മഹാഭാരതം എന്ന ഇതിഹാസത്തിലെ കർണ്ണൻ എക്കാലവും എന്റെ ഹീറോ ആണ്. ഞാൻ ആരാധിക്കുന്ന കഥാപാത്രം.
ഞാൻ കർണ്ണൻ
•••••••••••••••••••••••••°°°°°°
•••••••••••••••••••••••••°°°°°°
രക്തം കുടിച്ചു ചുവന്ന ഭൂമി, കുരുക്ഷേത്ര ഭൂമി, വിലാപങ്ങളും ഞരക്കങ്ങളും ഉയരുന്നു എങ്ങും.. കർണ്ണൻ തന്റെ മാറിൽ തറഞ്ഞ ശരം വലിച്ചൂരി. ഇല്ല തെല്ലും വേദനയില്ല. രക്തം ചീറ്റുന്നു. തനിക്ക് അതിലും വേദനയുളവാക്കുന്നത് തന്റെ ചുറ്റിനും കൂടിനിൽക്കുന്ന ഈ അഞ്ചുപേരാണ്. തന്റെ ശത്രുക്കൾ, പഞ്ചപാണ്ഡവർ തലകുനിച്ചു നില്കുന്ന ഇവർ തനിക്ക് അസഹ്യത ഉളവാക്കുന്ന ഒരു കാഴ്ചയാണ്. തേരാളിയായ പാർത്ഥസാരഥി ആ സത്യം ഇവരോട് പറഞ്ഞു കാണണം. അതാവും കുറ്റബോധം നിറഞ്ഞ മുഖത്തോടെ ഉള്ള നിൽപ്പിന്റെ ഹേതു.
കർണ്ണൻ അസഹ്യതയോടെ തന്റെ കണ്ണുകൾ തുറന്നടച്ചു. എവിടെ ദുര്യോധനൻ, തന്റെ ആത്മമിത്രം, അല്ല കൂടെപ്പിറക്കാത്ത സഹോദരൻ,,മറ്റുള്ളവരുടെ കണ്ണിൽ ദുര്യോധനൻ നരാധമൻ ആയിരിക്കാം. തനിക്ക് അദ്ദേഹം ദേവതുല്യനാണ്. സൂതപുത്രൻ എന്ന വിളിപ്പേരിൽ നിന്നു മോചനം തന്ന് അംഗരാജ്യത്തിന്റെ രാജാവാക്കിയവൻ, തോളോട് തോൾ ചേർത്തവൻ, തന്റെ ജീവിതം എന്നും ദുര്യോധനന് കടപ്പെട്ടിരിക്കുന്നു. ഈ ജീവിതം ദുര്യോധനന് സമർപ്പിക്കപ്പെട്ടിരിക്കുന്നു. എവിടെ നീ മിത്രമേ, അതോ നിന്നെയും ചതിയിൽ വീഴ്ത്തിയോ പാണ്ഡവർ ?
കർണ്ണന്റെ ചുണ്ടിൽ ഒരു പരിഹാസച്ചിരി തെളിഞ്ഞു. എന്നിട്ട് അർജ്ജുനനോടായി പറഞ്ഞു.
"അല്ലയോ അർജ്ജുനാ, നീയോ വീരൻ.. ചെളിയിൽ പുതഞ്ഞ എന്റെ തേരുയർത്താൻ ശ്രമിക്കുന്നതിനിടെ ചതിയിൽ എന്നെ അമ്പെയ്തു വീഴ്ത്തിയ നീയോ വില്ലാളി വീരൻ ?നാളെ ലോകം മുഴുവൻ നിന്നെ വാഴ്ത്തിയാലും നിന്റെ നാമത്തിന്റെ മുകളിലെന്നും ഈ കർണ്ണന്റെ നാമം ഉയർത്തപ്പെടും ".
അര്ജുനൻ മൗനം അവലംബിച്ചതേയുള്ളു. പാർത്ഥസാരഥി പറഞ്ഞ വാക്കുകൾ ഉൾക്കിടിലമുളവാക്കുന്നതാണ്. കർണ്ണൻ തന്റെ സഹോദരനത്രെ, അങ്ങിനെയെങ്കിൽ താൻ പാപിയാണ്, കൊടും പാപി. ധർമ്മസംസ്ഥാപനത്തിനാണെന്നു കൃഷ്ണൻ ഗീതോപദേശം നടത്തിയെങ്കിലും തന്റെ പ്രിയപ്പെട്ടവരെ ഓരോരുത്തരെയാണ് താൻ ഈ രണഭൂമിയിൽ ഇല്ലായ്മ ചെയ്തത്. അര്ജുനൻ നിശ്വസിച്ചു.
സൂര്യദേവനും ഇന്ന് സങ്കടത്തിന്റെ ദിനമാണ്. തന്റെ മകനാണ് ഭൂമിയിൽ മരണം കാത്തു കിടക്കുന്നത് എന്ന ആ തിരിച്ചറിവിൽ അദ്ദേഹത്തിന്റെ മുഖം കൂടുതൽ ചുവന്നു. അന്ധകാരം പരക്കാൻ തുടങ്ങിയ ആ സമയത്ത് രണ്ടു നിഴലുകൾ കൂടെ തന്റെ സമീപം വന്നു ചേർന്നതുകണ്ട് കർണ്ണൻ മിഴികൾ പ്രയാസപ്പെട്ടു തുറന്നു. ഒന്ന് കുന്തിദേവി, പഞ്ചപാണ്ഡവരുടെ മാതാവ്, അല്ല കർണ്ണന്റെ മാതാവ്. പിന്നെ പാണ്ഡവരുടെ ഉറ്റ മിത്രം ശ്രീകൃഷ്ണനും.
യുദ്ധം തുടങ്ങുന്നതിന്റെ തലേന്ന് തന്നെ കാണാൻ വന്നിരുന്നു അമ്മ മഹാറാണി കുന്തി, അരുത്, യുദ്ധം ഒഴിവാക്കൂ എന്ന് അപേക്ഷിക്കാൻ, അത് തന്നോടുള്ള സ്നേഹം കൊണ്ടായിരുന്നോ ?അതേ എന്ന് വിശ്വസിക്കാൻ തനിക്കിപ്പോഴും പ്രയാസമാണ്. കാരണം പിറന്നയുടനെ താമരപ്പൂക്കൾ നിറഞ്ഞ കുട്ടയിൽ തന്നെ ആക്കി നദിയിലൂടെ ഒഴുക്കി വിടുമോ സ്നേഹമുള്ള ഒരമ്മ ?എല്ലാം കേട്ടതിനു ശേഷവും താൻ ഇത്രമാത്രം മൊഴിഞ്ഞു. മാതാശ്രീ, യുദ്ധാനന്തരവും താങ്കൾക്ക് അഞ്ചു മക്കൾ തന്നെ ഉണ്ടാകും.
"മകനേ "കുന്തി തേങ്ങി
"അരുത് എന്റെ മുൻപിൽ നിങ്ങൾ കരയരുത്"
കർണ്ണൻ കയ്യ് ഉയർത്തി.
"ആ കണ്ണീർ എന്റെ ഹൃദയത്തെ സ്പർശിക്കില്ല. കാരണം മാതാവ് എന്ന് നിനച്ചാൽ മനസ്സിൽ വരിക വളർത്തമ്മ രാധയാണ്, വാക്ക് പറഞ്ഞതുപോലെ നിങ്ങൾ ഇന്നും പഞ്ച സന്താനങ്ങളുടെ മാതാവാണ്"
മറുപടി പറയുവാനാവാതെ കുന്തി തേങ്ങി. പാണ്ഡവർ ശിരസ്സ് കുനിച്ചു. ശ്രീകൃഷ്ണൻ മാത്രം പുഞ്ചിരിച്ചു. കർണ്ണൻ മറ്റൊന്ന് കൂടിപ്പറഞ്ഞു.
"ഈ നിൽക്കുന്ന അർജുനന്റെ ജീവൻ എന്റെ ദാനമാണ്, കർണ്ണന്റെ ദാനശീലം പുകൾപെറ്റതാണ്. ചതിയിൽ എയ്ത ഈ അമ്പുകൾ പ്രാണനെടുത്താലും കുരുക്ഷേത്രയുദ്ധത്തിലെന്നും കർണ്ണൻ അജയ്യനായ യോദ്ധാവായിരിക്കും. ദയവുചെയ്ത് എല്ലാരും പോവുക, എന്നെ തനിച്ചു വിടുക"
അസഹനീയമായ വേദനയിലും കർണ്ണൻ ചിന്തിച്ചു. താനെങ്ങിനെയാണ് ഇത്ര ദാനശീലനായത് ?തനിക്ക് ലഭിക്കാതെ പോയ പലതും തന്നെ ദാനശീലനാക്കി. ഒരുവന് ആവശ്യപ്പെട്ടത് അല്ലെങ്കിൽ ആഗ്രഹിക്കുന്നത് ലഭിക്കാതെ വരുമ്പോൾ അല്ലെങ്കിൽ നിഷേധിക്കുമ്പോൾ ഉണ്ടാകുന്ന അളവറ്റ വേദന, അപമാനം തന്നെ ദാനശീലനാക്കി. തന്റെ മുൻപിൽ വരുന്നവരിൽ താൻ തന്നെത്തന്നെ കണ്ടു. അങ്ങിനെയല്ലേ ബ്രാഹ്മണവേഷം ധരിച്ചു വന്ന ദേവേന്ദ്രന് നഷ്ടപ്പെട്ടാൽ ആപത്താണെന്നറിഞ്ഞിട്ടും സ്വന്തം കവചകുണ്ഡലങ്ങൾ അഴിച്ചു നല്കിയത്....
അതുകൊണ്ട് തന്നെ കർണ്ണന്റെ ദാനമാണ് അർജുനന്റെ ജയം. ലോകൈക നാഥനായ കൃഷ്ണന് പോലും അതറിയാമായിരുന്നു. അതുകൊണ്ടാണല്ലോ ചെളിയിൽ പുതഞ്ഞുപോയ തന്റെ രഥമുയർത്താൻ ശ്രമിക്കുന്നതിനിടയിൽ തന്നെ അമ്പെയ്തു വീഴ്ത്താൻ അർജുനനോടാവശ്യപ്പെട്ടത്.
സൂര്യദേവൻ ഇന്നു ഭൂമിയിൽനിന്നും മറയാൻ മടിയുള്ളതുപോലെ കാണപ്പെട്ടു. വിളറിയ പ്രകാശം സന്ധ്യയുടെ വരവിനെ തടഞ്ഞു നിർത്തുന്നു.
സൂര്യദേവൻ ഇന്നു ഭൂമിയിൽനിന്നും മറയാൻ മടിയുള്ളതുപോലെ കാണപ്പെട്ടു. വിളറിയ പ്രകാശം സന്ധ്യയുടെ വരവിനെ തടഞ്ഞു നിർത്തുന്നു.
കർണ്ണൻ മിഴികളടച്ചു മരണം കാത്തു കിടന്നു. മനസ്സിലൂടെ തെളിയുകയാണ് നിരവധി ചിത്രങ്ങൾ. വളർത്തച്ഛനായ സൂതൻ അതിരഥൻ, മാതാവ് രാധ, ഗുരു പരശുരാമമഹർഷി. ഗുരുവിന്റെ മുന്പിലും താൻ ശാപം ഏറ്റുവാങ്ങേണ്ടവനായിത്തീർന്നു. വിദ്യ അഭ്യസിക്കാനുള്ള അടങ്ങാത്ത അഭിവാഞ്ഛ കൊണ്ട് താൻ പറഞ്ഞ ഒരു കള്ളം അദ്ദേഹത്തിന്റെ ശിഷ്യവാത്സല്യത്തിൽനിന്നു തന്നെ അകറ്റി.പലയിടങ്ങളിൽ നിന്നേറ്റ അപമാനം കൊണ്ടാണ് എന്ന് മനസിലാക്കിക്കാൻ തനിക്കും കഴിഞ്ഞില്ല. അളവറ്റ ഗുരുഭക്തി കൊണ്ടാണ് ഭ്രമരം തുളച്ചിട്ടും രക്തം വാർന്നൊഴുകിയിട്ടും അദ്ദേഹത്തെ ഉണർത്താത്തത് എന്ന് അദ്ദേഹവും ചിന്തിച്ചില്ല.
തനിക്ക് ഒന്നിലും പരാതിയില്ല. കർണ്ണന്റെ ജീവിതം എന്നും അവഹേളനങ്ങളും അവഗണനകളും നിറഞ്ഞതായിരുന്നു. പതിയെപ്പതിയെ അടുത്തു വരുന്ന മരണത്തിന്റെ പദശബ്ദം കാതോർത്തു കർണ്ണൻ കിടന്നു. ജീവിതത്തിലൊരിക്കലും തള്ളിപ്പറയാത്ത തോളോട് തോൾ ചേർത്ത ദുര്യോധനന് മനസ്സിൽ നന്ദി പറഞ്ഞുകൊണ്ട്, ക്ഷമിക്കു മിത്രമേ, താങ്കൾക്ക് തന്ന വാക്കുപോലെ അർജ്ജുനനെ കൊല്ലാൻ തനിക്ക് കഴിഞ്ഞില്ല എന്ന ക്ഷമാപണവുമായി...
തലകുമ്പിട്ടു നിൽക്കുന്ന പാണ്ഡവരെയോ തേങ്ങിക്കരയുന്ന കുന്തിദേവിയെയോ കർണ്ണൻ ലവലേശം ശ്രദ്ധിച്ചതില്ല. അല്പം മാറി ഒരു ഞരക്കം അപ്പോൾ കർണ്ണന്റെ കാതിൽ പതിച്ചു. അവിടേക്ക് ശ്രദ്ധിച്ചു. അതാ കിടക്കുന്നു ശരശയ്യയിൽ വന്ദ്യ പിതാമഹൻ ഭീഷ്മാചാര്യർ. കർണ്ണൻ ശബ്ദമില്ലാതെ മന്ദഹസിച്ചു. സൂര്യവംശത്തിലെ അജയ്യനായ യോദ്ധാവ്, സ്വച്ഛന്ദമൃത്യു എന്നിട്ടും മൗനമവലംബിച്ചു ഭീരുവിനെപ്പോലെ പലയിടത്തും മൂകസാക്ഷിയാകേണ്ടിവന്ന അദ്ദേഹത്തേക്കാൾ എത്രയോ ഭേദം തന്റെ ജീവിതം.
രക്തമൊഴുകിത്തീരാറായി മരണമേ വരിക, വന്നു നിൻ ദൃഢഗാത്രങ്ങളാൽ എന്നെ പുണരുക, ഇനി ഞാൻ ഉറങ്ങട്ടെ, ഒരിക്കലും ഉണരാത്ത ഗാഢനിദ്ര. കർണ്ണൻ പതിയെ കണ്ണുകൾ അടച്ചു. അതിനിടയിൽ കണ്ടു. ഇരുകയ്യും നീട്ടി തന്നെ ആശ്ലേഷിക്കാൻ നിൽക്കുന്ന സൂര്യദേവനെ, തന്റെ പിതാവിനെ. സ്വപ്നതുല്യവുമായി തോന്നി ആ തേജസ്സ്.
യുദ്ധമൊഴിഞ്ഞ ചോര മണക്കുന്ന വിലാപങ്ങളുടെ മാറ്റൊലി ഉയരുന്ന കുരുക്ഷേത്രഭൂമിയിൽ നിന്ന് കർണ്ണൻ യാത്രയാവുകയാണ്..അജയ്യനായ യോദ്ധാവ്, വീരൻ, ദാനശീലൻ, ലോകം എന്നും ആരാധനയോടെ മാത്രം ഓർമ്മിക്കുന്ന സൂര്യപുത്രൻ. മഹാഭാരതം എന്ന ഇതിഹാസത്തിലെ തിളക്കമാർന്ന അധ്യായങ്ങളുടെ ചൈതന്യവും പേറി..... നിദ്രയിലേക്ക്... നിത്യമാം നിദ്ര.
Anjali Mary

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക