ഫറോക്കില്‍ നിന്ന് പൊക്കുന്നിലേക്ക് പോവുന്ന മിനി ബസ്സായിരുന്നു എന്നെ ഞാനാക്കി മാറ്റിയത്..!
എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള തണുപ്പുള്ളൊരു പ്രഭാതം .
വീട്ടില്‍ നിന്ന് ബസ്സ് സ്റ്റാന്‍ഡിലേക്ക് ഞാന്‍ ധൃതിയില്‍ നടന്നു .
പതിവുപോലെ രാവിലെ എട്ടരക്കുള്ള മിനി ബസ്സായിരുന്നു എന്‍റെ ലക്ഷ്യം .
വര്‍ണ്ണാഭമായ കുപ്പായം ധരിച്ചും യൂണിഫോം ധരിച്ചും കിളികള്‍ സ്റ്റാന്‍ഡിനകത്ത് കൂട്ടം കൂടി നിന്ന് കലപില കൂട്ടുന്ന കാഴ്ച്ച എന്‍റെ കണ്ണിനും മനസ്സിനും കുളിരേകി .
ബസ്സ് വരുന്നതും കാത്ത് ഞാന്‍ നിന്നു . കൃത്യം എട്ടരക്ക് തന്നെ ബസ്സ് വന്നു . എട്ടര മണി ട്രിപ്പിലെ യാത്രക്കാര്‍ മുഴുവനും വിദ്യാര്‍ത്ഥികളായിരിക്കും എന്നുള്ളതിനാല്‍ കണ്ടക്ടര്‍ ആരെയും തടയാതെ പതിവുപോലെ ബസ്സിന്‍റെ ഡോര്‍ മലര്‍ക്കെ തുറന്നിട്ട് കൊടുത്തു .
കുട്ടികള്‍ ഓടി വന്ന് തിക്കി കുത്തി കയറി . ഇനി പുറത്തൂന്നൊരാള്‍ക്ക് കയറാന്‍ സ്ഥലമില്ലെന്ന് ഉറപ്പു വരുത്തി കണ്ടക്ടര്‍ ഡോര്‍ പാടുപെട്ടടച്ച് ബെല്ലടിച്ചു .
ഈ ബെല്ലടിക്ക് വേണ്ടിയാണ് ഞാന്‍ ബസ്സില്‍ കയറാതെ കാത്ത് നില്‍ക്കുന്നത്....!
പതിവുപോലെ ഒരാളു കൂടി കയറാനുണ്ടെന്നും പറഞ്ഞ് ഞാനോടി മുന്‍ ഡോറിലൂടെ ബസ്സില്‍ കയറി കൂടി .
ബസ്സിന്‍റെ മുന്‍ ഭാഗം മുഴുവന്‍ ഞാന്‍ സംതൃപ്തിയോടെ നോക്കി . മനസ്സും വയറും നിറഞ്ഞ പോലൊരു അവസ്ഥ എന്നില്‍ സംജാതമായി .
പ്രതീക്ഷിച്ചത് പോലെ പുറകിലേക്ക് നില്‍ക്കാന്‍ കണ്ടക്ടറുടെ ഉത്തരവ് വന്നു .
അത്തറിന്‍റേയും ഊദിന്‍റെയും കുട്ടിക്കൂറയുടേയും പരിമളം പരത്തുന്ന ആ സ്വര്‍ഗ്ഗവീഥിയിലൂടെ ഞെങ്ങി ഞെരുങ്ങി ഞാന്‍ ബസ്സിന് നടുവിലെ ആണ്‍ പെണ്‍ അതിരിലെത്തി .
എന്‍റെ കണ്ണുകള്‍ തിരയുകയായിരുന്നു . എന്‍റെ മൂക്കുകള്‍ മണം പിടിക്കുകയായിരുന്നു ,
പനങ്കുല പോലുള്ള മുടിയില്‍ നിന്ന് വരുന്ന കാച്ചെണ്ണ മണത്തെ ....!
ഞാന്‍ കണ്ടു . എന്നരികിലായി ആള്‍ക്കൂട്ടത്തിനിടയില്‍ കമ്പിയില്‍ ഏന്തി വലിഞ്ഞ് പിടിച്ച് നില്‍ക്കുന്ന അശ്വതിയെ ....!
എത്രയോ വട്ടം എന്നെ ആട്ടിയിരിക്കുന്നു , എത്രയോ വട്ടം എന്നെ പരിഹസിച്ചിരിക്കുന്നു . എന്നിട്ടും ഒരു തരിമ്പു പോലും ആവേശം എന്നില്‍ കുറഞ്ഞിട്ടില്ല .
ഞാനവളുടെ പുറകിലായി നിന്നു . അതറിഞ്ഞ അവളുടെ മാന്‍ പേട കണ്ണുകള്‍ പേടിച്ചരണ്ടത് പോലെ തോന്നി .
ഞാനാ മുടിയില്‍ മെല്ലെ കൈ ചേര്‍ത്ത് നിര്‍ത്താന്‍ നോക്കിയതും ഒരു ചെറു കുളിര്‍ക്കാറ്റവളുടെ മുടിയെ പാറിച്ചെന്‍റെ മുഖത്തോട്ടിട്ടു .
അവളുടെ മുടിയിലെ ആ കാച്ചെണ്ണ മണത്തിന് സ്നേഹത്തിന്‍റെ മണമായിരുന്നു , വാത്സല്ല്യത്തിന്‍റെ മണമായിരുന്നു .....!
തരളിതനായി ഞാന്‍ നിന്നു . മെല്ലെ അവളുടെ കാതിലേക്ക് ഞാന്‍ ചുണ്ടുകള്‍ അടുപ്പിച്ചു .
ഞാന്‍ --- അശ്വതീ , ഇന്നെങ്കിലും ഞാന്‍ ചോദിച്ചതിന് ഒരുത്തരം തരുമോ ?
അശ്വതി --- തനിക്ക് വട്ടുണ്ടോടോ ?
എന്‍റെ മനസ്സില്‍ മൂകത ചേക്കേറി . എങ്കിലും ഞാന്‍ തളര്‍ന്നില്ല .
ഞാന്‍ --- വേറൊന്നും വേണ്ട അശ്വതി . ഒരു ചെറിയ കഷ്ണം മാത്രം മതി ....!
അശ്വതി --- ഒന്ന് പോടോ .
ഒരുപാട് വേദനയോടെ ഞാനാ യാത്ര തുടര്‍ന്നു .
ഒരിക്കല്‍ കൂടി ഞാനവളെ വിളിച്ചു . രൂക്ഷമായ ഒരു നോട്ടമായിരുന്നു അവളില്‍ നിന്ന് വന്നത് .
പെട്ടെന്നായിരുന്നു മുകളിലെ കമ്പിയില്‍ പിടിച്ച എന്‍റെ ഇടം കയ്യിലേക്ക് എന്തോ അരിച്ചിറങ്ങുന്നത് പോലെ തോന്നിയത് .
കമ്പിയിലേക്ക് നോക്കിയപ്പോള്‍ മനോഹരമായ ഒരു കൈ എന്‍റെ കൈക്കരികില്‍ തൊട്ടു തൊട്ടില്ലാന്നുള്ള മട്ടില്‍ നില്‍ക്കുന്നു .
അധികം വൈകാതെ ആ കൈ പതിയെ പതിയെ എന്‍റെ വിരലുകളെ പൂര്‍ണ്ണമായും വരുതിയിലാക്കി കഴിഞ്ഞിരുന്നു ...!
എന്‍റെ അടി വയറ്റീന്നൊരു കാളലുണ്ടായി .
ഇതാരണപ്പാ എന്‍റെ കൈ മുറുക്കി പിടിച്ചിരിക്കുന്നതെന്നറിയാന്‍ ഞാന്‍ മെല്ലെ തല വെട്ടിച്ച് നോക്കി .
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞത് പോലെ മുഖമുള്ളൊരുത്തന്‍ ......!
എന്നെ കണ്ടതും അയാള്‍ടെ പുരികവും ചുണ്ടുകളും വക്രിച്ച് നിന്നു . ചുണ്ടിലൊരു മന്ദസ്മിതവും നിറഞ്ഞു .
കൈ ഞാന്‍ വലിച്ചൂരി മാറ്റി പിടിച്ചു . പിന്നെ ഒരു നിമിഷം രംഗം നിശബ്ദം . എങ്കിലും എന്‍റെ മനസ്സിലെ ആശങ്ക ഒഴിഞ്ഞ് പോയില്ല .
കാച്ചെണ്ണ മണം മൂക്കിലേക്ക് വീണ്ടും ശക്തിയായി അടിച്ചപ്പോള്‍ സകലതും മറന്നു ഞാന്‍ .
ഞാന്‍ -- അശ്വതി , പ്ലീസ് അശ്വതീ , ഒരു കഷ്ണം .
അത് പറഞ്ഞ് നാവ് വായയിലിട്ടതും പുറകെ നിന്ന് ഒരു കിളി ശബ്ദം .
ഉരുളകിഴങ്ങ് മോറന്‍ -- പോരുന്നോ ?
ഞാന്‍ -- എങ്ങോട്ട് ?
ഉരുളകിഴങ്ങ് മോറന്‍ -- കോറണേഷനില്‍ നല്ല പടം കളിക്കുന്നുണ്ട് .
അതും പറഞ്ഞ് ഓന്‍ എന്‍റെ ദേഹത്തേക്കൊരു ശൃംഗാര മുട്ടല്‍ ....!
അപ്രതീക്ഷിതമായ ആ മുട്ടലില്‍ എന്‍റെ ബാലന്‍സ് ചെറുതായൊന്ന് തെറ്റി . ഞാനൊന്ന് അശ്വതിയുടെ ദേഹത്തേക്ക് ചാഞ്ഞു .
അശ്വതി -- എടോ തനിക്കെന്താടോ വേണ്ടത് ?
ആ ചോദ്യം ഞാന്‍ ഉരുളക്കിഴങ്ങ് മോറന് നേരെ പാസ്സ് ചെയ്യാനായി തിരിഞ്ഞു .
ഞാന്‍ -- തനിക്കെന്താടോ വേണ്ടത് ?
ഉരുളകിഴങ്ങ് മോറന്‍ -- എന്തും തരുമോ ?
അതിനുത്തരമായി ഒരാട്ട് ആട്ടാന്‍ നാവ് തരിച്ച് നിന്നപ്പോഴേക്കും തന്‍റെ ചോദ്യത്തിനുള്ള ഉത്തരത്തിനായി അശ്വതി പുരികം വളച്ച് എന്‍റെ നേരെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു .
ആകെ കൂടി പരവേശം കൊണ്ടു ഞാന്‍ . കയ്യും കാലും വിറച്ചു . സ്വര്‍ഗ്ഗത്തിനും നരകത്തിനും ഇടയില്‍ പെട്ട അവസ്ഥ ..!
ഞാന്‍ -- എന്തും തരുമോ അശ്വതീ...
ആ ചോദ്യം ഉരുളകിഴങ്ങ് മോറന്‍റെ ചോദ്യം മനസ്സില്‍ കിടന്ന് കളിച്ചതിന്‍റെ പ്രതിഫലനമായിരുന്നു . എന്‍റെ വൃത്തികെട്ട ആ ചോദ്യം കേട്ട് ഇന്നേ വരെ കാണാത്ത ഒരു രൗദ്ര ഭാവം അശ്വതിയുടെ വദനത്തില്‍ കണ്ടു .
ഞാന്‍ --സോറി അശ്വതീ , പറഞ്ഞത് മാറിപ്പോയതാണ് . എനിക്കത് ഒരു കഷ്ണമല്ലാതെ വേറൊന്നും വേണ്ട അശ്വതീ ...
പെട്ടെന്നാണ് കാലിലെന്തോ അരിക്കണത് പോലെ തോന്നിയത് . നോക്കിയപ്പോള്‍ ഉരുളക്കിഴങ്ങ് മോറന്‍റെ കാല്‍വിരല്‍ പ്രയോഗമാണ് .
ഞാന്‍ --- തനിക്കൊന്നും നാണമില്ലേടോ ?
ഉരുളകിഴങ്ങ് മോറന്‍ -- നല്ല ചുണ്ടാട്ടോ .
ഞാന്‍ -- ചുണ്ട് മാത്രമല്ലടാ വെറെ പലതും ഉണ്ട് .
എനിക്കടിമുടി കലി കയറി .
ഉരുളകിഴങ്ങ് മോറന്‍ -- ചൂടാവുമ്പോ നല്ല ലുക്കാ ചുള്ളാ അണക്ക് .
ഓനെ ആ ബസ്സിലിട്ട് തന്നെ ചവുട്ടി കൂട്ടാന്‍ തോന്നി . പക്ഷെ എന്ത് പറഞ്ഞാലും ഒരു ഉളുപ്പുമില്ലാതെ ഓന്‍ എന്നെ തന്നെ മണത്ത് നിന്നു .
ലാസ്റ്റ് സ്റ്റോപ്പെത്താറായി . ഞാന്‍ ഒന്നൂടെ അശ്വതിയോട് ചോദിച്ചു , ഒരേ ഒരു കഷ്ണം തരുമോ ?
കണ്ണെല്ലാം നിറച്ച് വേദനയോടെയാണവള്‍ തിരിഞ്ഞെന്നെ നോക്കിയത് . അവളുടെ ആ നോട്ടം അതേ പടി പകര്‍ത്തി ഞാന്‍ ഉരുളകിഴങ്ങ് മോറനേയും നോക്കി .
ഒരു കൂസലുമില്ലാത്ത അയാള്‍ എനിക്കൊരു പറക്കണ ഉമ്മ തന്നു ...!
ബസ്സിറങ്ങി ഞാന്‍ നടന്നു . പക്ഷെ ഇന്നേ വരെ തോന്നാത്ത ഒരു നിസ്സഹായത എന്നില്‍ അപ്പോഴേക്കും ചേക്കേറി കഴിഞ്ഞിരുന്നു .
ആ ഒരുളക്കിഴങ്ങ് മോറന്‍റെ മുഖവും ചിരിയും വര്‍ത്തമാനവും പെരുമാറ്റവും ഒരറപ്പ് പോലെ മനസ്സില്‍ കിടന്നു തികട്ടി .
വൈകുന്നേരം വീട്ടിലെത്തിയിട്ടും ഉരുളകിഴങ്ങ് മോറന്‍റെ മുഖവും അശ്വതിയുടെ വിങ്ങിപ്പൊട്ടാന്‍ തയ്യാറായി നില്‍ക്കുന്ന മുഖവും മനസ്സില്‍ കിടന്ന് മിന്നി മിന്നി മാഞ്ഞു .
കുളിമുറിയില്‍ കയറി കുറെ നേരം തലയിലൂടെ വെള്ളമൊഴിച്ചു നിന്നു . സോപ്പ് തേച്ച് കുളിക്കുമ്പോള്‍ ആ ഒരുളക്കിഴങ്ങ് മോറന്‍ തൊട്ട കയ്യും കാലും ഞാന്‍ തേച്ചുരച്ച് കഴുകി .
കുളി കഴിഞ്ഞിട്ടും അപമാനിക്കപ്പെട്ടവന്‍റെ മനസ്സായിരുന്നു എനിക്ക് .
ഒരു പരിചയമില്ലാത്തവന്‍ എന്‍റെ സമ്മതമില്ലാതെ എന്‍റെ ദേഹത്ത് ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചത് എനിക്ക് ഉള്‍ക്കൊള്ളാനാവുമായിരുന്നില്ല .
അവനെ അങ്ങ് കുത്തി കൊന്നിട്ട് ജയിലില്‍ പോകുന്നതായിരുന്നു ഇതിലും അന്തസ്സെന്ന് തോന്നിപ്പോയി .
എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല . തിരിഞ്ഞും മറിഞ്ഞും കിടന്നു .അതിനിടയില്‍ എപ്പോഴോ ഞാനുറങ്ങിപ്പോയി . പിന്നെ എന്തോ ദുസ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നതേ ഓര്‍മ്മയുള്ളൂ .
ഒരു പാത്രം വെള്ളം കുടിച്ചിട്ടും തൊണ്ട വരളുന്നത് പോലെ തോന്നി . എണീറ്റ് കണ്ണാടിയുടെ മുന്നില്‍ പോയി ഞാന്‍ എന്നെ തന്നെ നോക്കി നിന്നു .
ആ നോട്ടം അധിക നേരം നീണ്ടില്ല . ഒരു ഞെട്ടലോടെ ഞാന്‍ മുഖം തിരിച്ചു .
കണ്ണാടിയില്‍ അശ്വതി......!
ഞാന്‍ ഒന്നൂടെ നോക്കി . എന്‍റെ മുഖത്തിന് പകരം അശ്വതിയുടെ മുഖം . എല്ലാ വേദനയും സങ്കടങ്ങളും ഉള്ളിലൊതുക്കി നിസ്സഹായയായി അവളെന്നെ നോക്കി കണ്ണില്‍ വെള്ളം നിറച്ചു നില്‍ക്കുന്നു .
ഈശ്വരാ എന്ന വിളിയോടെ ഞാന്‍ കട്ടിലിലേക്ക് വീണു . തലയിണയില്‍ മുഖമമര്‍ത്തി .
ഞാനിന്ന് നേരിട്ട അപമാനം എത്രയോ കാലമായി അവളെന്നില്‍ നിന്നും നേരിടുന്നു . ഒന്ന് പ്രതികരിക്കാനാവാതെ എല്ലാം സഹിച്ച് എത്ര നാളായി അവളിങ്ങനെ .... !
ആ പാവം എത്രയെത്ര രാത്രികളില്‍ ഇത് പോലെ പൊട്ടി കരഞ്ഞിരിക്കണം , എത്രയോ വട്ടം ഞെട്ടിയുണര്‍ന്നിട്ടുണ്ടാവണം ....!
എനിക്കെന്നോട് തന്നെ പുച്ഛം തോന്നി . കുറ്റബോധത്താല്‍ എന്‍റെ തല കുനിഞ്ഞു . ഞാനുറക്കെ അലറി . അന്നെനിക്കുറങ്ങാനായില്ല .
രാവിലെ 8 മണിക്കുള്ള ബസ്സിനായി ഞാന്‍ വീട്ടില്‍ നിന്നിറങ്ങി .
ബസ്സ് സ്റ്റാന്‍റിലെ ഒരു കാഴ്ച്ചകളും എന്നെ മോഹിപ്പിച്ചില്ല . ഞാന്‍ മിനി ബസ്സ് കാത്ത് നിന്നു .
ബസ്സ് വന്നു . പതിവുപോലെ ബസ്സ് എടുക്കാറായപ്പോള്‍ ഞാന്‍ ഓടി കയറി .
അത്തറിന്‍റെ മണമോ ഊദിന്‍റെ സുഗന്ധമോ കുട്ടിക്കൂറയുടെ പരിമളമോ എന്നെ തരളിതനാക്കിയില്ല . കാച്ചെണ്ണയുടെ മണം എന്‍റെ മൂക്കുകള്‍ തേടിയില്ല .
എന്‍റെ കണ്ണുകള്‍ അവളെ തിരഞ്ഞു . പുറകിലെ കമ്പിയുടെ ഓരത്ത് ഞാന്‍ കണ്ടു , എന്നെ കണ്ട് പേടിച്ചരണ്ട ആ രണ്ട് മാന്‍ മിഴികളെ .
തിക്കി തിരക്കി ഞാന്‍ അവളുടെ പുറകിലെത്തി .
ഞാന്‍ -- അശ്വതീ .
എന്നും കേള്‍ക്കുന്ന എന്‍റെ ആ വിളിയില്‍ അവളുടെ ശ്രദ്ധ വേദനയോടെ എന്നിലേക്ക് നീളുന്നത് ഞാനറിഞ്ഞു .
ഞാന്‍ --- അശ്വതി എന്നോട് ക്ഷമിക്കണം . കുറെ ഞാന്‍ വിഷമിപ്പിച്ചിട്ടുണ്ട് . ഇനി ഞാന്‍ അശ്വതിയെ ബുദ്ധിമുട്ടിക്കില്ല . എന്‍റെ തെറ്റെനിക്ക് മനസ്സിലായി .
വാക്കുകള്‍ കിട്ടാതെ പരിഭ്രമിച്ച എന്‍റെ കൈവിരലിലേക്ക് എന്തോ അരിച്ചു കയറി ..!
പുറം തിരിഞ്ഞ് നോക്കിയ എന്നെ നോക്കി ചിരിക്കുന്നു ഇന്നലെ കണ്ട ആ ഉരുളകിഴങ്ങ് മോറന്‍ ....!
എന്‍റെ സകല നിയന്ത്രണവും പോയി . ഒരൊറ്റ തിരിയലില്‍ ഞാനയാളുടെ ഷര്‍ട്ടിന്‍റെ കോളറില്‍ പിടിച്ചു .
ഞാന്‍ --- എടാ , ഞാനൊരാണായിട്ടാണ് ജനിച്ചത് , ഒരാണായിട്ട് തന്നെ മരിക്കുകയും ചെയ്യും . താല്പര്യമില്ലാത്ത ആരുടേയെങ്കിലും അടുത്ത് ഇതുപോലുള്ള കോപ്രായങ്ങളുമായി ഇനി നീ ചെന്നാല്‍ അന്‍റെ പള്ളക്ക് ഞാന്‍ കത്തി കേറ്റും നായിന്‍റെ മോനെ .
ഇന്നലത്തെ മന്ദസ്മിതമോ ലാസ്യഭാവമോ അവന്‍റെ മുഖത്ത് കണ്ടില്ല . ഞൊടിയിടയില്‍ അവന്‍ പുറകിലേക്ക് വലിഞ്ഞു .
വല്ലാത്തൊരു ധൈര്യം തോന്നി . എല്ലാം കണ്ടും കേട്ടും നിന്ന അശ്വതിയുടെ അരികിലേക്ക് ഞാന്‍ നിന്നു .
ഞാന്‍ -- ഞാന്‍ അടുത്ത സ്റ്റോപ്പിലിറങ്ങും അശ്വതീ , ഇനി ഞാന്‍ വരില്ല , എല്ലാത്തിനും മാപ്പ് , പിന്നെ അശ്വതീ , നിന്‍റെ മുടിക്ക് എന്‍റെ അമ്മയുടെ മണമാണ് .. അതോണ്ടാണ് ഞാന്‍...
കണ്ണുകള്‍ നിറഞ്ഞത് കാരണം വാക്കുകള്‍ മുഴുമിക്കാനെനിക്കായില്ല .
സ്റ്റോപ്പിലിറങ്ങി മുന്നോട്ട് നടന്നു . എന്‍റെ ഓരോ ചുവടിലും അഭിമാന ബോധം നിറഞ്ഞിരുന്നു . തെറ്റ് തിരുത്തിയവന്‍റെ തന്‍റേടം ഉണ്ടായിരുന്നു .
പിന്നെയും രാവിലെ എട്ടര മണികള്‍ വന്നു . സ്റ്റാന്‍ഡില്‍ മിനി ബസ്സും വന്നു . പക്ഷെ പിന്നീടൊരിക്കലും ബസ്സ് നിറയാന്‍ ഞാന്‍ കാത്തു നിന്നില്ല .
ഞാന്‍ ആരേയും അനാവശ്യമായി ദര്‍ശിച്ചില്ല , സ്പര്‍ശിച്ചില്ല . അതുകൊണ്ട് തന്നെ എന്നെ ആരും അനാവശ്യമായി സ്പര്‍ശിച്ചില്ല .... !
ഒരു ദിവസം ബസ്സ് യാത്രയില്‍ എന്‍റെടുത്ത് ഒരു പെണ്‍കുട്ടി വന്നു നിന്നു . എന്നെ അറിയുന്ന , ഞാന്‍ അറിയുന്ന ഒരു കുട്ടി .
എന്നെ നോക്കി പുഞ്ചിരിച്ചവള്‍ ഒരു പൊതി എന്‍റെ നേര്‍ക്ക് നീട്ടി , അശ്വതി തന്നു വിട്ടതാണെന്ന് പറഞ്ഞു .
ആ പൊതി ഞാന്‍ വീട്ടിലെത്തി തുറന്ന് നോക്കിയത് ത്രിസന്ധ്യ നേരത്തായിരുന്നു .
അശ്വതിയുടെ മുടി തുമ്പും കൂടെ കുറച്ച് തുളസികതിരും .....!
ഇതിന് വേണ്ടി എത്രയോ വട്ടം ഞാനവളുടെ പിറകെ അലഞ്ഞിട്ടുണ്ട് . എന്നിട്ടും കിട്ടാത്തത് ഇന്നെന്‍റെ കൈക്കുള്ളില്‍ ...!
എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല .
നിറഞ്ഞ കണ്ണാലെ ഞാനാ മുടിതുമ്പെടുത്ത് മുഖത്തോട് ചേര്‍ത്തു . തുരു തുരെ മണത്തു . എന്‍റെ കണ്ണുകള്‍ അണപൊട്ടിയൊഴുകി .
ഞാന്‍ ഓടി ചെന്ന് ആ മുടി തുമ്പ് ആവേശത്തോടെ അമ്മക്ക് കാണിച്ചു കൊടുത്തു . അമ്മ സന്തോഷത്തോടെ എന്‍റെ മുടിയില്‍ തലോടി .
അമ്മ -- മോന്‍ ആ കുട്ടിയെ ഒരുപാട് വേദനിപ്പിച്ചല്ലേ , പാടില്ല മോനേ , ഒരു പെണ്‍കുട്ടിളേയും നിങ്ങള്‍ ആണ്‍ കുട്ടികള് വേദനിപ്പിക്കാന്‍ പാടില്ല .
ഞാനമ്മയുടെ മുന്നില്‍ കൈക്കൂപ്പിയിരുന്ന് തെറ്റേറ്റു പറഞ്ഞു . എന്നെ പിടിച്ചെഴുന്നേല്പിച്ചു അമ്മ .
അമ്മ -- അവരെയൊക്കെ സംരക്ഷിക്കാന്‍ നിങ്ങള്‍ ആണ്‍കുട്ടികളല്ലേ ഉള്ളൂ , അവരെയൊക്കെ സ്നേഹിക്കണം മോന്‍ , ബഹുമാനിക്കണം മോന്‍ , സംരക്ഷിക്കണം മോന്‍ , അവരുടെ കണ്ണീരീ മണ്ണില്‍ വീഴ്ത്തരുത് . അതീ ഭൂമി താങ്ങില്ല മോനേ.. പകരം അവരെ സ്നേഹിച്ചാല്‍ , സംരക്ഷിച്ചാല്‍ ഈ ഭൂമി എല്ലാം കൊണ്ട് വന്ന് തരും ഈ മക്കള്‍ക്ക് , ദേ ഇതുപോലെ .
പൊട്ടി കരഞ്ഞ് നിന്ന എന്‍റെ മുഖത്തേക്ക് ജനവാതിലിലൂടെ ഇളം കാറ്റ് വീശിയടിച്ചു . അതെന്നെ ഉണര്‍ത്തി . ജനവാതിലിനരികിലേക്ക് ഞാനോടി . ചുറ്റും നോക്കി . ആരെയും കണ്ടില്ല ...!
കയ്യിലെ പൊതിയിലെ മുടി തുമ്പ് നെഞ്ചോട് ചേര്‍ത്ത് വച്ച് ഞാനുറക്കെ വിളിച്ചു , അമ്മേന്ന് .
ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ആ വലിയ ഫോട്ടോയിലിരുന്ന് എന്‍റെ അമ്മ എന്നെ നോക്കി ഇരു കയ്യുയര്‍ത്തി അനുഗ്രഹിക്കുന്നത് പോലെ തോന്നിയെനിക്ക്....!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക