Slider

തൊണ്ടിമുതലും ദൃക്‌സാക്ഷിയും

0
തൊണ്ടിമുതലും ദൃക്‌സാക്ഷിയും
*********************************
മാളുവിന് പ്രൊജക്റ്റ് വർക്ക്.. കുറേ പണിയുണ്ട്.. രാത്രി വൈകി മോളെ സഹായിക്കാനിരുന്നതാ... അലാം വെക്കാൻ മൊബൈലെടുത്തപ്പോ വെറുതെ fb ലൊന്നു കേറി... തോണ്ടി തോണ്ടി അങ്ങനെ പോയപ്പോ ദാണ്ടെ വേറൊരു ഗ്രൂപ്പിൽ എന്റെ കഥക്ക് വേണ്ടി ഞാൻ ഗൂഗിളിന്നെടുത്ത ഇലയടയുടെ ചിത്രം... അതാണെങ്കിൽ കഴിഞ്ഞ മാസം ഒന്നാം തിയതി ഇട്ട പോസ്റ്റാ... ആർക്കോ റിപ്ലെ കൊടുത്തപ്പോ പൊങ്ങി വന്നതാ... അന്നേരം ഈ അടകണ്ടു നൊസ്റ്റു ആയി പലരും എന്നോട് ഓരോ ന്ന് പറഞ്ഞതാ... അപ്പഴേ ഞാൻ കരുതണമായിരുന്നു.... കുറച്ചു ഉപ്പും മുളകും മൊബൈലും കൂടി ഉഴിഞ്ഞു അടുപ്പിലിടാൻ..... ചെയ്തില്ല !!!
എന്റെ പിഴ എന്റെ മാത്രം പിഴ.....
അല്ലാ.. അപ്പൊ ആ ചിത്രം കണ്ടപ്പോ ഞാനിത് ഈ ഗ്രൂപ്പിലൊന്നും ഇട്ടട്ടില്ലല്ലോ എന്ന് ഓർത്തത്... വേഗം പോസ്റ്റുടമയെ നോക്കി...... ഒരു പാവം അണ്ണാൻ !!! പേര്.... ഒരു.................. വലിയ പേര് !
അണ്ണാനാണെങ്കിലും പേര് കൊള്ളാം.... എന്തോ വലിയ സംഭവാണെന്നൊക്കെ തോന്നും... പക്ഷേ എന്റെ അനുഭവം തന്നെ എങ്ങനെ ഈ അണ്ണാനു വന്നു ?? എനിക്ക് മനസ്സിലായില്ല !!!
അണ്ണാൻ മാർ അങ്ങനെയാണല്ലോ.... ? എന്തു കിട്ടിയാലും കടിച്ചു കൊണ്ടോയി മാളത്തിൽ വെക്കും... ഞാൻ പതുക്കെ എന്റെ അടയുടെ മണം പിടിച്ചുകൊണ്ട് ആ അണ്ണാന്റെ മാളത്തിലെത്തി....
ദോഷം പറയാൻ പാടില്ലാ ട്ടോ... കുറേ പേര് ലൈക്കിടന്നു... കമന്റിടുന്നു... അണ്ണാൻ കുഞ്ഞ്.... വളരെ വിനയ കുനിയയായി ചിലരോട് മറുപടി പറയുന്നു... ചിൽ... ചിൽ... എന്നല്ലാ ട്ടോ... നല്ല മംഗ്ളീഷില്... " അണ്ണാൻ കുഞ്ഞിനും തന്നാലായത് " പണ്ടു രണ്ടുവരകോപ്പിയില് രാധ ടീച്ചർ കുറേ എഴുതിച്ചതാ... അന്നൊന്നും മനസ്സിലായില്ല.... ഇപ്പൊ എല്ലാം മനസ്സിലാവണു...
ചിലർ അട ചോദിക്കുന്നു... അവരെ ഇല്ല, തരില്ല എന്നൊക്കെ പറഞ്ഞു പിന്തിരിപ്പിക്കുന്നു... (എങ്ങാണ്ടു ന്നെങ്ങാണ്ടുന്നോ മോട്ടിച്ചു കൊണ്ടോന്നതിപ്പോ ഇങ്ങക്ക് തരാമ്പറ്റൂലാ.... എന്ന് ധ്വനി )
ചിലര് എഴുത്തിനെ വാഴ്ത്തുന്നു... " ഓ... ഇതൊക്കെ എന്ത് "? ഇതിലും വലുത് ഞാൻ പൊക്കിട്ടുണ്ടല്ലോ എന്ന് ഭാവം... പുച്ഛം വാരി വിതറുന്നു....
( ഒന്നു കോപ്പി പേസ്റ്റ് ചെയ്യാനാണിത്ര പണി... എന്ന് അർഥം... അത് നുമ്മക്കറിയാലോ )
ഞാൻ എന്റെ പോസ്റ്റിൽ വന്ന് നോക്കി..... ഒന്നാം തിയതി പോസ്റ്റിതാണ്... അണ്ണാൻ കുഞ്ഞ് അത് കൃത്യം മൂന്നിന്റന്ന് അവിടെ പോസ്റ്റി...
ഓ... അപ്പൊ ഇത് എന്റെ പോസ്റ്റ് അവരെടുത്തതാണ്.... അല്ലാതെ അത് ഞാൻ എടുത്തതല്ല... ( ചിലപ്പോ നമുക്കു തന്നെ സംശയായിപ്പോവും )
എന്തായാലും കണ്ടതല്ലേ... ഒന്നു കുശലം പറയാതെ പോണതെങ്ങനെ ???
എന്തായാലും മ്മ്‌ടെ ഉള്ളിൽ നിന്നും വീണ വാക്കുകളല്ലേ അവ..... എങ്ങിന്യാ കണ്ടില്ലാന്ന് വെക്ക്യാ...
അങ്ങട് ചെല്ലാം ന്ന് വെച്ചപ്പോ അവിടെ ഗേറ്റ് പൂട്ടിക്ക്യാ.... ഉത്തരവാദിത്തപ്പെട്ടവര് വന്ന് തുറക്കണം.... വേഗം ധ്രുവത്തിലെ രുദ്രനെപ്പോലെ... നരസിംഹമന്നാടിയാരുടെ പരാതി മണി യൊന്നടിച്ചു.... നേര്യതും മുണ്ടും ധരിച്ച ഗൗതമിയെപ്പോലെ ഒരു ശാലീനസൗന്ദര്യം ആ വാതിൽ തുറക്കാൻ ഞാൻ കാത്തിരുന്നു... അപ്പോഴതാ... വാതിൽ തുറക്കണ ശബ്ദം... നോട്ടിഫിക്കേഷൻ മണിയടിയുടെ രൂപത്തിൽ...ഗ്രൂപ്പിന്റെ വാതില് തുറക്കാൻ വന്നിരിക്കുന്നു... ഗൗതമിയല്ല !!!! മ്മ്‌ടെ അണ്ണാൻ കുഞ്ഞ്... ( ചിലപ്പോ ആരാ ഓൺലൈനിലുള്ളത് അവരങ് തുറന്നു കൊടുത്തോണം എന്നാണ് )..
എന്നെ വേഗം അണ്ണാൻ കുഞ്ഞിന്റെ മാളത്തിലേക്കാനയിച്ചു.... ( കളിക്കളം സിനിമയില് മമ്മൂട്ടി വേഷം മാറി മോഷ്ടിക്കാൻ വന്നപ്പോ, പോലീസ് തടഞ്ഞതും... മ്മ്‌ടെ സ്വന്തം ആളാണ് ങ്ങട് വിട്ടോളാ... " എന്ന് പറഞ്ഞ് മമ്മൂട്ടിയെ ആനയിച്ചു കൊണ്ടുപോയ ഒടുവിലിനെ ഓർത്തു.... വെർതെ !!!
അവിടെ മാളത്തില് കമന്റ് കളുടെ ഇടയിൽ കേറി... ഹോ എത്ര സൂപ്പർ !!!! ഇതെന്നാ കഴിവാ... എന്നൊക്കെ വാരിവലിച്ചു പുകഴ്ത്തി....
ഇവിടൊന്നും നിൽക്കേണ്ട ആളല്ല... വേറെ എവിടയോ എത്തേണ്ട ആളാണെ എന്നൊക്കെ പൊക്കി പറഞ്ഞു... ഇതിലെ അസ്വാഭാവികത ചോദ്യം ചെയ്തൊരു ഷാരൂഖാനോട് കാര്യം പറഞ്ഞു... ഷാരൂഖാൻ പിന്നെ മിണ്ടിയില്ല...
എന്റെ കുറച്ചു നല്ലവരായ സുഹൃത്തുക്കൾ വന്നു...
പിന്നെ അവിടെ ഒരു ദുര്ഗാഷ്ടമി ആയിരുന്നു !!!
വിടമാട്ടെ !!! വിടമാട്ടെ !! എന്നും പറഞ്ഞ് അവിടെ ഒരു സംഹാരതാണ്ഡവം ആടി... അവിടന്ന് കുറച്ചു പടം പിടിച്ചു കൊണ്ടു പോന്നു... മ്മ്‌ടെ ചുവരില് തൂക്കാൻ....
ഇനി മേലാൽ അന്യന്റെ മുതല് ചൂണ്ടിക്കൊണ്ട് വരല്ലെന്ന് എഴുതി ഒട്ടിച്ചിട്ടിങ്ങ് പോന്നു...
അപ്പോഴേക്കും നല്ല നട്ടപ്പാതിരയായി... കള്ളന്മാർ കട്ടപ്പാരയുമായി കാക്കാനിറങ്ങണ നേരം.... ഞാൻ കിടന്നുറങ്ങി... ഇടക്ക് വെള്ളം കുടിക്കാൻ എണീറ്റപ്പോ സമയം നോക്കാനെടുത്ത മൊബൈലിൽ.... ആ ബ്രാഹ്മണ മുഹൂർത്തത്തിൽ..... ആ പോസ്റ്റ് പെട്ടെന്നപ്രത്യക്ഷമാവുന്നത് ഞാൻ കണ്ടു.... ഞാനേ കണ്ടുള്ളൂ.... ഞാൻ മാത്രേ കണ്ടുള്ളൂ !!!!
അണ്ണാനും വെള്ളം കുടിക്കാന്എണീറ്റതാവണം.... എന്തായാലും ഒന്നു തീർച്ച !!!ജഗ്ഗിലെ വെള്ളം മതിയായിക്കാണില്ലാ....
അങ്ങനെ സമാധാനത്തോടെ പുതിയൊരു പ്രഭാതത്തിനായ് ഞാനും ഉറക്കത്തിലേക്ക് ഊളയിട്ടു..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo