Slider

*ഞാൻ അഭിനവ് മുകുന്ദിനൊപ്പം: ലജ്ജിക്കുന്നു,ഈ ദുരവസ്ഥയിൽ*

0


രണ്ടു ദിവസങ്ങളിലായി സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാണ്, ഇപ്പോൾ ശ്രീലങ്കൻ പര്യടനത്തിലുള്ള ഇന്ത്യൻ ടീമംഗം അഭിനവ് മുകുന്ദിന്റെ ട്വിറ്റർ പോസ്റ്റ്. കറുത്ത നിറമായതിന്റെ പേരിൽ വർഷങ്ങളായി അധിക്ഷേപം സഹിക്കേണ്ടി വന്നിട്ടുണ്ടെന്ന ഈ തമിഴ്നാട്ടുകാരന്റെ തുറന്നു പറച്ചിൽ ഇന്നത്തെ കാലഘട്ടത്തിലും ജാതീയ വർണ്ണാധിക്ഷേപം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുവെന്നതിന്റെ നേർ കാഴ്ചയാണ്.ഈ അധിക്ഷേപത്തിന്റെ അവസാന കണ്ണിയായി രോഹിത് വെമുല ആത്മാഹൂതി ചെയ്തതിന്റെ നീറുന്ന ഓർമ്മകൾ നമ്മിൽ നിന്നും മായുന്നതിന്റെ മുൻപേയുള്ള ഈ തുറന്നു പറച്ചിൽ ഓരോ ഭാരതീയന്റെയും നെഞ്ചിലേറ്റ മുറിവുകളിലൊന്നാണ്.

യൂറോപ്പിൽ പരക്കെയും മറ്റു ചില അമേരിക്കൻ രാജ്യങ്ങളിലും നിൽക്കുന്ന വംശീയാധിക്ഷേപത്തിന്റെയും വർണ്ണവെറിയുടെയും പുതിയ മുഖം നമ്മുടെ നാട്ടിലും അരങ്ങു തകർക്കുന്നുവെന്നത് ഏറെ ഉൽക്കണ്ഠയോടെയേ നമുക്കു നോക്കി കാണാനാകൂ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതരത്വ രാജ്യമായ നമ്മുടെ നാട്ടിലെ സാംസ്ക്കാരിക സംസ്കൃതി ചോദ്യചിഹ്നമായി അവശേഷിക്കുന്ന തരത്തിലേയ്ക്കുള്ള ഇന്നിന്റെ പോക്ക് ശുഭോദർക്കമല്ലെന്നു മാത്രമല്ല; ആഗോള സമൂഹത്തിൽ ഇന്ത്യയുടെ പ്രതിഛായയ്ക്ക് ഇത്തരത്തിലുള്ള സംഭവങ്ങൾ കരിനിഴൽ വീഴ്ത്തുമെന്ന് തീർച്ച.

വീണ്ടും ഒരു സ്വാതന്ത്യദിനാഘോഷ പരിപാടികൾക്ക് നാം സാക്ഷ്യം വഹിക്കാൻ പോകുകയാണ്. മൂവർണ്ണ കൊടിയിലെ ദേശീയതയുടെ വൈകാരികതക്കൊപ്പം ജാതി മത വർണ്ണ ചിന്തകളുടെ ബഹിർസ്ഫുരണമില്ലാത്ത ദിനങ്ങളാകണം ഇനി നമ്മുടെ ഭാരതത്തിൽ. ജാതിയുടേയുംമതത്തിന്റേയും നിറഞ്ഞിന്റെയും പേരിലുള്ള വേർതിരിവുകൾക്കപ്പുറത്തേയ്ക്ക് ഏവരേയും മനുഷ്യനായി കാണാനും പരസ്പര ബഹുമാനത്തിന്റെ ഉദാത്ത മാതൃക പ്രകടിപ്പിക്കാനുമുള്ള അഭിവാഞ്ചയാകട്ടെ ഈ സ്വാതന്ത്ര്യ ദിന അനുസ്മരണങ്ങളിൽ നിഴലിക്കേണ്ടത്. സ്വന്തം മതത്തിലും ജാതിയിലും നിറത്തിലും സൗന്ദര്യത്തിലും അഭിമാനിക്കുന്നതോടൊപ്പം മറ്റുള്ളവന്റെ ജാതിയും നിറവും അംഗീകരിക്കാനും ബഹുമാനിക്കാനും പരിശീലിക്കുന്നതോടൊപ്പം വരും തലമുറയെ ഈ സംസ്കാരം പഠിപ്പിക്കുന്നതിനുള്ള ബാധ്യതയും നാമേറ്റെടുക്കേണ്ടതുണ്ട്. അമ്പലക്കാരനെന്നോ പള്ളിക്കാരനെന്നോ വെളുത്തവനോ കറുത്തവനോയെന്നോ മുദ്രകുത്താതെ സഹജീവികളായി കാണാനുള്ള നിലവാരം എന്ന് നമ്മിലുണ്ടാകുന്നുവോ, അന്നേ നമ്മുടെ നാടിന്റെ സ്വാതന്ത്യത്തിന് നൻമയുടെ മേൻമയും ഭരണഘടനാ തത്വങ്ങളുടെ പ്രായോഗികതയുമുണ്ടാകുകയുള്ളൂ. കുഞ്ഞുണ്ണി മാഷിന്റെ വരികളിൽ പറയുന്ന പോലെ

"ഒന്നെന്നെഴുതാൻ ചെരിയേണ്ട ഇടതോട്ട്
ചെരിയേണ്ട വലതോട്ട്
ചെറിയൊരു കുറിയൊരു
നേർ വരമാത്രം
ഒന്നായാൽ നന്നായി
നന്നായാൽ ഒന്നായി "
നമുക്കും ഈ സ്വാതന്ത്ര്യ ദിന സ്മരണകളിൽ ഐക്യത്തിന്റെ സാഹോദര്യത്തിന്റെ കണ്ണികളാകാം.

*# രാജ്യം അഭിനവിനൊപ്പം*
ഡോ.ഡെയ്സൻ പാണേങ്ങാടൻ, തൃശ്ശൂർ

Dr.Daison Panengaden, St.Thomas College, Thrissur
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo