Slider

(#അമ്മയെ അറിയാൻ)

0

(#അമ്മയെ അറിയാൻ)
#സന്ധ്യ രാവിലേക്കലിഞ്ഞു ചേരാൻ തുടങ്ങിയിരിക്കുന്നു.നഗരത്തിലെ തിരക്കിൽ നിന്ന് വിജനമായ പാതയിലേക്ക് കാറ് തിരിക്കുമ്പോൾ ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു.ഡ്രൈവിംഗ് സീറ്റിലിരുന്നു ഞാൻ ആൻസിയെ നോക്കി.അവൾ പതിയെ മയക്കത്തിലേക്കു വീണു കൊണ്ടിരുന്നു.അവൾക്കിത് പത്താം മാസമാണ്.അടുത്ത ആഴ്ചയാണ് അവൾക്ക് ഡേറ്റ് പറഞ്ഞിട്ടുള്ളത്.
#മഴ കനത്തു.റോഡിലെ കാഴ്ചകളൊക്കെ മങ്ങിത്തുടങ്ങി.പെട്ടന്നാണ് കാറ് ഓഫായി പോയത്.എത്ര ശ്രമിച്ചിട്ടും കാറ് സ്റ്റാർട്ട്‌ ചെയ്യാൻ കഴിഞ്ഞില്ല.
#കനത്ത മഴയിലേക്ക്‌ ഞാൻ ഇറങ്ങാൻ തുടങ്ങുമ്പോൾ ആൻസി മയക്കത്തിൽ നിന്നുണർന്നു.
"എന്ത് പറ്റി അച്ചായാ....നല്ല മഴയാണല്ലോ...ഇപ്പോൾ പുറത്തിറങ്ങണ്ട"...
"കുഴപ്പമില്ല ഞാനൊന്നും നോക്കട്ടെ"....
#ശക്തമായ മഴയിൽ ഞാനാകെ നനഞ്ഞു കുളിച്ചു.പെട്ടന്നാണ് കാറിൽ നിന്ന് ഒരു ഞെരക്കം കേട്ടത്.ഹൃദയത്തിലൂടെ ഒരു മിന്നൽ കടന്നു പോയി...
ഇച്ചായ....വയ്യ.....ആൻസിയുടെ കരച്ചിൽ ഉച്ചത്തിലായി ....
#വിറയ്ക്കുന്ന കൈകളോടെ ഞാൻ ആൻസിയെ താങ്ങി സീറ്റിൽ കിടത്തി.കണ്ണുകളിൽ ഇരുട്ട് കയറിയിറങ്ങി.അതി ഭീകരം എന്നെനിക്കു തോന്നിയ നിമിഷത്തിൽ ആൻസിയുടെ കാലുകളിലൂടെ ഒരു ദ്രാവകം ഒലിച്ചിറങ്ങി.
#ചെവികൾ കൊട്ടിയടക്കപ്പെട്ട നിമിഷങ്ങൾക്കൊടുവിൽ എന്റെ കാതുകളിലേക്ക് ഒരു കുഞ്ഞിന്റെ കരച്ചിൽ ഒഴുകിയെത്തി.അവൾക്കു ബോധം നഷ്ട്ടപ്പെട്ടിരുന്നു.എന്റെ കൈകളിലാകെ ചോര പടർന്നിരുന്നു.
"അച്ചായാൻ എങ്ങോട്ടാ?..
അതി രാവിലെ പുറത്തു പോകാൻ തയാറായി നില്ക്കുന്ന എന്നെ കണ്ടപ്പോൾ ആൻസി ചോദിച്ചു.ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോൾ അവൾ അകത്തേക്ക് കയറിപ്പോയി.
#എനിക്ക് അപ്പന്റെ അതെ ഛായയായിരുന്നു.വൈകുന്നേരങ്ങളിൽ അപ്പൻ ഉപദ്രവിക്കുമ്പോൾ അമ്മച്ചി ഉറക്കെ കരയുമായിരുന്നു.അപ്പൻ പാമ്പ് കടിയേറ്റു മരിച്ചപ്പോൾ അമ്മച്ചിയുടെ ജീവിതത്തിലേക്ക് പുതിയ ഒരാൾ കടന്നു വന്നു.അവർക്ക് നാല് ആണ്‍മക്കളുണ്ടായി.
#ഭീതി നിറയ്ക്കുന്ന പഴയ ഓർമ്മകളിൽ നിന്ന് മോചനം ലാഭിക്കാനാവണം പുതിയ ആൾ കടന്നു വന്നപ്പോൾ ദൂരെയുള്ള ഹോസ്റ്റെലിലേക്ക് അമ്മച്ചി എന്നെ പറിച്ചു നട്ടു.ഇടവേളകളിൽ വീട്ടിലേക്കു ഞാൻ വിരുന്നുകാരനായി എത്തുമ്പോൾ മാത്രമായിരുന്നു എനിക്ക് പുതിയ അനിയന്മാർ ജനിച്ച കാര്യം ഞാൻ അറിഞ്ഞിരുന്നത്.
"നീയിനി എന്നാ മടങ്ങുന്നത് പീറ്ററെ"....
#ഒറ്റപ്പെടുകയാണ് എന്ന് സ്വയം ബോധ്യമായിത്തുടങ്ങിയപ്പോൾ നാട് വിട്ട ഞാൻ വർഷങ്ങൾക്കു ശേഷം പഴയ തറവാട്ടിൽ തിരിച്ചെത്തിയപ്പോൾ അവിടം വിജനമായിരുന്നു.
#അമേരിക്കയിലേക്ക് കുടിയേറിയ മക്കൾ വൃദ്ധസദനത്തിൽ അമ്മച്ചിക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തിരുന്നു.ഒരിക്കൽ പോലും അമ്മച്ചിയെ കാണാൻ എനിക്ക് തോന്നിയില്ല.
#നീണ്ട യാത്രയ്ക്ക ശേഷം വൃദ്ധസദനത്തിന്റെ ഗേറ്റ് കടക്കുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു.തുറന്നിട്ട ജാലകത്തിലൂടെ വിജനതയിലേക്ക് നോക്കി നില്ക്കുന്ന അമ്മച്ചിയെ ഞാൻ കണ്ടു.
#തിരികെ മടങ്ങുമ്പോൾ പിൻസീറ്റിൽ ഇരിക്കുന്ന അമ്മച്ചിയും ഞാനും ഒന്നും സംസാരിച്ചില്ല.പുറം കാഴ്ചകളിൽ അവർ അലഞ്ഞു കൊണ്ടിരുന്നു.
#വീട്ടിൽ അമ്മച്ചി എന്റെ കുഞ്ഞിനെ ലാളിക്കുന്ന ശബ്ദം ഞാൻ കേൾക്കാറുണ്ട്.എന്നെ കാണുമ്പോൾ അവർ കുഞ്ഞിനെ ആൻസിയെ ഏല്പ്പിച്ചു പോകും.
#ആനസിയോടു അമ്മച്ചി എന്നെ പറ്റി തിരക്കാറുണ്ട്.എന്നാൽ എന്നോട് ഇത് വരെ അവർ മിണ്ടിയിട്ടില്ല.
#വർഷങ്ങൾ പൊഴിഞ്ഞു വീണു വഴികളിൽ അപരിചിതരെന്നു നടിച്ചിരുന്നവർക്ക് മൗനം മുറിക്കാൻ ബുദ്ധിമുട്ടായിരിക്കണം.അതല്ല പഴയ ഭർത്താവിന്റെ മുഖഛായ ഉള്ള എന്നെ സ്നേഹിക്കാൻ ഇനിയും അവർക്ക് കഴിയാത്തതാവാം....
#ഇരുണ്ട രാത്രിയിൽ ആൻസി അനുഭവിച്ച പേറ്റുനോവ്‌ ...എന്റെ കൈകളിൽ പടർന്ന ജീവരക്തം...കാതുകളിൽ വന്നടിച്ച നിലവിളി.....അമ്മയെ ഞാൻ അറിഞ്ഞു തുടങ്ങുന്നുണ്ട്. ....
(#റാഫി ഇശൽ മഹൽ)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo