Slider

ഫ്രണ്ട്ഷിപ് ഡേ

0
ഫ്രണ്ട്ഷിപ് ഡേ
~~~~~~~~~~
ഫ്രണ്ട്ഷിപ് ഡേ ഫേസ്ബുക്കിലൂടെ ലൈക്കിന്റെയും കമെന്റിന്റെയും അകമ്പടിയോടെ ആഘോഷിച്ചു വരുമ്പോളാണ് ആകസ്മികമായി നല്ലൊരു സുഹൃത്തിനെ കിട്ടിയത്.
പൊതുവെ ഇൻബോക്സിൽ വരുന്ന ചോദ്യങ്ങൾക്കൊന്നും അവൾ മറുപടി കൊടുക്കാറില്ല.. എന്നിരുന്നാലും ഈ ചോദ്യങ്ങൾക്കൊക്കെ അവൾ മറുപടി കൊടുത്തു. കാരണം മറുവശത്തു തന്നോട് സംസാരിക്കുന്നത് ഒരു ഡോക്ടർ ആണ്. അവൾ അനുഭവിച്ചു വരുന്ന ഉയർന്ന രക്തസമ്മർദത്തെ പറ്റി മാത്രമായിരുന്നു ആ ചർച്ചകൾ. ഒരുപാട് നല്ല ഉപദേശങ്ങൾ.. ഒടുവിൽ ഡോക്ടർ അവൾക്കു ആവശ്യം വരുമ്പോൾ ഉപയോഗിക്കാനായി തന്റെ മൊബൈൽ നമ്പറും കൊടുത്തു. ഏതായാലും നമ്പർ അവൾ സൂക്ഷിച്ചു വെച്ചു. ഉച്ചക്ക് ഊണും കഴിഞ്ഞിരിക്കുമ്പോൾ അവൾ ഭർത്താവിനോട് കാര്യം അവതരിപ്പിച്ചു.
"ഏട്ടാ, ഇന്ന്ഞാൻ ഒരു ഡോക്ടറെ പരിചയപ്പെട്ടു".
"എങ്ങനെ ഇന്ന് ഞായറാഴ്ചയല്ലേ നീ വീട്ടിൽ തന്നെയുണ്ടായിരുന്നില്ലേ?"
"അതുപിന്നെ ഫേസ്ബുക്കിൽ കൂടി.."
"ഫേസ്ബുക്കിൽ കൂടിയോ!! ഒന്ന് പോടീ.."
"അതെന്നെ, ശരിക്കും ഡോക്ടർ.. എനിക്ക് വേണ്ട നിർദ്ദേശങ്ങളൊക്കെ തന്നു".
"എന്ത് നിർദേശങ്ങൾ?"
" രാവിലെ നന്നായി നടക്കണം.. മനസ്സ് എപ്പോഴും ശാന്തമായി വെക്കണം.. എന്നിങ്ങനെ"
"നിന്റെ മനസ്സിനിപ്പോ എന്താ അത്ര വലിയ പ്രശ്നം? ശാന്തതക്ക് എന്താ കുറവ്?"
"ഒന്നുമില്ല ഞാൻ പറഞ്ഞെന്നേയുള്ളൂ".. അവൾ ചാറ്റ് ഹിസ്റ്ററി ഭർത്താവിനെ കാണിച്ചു..
"ഓ എനിക്കൊന്നും കാണണ്ട"..
പുള്ളിക്ക് ഫേസ്ബുക്, വാട്സാപ്പ് ഇത്യാദി സൂക്കേടുകളൊന്നും ഇല്ലാത്തതുകൊണ്ടുതന്നെ ഇതൊക്കെ ഉപയോഗിക്കുന്ന ഭാര്യയോട് ഒരു പുച്ഛം ഇല്ലാതില്ല. ഇരുപത്തിനാലു മണിക്കൂറും ക്രിക്കറ്റും വാർത്തയും കണ്ടിരിക്കുന്ന ഒരു അരസികനായിപ്പോയല്ലോ ഈ മനുഷ്യൻ എന്ന് പലപ്പോഴും അവൾക്കു തോന്നിയിട്ടുണ്ട്.
"എനിക്ക് ഡോക്ടറെ ഒന്ന് വിളിച്ചാൽ കൊള്ളാമെന്നുണ്ട്".
"അതിനെന്തിനാ എന്റെ അനുവാദം? നീ നിന്റെ ഇഷ്ടം പോലെ ചെയ്തോ"..
മനസ്സിലെ താല്പര്യമില്ലായ്മ അത് പറയുമ്പോൾ മുഖത്തു തെളിഞ്ഞു കാണാമായിരുന്നു.
ചിലപ്പോൾ കുറച്ചു കഴിഞ്ഞു സമ്മതിക്കുമായിരിക്കും. ഏതായാലും അല്പം റസ്റ്റ് എടുക്കാമെന്ന് കരുതി ഒന്ന് കിടന്നു. മൊബൈൽ ചാർജ് ചെയ്യാനായി വെച്ചു. ഇടയ്ക്കെപ്പോഴോ ഒന്ന് കണ്ണ് തുറന്നപ്പോൾ അതാ.. എനിക്കൊന്നും കാണണ്ട എന്ന് പറഞ്ഞ കക്ഷി അവളുടെ മെസഞ്ചർ അരിച്ചു പെറുക്കുന്നു .
മിണ്ടാതെ പുറകിലൂടെ ചെന്ന് കഴുത്തിലൂടെ കയ്യിട്ടതും അയാൾ ഒന്ന് ഞെട്ടി. തിരിഞ്ഞു നോക്കി ഒരു കള്ളചിരിയും പാസാക്കി.
"രഹസ്യമൊക്കെ ഞാൻ ഡിലീറ്റ് ചെയ്തു.. ഇനി നോക്കീട്ടു കാര്യമില്ല"
"നീ പോടീ"..
അവർരണ്ടുപേരും പൊട്ടിച്ചിരിച്ചു. ഡോക്ടർ പറഞ്ഞ കാര്യം അവൾ വീണ്ടും മനസിലോർത്തു.. മനസ്സ് ശാന്തമായി വെക്കുക.
"എന്റെ മാത്രമല്ല.. നമ്മുടെ അല്ലെ?"
അവൾ ചോദിച്ചപ്പോൾ അതിനുത്തരമായി അയാൾ പറഞ്ഞു "നിനക്കിനിയും രണ്ടു കിലോ കുറയണം, നാളെ മുതൽ നമുക്ക് രാവിലെ നടക്കണം".
അപ്പോഴാ ഓർത്തത് ശരിക്കുള്ള തന്റെ ഫ്രണ്ടിനെ ഞാനിതുവരെ വിഷ് ചെയ്തില്ലല്ലോ എന്ന്..
"ഹാപ്പി ഫ്രണ്ട്ഷിപ് ഡേ മാഷെ" എന്ന് പറഞ്ഞതും അതിനു മറുപടിയായി മറുപക്ഷത്തുനിന്ന് കിടിലൻ ഒരു ചോദ്യം
"ഓ!!.. അങ്ങനെയും ഒരു ദിവസമുണ്ടോ?"

Uma Pradeep
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo