Slider

#ഫ്രണ്ട്ഷിപ്_ഡേ

0
ലോകമെങ്ങും സൗഹൃദ ദിനം ആഘോഷിക്കുകയാണത്രെ . രാവിലെ തന്നെ എനിക്കും ലഭിച്ചു ചില സന്ദേശങ്ങൾ . എഴുതാൻ മടിച്ചിരിക്കുകയായിരുന്ന ഞാൻ സൗഹൃദങ്ങളെ പറ്റി മുഖ പുസ്തകത്തിലെഴുതാൻ അല്പം കുത്തി കുറിച്ചു . ഇത് വായിച്ചു എന്റെ സൗഹൃദ വലയത്തിലെ അംഗങ്ങൾ ആനന്ദ നിർവൃതിയണയുമെന്നൊക്കെ കണക്കു കൂട്ടി . അത് തന്നെ പല സുഹൃത്തുക്കൾക്കും അയച്ചു കൊടുത്തു . സന്തോഷിക്കട്ടെ എല്ലാവരും .. എന്നെ പോലെ ഒരു സുഹൃത്തിനെ ലഭിച്ചതിൽ അവർ അഭിമാനം കൊള്ളട്ടെ .. ഹമ്പട ഞാനേ ....
സുഹൃത്തുക്കളോടുള്ള കടമ നിറവേറ്റാനുള്ള ത്വരയിൽ എന്നെ സ്കൂളിൽ പഠിപ്പിച്ച ദിവാകരൻ മാഷിനും ആശംസ പോയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ മറുപടിയിൽ നിന്നും വ്യക്തമായി . മാഷിനെ കൂടാതെ വേറെ ആർക്കെങ്കിലും സന്ദേശം പോയിട്ടുണ്ടോ എന്ന് പരിശോദിക്കുമ്പോൾ ഞെട്ടി .
അതെ അവൾക്ക് പോയിട്ടുണ്ട് . എന്റെ ഭാര്യക്ക് . ദൈവമേ കയ്യീന്ന് പോയല്ലോ . ആ വ്യഗ്രതയിൽ സംഭവിച്ചു പോയതാണ് . പക്ഷെ മറ്റൊരാൾക്കാണ് സൗഹൃദ സന്ദേശം അയച്ചിരുന്നതെങ്കിൽ ഭയപ്പെടാനുണ്ടായിരുന്നില്ല . പക്ഷെ ഇവൾക്ക് ..... അവൾ എന്ത് പറയും .....
ഹൃദയത്തിൽ പെരുമ്പറ മുഴങ്ങി തുടങ്ങി .. ദൈവമേ അവളത് കാണരുതേ .....
സമയമങ്ങനെ ആരോടും പരിഭവം പറയാതെ കടന്നു പോയി . ഇല്ല ഇത് വരെ ഒരു മറുപടിയുമില്ല . ഒരു പക്ഷെ കണ്ടു കാണില്ല .. ഇനി കണ്ടാൽ തന്നെ അപ്പോൾ തന്നെ പ്രതികരിക്കേണ്ടതല്ലേ ?.... അടുത്ത വർഷത്തെ സൗഹൃദ ആഘോഷത്തിന് ഈ അബദ്ധം സംഭവിക്കാതെ നോക്കണം ..
മനസ്സിൽ ഞാൻ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നതിനിടയിൽ മൊബൈൽ ഫോൺ സ്‌ക്രീനിൽ അവളുടെ സന്ദേശം വന്നതായി കണ്ടു ..... ഹൃദയം പിടച്ചു ...
ആരാണ് പറഞ്ഞത് ഞാൻ ഹൃദയ ശൂന്യനാണെന്നു .... കേൾക്കുന്നുണ്ടോ എന്റെ ഹൃദയ താളം ........ .. ഞാൻ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു .. ഒരു പിണക്കം ഇന്നലെ തീർത്തതേയുള്ളു .. മറ്റൊന്ന് ഉണ്ടാക്കല്ലേ ദൈവമേ എന്ന് പ്രാർത്ഥിച്ചു ഞാൻ പതിയെ ഞാൻ അവളുടെ സന്ദേശം തുറന്നു നോക്കി .....
'' ങേ ............................................ !!!!!!!!!!!!!!!!!!!!!! ''
വെള്ളിടിയേറ്റ പോലെ നിന്ന ഞാൻ അവസാനം ആ വാചകം വായിച്ചു .. ഞാൻ എഴുതി പലർക്കും അയച്ചു കൊടുത്ത അതെ സൗഹൃദ സന്ദേശം ഒരു കടപ്പാട് പോലും വെക്കാതെ അവൾ അത് എനിക്കയച്ചിരിക്കുന്നു . അവളുടെ പ്രതികരണമില്ലായ്മയിൽ നിന്നും ഒന്ന് മനസ്സിലായി . ഞാൻ അയച്ചത് വായിക്കാതെ , ഞാൻ അയച്ചത് പോലെ തന്നെ കാടടച്ചു സന്ദേശം അയച്ചതാണവൾ ....
അടുത്ത '' ആഘോഷ ദിവസങ്ങളെ '' കുറിച്ചെഴുതാനായി ഞാനെന്റെ കാത്തിരിപ്പു തുടർന്നു .

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo