇളയ മാമന്റെ രണ്ടു കാലുകൾ ആയിരുന്നു.
അവരുടെ നിലവിളി കേട്ട് അമ്മ മടിയിൽ ഇരിക്കുകയായിരുന്ന അനിയത്തിയെ നിലതെറിയും പോലെ ഇട്ട് ഓടുകയായിരുന്നു.
മുൾപ്പടർപ്പിൽ നിന്നും അനിയത്തിയെ വാരിയെടുത്ത് ഞാൻ കരഞ്ഞും കൊണ്ടു മുറ്റത്തു നിന്നു.
കണ്ണിന്റെ മുന്നിൽ ഇന്നും ഉണ്ട് ഇളകിയാടുന്ന രണ്ടു കാലുകൾ.
അമ്മയുടെ അച്ഛൻ രണ്ടാം ഭാര്യയുടെയും മകളുടെയും വാക്ക് കേട്ട് അമ്മയെ കുറ്റം പറഞ്ഞു അമ്മ കാരണം എന്ന്. അമ്മ കൊന്നതാണ് എന്നു വരെ.
കാലം എല്ലാരുടെയും ഉള്ളിലെ മുറിവുണക്കി. പക്ഷെ എനിക്കുള്ള നോവിന്റെ പണിപ്പുരയിലായിരുന്നു കാലമെന്നു ഞാൻ അറിഞ്ഞിരുന്നില്ല.
കാലം ആരെയും കാത്തു നിൽക്കാതെ പോയി... നാലു വയസുകാരി അഞ്ചാം ക്ലാസ്കാരി ആയി. അന്നായിരുന്നു ഉള്ളു നീറ്റിയ ആ വാക്ക് ഞാൻ ആദ്യമായി കേട്ടത്. അച്ഛമ്മയും അമ്മയും പിന്നെ ഏതോ ഒരു ബന്ധുവുമുണ്ടായിരുന്നു.
സംസാരത്തിനിടയിൽ അമ്മ പറഞ്ഞ വാക്ക് , ഇവളുടെ ജാതകത്തിലുള്ളത് ഫലിച്ചു. അവൻ പോയി. ദോഷം.
ആ പല്ലവി പിന്നെപ്പിന്നെ പല സന്ദർഭങ്ങളിലും ആവർത്തിച്ചു. ഇവളുടെ ദോഷം, അതു കൊണ്ടാണ് എന്ന രീതി. ഓരോ തവണ കേൾക്കുമ്പോൾ ഒക്കെയും ഒരു കൊലപാതകിയോ എന്ന തോന്നലിൽ ആയിരുന്നു മനസ്സ്.
പിന്നെ പിന്നെ ഒരു ദോഷം പോലെ ആയി ഞാൻ.
അച്ഛന്റെ ബുദ്ധിമുട്ടും കൂടപിറപ്പുകളുടെ അസുഖങ്ങൾ പോലും എന്റെ മോശം സമയം കൊണ്ടായി.. പറഞ്ഞു പറഞ്ഞു എനിക്കും തോന്നി ഞാൻ ദോഷം തന്നെയെന്ന്.
ഇതേ ദോഷത്തിന്റെ പേരിൽ കൗമാരവും കെട്ടിയിടപെട്ടു. സ്വാതന്ത്രം ഇല്ലായിരുന്നു. ട്യൂഷൻ ദൂരെ ബസ്സിൽ പോവേണ്ടതു കൊണ്ട് അതും നിർത്തി.പഠിപ്പ് പാതി വഴിയായി..
ഏകമായിരുന്നു മനസ്സ് എന്നും.
പിന്നെ പിന്നെ കുറ്റപ്പെടുത്തലുകളും താരതമ്യങ്ങളും. സ്വഭാവം ശരിക്കും ഒരു ദേഷ്യക്കാരിയുടെ ആയി. പക്ഷെ അമ്മയെ ഏറെ ഇഷ്ടമായിരുന്നു. ആ ഇഷ്ടം പക്ഷെ അമ്മയ്ക്ക് കാര്യം സാധിക്കാൻ ഉള്ളത് എന്നായിരുന്നു.
അന്നൊക്കെ കൂട്ടു അച്ഛമ്മ ആയിരുന്നു. അച്ഛമ്മയുടെ പാറൂ എന്ന വിളിയിൽ എല്ലാ നോവും അലിഞ്ഞു പോയിരുന്നു.
ആ തണലും പോയി ഒരുനാൾ.
ഇതൾ കൊഴിഞ്ഞൊരു പ്രണയത്തെയും ഞാൻ ഈ ദോഷത്തിന്റെ കണക്ക് പുസ്തകത്തിൽ പെടുത്തി..
അറിയില്ല ഇന്നുമെനിക്ക് ആ മരണം അതു എന്ത് ദോഷത്തിന്റെ പേരിൽ എന്നു.
ഒന്നറിയാം ആ മരണം അതു ഇല്ലാതാക്കിയത് എന്റെ ബാല്യവും കൗമാരവും ആയിരുന്നു....
(ജനനവും മരണവും ഈശ്വരേച്ഛയാണ്.. ജാതകദോഷമെന്ന പേരിൽ ഇല്ലാതാക്കുന്നത് ഒരായുസ്സിന്റെ സ്വപ്നങ്ങളും ജീവിതവുമാണ്.. )
 സിനി ശ്രീജിത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo