Slider

***ചേച്ചിയമ്മയും കൊച്ചമ്മയും***

0
***ചേച്ചിയമ്മയും കൊച്ചമ്മയും***
രാവിലെ ഉറക്കമെഴുന്നേറ്റ് കണ്ണും തിരുമ്മി വന്നപ്പോഴാണ് ചേച്ചിയമ്മ വഴി ഒരു അറിയിപ്പ് ..
"കൊച്ചേ അപ്രത്തെ ത്രേസ്യ കൊച്ചമ്മേടെ അച്ഛൻ മരിച്ചു .നമുക്ക് കാണാൻ പോകണം. പെട്ടന്ന് പണിയൊക്കെ തീർക്കണം.. "
" ശരി ചേച്ചിയമ്മേ " അതും പറഞ്ഞ് ഞാൻ അടുക്കളയിലേക്ക് കയറി..
ഞങ്ങളുടെ അയൽവക്കക്കാരിയും സർവ്വോപരി ചേച്ചിയമ്മയുടെ അടുത്ത കൂട്ടുകാരിയും ആണ് ത്രേസ്യക്കൊച്ചമ്മ .. കെട്ടിക്കൊണ്ടു വന്ന നാൾ മുതൽ രണ്ടു പേരും ഭയങ്കര കൂട്ട് .. ഡോറയേം ബുജിയേം പോലേ... അക്കുവിനേം ഇക്കുവിനേം പോലെ ..
മിക്കവാറും ഉച്ച സമയങ്ങളിൽ ത്രേസ്യ കൊച്ചമ്മ ഞങ്ങളുടെ തിണ്ണയിൽ വന്നിരിക്കും.. രണ്ടു പേരും പഴംപുരാണങ്ങളൊക്കെ പറയും.. ഞാനതൊക്കെ കേട്ടിരിക്കും..
വീട്ടിൽ നിന്നും പുറത്തിറങ്ങാത്ത ചേച്ചിയമ്മയ്ക്ക് നാട്ടിലെ മൊത്തം ന്യൂസ് മുഴുവൻ കിട്ടുന്നത് ത്രേസ്യ കൊച്ചമ്മയിൽ നിന്നാണ്.. നട്ടതും കിളിർത്തതും എല്ലാം കൊച്ചമ്മ പറയും.. കൊച്ചമ്മയുടെ വർത്താനം കേൾക്കാൻ നല്ല രസവുമാണ് ..
അങ്ങനെ അന്നേ ദിവസം പത്തു മണിയോടെ ജോലിയൊക്കെ തീർത്ത് ഞാനും ചേച്ചിയമ്മയും കൂടി മരണവീട്ടിലേക്ക് പോയി.. തിരുവാർപ്പിലാണ് കൊച്ചമ്മയുടെ സ്വന്തം വീട്.. അമ്മ നേരത്തെ മരിച്ചിരുന്നു.. ഇപ്പോൾ അച്ഛനും ..
ഒരു കൊച്ചു വീടായിരുന്നു അത്. അവിടവിടെയായി ആളുകൾ കൂടി നിൽക്കുന്നു. ഞങ്ങൾ അകത്തേക്ക് കയറി.. കേറി ചെല്ലുന്ന മുറിയിൽ തന്നെയാണ് കൊച്ചമ്മയുടെ അച്ഛനെ കിടത്തിയിരിക്കുന്നത്.
കട്ടിലിനോട് ചേർന്ന് അച്ഛന്റെ കൈളിൽ തൊട്ടും തലോടിയും കൊച്ചമ്മ ഇരിപ്പുണ്ട് .. ഞങ്ങളെ കണ്ടതും ..
"എന്റെ സരളേ.. എന്റെ അച്ഛനും പോയെടീ എനിക്കിനി ആരൂല്ലേ " ന്നും പറഞ്ഞ് കൊച്ചമ്മ ഒരു നിലവിളി ..
ഞങ്ങളൊന്നും മിണ്ടാതെ മൗനമായി നിന്നു.. കുറച്ച് കഴിഞ്ഞപ്പോഴാണ് ഞാൻ ആ കാഴ്ച കാണുന്നത് .. ഒരു ഇടിവെട്ട് മഞ്ഞ കളർ ചുരിദാറൊക്കെ ഇട്ട് ഒരു ചേച്ചി കടന്നു വന്നു.. എന്നെ പോലെ തന്നെ എല്ലാ കണ്ണുകളും ആ ചേച്ചിയിലായി.
സകലമാന കണ്ണുകളും ആ ഒരൊറ്റ കേന്ദ്ര ബിന്ദുവിലായതിന് കാരണമുണ്ട്.. ആ ചേച്ചിക്ക് ഒട്ടും തലമുടി ഉണ്ടായിരുന്നില്ല .. മൊത്തം കഷണ്ടി ..പക്ഷെ തലയുടെ പുറക് ഭാഗത്ത് ഉച്ചിയുടെ താഴെയായി കുറച്ച് മുടി.
അതാകട്ടെ പിന്നിയിട്ട് ഒരു റബ്ബർ ബാൻഡ് ഇട്ട് കെട്ടിയിരിക്കുന്നു ..ഒരു മാതിരി "എലിവാൽ " പോലെ.. പിന്നലിന് മുറക്കം കൂടിയതുകൊണ്ടാണോ എന്നറിയില്ല ഒരു സ്പ്രിങ്ങ് പോലെ മുകളിലേക്ക് ചെറിയ വളവും .. ഇതു കണ്ട് എനിക്ക് ചിരി വന്നെങ്കിലും ഞാനത് ഉള്ളിലൊതുക്കി .. മരണ വീടല്ലേ..
എന്റെ സൈഡിലെന്തോ അനങ്ങുന്നത് പോലെ എനിക്ക് തോന്നി.. ഞാൻ നോക്കിയപ്പോൾ ചേച്ചിയമ്മ ഒരു മാതിരി തുള്ളൽ പനിക്കാരെ പോലെ നിന്നു തുള്ളുന്നു. ചിരിയടക്കാൻ പാടുപെടുകയാണ്.. ചേച്ചിയമ്മ ചിരിക്കുമ്പോ ചേച്ചിയമ്മേടെ വയറും കൂടെ കുലുങ്ങിച്ചിരിക്കുന്നുണ്ട്.. ഒച്ച പുറത്ത് വരാതിരിക്കാൻ സാരി തുമ്പ് വായിൽ തിരുകി വച്ചിട്ടുണ്ട് .... ഞാൻ ചുറ്റിനും നോക്കി... ആരെങ്കിലും ചേച്ചിയമ്മയുടെ ചിരി കാണുന്നുണ്ടോ?ഏറെയും മുഖങ്ങളിൽ ഈയവസ്ഥ. കൂടുതൽ സമയം നിന്നാൽ മരണ വീട്ടിൽ ഒരു കൂട്ടച്ചിരി അരങ്ങേറുമോ എന്ന് പേടിച്ച് ചേച്ചിയമ്മ അടുത്ത റൂമിലേക്ക് വലിഞ്ഞു..
ഈ സമയത്താണ് നമ്മുടെ കൊച്ചമ്മ പതുക്കെ അച്ഛനിൽ നിന്ന് ശ്രദ്ധ മാറ്റി ഓഡിയൻസിലേക്ക് ശ്രദ്ധ തിരിച്ചത് .. അപ്പോഴാണ് കൊച്ചമ്മയും ഈ എലിവാൽ കാഴ്ച്ച കണ്ടത്.. ഞാൻ കൊച്ചമ്മയെ ശ്രദ്ധിച്ചു നോക്കി.. ഭാവം മാറിയോ? ഏയ്...
പെട്ടന്ന് കൊച്ചമ്മ കട്ടിലിന്റെ സൈഡിലേക്ക് മുഖം താഴ്ത്തി ..പാവം കൊച്ചമ്മ ....ചേച്ചിയമ്മയെ പോലെ കുലുങ്ങി കുലുങ്ങി .. കട്ടിലും അച്ഛനും വരെ അതനുസരിച്ച് കുലുങ്ങി തുടങ്ങി .. അടുത്തിരിക്കുന്ന ബന്ധുക്കൾ കൊച്ചമ്മ ഇങ്ങനെ കരയുന്നത് കണ്ട് ആശ്വസിപ്പിച്ചു .. കുറച്ച് നേരം കഴിഞ്ഞ് ആ കുലുക്കം അവസാനിച്ചു..
വീണ്ടും കൊച്ചമ്മ തലയുയർത്തി നോക്കി.. പിന്നെയും കൊച്ചമ്മയും കട്ടിലും കുലുങ്ങാൻ തുടങ്ങി .. മൂന്നാലു തവണ ഇതുപോലെ ആവർത്തിച്ചു.. ചിരിയടക്കാൻ പാടുപെടുന്ന കൊച്ചമ്മയെ കണ്ട് ഞാൻ അന്തം വിട്ടു നിന്നു.. പിന്നീട് അവസാന പ്രാർത്ഥനയ്ക്കായി അച്ഛനെ മുറ്റത്തെ പന്തലിലേക്ക് മാറ്റിയപ്പോഴാണ് കൊച്ചമ്മയുടെ ചിരിക്കുലുക്കം അവസാനിച്ചത്..
എന്തിനേറെ പറയുന്നു ..സ്വന്തം കൂട്ടുകാരിടെ അപ്പൻ മരിച്ചപ്പോൾ കുലുങ്ങിച്ചിരിച്ച ഒരേയൊരു കൂട്ടുകാരി എന്റെ ചേച്ചിയമ്മയും .. സ്വന്തം അച്ഛൻ മരിച്ചപ്പോ ചിരിച്ചു ചിരിച്ചു മണ്ണുകപ്പിയ ഒരേയൊരു മകൾ ത്രേസ്യ കൊച്ചമ്മയും മാത്രമായിരിക്കും...
ഐ റിയലി മിസ് യൂ ചേച്ചിയമ്മ.. $ ത്രേസ്യ കൊച്ചമ്മ ....
ചിത്രദീപ ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo